പുതുവർഷാരംഭത്തിൽ ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവരും ഹോട്ടലുകളിലും മറ്റും പോയി കഴിക്കുന്ന ‘പാൽകപ്പ’ യുടെ റെസിപ്പി ആണ്. നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഒക്കെ വെച്ച് നമ്മുടെ വീട്ടിൽ നമുക്കിത് മായം ഒന്നും കലരാതെ സ്വാദോടെ തയ്യാറാക്കുവാൻ സാധിക്കും. അതെങ്ങനെയാണ് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
🧅🫑🧄🥬🥦🥥🌶️🥕🍅🍆🫚
1️⃣ കപ്പ തൊലി കളഞ്ഞു കൊത്തിയത് – ഒരു കിലോ
2️⃣ കാന്താരി (പച്ചമുളക്) – എരിവിന് അനുസരിച്ച്
3️⃣ തേങ്ങയുടെ ഒന്നാം പാൽ – ഒന്നര കപ്പ്, രണ്ടാം പാൽ – ഒരു കപ്പ്
4️⃣ ഉള്ളി – 20 എണ്ണം
5️⃣ വെളുത്തുള്ളി – രണ്ട് ചെറിയ അല്ലി
6️⃣ കറിവേപ്പില – രണ്ടു തണ്ട്
7️⃣ വറ്റൽ മുളക് – രണ്ട് എണ്ണം
8️⃣ ഉപ്പ് – പാകത്തിന്
9️⃣ വെള്ളം – കപ്പ വേകാൻ ആവശ്യത്തിന്
🔟 കടുക് – അര ടീസ്പൂൺ
1️⃣1️⃣ വെളിച്ചെണ്ണ – കടുക്
താളിക്കുന്നതിന്
ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
🔥🥣🔥🥘🔥🧉🔥🔪🔥🫕🔥🍵🔥
കപ്പ തൊലികളഞ്ഞ് കൊത്തിയെടുത്ത് വൃത്തിയായി കഴുകി ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യമായ വെള്ളം നികക്കെ ഒഴിച്ച് വേവിക്കുക. വെന്ത കപ്പയുടെ വെള്ളം ഊറ്റികളഞ്ഞ് വീണ്ടും കുറഞ്ഞ തീയിൽ അടുപ്പിൽ വെക്കുക. പാകത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില, ഒരുപിടി ഉള്ളിയും, കാന്താരിയും, വെളുത്തുള്ളിയും കൂടെ ചതച്ചെടുത്ത് കപ്പയിലേക്ക് ഇട്ടുകൊടുത്ത് അതിനുശേഷം രണ്ടാം പാൽ കൂടി ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം പാൽ ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
ഒരു ചീനചട്ടി ചൂടാക്കി എണ്ണയൊഴിച്ച് അതിലേക്ക് കടുകിട്ട് പൊട്ടിച്ച് ഉള്ളി, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ കപ്പയിലേക്ക് ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് ചൂടോടുകൂടി എരിവുള്ള മീൻകറി, ബീഫ് കറി, ചിക്കൻകറി തുടങ്ങിയവയുടെ കൂടെ ചേർത്ത് കഴിക്കാവുന്നതാണ്.
സ്വാദിഷ്ടമായ ഈ പാൽ കപ്പ എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ. പുതുമയുള്ള മറ്റൊരു റെസിപ്പിയുമായി അടുത്ത ആഴ്ച ഞാൻ വീണ്ടും വരുന്നതാണ്.
മലയാളി മനസ്സിന്റെ മുഴുവൻ വായനക്കാർക്കും പുതുവർഷാശംസകള്‍ നേരുന്നു.