സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ ആലപ്പുഴ പട്ടണത്തിലെ പ്രധാന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പള്ളിയാണ് തത്തം പള്ളി പള്ളി. ആലപ്പുഴയുടെ വത്തിക്കാൻ എന്നും ഈ പള്ളി അറിയപ്പെടുന്നു.അതിവിശാലവും ഏറെ സൗകര്യപ്രദവുമായ സ്ഥലത്തു്. തത്തമ്പള്ളി പള്ളിക്ക് അനുബന്ധമായി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ, കോൺവെൻറ്, സി.വൈ.എം.ഏ.ലൈബ്രറി ആൻറ് റീഡിംഗ് റൂം, സഹൃദയ ആശുപത്രി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ, മത സംഘടനകൾ, ആത്മീയ പ്രസ്ഥാനങ്ങൾ തുടങ്ങിയവയുണ്ട്.
പള്ളി സ്ഥാപന ചരിത്രം
1400 ൽ സ്ഥാപിതമായ വടശ്ശേരി പള്ളിയിലെ ഒരു ഓശാന തിരുനാൾ ദിനം. അന്ന് വടക്കനാര്യനാട് ഭാഗത്തുനിന്നുള്ള ക്രൈസ്തവസഹോദരർ യാത്രാ ക്ലേശങ്ങൾ തരണം ചെയ്ത് വടശ്ശേരി പള്ളിയിലേക്ക് എത്തിയപ്പോഴേക്കും കുരുത്തോല വാങ്ങുവാനോ മുഴുവൻ കുർബാനയിൽ പങ്കുകൊള്ളുവാനോ സാധിച്ചില്ല നീറുന്ന വേദനയോടെ കുരുത്തോലകൾ ഇല്ലാതെ തിരിച്ചുപോയ അവരുടെ ഉള്ളിൽ സ്വന്തമായ ഒരു ദേവാലയം എന്ന സ്വപ്നം ജന്മമെടുത്തിരുന്നു. ഈ സ്വപ്നത്തിന്റെ തുടർച്ചയായാണ് അവലോർമഠം യജമാനന് കൊടുത്ത നിവേദനത്തിന് മറുപടിയായി അനുവദിച്ചു കിട്ടിയ ആറ് ഏക്കർ സ്ഥലത്ത് എ.ഡി 1404 ൽ കിഴക്കിനഭിമുഖമായി പരിശുദ്ധ കന്യകമറിയത്തിന്റെ നാമത്തിൽ മർത്തമറിയം തത്തംപള്ളി പള്ളി ഉയർന്നത്.ദൈവഹിതത്തോട് ചെറുതെങ്കിലും തീഷ്ണമതികളായ ഒരു വിശ്വാസ സമൂഹത്തിന്റെ ആഗ്രഹവും പ്രയത്നവും ഒന്ന് ചേർന്നപ്പോൾ നീണ്ട നാളുകളുടെ പള്ളി എന്ന സ്വപ്നം യാഥാർത്ഥ്യമായി.
ദത്തൻ കിട്ടിയ സ്ഥലത്ത് സ്ഥാപിതമായ പള്ളി ദത്തം പള്ളി എന്നറിയപ്പെട്ടു. നിരന്തരുപയോഗത്തിലൂടെ സംഭവിച്ച സ്വാഭാവിക പരിണാമത്തിൽ ദത്തംപള്ളി തത്തംപള്ളിയായി മാറുകയുണ്ടായി.
മുളയിലും ഓലയിലും പണിത പള്ളി പിൽക്കാലത്ത് കല്ലും മണ്ണും ചേർന്ന് ദൃഢമായി.പള്ളിയുടെ മുൻകാല ചരിത്രം ഓർമിപ്പിക്കുന്ന ഒരു സ്മാരകമാണ് മുഖവാരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കരിങ്കല്ലിൽ തീർത്ത മാതാവിന്റെ രൂപം.
മർത്തമറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായ തത്തംപള്ളി പള്ളി പിന്നീട് സഭാധികാരികളുടെ നിർദേശപ്രകാരം മിഖായേൽ മാലാഖയുടെ നാമം സ്വീകരിക്കുകയും പ്രഖ്യാതമാവുകയും ചെയ്തു. ഈ നാമമാറ്റത്തിന് വ്യക്തമായ ചരിത്രം ലഭ്യമല്ലെങ്കിലും വിശുദ്ധ മീഖായേൽ മാലാഖയുടെ മധ്യസ്ഥവും കാവലും ഈ പ്രദേശത്തുള്ള ജനം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്നു.ചെങ്ങനാശ്ശേരി അതിരൂപതയിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ഏക ദേവാലയംഎന്ന പ്രത്യേകതയും തത്തംപള്ളി പള്ളിക്ക് സ്വന്തമാണ്
തത്തംപള്ളി പള്ളിയുടെ സവിശേഷതകൾ
*സ്പെയിനിൽനിന്നു വന്ന മണി നാദം
സ്പെയിനിൽനിന്നു വന്ന കൂറ്റൻ മണി തത്തംപള്ളി സെന്റ് മൈക്കിൾസ് ഇടവകക്കാരുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും സ്വരമായിട്ടു 100 വർഷമാകുന്നു. സെന്റ് മൈക്കിളിന്റെ രൂപത്തിനു താഴെയുള്ള മേടയിൽനിന്ന് ദിവസവും ഇടവകക്കാരെ കുർബാന സമയം അറിയിക്കുന്നു. ആഘോഷങ്ങളും മരണങ്ങളും അറിയിക്കുന്നു.
1924ലെ ദർശനത്തിരുനാൾ ദിവസമായ സെപ്റ്റംബർ 29നു കണിയാംപറമ്പിൽ കെ.ജെ.ജോസഫ് സമ്മാനിച്ചതാണ് ഈ മണി. അതു വാർത്തതു സ്പെയിനിലാണ്. സ്പെയിനിൽ വൈദിക പരിശീലനത്തിലായിരുന്ന ബന്ധു സക്കറിയാസ് ചാണ്ടിയാണു മണി നിർമിക്കാനും ആലപ്പുഴയിലേക്ക് അയയ്ക്കാനും ഏർപ്പാടു ചെയ്തത് മണിയുടെ വക്ക് അങ്ങിങ്ങ് അടർന്നിട്ടുണ്ട്. പുറമെ ക്ലാവും. പക്ഷേ, ഇപ്പോഴും മണിനാദത്തിനു മാറ്റമൊന്നുമില്ല. മണി സമ്മാനിച്ചതിന്റെ നന്ദിസൂചകമായി കെ.ജെ.ജോസഫിന്റെയും അടുത്ത അഞ്ചു തലമുറകളിലുള്ളവരുടെയും മരണമണി മുഴക്കുന്നതിനു പള്ളി ഫീസ് ഈടാക്കിയിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു
*വൈദിക സെമിനാരി
വൈദികദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും ഇടവക വൈദികരെ പരിശീലിപ്പിക്കുന്ന കാര്യത്തിലും ഇവിടുത്തെ ദൈവജനം സവിശേഷ ശ്രദ്ധഎന്നും പുലർത്തിയിരുന്നു.ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് ഇവിടെ നിലനിന്നിരുന്ന വൈദികസെമിനാരി.
പതിനാറാം നൂറ്റാണ്ടിൽ സെമിനാരി സമ്പ്രദായം പുനർക്രമീകരിച്ചതിന്റെ ഭാഗമായി തത്തംപള്ളിയിലെ മൽപ്പാനേറ്റ് നിർത്തലാക്കി.
*പുനരൈഖ്യ ശ്രമങ്ങളുടെ വേദി
കേരള സഭാ ചരിത്രത്തിലെയും ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെയും നിർണായക മുഹൂർത്തങ്ങൾക്ക് സാക്ഷിയും വേദിയുമായിട്ടുണ്ട് തത്തംപള്ളി.
*തച്ചിൽ മാത്തു തരകന്റെ തട്ടകം
ഭാരത കത്തോലിക്ക സഭയുടെ പുനരഐക്യ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുകയും കേരള സഭയെ വളർത്താൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത മഹത്
വ്യക്തി തച്ചിൽ മാത്തുതരകന്റെ പ്രവർത്തനമണ്ഡലം തത്തംപള്ളി പ്രദേശമായിരുന്നു.
*കുരിശു പള്ളികൾ
തത്തമ്പള്ളി പള്ളിയുടെ കീഴിൽ ഏഴു കുരിശു പള്ളികളും ഭക്തർക്ക് ആത്മീയ വെളിച്ചം പകർന്നു കൊണ്ട് പ്രവർത്തിക്കുന്നു.
പാന്തൻ കുരിശടി , ഹോളി മേരി കാതലിക് ചാപ്പൽ, കായൽ കുരിശ്ശടി,കറുക സെന്റ് മേരീസ് ചാപ്പൽ, ഉണ്ണീശോ ചാപ്പൽ, കോർത്തശ്ശെരി പള്ളി, ഹോളി ഫാമിലി ചാപ്പൽ എന്നിവയാണിവ.
ഭജനമഠം പള്ളി
തത്തംപള്ളിയിലെ കമ്മാള സമൂഹത്തിന്റേതാണ് ഭജന മഠം പള്ളി.
തിരുന്നാൾ
മാലാഖയുടെ ദർശന തിരുന്നാൾ സെപ്റ്റംബർ മാസത്തിൽ ഏറെ ഭക്തി പൂർവ്വം ആചരിക്കപ്പെടുന്നു. മിഖായേൽ മാലാഖയുടെ ദർശന തിരുന്നാൾ നടത്താൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ കപ്ലോൻ വികാരിയുടെയും ലൈത്തോരന്മാരുടെയും അംഗീ കാരത്തോടു കൂടി കുമ്പിരി പെട്ടിയിൽ നിക്ഷേപിക്കുന്നു. പ്രസുദേന്തി വാഴ്ചയുടെ അന്ന് കപ്ലോൻ വികാരി പ്രത്യേകമായ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പെട്ടി തുറന്ന് ബൂള വായിക്കുന്നു. തുസ്കെമാർ, പ്രക്കുദോർ, സിസിരേജ്, ദസിനേർ എന്നിവരുടെയും ആലോചനക്കാരായ 12 മേശക്കാരുടെയും പേരുകൾ വായിക്കുന്നു. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ കപ്ലോൻ വികാരി വാഴിക്കുന്നു. ഈ ചടങ്ങ് ദർശന തിരുന്നാൾ ആരംഭിച്ച കാലം മുതൽ നിലനിൽക്കുന്നു.
തത്തം പള്ളി പള്ളിയുടെ ചരിത്രത്തോടൊപ്പം വായിക്കപ്പെടേണ്ടതാണ് തച്ചിൽ മാത്തു തരകന്റെ ജീവ ചരിത്രം.
മാത്തു തരകൻ
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രധാനിയായിരുന്ന മാത്തു തരകന്റെ തട്ടകമായിരുന്നു തത്തമ്പള്ളി. സുറിയാനിക്രിസ്ത്യാനികളിലെ കത്തോലിക്കാ വിഭാഗത്തിന് നാട്ടുകാരായ മെത്രാന്മാരെ നിയമിച്ചുനൽകണമെന്ന ആവശ്യമുന്നയിച്ച അങ്കമാലി പടിയോല പുറപ്പെടുവിച്ച പള്ളിപ്രതിപുരുഷയോഗത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു തരകൻ.
മാർത്താണ്ഡവർമ്മയുടെ ദിഗ്വിജയത്തിനു മുൻപുള്ള കാലത്തെ പ്രദേശഭരണാധികാരികളിൽ ഒരാളായിരുന്ന ആലങ്ങാട്ടുകർത്തായുടെ കാര്യസ്ഥൻ തച്ചിൽ തര്യതായിരുന്നു തരകന്റെ പിതാവ്. പഴയ കൊച്ചിരാജ്യത്ത്, എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽ പുത്തൻവേലിക്കരയ്ക്ക് സമീപമുള്ള കുത്തിയതോട് എന്ന സ്ഥലത്തു ജനിച്ച മാത്തൂത്തരകൻ, വ്യാപാരത്തിൽ വിജയിച്ച് തിരുവിതാംകൂറിലേയും കൊച്ചിയിലേയും അധികാരസ്ഥാനങ്ങളിൽ സ്വാധീനം കൈവരിച്ചു. മാർത്താണ്ഡവർമ്മയുടെ കീഴിൽ തിരുവിതാംകൂർ സൈന്യാധിപനായിരുന്ന ഡച്ചുകാരൻ ഡിലെനോയ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു.
1747 ലെ പ്ലാസി യുദ്ധ വിജയത്തിനു ശേഷം ഇംഗ്ലീഷുകാർക്ക് യുദ്ധക്കപ്പലുകളുടെ ആവശ്യം കൂടി. ഫ്രഞ്ചു വിപ്ലവവും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വിജയവും കൂടിയായപ്പോൾ ഇംഗ്ലീഷുകാർ നാവികസേനയുടെ മെച്ചപ്പെടുത്തലിൽ കൂടുതൽ ശ്രദ്ധിച്ചു.യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിന് തേക്കുതടി ആവശ്യമായിരുന്നു. അച്ചൻകോവിൽ, മലയാറ്റൂർ വനമേഖലകളിൽ തേക്ക് സമൃദ്ധമായി വളർന്നിരുന്നു. 3000 കുറ്റി തേക്കു തടി വെട്ടി തുറമുഖത്ത് എത്തിക്കാനുള്ള ഓർഡർ മാത്തൂതരകനാണ് ലഭിച്ചത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം നിമിത്തം വളരെ സുഗമമായി തടികൾ അച്ചൻകോവിലിൽ നിന്ന് ആലപ്പുഴ എത്തിക്കാനായതിനാൽ വലിയ ലാഭമാണ് തരകന് ഈ കച്ചവടത്തിൽ ലഭിച്ചത്. ട്രഫാൾഗറിലെ യുദ്ധത്തിൽ അഡ്മിറൽ നെൽസണ് നെപ്പോളിയനെ തോൽപ്പിക്കാൻ കഴിഞ്ഞത് മത്തൂത്തരകൻ കയറ്റി അയച്ച തേക്കു തടിയുടെ ബലത്തിലാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
കൂനൻ കുരിശുസത്യത്തെ തുടർന്ന് വിഭജിതമായ സുറിയാനി ക്രിസ്ത്യാനിസമൂഹത്തിലെ പുത്തൻ-പഴയകൂർ വിഭാഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം മുന്നിട്ടു നിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രാജാകേശവദാസ് ഒരു തടി ഡിപ്പോ ആലപ്പുഴയിൽ ആരംഭിച്ചുതോടു കൂടി, മാത്തുവിനു തെക്കൻ തിരുവിതാംകൂർ ഒട്ടാകെ തേക്കുതടികൾ വെട്ടിയിറക്കി വിൽക്കുന്നതിന് അനുമതി ലഭിച്ചു. തിരുവിതാംകൂറിന്റെ മുഖ്യ വരുമാനസ്രോതസ്സുകളിൽ ഒന്നായിരുന്ന തടിക്കച്ചവടം നഷ്ടത്തിൽ നിന്നും മാത്തു തിരികെ വൻ ലാഭത്തിലാക്കി. പേരും പ്രശസ്തിയും ഉയർന്നതോടെ, കച്ചവട കാര്യങ്ങൾ സുഗമമാക്കുന്നതിനു വേണ്ടി മാത്തു ആലപ്പുഴയിലെ തത്തംപ്പള്ളിയിലേക്കു താമസം മാറ്റി. മാത്രമല്ല, സാധനങ്ങൾ വാങ്ങിച്ചു കൂട്ടാനും കച്ചവടത്തിനു വേണ്ടി അവിടെ പണ്ടികശാലകൾ നിർമിക്കാനും മാത്തു സ്ഥിരോത്സാഹം കാണിച്ചു. സ്വർണം, തുണിത്തരങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കറുപ്പ്, പുകയില എന്നിവയുടെ കച്ചവടത്തിൽ മാത്തു വിസ്മയങ്ങൾ സൃഷ്ടിച്ചു. തന്റെ വ്യവസായം ഏഴാം കടലിനുമക്കരെ എത്തിക്കുന്നതിൻ്റെ ശ്രമഫലമായി രണ്ട് കപ്പലുകൾ വാങ്ങുകയും; അവയ്ക്ക് വലിയപടവെന്നും ചെറിയപടവെന്നും പേരു നൽകുകയും ചെയ്തു. തരകന്റെ കപ്പലുകൾ ബാഗ്ദാദ്, ബസറ, ബാബേൽ മുതലായ സ്ഥലങ്ങളിലേക്ക് ചരക്കുകൾ എത്തിച്ച് വാണിജ്യം നടത്തി.സ്വർണം, തുണിത്തരങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കറുപ്പ്, പുകയില എന്നിവയുടെ കച്ചവടത്തിൽ മാത്തു വിസ്മയങ്ങൾ സൃഷ്ടിച്ചു.
ആലപ്പുഴ പട്ടണം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നിരവധി സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളെ മാത്തു അങ്ങോട്ടേക്ക് ക്ഷണിച്ചു. അദ്ദേഹം പള്ളാത്തുരുത്തി ആറു മുതൽ കടപ്പുറം വരെ ഒരു തോട് പണികഴിപ്പിച്ചു. മാത്തു തരകൻ തോട് എന്നറിയപ്പെട്ടിരുന്ന ഈ തോട് ഇന്ന് കൊമെഷ്സ്യൽ കനാൽ എന്ന പേരിൽ അറിയപ്പെടുന്നു. തരകന്റെ കാര്യസ്ഥനായി ജോലി ചെയ്തിരുന്ന കുഞ്ഞു വർക്കി പണിത പാലമാണ് പില്ക്കാലത്തു കണ്ണൻ വർക്കി പാലമായത്.
മാത്തുവിന് തരകസ്ഥാനം ധർമ്മരാജാവ് കല്പിച്ചു നൽകുന്നു
മാർത്താണ്ഡവർമ്മ രാജാവ് വാഴുന്ന കാലം മുതൽതന്നെ ആളുകൾ നൽകുന്ന സമ്മാനങ്ങളുടെ വലിപ്പം അഥവാ പ്രാധാന്യമനുസരിച്ച് ആളുകൾക്ക് സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നൽകുന്ന പതിവുണ്ടായിരുന്നു. ധർമ്മരാജാവ് ഭരിക്കുന്ന സമയം. മാത്തു സമ്മാനവുമായി രാജസന്നിധിയിൽ എത്തിയിരുന്നു. ഒപ്പം പോക്കു മൂസ മരക്കാരുടെ മകനും. സമ്മാനങ്ങൾ സ്വീകരിക്കാനെത്തിയ രാജാവ് മരക്കാരെ ആദ്യം വിളിപ്പിച്ചു. സ്വർണത്തിൽ തീർത്ത ഒരു കദളിവാഴ മരക്കാർ സമർപ്പിച്ചതിനു ശേഷം, മാത്തുവിനെ രാജാവ് വിളിപ്പിച്ചു. ഒരു വെള്ളിപ്പെട്ടി തുറന്ന മാത്തു ഒരു സ്വർണ്ണ കൊമ്പനാനയുടെ ശില്‌പം പുറത്തെടുത്തു. ആനയുടെ മുകളിൽ ഒരു ആനക്കാരനും ചങ്ങലയിൽ പിടിച്ചു നിൽക്കുന്ന പാപ്പാനും ചേർന്ന ഈ ശില്പം വളരെ ആകർഷീണമായിരുന്നു. രാജമുദ്രയിൽ ആന ഉണ്ടായിരുന്നതുകൊണ്ട് മാത്തുവിൻ്റെ ‘തങ്കക്കൊമ്പന്’ രാജാവ് മുൻതൂക്കം നൽകി. മരക്കാരുടെ കദളിവാഴ എടുത്തുമാറ്റാൻ ഉത്തരവിട്ട മഹാരാജാവ് മാത്തുവിൻ്റെ നേർക്ക് ‘മാത്തു തരകൻ മുതലാളി അവർകൾ’ എന്ന മൂന്നാവർത്തി ഉറക്കെ ചൊല്ലി. തരകസ്ഥാനം നേടിയെടുത്ത മാത്തുവിൻ്റെ ഇരുകൈകളിൽ വളകളണിയിച്ച ശേഷം എട്ടു സേവകന്മാർക്കൊപ്പം പല്ലക്കിൽ രാജാവ് യാത്രയാക്കി. ‘തരകൻ’ ഉൾപ്പെടെയുള്ള സ്ഥാനമാനങ്ങൾ നൽകിയിരുന്നത് വലിയ തുകകൾ സമ്മാനമായിട്ടോ നികുതിയായിട്ടോ രാജ്യത്തിന് നൽകിയിരുന്നവർക്ക് ആയിരുന്നുവെന്ന് ലോനപ്പൻ ഊക്കൻ എന്ന് എഴുത്തുകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനായി മാത്തു തരകൻ അത്യധികം പ്രയത്നിച്ചു. പോർച്ചുഗീസ് പാതിരിമാരുടെ ഉപദ്രവം സഹിക്കവയ്യാതെ തരകൻ സുറിയാനി സമൂഹത്തിനും സ്വന്തമായി ഒരു മെത്രാനു വേണ്ടി പരിശ്രമിച്ചു.
സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനായി മാത്തു തരകൻ അത്യധികം പ്രയത്നിച്ചു. പോർച്ചുഗീസ് പാതിരിമാരുടെ ഉപദ്രവം സഹിക്കവയ്യാതെ തരകൻ സുറിയാനി സമൂഹത്തിനും സ്വന്തമായി ഒരു മെത്രാനു വേണ്ടി പരിശ്രമിച്ചു. കൂടാതെ, വർത്തമാനപുസ്‌തകത്തിൽ പരാമർശിക്കപ്പെടുന്ന ജോസഫ് കരിയാറ്റിൽ, പാറേമാക്കൽ തോമാ കത്തനാർ തുടങ്ങിയവർ നടത്തിയ റോമൻ യാത്രക്ക് ചിലവാക്കിയ തുകയുടെ ഒരു വിഹിതം തരകൻ്റെ സംഭാവനയായിരുന്നു.
ബാലരാമവർമ്മ രാജാവായിരിക്കെ, രാജാ കേശവദാസനെ പിന്തുടർന്ന് വലിയ സർവാധികാര്യക്കാരന്റെ പദവിയിലെത്തിയ ജയന്തൻ ശങ്കരൻ നമ്പൂതിരി, ധനമന്ത്രിയായി തക്കല ശങ്കരനാരായണൻ ചെട്ടിയെയും ഉപദേശകനായി മാത്തൂത്തരകനെയും നിയമിച്ചു. അങ്ങനെ തിരുവിതാംകൂർ ഭരണത്തിലെ മുഖ്യപങ്കാളികളിൽ ഒരാളായിത്തീർന്ന മാത്തൂത്തരകൻ ജയന്തൻ ശങ്കരൻ നമ്പൂതിരിക്കും ശങ്കരനാരായണൻ ചെട്ടിക്കുമൊപ്പം ഒരു മൂവർസംഘത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു.
1799 ൽ വേലുത്തമ്പിയുടെ നേതൃത്ത്വത്തിൽ നമ്പൂതിരി ഭരണത്തിനെതിരെ നടന്ന കലാപം അവസാനിപ്പിക്കാൻ ദളവയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു “ശങ്കരനാരായണനെയും മാത്തൂത്തരകനെയും പൊതു നിരത്തിൽ വച്ച് ചാട്ട കൊണ്ടടിക്കുകയും അവരുടെ ചെവി അറുത്തു കളയുകയും ചെയ്യുക എന്നത്. മഹാരാജാവ് ആവശ്യം അംഗീകരിച്ച്, ശിക്ഷാനടപടികൾ ഉടൻ നടപ്പാക്കി. മാത്തൂത്തരകനെ ചെവി അറുത്തു കളഞ്ഞ നിലയിൽ തിരുവനന്തപുരം ജയിലിൽ ബന്ധനസ്ഥനാക്കി. അധികാരഭ്രഷ്ടനും അപമാനിതനുമായ തരകന്റെ സ്വത്തുക്കൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. വേലുത്തമ്പിയുടെ കാലത്തു നേരിടേണ്ടി വന്ന കർണ്ണഛേദനത്തിനു പരിഹാരമായി രാജാവ് തരകന് പിന്നീട് ഒരു സ്വർണ്ണച്ചെവി സമ്മാനിച്ചതായും പറയപ്പെടുന്നു. 976 വൃശ്ചികം 27 ന് മാത്തൂതരകനെ മുൻപാകെ വരുത്തി “പെഴയ്ക്കും അപമാനത്തിനും ഒന്നിനും ഒരു സംഗതിയില്ലായെന്നുള്ള സാക്ഷ്യത്തിന്റെ ഒറപ്പിന്നായിട്ട്” സ്വർണ്ണം കൊണ്ട് രണ്ടു ചെവി ഉണ്ടാക്കി രാജാവ് സമ്മാനിച്ചതായി എം.ഒ. ജോസഫ് എഴുതിയ തച്ചിൽ മാത്തൂതരകൻ എന്ന പുസ്തകത്തിൽ പറയുന്നു.
വേലു തമ്പി ദളവ,മാത്തു തരകനെതിരെ നടത്തിയ ആരോപണങ്ങൾ വസ്തു നിഷ്ഠ മായിരുന്നില്ലെന്ന് മനസ്സിലാക്കിയ റെസിഡന്റ് മെക്കാളെ 1807 മെയ് 12 ന് ദിവാനയച്ച ഔദ്യോഗികക്കുറുപ്പിൽ ഇങ്ങനെ എഴുതി:
“ “നിങ്ങളുടെ പ്രജയോ, സിൽബന്ധിയോ ആരായിരുന്നാലും വെറും ശത്രുത കൊണ്ട് മാത്രം ഒരു മനുഷ്യനെ നശിപ്പിക്കുന്നത് തടയാനാവുമെങ്കിൽ അത് ഞാൻ ചെയ്യും. ദിവാനും മെക്കാളെയും നിരവധി എഴുത്തു കൾ ഇതിന്മേൽ നടത്തി.
റെസിഡന്റ് മെക്കാളെ യ്ക്ക് പ്രിയങ്കരനായിരുന്ന മാത്തു തരകനെ
ആലപ്പുഴ നഗരത്തിന്റെ ശില്പികളിൽ ഒരാളായി കണക്കാക്കുന്നു.
കട്ടക്കയം ചെറിയാൻ മാപ്പിള ഇദ്ദേഹത്തെക്കുറിച്ച് 1924 ൽ മാത്തുതരകൻ എന്നൊരു ദീർഘ കാവ്യം രചിച്ചിരുന്നു.
1814 ൽ മാത്തു തരകൻ അന്തരിച്ചു. അദ്ദേഹത്തെ കുത്തിയതോട് കിഴക്കേ പള്ളിക്കകത്ത് സംസ്കരിച്ചു.
ഏറെ ചരിത്ര പ്രാധാന്യമുള്ള കേരളക്രൈസ്തവരുടെ അയർലൻഡ് എന്നറിയപ്പെടുന്ന തത്തംപള്ളിയും അവിടുത്തെ പള്ളിയും സന്ദർശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ലൗലി ബാബു തെക്കേത്തല
കടപ്പാട് :-ഫിലിപ്പോസ് തത്തംപള്ളി
മനോഹരം