ഒരിക്കൽ ശാന്തനുമഹാരാജാവ് ഗംഗാതീരത്തുകൂടി വേട്ടയാടി നടക്കുകയായിരുന്നു. അദ്ദേഹം അവിടെ അതിസുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. പ്രഥമ ദൃഷ്ടിയിൽ തന്നെ അദ്ദേഹം അവളിൽ അനുരാഗിയായി. രാജാവിന്റെ പ്രണയാഭ്യർത്ഥനയ്ക്ക് അവൾ ഒരു ഉപാധി മുന്നോട്ടു വെച്ചു. രാജാവിന്റെ ഭാര്യയാകുന്നതിൽ അവൾക്ക് വിസമ്മതം ഒന്നുമില്ലെന്നും എന്നാൽ അങ്ങ് ഒരു വ്യവസ്ഥ പാലിക്കണം.
ഞാൻ എന്തു പറഞ്ഞാലും എതിർക്കരുത്. എതിർക്കുന്ന പക്ഷം ഞാൻ അങ്ങയെ വിട്ട് എന്നുന്നേയ്ക്കുമായി പോകുന്നതാണെന്നും പറഞ്ഞു.
രാജാവ് ഗംഗാദേവിയുടെ വ്യവസ്ഥ അംഗീകരിച്ചു. അവർ തമ്മിൽ വിവാഹിതയാകുകയും ചെയ്തു. യഥാകാലം ഗംഗ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഉടൻ അവൾ കുഞ്ഞിനെ എടുത്ത് ശാന്തനു നോക്കി നിൽക്കേ തന്നെ ഗംഗാ നദിയിലേയ്ക്ക് എറിഞ്ഞു. കരാർ പ്രകാരം രാജാവിന് നിശബ്ദമായി നില്ക്കാൻ മാത്രമേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി ജനിച്ച അഷ്ടവസുകളിൽ ഏഴു പേരേയും ജനിച്ച ഉടൻ ഗംഗാദേവി വെള്ളത്തിലേക്ക് എറിഞ്ഞു. ഏട്ടാമനായി ദ്യോവ് ജനിച്ചു. ആ ശിശുവിനേയും ഗംഗാദേവി നദിയിലേയ്ക്ക് എറിയാൻ തുടങ്ങിയപ്പോൾ ശാന്തനു അക്ഷമനായി അവളെ തടഞ്ഞു. ഗംഗ കോപം നടിച്ച് കുഞ്ഞിനേയും എടുത്തുകൊണ്ട് അവിടെ നിന്നും മറഞ്ഞു.
നിമിഷങ്ങൾക്കുശേഷം ശാന്തനു മഹാരാജാവ് വീണ്ടുമൊരിക്കൽ ഗംഗാതടത്തിൽ നായാട്ടിനു പോയി. അവിടെ ആരോ ശരങ്ങൾ കൊണ്ട് നദിയുടെ ഗതി തടഞ്ഞു നിർത്തിയിരിക്കുന്നതു കണ്ട് രാജാവ് അത്ഭുതപ്പെട്ടു. സുന്ദരനായ ഒരു ബാലനെ രാജാവ് അവിടെ കണ്ടു. അവൻ തന്റെ പുത്രനാണോ എന്ന് ഒരു നിമിഷം രാജാവ് സംശയിച്ചു. അദ്ദേഹം തന്റെ സംശയം തീർത്തു തരാൻ ഗംഗാദേവിയോട് പ്രാർത്ഥിച്ചു.
ഗംഗ തന്റെ പുത്രനേയും കൊണ്ട് രാജാവിന്റെ അടുക്കൽ പ്രത്യക്ഷയായി. എന്നിട്ട് ഇപ്രകാരം പറഞ്ഞു. അങ്ങയുടെ ഏട്ടാമത്തെ പുത്രനായ ദേവവൃതനാണ് ഈ കുമാരൻ. വസിഷ്‌ഠ മഹർഷിയിൽ നിന്നും അസ്ത്ര വിദ്യകളെല്ലാം
ഇവൻ വശമാക്കി കഴിഞ്ഞു. ഇവൻ അംഗീരസ്സിന്റെ പുത്രനായ ദ്യോവ് എന്ന വസുവിന്റെ പുനർജന്മം ആണ്. ഇതാ പുത്രനെ കൈയേൽക്കുക. തന്റെ കർമ്മം പൂർത്തി ആക്കിയ ഗംഗാദേവി മോക്ഷ പ്രാപ്തയായി സ്വർഗ്ഗ ലോകത്തേയ്ക്ക് പോയി.



