ആലപ്പുഴ ജില്ലയിലെ, ചേര്‍ത്തല താലൂക്കില്‍, പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന സുറിയാനി കത്തോലിക്കാദേവാലയമാണ് മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയം.
തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഏഴു സഭാസമൂഹങ്ങളില്‍ ഒന്നായ കോക്കമംഗലം ചേര്‍ത്തലയില്‍ നിന്നും മൂന്നു മൈല്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്നു. ഏ ഡി ഒന്നാം നൂറ്റാണ്ടില്‍ തന്നെ കോക്കമംഗലത്തെ ക്രൈസ്തവസമൂഹം അവിടെയുണ്ടായ മതപീഢനംമൂലം കായലിന് അക്കരെയുള്ള പള്ളിപ്പുറത്തേക്കു കുടിയേറിപ്പാര്‍ത്തു എന്നാണു പാരമ്പര്യം. വിസ്തൃതമായിരുന്ന കോക്കമംഗലം കായല്‍ ക്കരയുടെ കരപ്പുറമെന്നും മറ്റും പില്ക്കാലത്തു വിശേഷിക്കപ്പെട്ട ചേര്‍ത്തല പ്രദേശം ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ മൂലം കായലില്‍ നിന്നും രൂപപ്പെട്ട കരപ്പുറമായതിനാല്‍ കരയോടു കൂട്ടിച്ചേര്‍ക്കപ്പെട്ട സ്ഥലം എന്നര്‍ ത്ഥത്തിലാണു ചേര്‍ത്തല എന്ന പേരു (ചേര്‍ത്ത + തല) ലഭിച്ചെന്നു പഴമക്കാര്‍ പറയുന്നു.
മുട്ടത്തങ്ങാടിയുടെ ചരിത്രം
പത്ത് പതിനൊന്നു നൂറ്റാണ്ടുകളില്‍ കൊടുങ്ങല്ലൂരുനിന്നും കുടിയേറിപ്പാര്‍ത്തവര്‍ (സുറിയാനി നസ്രാണികളും, യഹൂദരും) ചേര്‍ത്തല കരപ്പുറത്തെ മുട്ടത്തു ദേശത്ത് രൂപംകൊടുത്ത അങ്ങാടിയായിരുന്നു മുട്ടത്തങ്ങാടി.
താളിയോലകളില്‍ പ്രതിപാദിക്കുന്ന ‘പട്ടണം’, ‘അങ്ങാടി’ എന്നീ രണ്ടു പദങ്ങളിൽ പട്ടണം എന്നു വിശേഷിപ്പിക്കുന്നത് സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന കച്ചവടകേന്ദ്രത്തെയും അധിവാസസ്ഥാനത്തേയുമാണ് (Coastal settlement). എന്നാല്‍ അങ്ങാടി ഉള്‍നാടുകളിലെ, ഗ്രാമപ്രദേശങ്ങളിലെ, അധിവാസകേന്ദ്രങ്ങളും അവിടെ രൂപീകൃതമായിട്ടുള്ള കച്ചവടകേന്ദ്രങ്ങളുമാണ്. ആകയാല്‍ ‘പട്ടണ’ത്തില്‍നിന്നും ഗ്രാമത്തിലേക്കു മുട്ടത്തേക്ക് (മുട്ടം = ഗ്രാമം) കുടിയേറിയ കച്ചവടക്കാര്‍ ഗ്രാമത്തില്‍ രൂപംകൊടുത്ത കച്ചവടസ്ഥാനമായി അങ്ങാടിയെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മുട്ടത്തും ദേവാലയത്തെ കേന്ദ്രസ്ഥാനമാക്കിയ അങ്ങാടിയാണു രൂപീകൃതമായത്. മുകളില്‍ പ്രതിപാദിച്ചവയില്‍ നിന്നും മുട്ടത്തങ്ങാടിയും മുട്ടത്തു പള്ളിയും പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായെന്ന് ഉറപ്പിക്കാവുന്നതാണ്. മുട്ടം എന്ന വാക്കിന്റെ അര്‍ത്ഥം ഗ്രാമം എന്നാണ്. മുട്ടത്തങ്ങാടി എന്നു പറഞ്ഞാല്‍ ഗ്രാമത്തിലെ അങ്ങാടി എന്നും മുട്ടത്തു പള്ളി ഗ്രാമത്തിലെ പള്ളി എന്നും അനുമാനിക്കണം.
എട്ടാം നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന, കൊടുങ്ങല്ലൂര്‍ അതിന്റെ സര്‍വമോടികളോടുംകൂടി ശോഭിച്ചിരുന്നു. കുലശേഖര പെരുമാക്കള്‍മാരുടെ കൊട്ടാരം സ്ഥിതി ചെയ്തിരുന്നതു കോട്ടപ്പുറം ഭാഗത്തായിരുന്നു. കൊടുങ്ങല്ലൂരിലെ ചേരതലസ്ഥാനത്തിന്റെ പേരായിരുന്നു മഹോദയപുരം അഥവാ മഹാതേവര്‍ (മഹാദേവര്‍) പട്ടണം. ഈ പട്ടണം പിന്നീട് ചോളന്മാര്‍ ആക്രമിച്ചതായി കോകില സന്ദേശത്തില്‍ പറയുന്നു. രാജസിംഹനെന്ന ചേരരാജാവിന്റെ കാലത്ത് കേരളത്തിന്റെ മിക്കഭാഗങ്ങളും ചോളന്മാരുടെ ആക്രമണത്തിനു വിധേയമായി. പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ ഉണ്ടായ ചോളന്മാരുടെ ആക്രമണത്തിന്റെ ഫലമായി കൊടുങ്ങല്ലൂരില്‍ കച്ചവടപ്രമാണികളായിരുന്ന മണിഗ്രാമത്തിലെ ക്രൈസ്തവര്‍ കൊടുങ്ങല്ലൂരുനിന്നും മറ്റു പലദേശങ്ങളിലേക്കും കുടിയേറിപ്പാര്‍ത്ത് അങ്ങാടികള്‍ക്കു രൂപംകൊടുത്തു.
കൊടുങ്ങല്ലൂരിലെ മണിഗ്രാമത്തില്‍നിന്നും താഴേക്കാടിലേക്കു കുടിയേറിയ രണ്ടു ക്രൈസ്തവ കച്ചവട പ്രമാണികള്‍ക്കു പ്രത്യേക അവകാശങ്ങള്‍ രാജസിംഗന്റെ കാലത്തു (പതിനൊന്നാം നൂറ്റാണ്ടില്‍) അനുവദിച്ചുകൊടുത്തതാണു പ്രസിദ്ധമായ താഴേക്കാട് ശാസനം.
കുലോത്തുംഗ ചോളന്റെ കാലത്തു മഹോദയപുരം തകര്‍ ക്കപ്പെട്ടു; അതോടെ കേരളത്തിന്റെ കേന്ദ്രീകൃത ഭരണത്തില്‍ വിള്ളല്‍ വീണു. മഹോദയപുരം തകര്‍ക്കപ്പെട്ടതോടെ മഹോദയപുരത്തെ കച്ചവടക്കാരായിരുന്ന സുറിയാനി നസ്രാണികള്‍ ചിതറിക്കപ്പെടുകയും അവരില്‍ ഒരു വിഭാഗം ചേര്‍ ത്തല കരപ്പുറത്തേക്കു കുടിയേറി കച്ചവടകേന്ദ്രത്തിനു (അങ്ങാടി) രൂപം കൊടുക്കുകയും ചെയ്തു. ‘മാകോതൈ’ അഥവാ ‘മഹാകോത’ എന്നത് ഒരു ചേര സ്ഥാനപ്പേർ ആണെന്ന്# സംഘം കൃതികളിലെ ചേരരാജാക്കന്മാരുടെ പേരുകളില്‍ നിന്നും മനസ്സിലാക്കാം. ഇതു പിന്നീടു ചേര തലസ്ഥാനത്തിനും ബാധകമായിരിക്കണം. മഹാദേവര്‍ പട്ടണമാണു മാകോതൈ എന്നും പറയുന്നു. മഹാദേവര്‍ പട്ടണം ചേര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നല്ലോ. മഹോദയപുരമാണു മഹാദേവര്‍ പട്ടണം എന്ന് വിശേഷിപ്പിക്കപ്പെട്ടത്. (വി വി കെ വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങള്‍: തൃശ്ശൂര്‍ ജില്ല, pp. 116-119). മഹോദയപുരത്തുനിന്നും അഥവാ മഹാദേവര്‍ പട്ടണത്തുനിന്നും മുട്ടത്തു കുടിയേറിപ്പാര്‍ത്തവര്‍ രൂപംകൊടുത്ത അങ്ങാടിക്കു തങ്ങളുടെ പൂര്‍വികസ്ഥാനത്തിന്റെ പേരും പഴയ പ്രതാപത്തിന്റെ പെരുമയും നിലനിറുത്തുന്നതിനുവേണ്ടി ‘മഹാദേവര്‍ പട്ടണത്തായ’ എന്ന വിശേഷണം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഫലമായി പത്താം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലോ, പതിനൊന്നാം നൂറ്റാണ്ടിലോ രൂപംകൊണ്ട മുട്ടത്തങ്ങാടിക്ക് അവിടുത്തെ പ്രബലരായ നസ്രാണികള്‍ ‘മഹാദേവര്‍ പട്ടണത്തായ മുട്ടത്തങ്ങാടി’ എന്ന പേരു നല്കി.
🌻മുട്ടം സെന്റ് മേരീസ് ഫോറോനാ പള്ളി സ്ഥാപനം

മുട്ടം സെന്റ് മേരീസ് ഫെറോന പള്ളിക്ക് 1000 കൊല്ലത്തോളം പഴക്കമുണ്ട്. അക്കാലത്ത് ചേര്‍ത്തല, പള്ളിപ്പുറം, കോക്കമംഗലം തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം കോക്കമംഗലം ഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്. വിശുദ്ധ തോമാശ്ലീഹ സുവിശേഷ ദൌത്യവുമായി കൊടുങ്ങല്ലൂരില്‍ നിന്ന് കോക്കമംഗലത്തും എത്തുകയുണ്ടായി. ചേര്‍ത്തലയിലെ മുട്ടത്തങ്ങാടി അക്കാലത്ത് അറിയപ്പെടുന്ന വ്യാപാര കേന്ദ്രമായിരുന്നു. ജൂത വ്യാപാരികളും അവിടെ താമസിച്ചിരുന്നു. അന്ന് അവിടെ യഹൂദ ദേവാലയം നിന്നിരുന്ന സ്ഥലമാണ് പള്ളിക്കര എന്ന പേരില്‍ അറിയപ്പെട്ടത്. തോമാശ്ലീഹ കോക്കമംഗലത്ത് ഒന്നര വര്‍ഷത്തോളം താമസിക്കുകയും കൃസ്ത്യാനികള്‍ക്കായി ഒരു ഇടവക പള്ളി പണിയിക്കുകയും ചെയ്തു. അതാണ് പള്ളിപ്പുറം പള്ളി. കാലക്രമേണ കോക്കമംഗലം മുഴുവനും കൃസ്ത്യാനികളുടെ അധീനതയിലായിത്തീര്‍ന്നു.
ഞായറാഴ്ച ഒത്തൊരുമിച്ച് വള്ളം കയറി പള്ളിപ്പുറം പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത് അവര്‍ക്കെല്ലാം ബുദ്ധിമുട്ടായി തോന്നിത്തുടങ്ങി.ഒരിക്കല്‍ കോക്കമംഗലത്തുകാര്‍ എത്തുന്നതിനു മുമ്പ് പള്ളിയിലെ ദിവ്യബലി സമാപിച്ചു കഴിഞ്ഞിരുന്നു.
മുട്ടത്തും ഒരു പള്ളി വേണം എന്ന ചിന്താഗതി അങ്ങനെയാണ് ഉണ്ടായത്. ഒരാഴ്ച കൊണ്ട് മുട്ടത്ത് അങ്ങാടിയുടെ വടക്കേയറ്റത്ത് ഒരു ചെറിയ കപ്പേള പണികഴിപ്പിച്ചു. പിറ്റേ ഞായറാഴ്ച ആദ്യ ദിവ്യ ബലി അവിടെ അര്‍പ്പിക്കുകയും ചെയ്തു. ഇത് ക്രിസ്തു വര്‍ഷം 1023 ലായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്‍റെ പേരിലായിരുന്നു പള്ളിയുടെ സ്ഥാപനം.
മാര്‍ ളൂയിസ് മ്രെതാന്‍ മുട്ടത്തുപള്ളിയുടെ സ്ഥാപന കാലമായി ഏ ഡി 1023-നെ ഔദ്യോഗികമായി നിശ്ചയിക്കുകയും 1901 മുതലുള്ള സഭാപഞ്ചാംഗത്തില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ഏ ഡി 1023-നു മുമ്പു പള്ളി സ്ഥാപിതമായിട്ടുണ്ടെന്ന് ഊഹിക്കാമെന്നു’ 1908-ലെ സര്‍വേയിലും കൊല്ലവര്‍ഷം 142-ല്‍ സ്ഥാപിതമായെന്നു 1889-ലും വികാരി എഴുതിയിരുന്നെങ്കിലും അതിനെ തീര്‍ച്ചപ്പെടുത്താന്‍ മാര്‍ ളൂയിസ് മ്രെതാനു ബുദ്ധിമുട്ടുണ്ടായിരുന്നതിനാലാണു സ്മാരക ശിലയെ (tomb stone) അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഏ ഡി 1023 എന്ന വര്‍ഷത്തെ പള്ളിയുടെ സ്ഥാപനവര്‍ഷമായി മാര്‍ ളൂയിസ് മെത്രാന്‍ ഉറപ്പിച്ചത്.
സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടി 1887-ല്‍ കോട്ടയം, തൃശ്ശിവപേരൂര്‍ എന്നീ രണ്ടു വികാരിയാത്തുകള്‍ സ്ഥാപിതമായപ്പോള്‍ മുട്ടംപള്ളി കോട്ടയം വികാരിയാത്തില്‍ ഉള്‍പ്പെട്ടിരുന്നു. കോട്ടയം വികാരി അപ്പസ്‌തോലിക്കയായിരുന്ന ചാള്‍സ് ലവീഞ്ഞു മെത്രാന്‍ തന്റെ അധികാരത്തിലുള്ള പള്ളികളുടെ സ്ഥാപനകാലം എഴുതിയറിയിക്കാന്‍ 1889-ല്‍ വികാരിമാരോട് ആവശ്യപ്പെട്ടതുപ്രകാരം മുട്ടത്തുപള്ളി വികാരിയായിരുന്ന ബഹു. വളമംഗലത്ത് യൗസേപ്പ് കത്തനാര്‍ നല്കിയ മറുപടിയുടെ പശ്ചാത്തലത്തില്‍ 1890-ലെ സഭാപഞ്ചാംഗത്തില്‍ ‘മുട്ടത്തു ശുദ്ധ മാതാ പരിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം കൊല്ലവര്‍ഷം 142-ല്‍ (ക്രിസ്തുവര്‍ഷം 967-ല്‍) സ്ഥാപിതമായി’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
🌻മുട്ടത്തങ്ങാടി പള്ളി പുനർ നിർമ്മാണം

പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു ഇന്ന് കാണുന്ന പള്ളി പണിഞ്ഞത്. പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പകലയുടെ ഉത്തമ നിദര്‍ശനമാണ് പള്ളിയുടെ കവാടവും മദ്‌ബഹയും. അള്‍ത്താരയിലെ വര്‍ണ്ണാഭമായ ശില്‍പ്പവേലകള്‍ പോര്‍ച്ചുഗീസ് ശില്‍പ്പകലയുടെ ശൈലിയിലുള്ളതാണ്.1934 – 41 കാലത്ത് ഒരിക്കല്‍ കൂടി ചെറിയ തോതില്‍ പള്ളി പുതുക്കിപ്പണിഞ്ഞു. അന്ന് ചെങ്കല്‍ ഭിത്തികള്‍ വെട്ടി കുറച്ചുകൂടി വലിയ വാതിലുകളും ജനാലകളും സ്ഥാപിക്കുകയാണ് പ്രധാനമായി ചെയ്തത്.
🌻തെക്കെകുരിശ്
1542 ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലും കേരളത്തിലും സന്ദര്‍ശിച്ച കൂട്ടത്തില്‍ മുട്ടത്തും എത്തിയിരുന്നു. അന്ന് അദ്ദേഹം മരിച്ച ഒരു കുഞ്ഞിനെ പുനരുജ്ജീവിപ്പിച്ചു. കുട്ടിയെ ഉയിര്‍പ്പിച്ച സ്ഥലത്ത് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം ഒരു കുരിശ് സ്ഥാപിക്കുകയുണ്ടായി. അതാണ് മുട്ടത്ത് പള്ളിയില്‍ ഇന്നു കാണുന്ന തെക്കേ കുരിശ്.
🌻ഫാ. പാട്രിക് മൂത്തേരില്‍, പൗരസ്ത്യ ഇന്ത്യയിലേക്കുള്ള പ്രേഷിത പ്രയാണങ്ങള്‍, ജോസഫ് സെബാസ്ത്യാനിയുടെ പുസ്തക വിവര്‍ത്തനത്തിൽ നിന്നും
1653-ലെ കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്ന് ഇവിടത്തെ സ്ഥിതിഗതികള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിയമിതനായ പേപ്പല്‍ കമ്മീഷന്റെ കൊമ്മിസറി (ചെയര്‍മാന്‍/കണ്‍വീനര്‍) യായി രുന്ന ഫാ. ജോസഫ് സെബസ്ത്യാനി 1666-ല്‍ പ്രസിദ്ധീകരിച്ച PRIMA SPEDITIONE ALL INDIE ORIENTALI എന്ന ഗ്രന്ഥത്തില്‍ 1657-ല്‍ മുട്ടം പള്ളി സന്ദര്‍ശിച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: ‘മുട്ടത്ത് കാര്യങ്ങളെല്ലാം നന്നായി പോകുന്നെന്ന് കണ്ടപ്പോള്‍ അങ്ങോട്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചു. പോകുന്നവഴി എനിക്കൊരു കത്തു കിട്ടി. അതു കൊച്ചിയിലെ രാജാവിന്റേതായിരുന്നു. അദ്ദേഹം അവിടെ കാണുമെന്നും എന്നോടു സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതില്‍ പറഞ്ഞിരുന്നു. എന്നെ സഹായിക്കാമെന്ന വാഗ്ദാനവും അതിലുണ്ടായിരുന്നു. ഞാന്‍ മുട്ടത്ത് എത്തിയപ്പോള്‍ വലിയൊരു സ്വീകരണമാണ് എനിക്കു ലഭിച്ചത്. ഞാന്‍ കടവില്‍ എത്തിയപ്പോള്‍ കടുത്തുരുത്തിയിലെ രാജാവിന്റെ മകന്‍ ഞാന്‍ വന്നകാര്യം കൊച്ചിരാജാവിനെ അറിയിച്ചു. രാജാവാകട്ടെ പിറ്റേ ദിവസം രാവിലെ തന്നെ എന്നെ സന്ദര്‍ശിക്കാനായി രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ മുട്ടത്തേക്കയച്ചു…’ (Joseph Sebastiani, PRIMA SPEDITIONE ALL INDIE ORIENTALI, വിവര്‍ത്തനം: ഫാ. പാട്രിക് മൂത്തേരില്‍, പൗരസ്ത്യ ഇന്ത്യയിലേക്കുള്ള പ്രേഷിത പ്രയാണങ്ങള്‍, p. 168).
കൊമ്മിസറിയായിരുന്ന ഫാ. സെബസ്ത്യാനി 1658-ല്‍ റോമിലേക്കു തിരിച്ചുപോയി. 1659-ല്‍ സുറിയാനി കത്തോലിക്കര്‍ക്കായി പ്രൊപ്പഗാന്ത തിരുസംഘത്തിനു കീഴില്‍ മലബാര്‍ വികാരിയാത്ത് സ്ഥാപിക്കപ്പെടുകയും പ്രഥമ വികാരി അപ്പസ്‌തോലിക്കയായി ഫാ. സെബസ്ത്യാനി നിയമിതനാവുകയും 1661-ല്‍ കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. കേരളത്തിലെത്തിയ സെബസ്ത്യാനി മെത്രാന്‍ തന്റെ രണ്ടാം പ്രേഷിത യാത്രയെക്കുറിച്ച് 1672-ല്‍ പ്രസിദ്ധീകരിച്ച SECONDO SPEDITIONE ALL INDIE ORIENTALI എന്ന ഗ്രന്ഥത്തില്‍ മുട്ടത്തെ ഇപ്പോഴത്തെ ദേവാലയം അദ്ദേഹം കൂദാശ ചെയ്തതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. 1661 ആഗസ്റ്റ് 23-നാണു ദേവാലയം ആശീര്‍വദിച്ചത്. അദ്ദേഹം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ‘മുട്ടത്തുനിന്നു വിസീത്ത ആരംഭിക്കുന്നതിനാണ് ഞാന്‍ നിശ്ചയിച്ചത്. ആ പള്ളിയാണല്ലോ എനിക്ക് ആദ്യമായി വിധേയത്വം പ്രഖ്യാപിച്ചത്; എല്ലാം തയ്യാറായി കഴിഞ്ഞപ്പോള്‍ ആഗസ്റ്റ് 22-ാം തീയതി ഞാന്‍ യാത്ര തിരിച്ചു. ഇരുപതില്‍പരം വഞ്ചികള്‍, ചെണ്ട, തമ്പുരം തുടങ്ങിയ വാദ്യഘോഷങ്ങളോടെ അവര്‍ എനിക്ക് അകമ്പടി സേവിച്ചു.’ ‘…ആ സ്ഥലങ്ങള്‍ വീണ്ടും കാണുവാന്‍ കഴിഞ്ഞതില്‍ എനിക്കു വളരെ സന്തോഷമുണ്ടായി. ആദ്യത്തെ വരവില്‍ ഞാന്‍ താമസിച്ചിരുന്ന ചെറുഭവനം സന്ദര്‍ശിക്കുന്നതിനു ഞാന്‍ പോയി. അതുപോലെതന്നെ അവിടെയുണ്ടായിരുന്ന നിത്യസഹായ മാതാവിന്റെ കപ്പേളയും ഞാന്‍ സന്ദര്‍ശിച്ചു. അവിടെയാണു ഞാന്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നത്’ (ഫാ. മൂത്തേരില്‍, pp.490-492).
🌻മുട്ടം പള്ളിയിലേക്കുള്ള വഴി
എറണാകുളം ആലപ്പുഴ ദേശീയ പാതയില്‍ എറണാകുളത്തു നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ അകലെ കിഴക്കു മാറിയാണ് ചേര്‍ത്തല ടൌണ്‍. ആലപ്പുഴ നിന്നും ഏതാണ്ട് ഇതേ ദൂരമാണ്. ചേര്‍ത്തല ടൌണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് മുട്ടം പള്ളി. ചേര്‍ത്തലയിലെ ബൈപ്പാസ് റോഡില്‍ ദീപിക ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടുള്ള റോഡില്‍ ഒരു കിലോമീറ്റര്‍ പോയാല്‍ പള്ളിയുടെ സമീപത്തെത്താം.
🌻തിരുന്നാൾ
ഇവിടെ രണ്ട് തിരുനാളുകളാണ് പ്രധാനമായും ആഘോഷിക്കുന്നത്. ഒന്ന് പരിശുദ്ധ അമലോല്‍ഭവ മാതാവിന്‍റെ തിരുനാള്‍. ഇത് കന്യാമറിയത്തിന്‍റെ തിരുനാളായ ഡിസംബര്‍ എട്ടാം തീയതിയോ അല്ലെങ്കില്‍ അതു കഴിഞ്ഞു വരുന്ന ഞായറാഴ്ചയോ ആഘോഷിക്കുന്നു.രണ്ടാമത്തേത് അമലോല്‍ഭവ മാതാവിന്‍റെ വിവാഹ തിരുനാളാണ്. ഇത് എല്ലാം കൊല്ലവും ജനുവരി 21 നാണ് ആഘോഷിക്കുക. കേരളത്തിലെ മറ്റൊരു പള്ളിയിലും കാണാത്ത സവിശേഷ തിരുനാളാഘോഷമാണ് മുട്ടത്തമ്മയുടെ വിവാഹ ദര്‍ശന തിരുനാള്‍ ആഘോഷം. ഇതോടൊപ്പമുള്ള ഭക്ത്യാദരപൂര്‍വമുള്ള ഘോഷയാത്രയില്‍ കന്യാമറിയത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിക്കാറുണ്ട്.
തൊട്ടടുത്ത മാസങ്ങളില്‍ വരുന്ന ഈ രണ്ട് തിരുനാളുകളിലും പങ്കെടുക്കാന്‍ നാടിന്‍റെ നാനാഭാഗത്ത് നിന്നും ജാതിമത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ വന്നെത്താറുണ്ട്.
ദൈവമാതാവിനോടുള്ള ഭക്തി പല രീതികളില്‍ ഇവിടെ പ്രകടമായി കണ്ടിരുന്നു. ആദ്യ കാലങ്ങളില്‍ വ്യാകുല മാതാവിനോടുള്ള ഭക്തിക്കായിരുന്നു പ്രാധാന്യം. അന്നും വിദൂര ദേശത്തുള്ളവര്‍ അനുഗ്രഹം തേടി മുട്ടത്ത് എത്താറുണ്ട്. ഈ പുണ്യ ദേവാലയം സന്ദർശിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ



