സെൻറ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി, ചേലക്കര, തൃശൂർ
വടക്കൻ പ്രദേശങ്ങളിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ആദ്യത്തെ പള്ളിയാണ് ചേലക്കര സെൻറ് ജോർജ് ദേവാലയം.
🌻ചേലുള്ള ചേലക്കര ദേശം
തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര
പാതയോരങ്ങളിൽ വളരെയധികം ചേലമരങ്ങൾ (ആലും അതുപോലെയുള്ള തണൽ മരങ്ങളും) കാണപ്പെടുന്ന കര/നാട് എന്ന അർത്ഥത്തിലാണ് ചേലക്കര എന്ന പേരുവന്നതെന്ന് ഒരു അഭിപ്രായം നിലവിലുണ്ട്. ചരിത്രകാരൻ വി.വി.കെ. വാലത്തിൻ്റെ അഭിപ്രായത്തിൽ ചേലക്കരയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന ചെറിയ നദിയായ ചോലയിൽ നിന്നാകാം ചേലക്കര എന്ന പേരു വന്നത്.
ഫ്രാൻസിസ് ഡേയുടെ വിവരണങ്ങളിൽ ചേലക്കര കൊച്ചീരാജ്യത്തിന്റെ ഒരു താലൂക്കാണ്. ചേലക്കര കൊച്ചീരാജ്യത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു, പൊന്നാനിപ്പുഴ അതിനെ മലബാറിൽ നിന്ന് വേർതിരിക്കുന്നു
ഡിലേനോയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സൈന്യം 1762 ലെ തിരുവിതാംകൂർ കൊച്ചി ഉടമ്പടീയുടേ അടിസ്ഥാനത്തിൽ സാമൂതിരിയുമായി നടത്തിയ യുദ്ധത്തിന് അന്ത്യം കുറിച്ചത് ചേലക്കരയായിരുന്നു.
വാർഡും കോണറും ചേലക്കര സന്ദർശിക്കുമ്പോൾ അത് കൊച്ചിയുടേ ജില്ലാ തലസ്ഥാനമാണ്. വ്യാപകമായ കാർഷികമേഖല സ്ഥലത്തെ സമ്പന്നമാക്കുന്നു എന്ന് അദ്ദേഹം എഴുതിയിരുന്നു.
കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ ശിവക്ഷേത്രമായ അന്തിമഹാകാളൻ കാവ് ചേലക്കരയിലാണ്. ദ്രാവിഡ സംജ്ഞയായ കാവ് പഴയ കാലത്തെ ദ്രാവിഡ ബന്ധം ദൃഢപ്പെടുത്തുന്നു. പൂതങ്കോട്ടുകുളത്തിലെ പൂതം ബൗദ്ധരെ ഉദ്ദേശിച്ചുള്ളതാണ്. നാടൂവാഴിയായ നമ്പിടീ വീട്ടുകാർ അന്തിമഹാകാളനെ സ്വാഗതം ചെയ്തതിൻ്റെ സൂചന തരുന്നത് അവർ മാനസാന്തരപ്പെട്ടു തങ്ങൾ വിശ്വസിച്ചിരുന്ന ബുദ്ധമതമുപേക്ഷിച്ച് ശൈവമതം സ്വീകരിച്ചതാവണം എന്ന് ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു. ചരിത്രാതീത കാലത്തെ ദക്ഷിണേന്ത്യയിലെ ദ്രാവിഡർ ശൈവമതത്തിൽ വിശ്വസിച്ചവരാകാം എന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
🌻ചേലക്കര ഓർത്തഡോൿസ് സുറിയാനി പള്ളി സ്ഥാപനം

ടിപ്പുസുൽത്താൻ 1790ൽ ആർത്താറ്റ് പള്ളി തീവെച്ച് നശിപ്പിച്ചതിനെതുടർന്ന് പ്രാണഭയത്താൽ പാലായനം ചെയ്ത സുറിയാനിക്കാരുടെ ഒരു വിഭാഗക്കാർ ബ്രാഹ്മണരും തെലുങ്കു ചെട്ടിയാന്മാരും ഇടതിങ്ങി താമസിക്കുന്ന പ്രസിദ്ധ ചേലത്തരങ്ങൾ നെയ്തെടുക്കുന്നതിൽ പേരു കേട്ടതുമായ ചേലക്കര അങ്ങാടിയിൽ കുടിയേറിപ്പാർത്തു. വനമധ്യേയുള്ള അങ്ങാടിയിൽ ആരാധന സൗകര്യത്തെ ഓർത്ത് 1804 കൊച്ചി രാജാവിന്റെ അനുവാദത്തോടെ ഒരു കൊച്ചു ദേവാലയം സ്ഥാപിച്ചെങ്കിലും ഹൈന്ദവരുടെ ക്ഷേത്ര ഭരണാധികാരികൾ ആയത് തീവെച്ച് നശിപ്പിച്ചു. വെള്ളറ താനിക്കൽ വറിയത്, കുഞ്ഞുവറിയത് മുതൽപ്പേർ ശക്തൻ തമ്പുരാൻറെ അടുക്കൽ സങ്കടം ഉണർത്തുകയും 1805 ഇപ്പോഴത്തെ പള്ളി നിൽക്കുന്ന സ്ഥലം കരമൊഴിവാക്കി ലഭിക്കുകയും അവിടെ ഒരു ചെറിയ ദേവാലയം പണി കഴിക്കുകയും ചെയ്തു.
🌻ചേലക്കര പള്ളി പുനരുദ്ധാരണവും ചരിത്രത്തിലൂടെയുള്ള പ്രയാണവും
1815 രാജാവിന്റേയും മറ്റും സഹായത്തോടെയും 1860 ൽ താന്നിക്കൽ കുഞ്ഞുവറിയത് ചാക്കപ്പന്റേയും , കുന്നംകുളം പനയ്ക്കൽ ഇയ്യപ്പൻ മുതൽ പേരുടെ പരിശ്രമത്താൽ കൂടുതൽ സ്ഥലം വാങ്ങി പള്ളി പുതുക്കിപണി ചെയ്തു.
1865 ഡിസംബർ 4ന് M D സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി താൽക്കാലിക കൂദാശ നിർവ്വഹിച്ച് മുൻവശത്തുള്ള കുരിശിൻതൊട്ടിയിൽ വിശുദ്ധ കുര്യാക്കോസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു.
1876 ലെ മുളന്തുരുത്തി സുന്നഹദോസിൽ ഈ പള്ളിയെ പ്രതിനിധീകരിച്ച് കുന്നംകുളം കോലാടി മാത്തു കത്തനാർ സംബന്ധിക്കുകയുണ്ടായി.
പരിശുദ്ധ പരുമല തിരുമേനി 1896 ഡിസംബർ 4ന് ഈ പള്ളിയുടെ കൂദാശ നിർവ്വഹിച്ച് ഭരണരീതികൾ ക്രമീകരിച്ചു.
1948 ഡിസംബർ 4ന് വീണ്ടും പള്ളി പുതുക്കി പണിയുകയും 1965 ഏപ്രിൽ 23 ന് പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിലും , അബ്രഹാം മാർ ക്ലീമ്മീസ്, ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്നീ തിരുമേനിമാരുടെ സഹകരണത്തിലും കൂദാശ നടത്തി.
. കുന്നംകുളം പഴഞ്ഞി പട്ടക്കാർക്ക് ശേഷം അരീക്കൻ ഗീവർഗീസ് കത്തനാർ, പൈനാടത്ത് പൗലൂസ് കത്തനാർ , മങ്ങാട്ടുമ്പിള്ളി അലക്സാണ്ടർ കത്തനാർ എന്നിവരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ചെമ്മണ്ണൂർ ഗീവർഗ്ഗീസ് കോർ എപ്പിസ്ക്കോപ്പ വികാരിയും , പനയ്ക്കൽ ജോർജ് കത്തനാർ സഹവികാരിയായും സേവനം ചെയ്തിരുന്നു.
🌻ചേലക്കര പള്ളിയുടെ സവിശേഷതകൾ

ചേലക്കരയിലേയും സമീപ പ്രദേശങ്ങളിലേയും നാനാജാതി മതസ്ഥർക്കുള്ള വിശ്വാസത്തിനും ദേവാലയത്തിന്റെ പാരമ്പര്യത്തോളം പഴക്കമുണ്ട്.
നാനാജാതിമതസ്ഥർ ഇഴജന്തുക്കളിൽനിന്നും രക്ഷ നേടുന്നതിനായി ചേലക്കരപുണ്യവാളൻെറ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ട് കുർബാന ചൊല്ലിക്കുകയും വഴിപാടായി കോഴിയും കോഴിമുട്ടയും, കൂടാതെ സ്വന്തം കൃഷിയിടത്തിലെ ആദ്യഫലങ്ങളും പുണ്യാളൻെറ സന്നിധിയിൽ സമർപ്പിച്ചുകൊണ്ട് ദൈവം തമ്പുരാനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ എന്ന് പ്രാർത്ഥിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുന്നതും ദേവാലയത്തിലെ നിത്യകാഴ്ചയാണ്.
ഇതിനുപുറമെ പഴമക്കാരായ നാനാജാതി മതസ്ഥർക്ക് പുണ്യവാളൻെറ അത്ഭുതങ്ങളെക്കുറിച്ചും, അടയാളങ്ങളെ കുറിച്ചും പറയാൻ ഏറെയുണ്ട്
🌻ചേലക്കര ഓർത്തഡോക്സ് സുറിയാനി പള്ളി പെരുന്നാൾ

പ്രധാന പെരുന്നാൾ ഡിസംബർ 4നാണ് ആഘോഷിക്കുന്നത്.ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് സുറിയാനി പഴയപള്ളിയുടെ പെരുന്നാൾ ഡിസംബർ 3, 4 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു. ഡിസംബർ 3 ന് ഉച്ചയ്ക്ക് 2.30ന് വിളംബരഘോഷത്ര വിവിധ കുരിശുപള്ളികളിലേക്ക് നടത്തുന്നു. 6 ന് സന്ധ്യാനമസ്‌കാരം, ശേഷം ഭക്തി നിർഭരമായ റാസ, ധൂപ പ്രാർത്ഥന, വിഭവ സമൃദമായ അത്താഴ സദ്യ, 8.30ന് വിവിധ വാദ്യമേളങ്ങളുമായി ഘോഷയാത്ര എന്നിവ നടത്തും. 8.30ന് വി. മുന്നിൻമേൽ കുർബാന, 9.30ന് പ്രദക്ഷിണം, ആശിർവാദം 11.30ന് വിഭവ സമൃദ്ധമായ പൊതുസദ്യയും 12.30ന് വിവിധ വാദ്യമേളങ്ങളുമായി ഘോഷയാത്രയും നടത്തുന്നു. ഗജവീരന്മാരുടെ ഘോഷയാത്രയുള്ള ഈ പ്രധാന പെരുന്നാൾ ആനപ്പെരുന്നാൾ എന്നും അറിയപ്പെടുന്നു.
ചേലുള്ള ചേലക്കരയിലെ പഴയപ്പള്ളിയും ആന പെരുന്നാളും കാണണം എന്നിപ്പോൾ തോന്നുന്നില്ലേ 😁സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ



