Saturday, February 14, 2026
Homeഅമേരിക്കപള്ളിക്കൂടം കഥകൾ...... (ഭാഗം 61) 'വാടക വീട്' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ…… (ഭാഗം 61) ‘വാടക വീട്’ ✍ സജി ടി. പാലക്കാട്

റോഡിൽ നിന്നും ഒരു ഇടവഴിയിലൂടെ രാജപ്പൻ മാഷ് മുൻപിൽ നടന്നു.
പള്ളി കഴിഞ്ഞതും കശുമാവിൻ തോട്ടമാണ്. വെട്ടുകല്ല് നിറഞ്ഞ പ്രദേശം… ഇടവഴിയിലൂടെ മഴവെള്ളം കുത്തിയൊലിച്ച് ഒഴുകിയതിന്റെ വലിയ വലിയ ചാലുകൾ കാണാം. അല്പം ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴും. മുള്ള് ചെടികൾ വഴിയിലേക്ക് ചെരിഞ്ഞു കിടപ്പുണ്ട്. മുന്നോട്ടു പോകും തോറും വഴിയുടെ ഇരുവശവും വലിയ മരങ്ങൾ കണ്ടു തുടങ്ങി. ഇടയ്ക്ക് പ്ലാവും, മാവും കാണാം. ചില സ്ഥലങ്ങളിൽ തെങ്ങുകളും ഉണ്ട്. പക്ഷേ, മറ്റ് മരങ്ങളുടെ ഇടയിൽ ഞെരിഞ്ഞു വളരുന്നത് കൊണ്ടാവാം തെങ്ങിന് വേണ്ടത്ര വളർച്ചയില്ല. അതുകൊണ്ടുതന്നെ തേങ്ങയുമില്ല.

” എത്താറായില്ലേ മാഷേ…? ”

സദാനന്ദൻ മാഷ് ചോദിച്ചു.

“അതാ ആ കാണുന്നതാണ് വീട്..
പക്ഷേ, നേരെ വഴിയില്ല.വളഞ്ഞു പോകണം. ”

മുണ്ടിന്റെ തുമ്പ് എടുത്തു കുത്തിക്കൊണ്ട് രാജപ്പൻ മാഷ് പറഞ്ഞു.

“ഈ വഴിയിലൂടെ എങ്ങനെ നടക്കും…?”

” ആദ്യം തന്റെ ഈ റബർ ചെരുപ്പ് ഒന്ന് മാറ്റൂ…
ഈ വഴിയിലൂടെ ഇത്തരം ചെരിപ്പിട്ട് നടക്കാൻ പറ്റില്ല… ”

“പ്രീഡിഗ്രി കാലം മുതൽ കാലിൽ കയറി കൂടിയതാണ് ഈ ലൂണാർ ചെരുപ്പ്… അതിടുമ്പോൾ ഒരു സുഖമുണ്ട്…”

സദാനന്ദൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു..

വീട് അടുക്കാറായതും ഒരു നായ ഉച്ചത്തിൽ കുരയ്ക്കുന്നത് കേട്ടു.

” അയ്യോ! ആ വീട്ടിൽ പട്ടി ഉണ്ടല്ലോ..!”

“തനിക്ക് നായയെ പേടിയുണ്ടോ..? നമുക്ക് വെളിയിൽ നിന്നും വിളിച്ചിട്ട് കയറിയാൽ മതി….”

രാജപ്പൻ മാഷ് പറഞ്ഞു.

ഗേറ്റ് എത്തിയതും മുറ്റത്ത് നിന്ന് നായ ഉച്ചത്തിൽ കുരച്ചു….

“രവീന്ദ്രൻ ചേട്ടാ…..”

രാജപ്പൻ മാഷ് നീട്ടി വിളിച്ചു….

അല്പസമയം കഴിഞ്ഞപ്പോൾ ഒരു ഈരഴ തോർത്ത് മുണ്ട് ഉടുത്ത ഒരാൾ മുറ്റത്തേക്ക് ഇറങ്ങി വന്നു . ഏതാണ്ട് 50 വയസ്സ് തോന്നിക്കും.

“ആരാ…..?
ഓ,മാഷാണോ…?
അവിടെ നിൽക്കൂ ഞാൻ നായയെ ഒന്ന് കെട്ടിയിടട്ടെ..”

അയാൾ നായയെ പിടിച്ചു കൂട്ടിലാക്കി.

” ശരി ഇനി വന്നോളൂ….”

രണ്ടുപേരും മുറ്റത്തേക്ക് കയറി.
ഓടിട്ട ഒരു ചെറിയ വീട്. ചെറിയ വരാന്ത. പ്രധാന വീടിനോട് ചേർന്ന് മറ്റൊരു മുറിയും അടുക്കളയും ഉള്ള ഒരു ചെറിയ പോർഷൻ, ഒരു കൊച്ചു വീട് എന്ന് വേണമെങ്കിൽ പറയാം.

ഇടതുവശത്തായി ഒരു തൊഴുത്ത്.
രണ്ട് പശുക്കളെ തൊഴുത്തിൽ കെട്ടിയിട്ടുണ്ട്.

“ഇതാരപ്പാ…?
പുതിയ ഒരാളും കൂടെ ഉണ്ടല്ലോ..?”

“ഇത് പുതിയ മാഷാണ്..”

രാജപ്പൻ മാഷ് പറഞ്ഞു.

“എവിടെയാ സ്വദേശം…?”

സദാനന്ദൻ മാഷ് നാടും,വിട്ടു വിശേഷങ്ങളും പറഞ്ഞു.

“ഓ… തെക്കൻ ആണല്ലേ…?”

“ഉം… ”

സദാനന്ദൻ മാഷ് ചിരിച്ചുകൊണ്ട് മൂളി.

“ഏതാ ജാതി…?”

രവീന്ദ്രൻ ചേട്ടൻ രാജപ്പൻ മാഷിനോട് ചോദിച്ചു.

” നമ്മുടെ തന്നെ…”

രാജപ്പൻ മാഷ് സദാനന്ദൻ മാഷിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“എടീ മൂന്ന് ചായ……”

അകത്തോട്ട് നോക്കി രവീന്ദ്രൻ ചേട്ടൻ വിളിച്ചു പറഞ്ഞു.

“നമ്മുടെ മീന ടീച്ചർ എവിടെയാണ്..?”

രാജപ്പൻ മാഷ് ചോദിച്ചു.

” മുറിക്കകത്തുണ്ട്. കുട്ടിയെ ഉറക്കുകയാവും…. ”

രവീന്ദ്രൻ ചേട്ടൻ പറഞ്ഞു. ”

“മീന ടീച്ചർ ഇവിടെയാണോ താമസിക്കുന്നത്..?”

സദാനന്ദൻ മാഷ് ചോദിച്ചു.

“അതേ…
ടീച്ചർ ഒറ്റയ്ക്ക് ആണല്ലോ..
ഭർത്താവ് മിലിട്ടറി അല്ലേ..?
ആറുമാസം കൂടുമ്പോൾ ലീവിന് വരും.
വന്നാൽ രണ്ടുപേരും കൂടി എന്നും തല്ലാ..”

രവീന്ദ്രൻ ചേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഓ ടീച്ചറുടെ ഭർത്താവ് മിലിട്ടറിക്കാരൻ ആണോ.?

“ടീച്ചറെ…….”

രവീന്ദ്രൻ ചേട്ടൻ നീട്ടി വിളിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ മീന ടീച്ചർ റൂമിൽ നിന്നും ഇറങ്ങി വന്നു.

“ഞാൻ കുഞ്ഞിനെ ഉറക്കുകയായിരുന്നു.
ആഹാ… ഇത് ആരൊക്കെയോ വന്നിരിക്കുന്നത്?
സദാനന്ദൻ മാഷും ഉണ്ടല്ലോ..?”

മീന ടീച്ചർ ചോദിച്ചു.

“നമ്മുടെ രവീന്ദ്രൻ ചേട്ടന്റെ ഒരു കെട്ടിടം അംഗനവാടിയുടെ അടുത്ത് ഉണ്ടല്ലോ..? സദാനന്ദൻ മാഷിന് അവിടെ താമസിക്കാൻ വേണ്ടി കിട്ടുമോ എന്ന് അറിയാൻ വന്നതാ..”

രാജപ്പൻ മാഷ് പറഞ്ഞു.

“ഏത് നമ്മുടെ സുമയുടെ തുന്നൽക്കട പ്രവർത്തിക്കുന്ന കെട്ടിടമോ…?

മീന ടീച്ചർ ചോദിച്ചു.

” അതെ….. ”

“അയ്യോ..!
അവിടെ താമസിക്കാൻ പറ്റുമോ..?”

” അതെന്താ ടീച്ചർ…?”

” വെള്ളമില്ല,ബാത്റൂം ഇല്ല,…
പിന്നെ എങ്ങനെ താമസിക്കും…? ”

” അത് ശരിയാണ്… പക്ഷേ, വേറെ എവിടെയും വീട് കിട്ടാനില്ലല്ലോ..? ”

രാജപ്പൻ മാഷ് പറഞ്ഞു.

“ശരി മാഷേ,രവീന്ദ്രൻ ചേട്ടനോട് ചോദിച്ചു നോക്കൂ ..”

” എന്താണ് എന്റെ കാര്യം പറയുന്നത്..? ”

രവീന്ദ്രൻ ചേട്ടൻ അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു.

“പുതിയ മാഷിന് അംഗൻവാടിയുടെ അടുത്തുള്ള ചേട്ടന്റെ കെട്ടിടം താമസിക്കാൻ കൊടുക്കുമോ എന്ന് അറിയാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്.”

രാജപ്പൻ മാഷ് പറഞ്ഞു.

“തയ്യൽ കടയുടെ രണ്ടു വശത്തും രണ്ട് കുടുംബക്കാർക്ക് താമസിക്കാൻ പറ്റും. പക്ഷേ, ഞാൻ ബാച്ചിലേഴ്സിന് കൊടുക്കില്ല. ”

“അതെന്താണ് ചേട്ടാ…?”

രാജപ്പൻ മാഷ് ചോദിച്ചു.

“ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം നേരെ അങ്ങ്ട് പറയാം. തയ്യൽ പരിശീലന കേന്ദ്രം അവിടെ ഉണ്ടല്ലോ..?
കുറെ പെണ്ണുങ്ങൾ അവിടെ തുന്നലിന് വരുന്നുണ്ട്…
അവർക്ക് അതൊരു ബുദ്ധിമുട്ടാവും…..
മാഷന്മാരാണെങ്കിലും ചെറുപ്പമല്ലേ..?”

രവീന്ദ്രൻ ചേട്ടൻ പറഞ്ഞു.

” അയ്യോ ചേട്ടാ, സദാനന്ദൻ മാഷ് കല്യാണം കഴിച്ചതാണ്.അടുത്തമാസം നാട്ടിൽ പോയി വരുമ്പോൾ ഭാര്യയെയും കൂട്ടി വരും… ”

“ആണോ എങ്കിൽ കുഴപ്പമില്ല…”

രവീന്ദ്രൻ ചേട്ടൻ പറഞ്ഞു.

“ഇനി വാടകയും മറ്റുകാര്യങ്ങളെല്ലാം നിങ്ങൾ നേരിട്ട് സംസാരിച്ചോളൂ… പരിചയപ്പെടുത്താല്‍ മാത്രമാണ് എന്റെ ഡ്യൂട്ടി….”

രാജപ്പൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിപ്പോൾ പറയാൻ എന്ത് ഇരിക്കുന്നു..!
1000 രൂപ അഡ്വാൻസ്. മാസം 40 രൂപ വാടക. എല്ലാ വർഷവും കുറച്ചു കൂട്ടും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം…”

“അതെല്ലാം ഒക്കെ….
പക്ഷേ, ആദ്യം വീട് ഒന്നു കാണട്ടെ..”

സദാനന്ദൻ മാഷ് പറഞ്ഞു.

” പുതിയ മാഷാണ് അല്ലേ…? ”

അടുക്കളയിൽനിന്നും ചായയും കൊണ്ട് രവീന്ദ്രൻ ചേട്ടന്റെ ഭാര്യ വന്നു.

“എന്താണ് ടീ….. തിന്നാൻ…?”

രവീന്ദ്രൻ ചേട്ടൻ ചോദിച്ചു.

“റസ്കണ്ട് എടുക്കട്ടെ…?”

“ഓ..! ഒന്നും വേണ്ട ചേട്ടാ…
ചായ തന്നെ ധാരാളം..”

രാജപ്പൻ മാഷ് ചായ കുടിച്ചു കൊണ്ട് പറഞ്ഞു.

“എന്നാൽ നമുക്ക് വീട് ഒന്നു പോയി കണ്ടാലോ…?”

സദാനന്ദൻ മാഷ് ചോദിച്ചു.

“ഞാൻ ഈ തുണിയൊക്കെ ഒന്ന് മാറ്റട്ടെ…”

ഇതു പറഞ്ഞു കൊണ്ട് രവീന്ദ്രൻ ചേട്ടൻ അകത്തേക്ക് പോയി.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കൈലി മുണ്ടുടുത്തു തോളിൽ ഒരു വെള്ളത്തോർത്ത് മുണ്ടും ഇട്ട് രവീന്ദ്രൻ ചേട്ടൻ അകത്തുനിന്നും ഇറങ്ങി വന്നു..

“ശരി,നമുക്ക് ഇറങ്ങാം….”

” മീന ടീച്ചറെ…..
ഞങ്ങൾ ഇറങ്ങുന്നു…. ”

” ശരി മാഷേ….
കുഞ്ഞ് ഉറങ്ങുകയാണ്…
നാളെ കാണാം.. ”

മീന ടീച്ചർ അകത്തുനിന്നും വിളിച്ചുപറഞ്ഞു.

മൂന്ന് പേരും പള്ളിയുടെ മുറ്റത്ത് കൂടി നടന്ന് റോഡിലേക്ക് ഇറങ്ങി . കുറച്ചു നടന്നതും കുന്നപ്പള്ളി ജംഗ്ഷൻ എത്തി.
സ്കൂളിന്റെ മുന്നിലൂടെ നടന്നു. റോഡിന് വലതുവശത്ത് ഒരു നെല്ല് കുത്തുന്ന മില്ല് ഉണ്ട്. അതിനടുത്തായി രണ്ടുമൂന്ന് ഓടിട്ട ചെറിയ വീടുകൾ കാണാം. വീടിന്റെ മുറ്റത്ത് നിറയെ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ട്.വീട്ടുമുറ്റത്ത് നിന്നും ആളുകൾ എത്തി നോക്കുന്നുണ്ട്. മുണ്ടും ബ്ലൗസും ധരിച്ച സ്ത്രീകൾ രവീന്ദ്രൻ ചേട്ടനെ നോക്കി ചിരിച്ചു….

റോഡിന് ഇരുവശവും കരിമ്പന തല ഉയർത്തി നിൽക്കുന്നു.

“ആ കാണുന്നതാണ് നമ്മുടെ വീട്…”

റോഡ് സൈഡിൽ വലതുവശത്തായി ഒരു ഓടിട്ട കെട്ടിടം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചേട്ടൻ പറഞ്ഞു.
നേരെ നോക്കിയാൽ അംഗനവാടി കാണാം.

കെട്ടിടത്തിന്റെ നടുവിലെ മുറിയിലാണ് തയ്യൽ കട. അഞ്ചാറ് പെൺകുട്ടികൾ തുന്നാൻ ഇരിക്കുന്നുണ്ട്. ഒരു സ്ത്രീ രവീന്ദ്രൻ ചേട്ടന്റെ അടുത്തേക്ക് വന്നു പാവാടയും ദാവണിയും ആണ് വേഷം.

” ആരാ രവിയേട്ടാ ഇത്…? ”

പെൺകുട്ടി ചോദിച്ചു.

“നമ്മുടെ സ്കൂളിലേക്ക് വന്ന പുതിയ മാഷാണ്.
ഇവിടെ താമസിക്കുവാൻ വേണ്ടി വീട് നോക്കാൻ വന്നതാണ്.. ”

രവീന്ദ്രൻ ചേട്ടൻ പറഞ്ഞു.

“ഇവിടെയോ…?”

” പേടിക്കേണ്ട,മാഷ് ഫാമിലി ആയിട്ടാണ് താമസിക്കുന്നത്… ”

രാജപ്പൻ മാഷ് പറഞ്ഞു.

രവീന്ദ്രൻ ചേട്ടൻ മുറിയുടെ പൂട്ടു തുറന്നു. കടമുറിയുടെ പോലെയുള്ള മരത്തിന്റെ വാതിലുകൾ സൈഡിലേക്ക് മടക്കി വെച്ചു. ഒരു ചെറിയ മുറി. സദാനന്ദൻ മാഷ് അകത്തേക്ക് കയറി മുറിയുടെ പിറകിലായി ഒരു ചെറിയ നീളത്തിലുള്ള മുറി. വേണമെങ്കിൽ അടുക്കളയായിട്ട് ഉപയോഗിക്കാം…!

“കിണറില്ലേ…?”

സദാനന്ദൻ മാഷ് ചോദിച്ചു.

“ആ കാണുന്ന വീട്ടിൽ നിന്നും വെള്ളം എടുക്കാം.., നായന്മാരാണ്…
നല്ല ആൾക്കാരാണ്…”

രവീന്ദ്രൻ ചേട്ടൻ പറഞ്ഞു.

“അപ്പോൾ ടോയ്ലറ്റ് എവിടെ ? ”

“അതോ….?
ആ പറമ്പിന്റെ അങ്ങേയറ്റത്ത് ഒരു കുഴി കുത്തി ഓലകൊണ്ട് മറച്ചു തരാം. ഫാമിലി വരുമ്പോൾ കുളിമുറിയും ഓലകൊണ്ട് മറച്ചു കെട്ടിത്തരാം…”

രവീന്ദ്രൻ ചേട്ടൻ പറഞ്ഞു.

“രാജപ്പൻ മാഷേ…..
ഒന്നിങ്ങോട്ട് വരു…”

സദാനന്ദൻ മാഷ് വിളിച്ചു പറഞ്ഞു.

“എന്താണ് വീട് ഇഷ്ടമായില്ലേ..?”

“ഇത് ശരിയാവില്ല മാഷേ , വെള്ളമില്ല, കക്കൂസില്ല, കുളിമുറിയില്ല….
പിന്നെ എങ്ങനെ താമസിക്കും…?”

സദാനന്ദൻ മാഷ് മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു.

(തുടരും…)

സജി ടി. പാലക്കാട്✍

RELATED ARTICLES

1 COMMENT

  1. ജോലിക്കു പോയ സദാനന്ദൻ മാഷിൻ്റെ അനുഭവങ്ങൾ രസകരമായ വായന നൽകുന്നു. ജോലി കിട്ടും വരെ ആകുലത .

    നാട്ടിൽ ഒരു ജോലി കിട്ടിയാൽ എന്തെല്ലാം കഷ്ടപ്പാടുകളാണ്അക്കാലത്ത് .
    താമസ സൗകര്യക്കുറവ് എല്ലാ ഗ്രാമങ്ങളി ലേയും പ്രശ്നമായിരുന്നു.
    നന്നായി അവതരിപ്പിച്ചു.

Leave a Reply to Romy Benny Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com