Logo Below Image
Sunday, March 16, 2025
Logo Below Image
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ : മടവൂർ വാസുദേവൻ നായർ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ : മടവൂർ വാസുദേവൻ നായർ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

ഭാരതത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക് കലാരൂപങ്ങളിൽ ഒന്നാണ് നമ്മുടെ സ്വന്തം കഥകളി.! കോഴിക്കോട് സാമൂതിരിയുടെ പ്രോത്സാഹനത്താൽ പതിനാറാം നൂറ്റാണ്ടിൽ ആവിർഭവിച്ച ‘കൃഷ്ണനാട്ടമാണ്’ കഥകളിയുടെ പൂർവ്വരൂപം. ഒട്ടേറെ കഥകളി ആചാര്യന്മാർക്ക് ജന്മം നൽകിയ ഭൂമികയാണ് നമ്മുടേത്.കേരളത്തിലെ പ്രശസ്തനായ കഥകളി നടനായിരുന്ന പത്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ ഓർമ്മകളാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് മടവൂർ വാസുദേവൻ നായർ ജനിച്ചത്. മടവൂർ കാരോട് പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കിളിമാനൂർ പോത്തങ്ങനാട് ചാങ്ങ കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനാണ്. കിളിമാനൂർ സിഎംഎസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മടവൂർ പരമേശ്വരൻ ആശാന്റെ ശിക്ഷണത്തിൽ ഗുരുകുല സമ്പ്രദായത്തിൽ കഥകളി അഭ്യസിച്ചു തുടങ്ങി.

പഠനമാരംഭിച്ച് ആറാം മാസത്തിൽ തന്നെ ഉത്തരാസ്വയംവരത്തിൽ ഭാനുമതിയും തുടർന്ന് ഉത്തരനും ആയി അരങ്ങേറ്റം. ചെങ്ങന്നൂർ രാമൻപിള്ളയുടെ വീട്ടിൽ ഗുരുകുലസമ്പ്രദായമനുസരിച്ച് പന്ത്രണ്ടുവർഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയ്ക്കു മാറ്റുകൂട്ടിയത്.

രൗദ്രവും ശൃംഗാരവും ഒന്നിക്കുന്ന തെക്കൻ കളരിയുടെ ആചാര്യൻ എന്ന നിലയിലാണ് മടവൂർ വ്യത്യസ്തനായത്. ഒരു പതിറ്റാണ്ട് കാലത്തേക്ക് കലാമണ്ഡലത്തിലെ തെക്കൻ കളരിയിൽ അധ്യാപകനായിരുന്നു. തുടർന്ന് കൊല്ലം ജില്ലയിൽ കലാഭാരതി എന്നപേരിൽ തെക്കൻ കളരിയ്ക്കായി ഒരു കഥകളി കേന്ദ്രം തുടങ്ങി. മിനുക്ക് വേഷങ്ങൾ ആയിരുന്നു ആദ്യം അഭിനയിച്ചത് . തുടർന്ന് കത്തി വേഷങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മടവൂർ.

കഥകളിയില്‍ പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പം തുടങ്ങിയവ മടവൂരിന്റെ മികച്ച വേഷങ്ങളായിരുന്നു.ആവശ്യം വന്നാൽ ചേങ്ങിലയോ കൈമണിയോ എടുത്ത് അരങ്ങ് നിയന്ത്രിക്കാൻ കഴിവുള്ള ആൾ എന്നാണ് മടവൂരിനെ കുറിച്ച് കെ പി എസ് മേനോൻ വിലയിരുത്തിയിരുന്നത് കർണാടക സംഗീതത്തിൽ അവഗാഹമുണ്ടായിരുന്ന മടവൂർ ഓൾ ഇന്ത്യ റേഡിയോയിൽ കഥകളിപദങ്ങൾ പാടിയിട്ടുണ്ട്.

കേരളകലാമണ്ഡലം പുരസ്കാരം, തുളസീവനം പുരസ്കാരം, സംഗീതനാടക അക്കാദമി പുരസ്കാരം, കേന്ദ്ര സർക്കാർ ഫെലോഷിപ്പ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” പുരസ്കാരം, കലാദർപ്പണ പുരസ്കാരം, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി പുരസ്കാരം, 1997ൽ കേരള ഗവർണറിൽ നിന്നും വീരശൃംഖല തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷണ്‍ നൽകി ആദരിച്ചിട്ടുണ്ട്.

2018 ഫെബ്രുവരി 6 ന് കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ച്കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.കഥകളി അരങ്ങിനെ അനാഥമാക്കി കടന്നു പോയ ആചാര്യൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

3 COMMENTS

  1. കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ ഓർമ്മകൾ നന്നായി അവതരിപ്പിച്ചു 👍❤️.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments