ആരുടെ കാലിൽ തറക്കുന്ന മുള്ളുമെ
ന്നന്തരാത്മാവിൽ കുത്തിനോവിക്കും.!
മനുഷ്യസ്നേഹമെന്ന കടലിൻ്റെ അപാരത തുറന്നു കാണിച്ചു തന്ന അമ്മ മനസ്സ്….കവിതയിലും ജീവിതത്തിലും വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ചിരുന്ന ബാലാമണിയമ്മ കേരളത്തിലെ എല്ലാവരുടെയും അമ്മയായിരുന്നു. മാതൃത്വത്തിന്‍റെ കവയത്രിയായിരുന്നു.
നമ്മുടെ മനസ്സിലേക്ക് മാതൃവാത്സല്യത്തിൻ്റെ മഴ പെയ്യിച്ച കവയിത്രി ബാലാമണിയമ്മയുടെ ജന്മദിനമാണിന്ന്.നിഷ്കളങ്കമായ വാത്സല്യം കൊണ്ട് മലയാള കവിതയെ ധന്യമാക്കി. മാതൃവാത്സല്യം നിറഞ്ഞു തുളുമ്പുന്ന വരികളിലൂടെ വായനക്കാരിലും കാരുണ്യത്തിൻ്റെ പ്രവാഹം നിറച്ചിരുന്നു.അതുകൊണ്ടാവാം മാതൃത്വത്തിൻ്റെ കവയിത്രിയെന്ന് വിളിക്കുന്നത്.
തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തെ നാലപ്പാട്ടു വീട്ടിലെ 1909 ജൂലൈ 19 ന് ബാലാമണിയമ്മ ജനിച്ചു. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കൾ .കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു.
സംസ് കൃതവും ഇംഗ്ളീഷും വീട്ടിലിരുന്ന് അഭ്യസിച്ചിരുന്നു. ചെറു പ്രായത്തില്‍ തന്നെ-19-ാം വയസ്സില്‍- വി.എം നായരുടെ സഹധര്‍മ്മിണിയായി അദ്ദേഹം അന്നു ജോലി ചെയ്തിരുന്ന കൊല്‍ക്കത്തയിലേക്ക് പോയി.
അവിടെ ഗാര്‍ഹിക ജീവിതത്തിനിടയില്‍ കിട്ടിയ ഏകാന്തതയും ഒഴിവു സമയങ്ങളും ആണ് ബാലാമണിയമ്മയിലെ കവയത്രിയെ പുറത്തു കൊണ്ടുവന്നത്. ഭര്‍ത്താവ് വി.എം. നായര്‍ അത് കാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കൂപ്പുകൈ ആയിരുന്നു ആദ്യ കവിതാ സമാഹാരം.പിന്നീട് ഇവരുടെ തൂലികയില്‍ നിന്ന് ഒരുപാട് കവിതകള്‍ ജന്മം കൊണ്ടു. പരശുരാമനും വിശ്വാമിത്രനും ശിബിയും ഹരിചന്ദ്രനും യയാതിയും മഹാബലിയും ഇവരുടെ തൂലികയില്‍നിന്ന് പുനര്‍ജ്ജന്മം കൊണ്ടു.
ലളിതമായ പദപ്രയോഗങ്ങളിലുടെ മനുഷ്യമനസ്സിൻ്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് കവിതകൾ. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്.ധര്‍മ്മമാര്‍ഗം എന്ന ആദ്യ കവിതാസമാഹാരം 1938ല്‍ പുറത്തിറങ്ങി.
തൊട്ടിലാട്ടും ജനനിയെ പെട്ടന്ന്
തട്ടി നീക്കി രണ്ടോമനക്കൈകള്‍
കാട്ടുകെന്നുടെ കൊച്ചനുജത്തിയെ ….
ഈ വരികള്‍ കേരളത്തിലെ അമ്മമാരും കുട്ടികളും എത്രയോ കാലങ്ങളായി നെഞ്ചിലേറ്റിയതാണ്. സ്ത്രീ ഹൃദയം, കളിക്കൊട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്‍റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.
ബാലാമണിയമ്മയുടെ ‘മഴുവിന്റെ കഥ’ എന്ന കവിത ഏറെ ശ്രദ്ധേയമാണ്. പുരാണ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നൽകിയ വ്യത്യസ്തമായ രചന. നാടകീയ സ്വഗതാഖ്യാന രൂപത്തില്‍ രചിച്ചിട്ടുള്ള ഈ കവിതയില്‍ പരശുരാമന്റെ മനോവികാരങ്ങളാണ് ചിത്രീകരിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലവും കേരളത്തിന്റെ വര്‍ത്തമാനകാല അവസ്ഥയും എല്ലാം ഈ കവിതയില്‍ പരശുരാമന്റെ മനസ്സിലൂടെ കവയിത്രി കാട്ടിത്തരുന്നു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തി.
അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.പരേതനായ ഡോ. മോഹന്‍ദാസ്, പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി, ഡോ. ശ്യാം സുന്ദര്‍, ഡോ. സുലോചന എന്നിവരാണ് മക്കൾ.
ജന്മവാർഷിക ദിനത്തിൽ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു….
ബാലാ മണിയമ്മയെ കുറിച്ച് നല്ല ലേഖനം