പൊന്നാനിക്കാരൻ റിജേഷ് ആരാണെന്ന് രണ്ട് സെക്യൂരിറ്റിക്കാർ അന്വേഷിച്ചപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു. വരൂ എന്നു പറഞ്ഞ് ആ മഹാമന്ദിരത്തിന്റെ അകത്തളത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. കൊട്ടാരതുല്യമായ മന്ദിരത്തിന്റെ ഓരോ പടവുകൾ കയറുമ്പോഴും എന്റെയുള്ളിൽ ഭയത്തിന്റെ അളവും ക്രമാതീതമായി വർദ്ധിച്ചു. സ്പീക്കറുടെ ചേമ്പറിൽ അന്നത്തെ നിയമസഭയുടെ നാഥനായിരുന്ന ബഹുമാനപ്പെട്ട പി. ശ്രീരാമകൃഷ്ണൻ വിളിച്ചുചേർത്ത വാർത്താസമ്മേളനം കഴിഞ്ഞപ്പോഴാണ് റിജേഷിനോട് വരാൻ പറയൂ എന്ന സന്ദേശം സ്പീക്കർ കൈമാറിയത്…
ചേമ്പറിൽ എത്തിയ ഉടനെ സ്പീക്കറുടെ തൊട്ടരികത്തായി ഒരു കസേര സ്റ്റാഫ് എനിക്കായി നൽകി. എന്നിട്ട് പ്രിയപ്പെട്ട ശ്രീരാമകൃഷ്ണൻ അവിടെ ഇരിക്കാൻ പറഞ്ഞു. അത് കേട്ടപ്പോൾ, ജനപ്രിയ ചിത്രം മായാവിയിലെ കണ്ണൻ സ്രാങ്കിന്റെ അവസ്ഥയിലായി ഞാൻ. സ്പീക്കർ വച്ച് നീട്ടിയ കസേരയിൽ ഇരിക്കാൻ ഞാൻ തയ്യാറായില്ല. ഇരുന്നാൽ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ ഇത്തിരി പ്രയാസമുള്ളതിനാൽ സ്പീക്കറോട് വളരെ സ്നേഹത്തോട ഇവിടെ നിൽക്കാമെന്ന് വ്യക്തമാക്കി. ജീവിതത്തിൽ ഏറ്റവും പേടിയോടെ നിന്ന നിമിഷം. സിനിമയിൽ ഇത്തരം രംഗങ്ങൾ കണ്ടാൽ അന്തം വിട്ടു പോകാറുണ്ട്..
ചുറ്റുഭാഗവും മതിലുകെട്ടിയത് പോലെ എന്നെ വളഞ്ഞ ക്യാമറകൾ, ഞാൻ പറയുന്നത് സൂക്ഷ്മതയോടെ ഒപ്പിയെടുക്കാൻ ഇരുപതോളം മൈക്കുകൾ എന്റെ തൊട്ടുമുന്നിൽ, മീറ്ററുകൾ മാത്രം അകലെ ചാനൽ റിപ്പോർട്ടർമാർ, പത്രപ്രവർത്തകർ, ക്യാമറ കൈകാര്യം ചെയ്യുന്നവർ, പിന്നെ നിയമസഭയിലെ നിരവധി സ്റ്റാഫുകളും കറുപ്പിട്ട അംഗരക്ഷകരും…
ഇവർക്ക് മുന്നിലേക്ക് എന്നെ ഇട്ടുകൊടുത്ത് സ്പീക്കർ പരിചയപ്പെടുത്തി.
ഇത് റിജേഷ് പൊന്നാനി. എന്റെ മണ്ഡലത്തിലെ വോട്ടറാണ്. റിജേഷ് ഇന്ത്യയിലെ 543 ലോകസഭാ മണ്ഡലങ്ങൾ ഒരെണ്ണം വിടാതെ എവിടെയും നിർത്താതെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആൽഫബെറ്റിക് ഓർഡറിൽ ഓരോ സംസ്ഥാനവും അവിടത്തെ മണ്ഡലങ്ങളും വെറും നാലര മിനിറ്റ് കൊണ്ട് ഉരുവിടും..
സ്പീക്കറുടെ അവതരണം കേട്ടപ്പോൾ എന്നിലുണ്ടായിരുന്ന അവശേഷിച്ച ധൈര്യം കൂടി ചോർന്നുപോയി. പൊന്നാനിയിൽ വച്ച് സ്പീക്കറുടെ മുന്നിൽ പ്രോഗ്രാം അവതരിപ്പിക്കാമെന്നായിരുന്നു എൻ്റെ മനസ്സിൽ. സ്പീക്കർ ക്ഷണിച്ചതാകട്ടെ നിയമസഭയിലേക്ക്. ചോറും കറിയും മാത്രം പ്രതീക്ഷിച്ചു പോയ എന്റെ മുന്നിലേക്ക് വിഭവസമൃദ്ധമായ ഒന്നാന്തരം സദ്യയാണ് സ്പീക്കർ ഒരുക്കിവെച്ചത്. അവിടുത്തെ കാഴ്ചകൾ കണ്ട് അക്ഷരാർത്ഥത്തിൽ ഞാൻ അമ്പരന്നു. സ്പീക്കറോട് സ്വകാര്യത്തിൽ, ലോക്സഭാ മണ്ഡലങ്ങൾ പൂർത്തീകരിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇവിടത്തെ അവസ്ഥ കണ്ടപ്പോൾ തുടങ്ങിയതാണ് നെഞ്ചിനകത്ത് ഒരു പിടച്ചിൽ. മുഴുവൻ തീർക്കാൻ പറ്റിയില്ലെങ്കിലും പകുതിയെങ്കിലും ഒപ്പിക്കാം…
സ്പീക്കർ: 543 ലോകസഭാ മണ്ഡലങ്ങളും പൂർത്തീകരിച്ചാൽ മാത്രമേ നിന്നെ ഇവിടെ നിന്നും പുറത്തേക്ക് വിടുകയുള്ളൂ. പിന്നെ എന്തിനാ ചാടി കളിച്ചു ഇത്ര ദൂരം വന്നത്. പൊന്നാനിക്കാരാ റിജേഷേ ലക്ഷ്യം പൂർത്തീകരിച്ചു മടങ്ങിയാൽ മതി..
സ്പീക്കർ ഒരു ദയയും കാണിക്കാതെ കാര്യം പറഞ്ഞതോടെ ഇനി രക്ഷയില്ല..
ഏതാനും സെക്കൻഡ് കണ്ണുകൾ അടച്ച് പ്രാർത്ഥനയോടെ മണ്ഡലപ്രദക്ഷിണം ആരംഭിച്ചു..
ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം എന്നീ സ്റ്റേറ്റുകളിലെ മണ്ഡലങ്ങൾ പൂർത്തീകരിച്ച് ബീഹാറും ഗുജറാത്തും കടന്ന് നമ്മുടെ കേരളവും അയൽക്കാരായ കർണാടകയെയും സെക്കന്റുകൾക്കുള്ളിൽ തീർത്ത് 48 സീറ്റുള്ള മഹാരാഷ്ട്രയും അതിവേഗത്തിൽ പിന്നിട്ട് 80 ലോകസഭാംഗങ്ങളെ ലഭിക്കുന്ന ഉത്തർപ്രദേശും കഴിഞ്ഞ് നമ്മുടെ സഹോദര സംസ്ഥാനമായ തമിഴ്നാട്ടിലെ 39 ഉം സഞ്ചരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലൂടെയും ഓടിക്കളിച്ച് അവസാന സംസ്ഥാനമായ വെസ്റ്റ് ബംഗാളിലെ 42 സീറ്റും തീർപ്പാക്കി കേന്ദ്രഭരണ പ്രദേശങ്ങളും പൂർത്തീകരിച്ചതോടെയാണ് എന്റെ ശ്വാസം നേരേ വീണത്..
പിന്നീട് ഞാൻ കണ്ടത് നിർത്താതെയുള്ള കയ്യടിയുടെ മേളമാണ്. ആ കരഘോഷത്തിൽ സ്പീക്കറും സന്തോഷം കൊണ്ട് കൈയ്യടിച്ചു പങ്കാളിയായി. അതൊരു താളമായി എന്റെ കാതുകൾക്ക് ഇമ്പമായതോടെ ഞാൻ ആഹ്ലാദത്തിന്റെ അത്യുന്നതയിലെത്തി…
അതിനുശേഷം സ്പീക്കർ എന്റെ ഇരു കൈകളും ചേർത്തുപിടിച്ച് തോളിൽ തട്ടി അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു അതിഗംഭീരം…
കേരള ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഒരു മൊമന്റോയും സ്പീക്കർ എനിക്ക് സമ്മാനമായി നൽകി. സ്പീക്കറുടെ കയ്യിൽ നിന്ന് എനിക്ക് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരവും…
കഥ ഇവിടെ അവസാനിക്കുന്നില്ല..
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ തുരുതുരാ വന്നു…
ചോദ്യം ഒന്ന്.. എന്ത് ജോലിയാണ് റിജേഷ് ചെയ്യുന്നത് ?
ഇലക്ട്രോണിക്സ് ടെക്നീഷ്യനാണ്…
ചോദ്യം രണ്ട്… ലോക്സഭാ മണ്ഡലങ്ങൾ പറയുന്നതിനു മുന്നേ വേറെ എന്തെങ്കിലും പ്രോഗ്രാം ചെയ്തിട്ടുണ്ടോ ?
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ 50 സെക്കന്റുകൾക്കുള്ളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ 140 നിയമസഭാ മണ്ഡലങ്ങളും അവിടത്തെ എംഎൽഎമാരെയും രണ്ടു മിനിറ്റുകൾക്കുള്ളിൽ തീർക്കും..
ശ്രീ മോഹൻലാലിന്റെ സിനിമകളും അവ ഇറങ്ങിയ വർഷവുമടക്കം അദ്ദേഹത്തിന്റെ മുന്നിൽ മൂന്നു മിനിറ്റിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്…
ചോദ്യം മൂന്ന്… ലോകസഭമണ്ഡലങ്ങൾ ഇത്ര കൃത്യമായി 543 എണ്ണം ഭംഗിയായി മന്ത്രിക്കുന്നതിന്റെ രഹസ്യം എന്താണ് ?
എന്റെ അച്ഛൻ രാഷ്ട്രീയം സംസാരിക്കുന്നത് കുട്ടിയായിരിക്കുമ്പോൾ തന്നെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. അച്ഛന് ഇന്ത്യയിലെ ലോക്സഭാ സീറ്റുകളെ കുറിച്ച് ധാരണയുള്ള വ്യക്തിയാണ്. അതു തന്നെയാണ് എന്റെ അടിത്തറ. പിന്നെ എന്റെ നാട്ടിലെ സഹോദര തുല്യരായ ജ്യേഷ്ഠന്മാരുമായുള്ള ആശയവിനിമയവും…
ചോദ്യം നാല്… ഇനി അടുത്ത പ്രോഗ്രാം എന്താണ് ?
ശ്രീ. മമ്മൂട്ടിയെ നേരിട്ട് കാണണം. അദ്ദേഹവുമായി ഒരു പ്രോഗ്രാം ചെയ്യണം..
ലോകസഭാ മണ്ഡലങ്ങൾ ഒരെണ്ണം വിടാതെ കൃത്യമായി പറഞ്ഞതോടൊപ്പം തന്നെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞതും എന്റെ സന്തോഷം ഇരട്ടിപ്പിച്ചു….
ബഹുമാനപ്പെട്ട പി. ശ്രീരാമകൃഷ്ണനോട് എനിക്ക് നന്ദിയല്ല കടപ്പാടാണ് ഏറ്റവും മനോഹരമായ ഒരു ദിവസം സമ്മാനിച്ച് അത് ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാനുള്ള അമൂല്യനിധിയായി മാറ്റി തന്നതിന്…
Wow….gr8
സ്പീക്കർ ശ്രീരാമകൃഷ്ണ നുമായുള്ള കൂടിക്കാഴ്ച മറ്റു കാര്യങ്ങളും ഇഷ്ടത്തോടെ വായിച്ചു