സംസ്കൃതഭാഷാ പണ്ഡിതനും വിവർത്തകനും പത്രപ്രവർത്തകനും അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ അശോകൻ പുറനാട്ടുകരയുടെ ഓർമ്മകളിലൂടെ ….
തൃശ്ശൂരിനടുത്ത പുറനാട്ടുകര ഗ്രാമത്തിൽ എ. രാമകൃഷ്ണമേനോൻ, കെ. മീനാക്ഷിക്കുട്ടിയമ്മ എന്നീ ദമ്പതികളുടെ പുത്രനായി 1952 ഡിസംബർ 10നാണ് അശോകൻ ജനിച്ചത്. പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുലവിദ്യാമന്ദിരം, തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ്, പട്ടാമ്പി സംസ്കൃതകോളേജ്, തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യുക്കേഷൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
പുരാതനവും, ആധുനികവുമായ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വാർത്തകളും,ചെറുകഥകളും,കവിതകൾക്കുമായ് കേരളത്തിൽ ആദ്യമായി ഭാരതമുദ്ര എന്ന പേരിൽ ഒരു സമ്പൂർണ്ണസംസ്കൃതമാസിക ആരംഭിച്ചു.
ലളിതമായ ശൈലിയിലാണ് രചനകൾ എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
ഇതിനു പുറമേ, വാർത്തകൾക്കു കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടു് ഭുവനമുദ്ര എന്ന പേരിൽ ഒരു ദ്വൈവാരികാ സംസ്കൃതപത്രവും അദ്ദേഹം ആരംഭിക്കുകയുണ്ടായി. അനാമിക എന്ന സംസ്കൃത കഥാസമാഹാരമാണു അശോകൻ പുറനാട്ടുകരയുടെ മുഖ്യ സ്വതന്ത്രസാഹിത്യ കൃതി.
സംസ്കൃതവ്യാകരണ സംബന്ധിയായി അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. മാടമ്പു കുഞ്ഞുകുട്ടന്റെ ”മഹാപ്രസ്ഥാനം” ഉൾപ്പെടെ അനേകം മലയാളകൃതികൾ അദ്ദേഹം സംസ്കൃതത്തിലേക്കു തർജ്ജമ ചെയ്യുകയുണ്ടായി. അറിയപ്പെടുന്ന ഒരു സംസ്കൃതപ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.
പുറനാട്ടുകരയ്ക്കു സമീപമുള്ള വിലങ്ങൻ കുന്ന്സർക്കാർ അധീനതയിൽനിന്നു കൈവിട്ടുപോകാതെ ഒരു പൊതുസ്വത്തായി നിലനിർത്താൻ അദ്ദേഹം തുടങ്ങിവെച്ച സമരം ഒട്ടേറെ ജനശ്രദ്ധയാകർഷിച്ചു. ഇതേത്തുടർന്നു് വിലങ്ങൻകുന്നു് തൃശ്ശൂർ നഗരത്തിനു സമീപമുള്ള പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രവും പരിസ്ഥിതിസൗഹൃദപ്രദേശവുമായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട്
അദ്ദേഹം വിലങ്ങൻ സംരക്ഷണസമിതി, വിലങ്ങൻ ട്രക്കേഴ്സ് ക്ലബ്ബ് എന്നീ സംഘടനകൾ സ്ഥാപിക്കുകയും അവയുടെ നേതൃത്വം വഹിക്കുകയുമുണ്ടായി.
ന്യൂഡെൽഹിയിലെ വിശ്വസംസ്കൃതപ്രതിഷ്ഠാനിന്റെ സംസ്കൃതപത്രപ്രവർത്തനത്തിനുള്ള പുരസ്കാരം, കേരള സാഹിത്യ അക്കാദമി വക തുഞ്ചൻസ്മാരക പ്രബന്ധപുരസ്കാരം, മികച്ച അദ്ധ്യാപകനുള്ള ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ സ്മാരകപുരസ്കാരം, ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ പുരസ്കാരങ്ങൾ തുടങ്ങിയവയാണു് അദ്ദേഹത്തിനു ലഭിച്ച പ്രധാനപ്പെട്ട അംഗീകാരങ്ങൾ.
2014 മേയ് 9-നു് തൃശ്ശൂരിൽ വെച്ച് അദ്ദേഹം അന്തരിച്ചു.പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുലം വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ അംബികയാണ് അശോകൻ പുറനാട്ടുകരയുടെ സഹധർമ്മിണി. ശങ്കർ, രാമദാസ് എന്നിവർ മക്കളാണ്. ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം…
ശ്രീ അശോകന്റെ ജീവിതവഴികൾ നന്നായി അവതരിപ്പിച്ചു.