കവിത എഴുതി തുടങ്ങിയ കാലംതൊട്ടേ ,ആഗ്രഹിക്കുന്നതാണ് ഒരു നല്ല പ്രണയ കവിത എഴുതണമെന്ന്. അന്നേ ശ്രമവുംതുടങ്ങിയതുമാണ്.
പെറ്റു കൂട്ടിയ ചാപിള്ളകളിലധികവും പ്രണയ കവിതകളായിരുന്നു.
ഇനി അങ്ങനെ സംഭവിച്ചുകൂടാ. ജീവനുള്ള ഒന്നിനെ പെറ്റേ പറ്റൂ.
കവിതയുടെ ബീജം ഉള്ളിൽ വളർന്ന് ഭൂമി മലയാളം കാണാൻ തിടുക്കം കാണിക്കുന്നുണ്ട്. നോർമൻ ഡെലിവറിക്ക് കാക്കാതെ സിസേറിയൻ
തന്നെയാവാം. തള്ളക്കും കുട്ടിക്കും വിഷമം കുറക്കാം. എഴുത്തു മുറി എന്ന ലേബർ വാർഡിലേക്ക് . വാതിലടച്ചു കുറ്റിയിട്ടു. ഫോൺ ഓഫാക്കി മേശ വലിപ്പു തുറന്നു
ആയുധസാമഗ്രികൾ മേശപ്പുറത്ത്. ഇന്നേതായാലും എഴുതി തീർത്തേ പറ്റു.
എങ്ങനെ തുടങ്ങണം? തുടക്കം നന്നായാലെ ഒടുക്കമുണ്ടാവു. അല്ലെങ്കിൽ പാതി വെച്ചു നിറുത്തേണ്ടതായിവരും. ആദ്യാക്ഷരം എന്താവണം? അക്ഷരമാലയിലെ ആദ്യാക്ഷരം തന്നെയാവട്ടെ. അതുകൊണ്ട് മറ്റക്ഷരങ്ങൾക്ക് പരിഭവമുണ്ടാവാനിടയില്ല. അക്ഷരങ്ങൾ പിണങ്ങിയാൽ സംഗതി ആകെ കുളം.
അറിയുന്നവരും അറിയാത്തവരുമായ സകലമാന പ്രണയമെഴുത്തുകാരേയും
ലിംഗ , വർഗ, പ്രായം കണക്കാക്കാതെ മനസ്സിൽ ധ്യാനിച്ച പ്രണയ ദേവന് വഴിപാട് നേർന്ന്, കടലാസു നിവർത്തി പേന തുറന്ന് പ്രാർത്ഥനയോടെ എഴുതി തുടങ്ങി.
” അഞ്ചമ്പൻ തന്നുടെ
സഞ്ചാരവീഥിയിൽ
അജ്ഞനാം ഞാനങ്ങു
ചെന്നുപെട്ടു
അജ്ഞന നിറമേകും
അഞ്ചാറു നാരിമാർ
അവരുടെസഞ്ചയത്തിൽ
അഞ്ചിതഗാത്രി അംബുജാക്ഷിയവൾ
അഞ്ജന കൃഷ്ണൻ്റെഗോപി പോലെ ”
ഇത്രയും എഴുതി പേന താഴെ വെച്ചു ഒന്നു മൂരി നിവർന്നു. ഒരു സിഗരറ്റിന്
തീ കൊളുത്തി ആദ്യപഫ് ആഞ്ഞു വലിച്ചതേയുള്ളു. വാതിലിൽ മുട്ട്. അകമ്പടിയായി “ദ്ദോക്കുന്നേ… വാതില് തുറക്കു ”
പ്രിയതമയാണ് . അല്ലങ്കിലും ഓളങ്ങനെയാണ്. എന്തു കാര്യത്തിനു തടസ്സം.
കൊസ്രാംകൊള്ളിയുമായി കയറി വരും. അങ്ങേലെ പയ്യ് പെറ്റു,
കുട്ടി ആണ് തുടങ്ങിയ തികച്ചും വാർത്താ പ്രാധാന്യമില്ലാത്ത സില്ലിതിങ്ങ്സ്.
ഇപ്പോ എന്താണാവോ വാർത്ത ?
വാതിൽതുറന്ന പാടെ
“നിങ്ങളറിഞ്ഞില്ലേ ? ”
“ഹെന്ത്?”
“മ്മടെ മേലെ വീട്ടിലെബാലൻ മേനോന്റെ
മോളില്ലേ?”
“ആ ഒരു കൊച്ചു സുന്ദരിക്കോത , ” അവൾക്കെന്തുപറ്റി? ”
“ആ പെൺകൊച്ച് വേണ്ടാതീനം കാണിച്ചു ”
“തെളിച്ചു പറയു ”
“ഉത്തരത്തിൽ തൂങ്ങി.
ആ വേലായിടെമോനായിട്ട് അടുപ്പത്തിലായിരുന്നത്രെ
ആ ചെക്കനെ കാണാനില്ലെത്രെ ”
ആകെ ഒരു തളർച്ച.
അവരുടെ പ്രണയത്തിനു താനും സാക്ഷിയാണല്ലോ.
പോര, സഹായ സഹകരണങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചത്എന്റെ അറിവോടെയാണ്.
പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നു എതിപ്പുണ്ടാവുമെന്ന് മനസിലാക്കി രഹസ്യമായിരജിസ്റ്റർ ചെയ്യാൻ ഏർപ്പാടാക്കിയതും താനാണല്ലോ. എന്തുപറ്റി?
അവൻ ഒരിക്കലും അവളെ ചതിക്കില്ല എന്നുറപ്പുണ്ട് . ഷർട്ടുമാറ്റി ഉമ്മറത്തെത്തിയതേയുള്ളു, വേലായിയുടെ മൂത്തമോനും രണ്ട് അനുജന്മാരും പിന്നെ കുറേ ചെറുപ്പക്കാരുംജാഥയായി മുറ്റത്ത് . താൻ കാരണമാണ് ആ
ചെറുപ്പക്കാരനീഗതിവന്നത്. വന്നവർ എന്നെ കുറ്റപ്പെടുത്തി പ്രസ്ഥാവന നടത്തുകയാണ്. അവരുടെ സംസാരത്തിൽ നിന്ന് ഒന്നുകൂടി മനസ്സിലായി.
ബാലൻ മേനോന്റെ കിങ്കര മാർ ആ പയ്യനെ അടിച്ചു കയ്യും കാലുതല്ലിയൊടിച്ചു
പാതി ജീവനാക്കി പാതിരാ നേരത്ത് അവന്റെ ചെറ്റയുടെ ഇറയത്ത് കൊണ്ടിരിക്കുന്നു. രാവിലെയാണ് വീട്ടുകാർ കാണുന്നത്. ആ പെൺകൊച്ച് തൂങ്ങിച്ചാവാനുള്ള കാരണം മനസിലായി.
ഏതായാലും എഴുതിതുടങ്ങിയ പ്രണയകവിത ഇന്നും പൂർത്തിയാക്കാനായില്ല.
അതാണ് അതിന്റെ നിയോഗം.



