ഓർമകളെ പെട്ടെന്നു തിരിച്ചു പിടിക്കാൻ സുഗന്ധത്തോളം പോന്ന മറ്റൊരു ശക്തിയില്ല.
ഘ്രാണേന്ദ്രിയത്തിലൂടെ പണ്ടെങ്ങോ സ്വീകരിച്ച് മനസിൽ മറഞ്ഞൊതുങ്ങിയിരിക്കുന്ന സൗഗന്ധച്ചെപ്പുകൾ ഇടയ്ക്കിടെ തുറന്നു പുറത്തേയ്ക്കു ആരോ വാസന തരംഗത്തെ എത്തിച്ചു തരും.
മുല്ലയും പാരിജാതവും പൂക്കുമ്പോൾ അവയറിയാതെ പരത്തുന്ന പരിമളം പരിസരം പാവനമാക്കുന്നുണ്ട്. വീട്ടിലെ പ്രാർത്ഥനാ മുറിയുടെ ഗന്ധമതായിരുന്നു.
എവിടെപ്പോയാലും ഈ സുഗന്ധമെനിക്ക് ജന്മവീട്ടിലെ പ്രാർത്ഥന മുറിയെ കൺമുൻപിൽ എത്തിക്കും.
മാമ്പൂവിന്റെ മത്തുപിടിക്കുന്ന ഗന്ധമേറ്റാൽ മതി വരാനിരിക്കുന്ന ഒരു മാമ്പഴക്കാലത്തെ മുഴുവനായി ഇന്ദ്രിയങ്ങളിൽ എത്തിച്ചു തരുന്നു.
കാപ്പി രുചിക്കുമ്പോൾഅതിന്റെ മണവുമായി യാതൊരു ബന്ധവുമില്ലാത്ത കാപ്പിപ്പൂവിന്റെ സുഗന്ധവും, എനിക്കനുഭവിക്കാനാകുമായിരുന്നു. അപ്പോൾ ഓർമയിലാ വെള്ളപ്പൂക്കൾ കാറ്റിൽ ചാഞ്ചാടിയാടിക്കളിക്കും.
സോപ്പുകളുടെ പരിമളമെപ്പോഴും സ്ഥലകാലങ്ങളെ തിരിച്ചു കൊണ്ടുവന്നിരുന്നു.
അലക്കുകാരി കൊണ്ടു പോയി അലക്കി ടിനോപ്പാലിട്ടു മുക്കി വെളുപ്പിച്ചുണക്കിയ വെള്ളമുണ്ടുകളിൽ കൈതപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു.
മുള്ളുള്ള കൈത പായ നെയ്യാൻ മുറിച്ചു കൊണ്ടുപോകുന്നവരുണ്ട്. പക്ഷേ താഴമ്പുമണമൊന്നും ആസ്വദിക്കാൻ അവർക്കെവിടെ നേരം.
ചാണ്ടോ അമ്മൂമ്മ എന്നു ഞങ്ങൾ വിളിക്കുന്ന ഒരു അമ്മൂമ്മ വല്യപ്പച്ചന്റെ വീടിന്റെ തൊട്ടടുത്തുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബക്കാരി തന്നെയാണ്.
നല്ല സുന്ദരിയായിരുന്നു കാണാൻ. പെൺമക്കളെല്ലാം വിവാഹം കഴിഞ്ഞ് ഭർതൃ ഗൃഹങ്ങളിലായിരുന്നു. ആൺമക്കൾ ഇന്ത്യൻ ആർമിയിലും.
ഒറ്റയ്ക്ക് താമസിക്കുന്ന അമ്മൂമ്മയെയാണ് എന്റെ ഓർമ്മയിലുള്ളത്. .
സഹായികൾ ആരെങ്കിലും പകൽ വന്നു പോകും. വെള്ളമുണ്ടും ചട്ടയും ധരിച്ച് നാടൻ പുതച്ചു പള്ളിയിൽ പോയി മടങ്ങുമ്പോൾ ഞാനും ചേട്ടനും, മോളി ചേച്ചിയുമൊക്കെ വടക്കേ പറമ്പിന്റെ മൂലയിലുള്ള കൈതത്തോടിനരികിൽ നിൽക്കുന്നതു കണ്ട്
“പാമ്പുണ്ടാകും പിള്ളേരേ “എന്നു വഴക്കു പറഞ്ഞ് ഓടിക്കും. ഉറക്കെയുള്ള ശബ്ദംകേട്ട് ഞങ്ങൾ ഓടിപ്പോകും.
ചാണ്ടോ അമ്മൂമ്മയുടെ പറമ്പിൽ ഞങ്ങളുടെ പറമ്പിൽ ഇല്ലാത്ത സപ്പോട്ട മരവും കടച്ചക്ക മരവുമുണ്ട്.
സക്കു എന്നു വിളിക്കുന്ന സപ്പോട്ടക്കായ പച്ചയ്ക്കു കറയോടെ പറിച്ച് ഉമിയിൽ പഴുക്കാൻ വെയ്ക്കും
ഉമിയിട്ട പാട്ടയിൽ കാരയ്ക്കപ്പഴവും എപ്പോഴും ഉണ്ടാകും.
വിശക്കുമ്പോൾ അന്നത്തെ കാലത്തെ ഇടനേരത്തേ ഭക്ഷണം.
മാങ്ങയും ചക്കയുമൊന്നും ഇല്ലാത്ത കാലത്തും ഇവ രണ്ടും സമൃദ്ധമായി ഉണ്ടാകുമായിരുന്നു.
ഒളിച്ചുകളിയുടെ ആവേശത്തിൽ അറിയാതെ ഓടി ചാണ്ടോ അമ്മൂമ്മയുടെ പറമ്പിൽ ഞങ്ങളെത്തും.
ഉറച്ച ശബ്ദത്തിൽ ഒച്ചയിട്ട് ആരാ അവിടെ എന്നു അമ്മൂമ്മ ചോദിക്കും?
ഞങ്ങളാണെന്നറിയുമ്പോൾ പീറ്റപ്പന്റെയും, ആന്റപ്പന്റെയും മക്കളാണോ എന്നു സ്നേഹത്തോടെ ചോദിക്കും.
“ഇങ്ങോട്ടു വന്നേ സക്കു പറിച്ചതിരിപ്പുണ്ട്. കൊണ്ടു പോ” എന്നു വിളിച്ചു പറയും.
കള്ളപ്പിള്ളര് മാങ്ങയ്ക്ക് കല്ലെറിഞ്ഞ് വീടിന്റെ ഓടു പൊട്ടി എന്നു പരിഭവവും പറയും.
അതാണ് ഒച്ചവെച്ചതു കെട്ടോ എന്നാശ്വസിപ്പിക്കും.
ഒറ്റയ്ക്കു താമസിച്ചു ശീലിച്ചതു കൊണ്ടാണെന്നറിയില്ല അസാമാന്യ ധൈര്യവും മുഴക്കമുള്ള ശബ്ദമായിരുന്നു അവർക്ക്.
സക്കു എപ്പോഴെങ്കിലും കഴിക്കാൻ കിട്ടിയാൽ ചാണ്ടോ അമ്മൂമ്മയെ ഓർമ്മവരും.
വീട്ടിലെ കാരമരം വലുതായതുകൊണ്ട് കുട്ടികൾക്ക് പൊട്ടിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.
വേനൽ മഴയ്ക്കു രാത്രി വീഴുന്നതു കാത്തിരുന്നു രാവിലെ പെറുക്കിയെടുത്ത് പാട്ടയിൽ ശേഖരിക്കുന്ന ജോലി ഞങ്ങളാണു ചെയ്യുന്നത്. മണ്ണു പറ്റിയത് കഴുകിയെടുക്കും.
പച്ച കാരയ്ക്കയ്ക്ക് ചവർപ്പാണ്. പഴുത്താൽ മധുരവും.
ഇന്ന് ഇങ്ങനെ ഒരു പഴം ഉണ്ടോയെന്ന് പലർക്കും അറിയില്ല.
ഒരു പലഹാരത്തിന് ഇന്ന് ഇപ്പേരു സാധാരണയായി പറയുമ്പോഴൊക്കെ കാരയ്ക്കപ്പഴത്തിന്റെ മണം നാസാരന്ധ്രങ്ങൾ എവിടെന്നോ കണ്ടെത്തി കൊണ്ടു വന്നു തരും.
നാസികയെ ഇത്ര മൂർച്ചയേറിയതാക്കാൻ പ്രകൃതിയൊത്തിരി സഹായിച്ചിട്ടുണ്ട്.അതുകൊണ്ടെന്താണ്?
എവിടെയും പോയാലും
എന്റെ ഗന്ധമാപിനിയിലൂടെ ഓർമ്മപ്പുക അകമാകെ നിറയും. പിന്നെ നഷ്ടബോധത്തിൻ്റെ മൂടൽ മറ കാഴ്ച മറയ്ക്കും. കണ്ണുനീറും.മനം വിങ്ങും.
വീട്ടിൽ പശുക്കളുണ്ടായിരുന്നു. ഇളം തവിട്ടു നിറമാണവയ്ക്കുണ്ടായിരുന്നത്. കുഞ്ഞുങ്ങൾക്കും അതേ നിറം.
വൈക്കോൽ നിറച്ച മച്ചുള്ള ഇരു നില തൊഴുത്തിലായിരുന്നു അവയുടെ വാസം.
മാധവനെന്ന കറവക്കാരനാണ് അതിരാവിലെ വന്നു പാലുകറക്കുന്നത്.
എണ്ണ കുപ്പിയും കഴുകി കമഴ്ത്തിയ കലവും രാത്രി പുറത്തു വെച്ചിരിക്കും.
അതിരാവിലെ പാലു കറന്ന ശേഷം മാധവൻ വിളിക്കുമ്പോഴാണ് വീട്ടിലുള്ളവർ ഉണരുന്നത്.
പശുവിന് ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ ആർക്കും അത്ര സന്തോഷമില്ല. മൂരിക്കുട്ടനാ എന്നു വിഷമത്തോടെ പറയുന്നതു കേൾക്കാം. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അതിനെ അവിടെ കാണുകയുമില്ല.
പശു വീട്ടിലുള്ളവർ അന്ന് മക്കളെ പരമാവധി പാലു കുടിപ്പിക്കാൻ ശ്രമിക്കും. വേഗം വളരുമെന്ന നുണ പറഞ്ഞാണ് മിച്ചം വരുന്നതും
തരുന്നത്.
തൈരാക്കി മാറ്റിയ പാൽ കടയുന്നതിന് മരത്തിന്റെ വലിയ കടകോലുണ്ട്. വെണ്ണ ഉരുക്കി നെയ്യാക്കി വെക്കും. രാവിലത്തെ കഞ്ഞിയിൽ അൽപ്പം നെയ്യ് ഒഴിക്കുന്നത് നിർബന്ധം.
വെണ്ണ കഴിച്ചതായി ഒട്ടും ഓർമയില്ല. ഈ നെയ്യ് കറിയിൽ ചേർക്കുന്നുണ്ടോ എന്നറിയില്ല. ചില പച്ചക്കറി ഉലർത്തിയതു കഴിക്കുമ്പോൾ ആ ഗന്ധവും കിട്ടാറുണ്ട്.
അന്നത്തെ നറുനെയ്യുടെ ഗന്ധമെവിടെയും അതുപോലെ തന്നെ കിട്ടില്ലയെങ്കിലും ഓർമ്മയുടെ പാൽനദിയൊഴുകാൻ നറുനെയ്യുടെ വാസന മതി.
എറണാകുളത്തെ അമ്മ വീട്ടിൽ അവധിക്കു ചെന്നപ്പോഴാണ് ആടിന്റെ കുഞ്ഞുങ്ങളെ പരിചയപ്പെടുന്നത്. ഞങ്ങളുടെ വീട്ടിലോ അയൽപക്കങ്ങളിലോ ഇവയെ കണ്ടിട്ടില്ല.
” മേരിക്കുണ്ടൊരു കുഞ്ഞാട്” എന്ന പദ്യം പഠിച്ചകാലം. എന്തോ വല്ലാത്ത സ്നേഹം അവയോടു തോന്നി.
അമ്മാമ്മയുടെ സഹായിയായ ഏലമ്മച്ചേടത്തി പിറകുവശത്തെ പടി തുറന്ന് വരുമ്പോൾ പിറകെ രണ്ടു ആട്ടിൻ കുട്ടികൾ കടന്നുവരും.
അതുങ്ങളെ മുൻവശത്തേക്കു വിടല്ലേ ചെടിയെല്ലാം കടിച്ചു പറിക്കുമെന്ന് വല്യാന്റി വിളിച്ചു പറയും.
അങ്ങനെ അവ ഞങ്ങളുടെ കൂട്ടുകാരായി.
കുട്ടികൾ പന്തുകളിക്കുന്നിടത്ത് ഞങ്ങളോടൊപ്പം അവയും തുള്ളിച്ചാടാൻ തുടങ്ങി. എന്തു പച്ചില കണ്ടാലും കടിച്ചുനോക്കുന്നതു കാണാം.
അന്ന് ഞാനും, ചേട്ടനും,അമ്മയുടെ ആങ്ങളമാരായ ജോബച്ചയുടെ മക്കളായ ബിജുവും, ബോബിയും, ആന്റണി അച്ചയുടെ മകനായ ജിജിയുമാണ് കളിക്കൂട്ടുകാർ.എല്ലാവരും ആൺകുട്ടികളായതു കൊണ്ട് അവരുടെ പന്തുകളിയിലും , കബഡി കളിയിലും എനിക്കു ഒരു താൽപര്യവും തോന്നില്ല.
ആന്റി വാങ്ങി തന്ന പ്ലാസ്റ്റിക്ക് പാവയാണ് കൂട്ട്.
തോർത്തു ചുറ്റിയുടുത്ത് അതിനെ വരാന്തയിലിരുന്ന് കളിപ്പിക്കലും, തീറ്റിക്കലുമാണ് ജോലി.
മടുക്കുമ്പോൾ മോളി ചേച്ചിയെയും, ഇളയ സഹോദരങ്ങളെയും ഓർമ വന്ന് തിരിച്ചു വീട്ടിലേക്കു പോകാൻ തോന്നും.
അമ്മയുടെ ആങ്ങളമാരായ അച്ചമാർക്ക് എന്നോടു പ്രത്യേക സ്നേഹമാണ്. എന്റെ ചുരുണ്ട മുടി വീതിയിൽ പരന്നു വളരുന്നതു കൊണ്ട് ഒതുക്കി കെട്ടിവെക്കാൻ വലിയ ബുദ്ധിമുട്ടാണ്. മുറ്റത്ത് നിറുത്തി കെട്ടുപിണഞ്ഞതെല്ലാമഴിച്ച് റിബൺ കൊണ്ട് റ പോലെ കെട്ടിവെച്ചു തരും.
ഉച്ചയൂണു കഴിഞ്ഞ് മയങ്ങാൻ പുൽപ്പായ വിരിച്ച് കിടക്കുമ്പോൾ തലയിലെ നരച്ച മുടി പിഴുതു കൊടുത്താൽ ഒന്നിന് അഞ്ചുപൈസ വെച്ചു തരാമെന്നു പറയും.
പോളുകുട്ടി അച്ചയും, ജോബച്ചയുമാണ് ഇങ്ങനെ പറയുന്നത്.
കടയിൽപോകുന്നതിനു മുമ്പുള്ള ഉച്ചമയക്കമാണവർക്ക്. ഞാൻ,കൈ തലയിൽ വെച്ചയുടൻ അവരുറങ്ങിപ്പോകും. അതുതന്നെയാണവരുടെ ഉദ്ദേശ്യവും .
“മോളെഴുന്നേറ്റ് പൊയ്ക്കോ” എന്ന് അമ്മായിമാർ കണ്ണു കാണിക്കും. ഒറ്റനരച്ചമുടി പോലും പിഴുതെടുക്കാൻ കഴിയാത്തതുകൊണ്ട് പൈസയും കിട്ടിയിട്ടില്ല.
അവധി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി പോകാറായപ്പോൾ ഞാൻ പതിവില്ലാതെ ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.
കുളിപ്പിച്ച് വാലിട്ടു കണ്ണെഴുതി തന്ന് നെറ്റിയിൽ പൊട്ടൊക്കെ ചാർത്തി തന്നാണ് മടക്കം.
കരയുന്തോറും കാര്യമെന്തെന്ന് എല്ലാവരും ചോദിക്കാൻ തുടങ്ങി. പോകാനുള്ള വിഷമമെന്നാണവർ കരുതിയത്.
സാധാരണയായി
ഞങ്ങൾ മടങ്ങുന്ന ദിനം മൗനം പൂണ്ടു നടക്കുന്ന അമ്മാമ്മ കാര്യം പറഞ്ഞു.
“അവളുടെ ആട്ടും കുഞ്ഞിനെപിരിയാനുള്ള വിഷമമാണ്. ”
അത് ഏലമ്മച്ചേടത്തിയുടെ ആടല്ലേ? അല്ലെങ്കിൽ തന്നു വിടാർന്നു എന്ന് അമ്മാമ്മ ആശ്വസിപ്പിച്ചു.
അപ്പന്റെ കൂടെ അവിടെ നിന്നിറങ്ങുമ്പോൾ ആടിന്റെ കരച്ചിൽ പിറകിൽ നിന്നു കേൾക്കുന്നുണ്ടായിരുന്നു.
ചേട്ടൻ പറഞ്ഞു. “വഴിയിൽ വെച്ചു കരയുന്ന കണ്ടാൽ പിച്ചക്കാര് പിടിച്ചോണ്ടു പോകും.”അങ്ങനെ കരച്ചിലടക്കി ഞാൻ മടങ്ങി.
രണ്ടാഴ്ച കഴിഞ്ഞ് സ്കൂളിൽ നിന്നു വന്നപ്പോൾ ഒരത്ഭുതം. എന്റെ കുഞ്ഞാട് വീടിന്റെ വടക്കേ വരാന്തയിൽ കെട്ടിയിട്ടിരിക്കുന്നു.
എന്റെ സ്കൂൾ പുസ്തകപ്പെട്ടി മുൻവശത്തു തന്നെ ഇട്ട് ഞാൻ ഓടിച്ചെന്നു.
എന്റെ കണ്ണീരു കണ്ടലിഞ്ഞ അമ്മാമ്മ കാശു കൊടുത്ത് ഏലമ്മ ചേടത്തിയുടെ ആട്ടിൻ കുഞ്ഞിനെ മേടിച്ച് എറണാകുളത്തു നിന്നു പുറപ്പെടുന്ന വള്ളക്കാരുടെ കൈയ്യിൽ കൊടുത്തു വിട്ടതാണ്.
ഇടയ്ക്ക് ഏത്തക്കുലയൊക്കെ എറണാകുളം മാർക്കറ്റിൽ നിന്നു വാങ്ങിക്കൊടുത്തു വിടാറുണ്ട്. അതുപോലെ അച്ചമാരുടെ സഹായത്തോടെ വള്ളക്കാരെ ഏൽപ്പിച്ചതാണ്.
സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നു പറയാം. ആദ്യം മുഖം കനപ്പിച്ചു നിന്ന കുഞ്ഞാട് അഴിച്ചു വിട്ടപ്പോൾ എന്റെയൊപ്പം ചിണുങ്ങിക്കുണുങ്ങി നടക്കാൻ തുടങ്ങി.
മുറ്റത്ത് വീഴുന്ന പഴുത്തപ്ലാവില ഈർക്കിലിൽ കുത്തിയെടുത്തു മാല പോലെ കോർത്ത് അമ്മൂമ്മ കൂട്ടിവെക്കുന്നതു കണ്ടിട്ടുണ്ട്. കുപ്പയി ടുമ്പോൾ അതും കത്തിച്ചു കളയും.
ആടിന്റെ ബിരിയാണിയാണ് പ്ലാവിലയെന്ന് ശാരദ പറഞ്ഞതു കേട്ട് പടിഞ്ഞാറെ മുറ്റത്തെ പ്ലാവില വീഴാൻ നോക്കിയിരിക്കാൻ തുടങ്ങി. താഴെയുള്ള പച്ചപ്പാവിലയും പറിച്ചു കൊടുക്കും.
“കൊച്ചേ ചക്കയ്ക്ക് തിരിയിട്ടു തുടങ്ങിയതാ കൊമ്പു നശിപ്പിക്കല്ലേ” എന്നാരെങ്കിലും വിളിച്ചു പറയും.
ദിവസങ്ങൾ എത്ര കഴിഞ്ഞെന്നു ഓർമയില്ല.
രാവിലെ ഉണരുമ്പോൾ മുറിയിൽ പ്രാർത്ഥിച്ചിരിക്കുന്ന അമ്മൂമ്മ ഓർമിപ്പിക്കും
കിടക്കപ്പായ വിടും മുമ്പ് കുരിശുവരയ്ക്ക്, കാവൽമാലാഖയെ കൂട്ടു വിളിച്ച് എഴുന്നേൽക്ക് .
ഉമിക്കരിയും ഉപ്പുപൊടിയുമെടുത്ത് വടക്കേ ചകിരിമാവിൻചുവട്ടിലേയ്ക്ക് നടക്കും മുമ്പ് എന്റെ കുഞ്ഞാടിനെ കെട്ടിയ കോലായിലേയ്ക്ക് എത്തി നോക്കി. അവിടെ കാണുന്നില്ല.
എഴുന്നേറ്റയുടൻ പല്ലുതേച്ചില്ലെങ്കിൽ വിഷം വിഴുങ്ങുന്ന പോലെയാണ് എന്നു പേടിപ്പിച്ചിരിക്കുന്നതുകൊണ്ട് ആ പരിപാടി കഴിച്ച് ഓടിപ്പിടിച്ച് ചെന്നപ്പോൾ എവിടെയും എന്റെ ആട്ടിൻ കുഞ്ഞില്ല.
“സ്കൂളിൽ പോകാറായി വേഗം കുളിച്ചിട്ട് വാ “അമ്മയുടെ പതിവില്ലാത്ത ഗൗരവ ശബ്ദം.
അതിനെ പുല്ലു തിന്നാൻ പറമ്പിലെങ്ങാനും വിട്ടു കാണും. നീ വേഗം പോകാനൊരുങ്ങ് .
വൈകുന്നേരം കുഞ്ഞാടിനെകളിപ്പിക്കാ.. അമ്മ അൽപ്പം ദേഷ്യത്തിലാണെന്നു തോന്നുന്നു.
എങ്കിലും നാലുവശവും ചുറ്റി നടന്ന് നോക്കി. ഇനി,പശുത്തൊഴുത്തിൽ കെട്ടിയോ? അങ്ങോട്ടു നടന്നപ്പോൾ എതിരെ അപ്പച്ചൻ വരുന്നു.
“സമയം പോയി വേഗം കുളിച്ചു ഭക്ഷണം കഴിച്ച് സ്കൂളിൽ പോകാൻ നോക്ക്. ”
എന്നെഅങ്ങോട് വിട്ടില്ല.
എന്റെ ആട്ടിൻ കുഞ്ഞിനെക്കണ്ടില്ല. അതെവിടെപ്പോയി ?
വൈകുന്നേരം കളിപ്പിക്കാമെന്നു സ്വയമാശ്വസിച്ചു.
ക്ലാസിൽ ചെന്നാൽ പൊടിപ്പും തൊങ്ങലും വെച്ച് ആടിന്റെ വിശേഷം പറഞ്ഞിരിക്കും. വർത്തമാനം പറച്ചിൽ കുറക്കാൻ എൻ്റെ പേരെടുത്തു പറഞ്ഞ് ടീച്ചർ മേശയിൽ ചൂരൽ ക്കൊണ്ട് അടിച്ചു പേടിപ്പിച്ചു.
വൈകുന്നേരം വീട്ടിലെത്തിയപ്പോഴും അന്വേഷിച്ചു നടന്നിട്ടു ആരും ഒന്നും പറഞ്ഞില്ല.
കരഞ്ഞു വാശിപിടിച്ചപ്പോൾ എല്ലാവരും ഏകസ്വരത്തിൽ ഒരേ ഉത്തരം
അതിന്റെ അമ്മയെ കാണാതെ ബഹളമുണ്ടാക്കിയപ്പോൾ കെട്ടുവള്ളത്തിൽ തിരിച്ചു കൊടുത്തു വിട്ടു.
സങ്കടം സഹിക്കാനാവാതെ കരഞ്ഞുകൊണ്ടു ഞാൻ നടന്നു.
അപ്പൻ ജോലി കഴിഞ്ഞു വന്നപ്പോൾ എൻ്റെ നെറ്റിയിൽ തൊട്ടു നോക്കി “ചെറുചൂടുണ്ട് അവൾക്കെന്നു” വിഷമത്തോടെ പറഞ്ഞു.
വരാന്തയിൽ കൊണ്ടു പോയി ഇരുത്തി സാവകാശം പറഞ്ഞു തന്നു.
എറണാകുളത്തു വീട്ടിൽ പോയി നിന്നാൽ ഇടയ്ക്കു നിനക്ക് അപ്പനെയും അമ്മയേയും കാണാൻ തോന്നാറില്ലേ?
ഉം, ഞാൻ പറഞ്ഞു.
ഇനി മുതൽ അവിടത്തെ സ്കൂളിൽ പഠിച്ചാൽ മതിയോ?
വേണ്ട.
അതെന്താ?
നിങ്ങളെ എല്ലാവരെയും കാണണം.
കുറച്ചു ദിവസം നിൽക്കാൻ ഇഷ്ടമാണല്ലേ അവിടെ !
അതെ.
അതുപോലെ കുറച്ചു ദിവസം നിന്നിട്ട് ആട് അതിന്റെ വീട്ടിലേയ്ക്ക് തിരിച്ചു പോയി. മനസിലായോ ?
ഉം.
അന്നേരം അതു വിശ്വസിച്ചെങ്കിലും ഇതുവരെ എനിക്കറിഞ്ഞുകൂടാ അതിനെന്തു പറ്റിയെന്ന് ?
എറണാകുളത്തു വീട്ടിൽ ചെന്നപ്പോഴും തിരക്കി ? ആടെന്തേയ്?.
ഏലമ്മച്ചേടത്തി പറഞ്ഞു അവരുടെ മകൾക്കു കൊടുത്തുവിട്ടെന്ന്.
മുതിർന്നവർ പറയുന്നതെല്ലാം സത്യമെന്നു വിശ്വസിച്ചനാളുകൾ.
പിന്നീട് ആടിനെക്കുറിച്ചുള്ള ചിന്ത വിട്ടെങ്കിലും മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് താൽപ്പര്യമില്ലാതായി. എന്നു മാത്രമല്ല വളർത്തുമൃഗങ്ങളോടുള്ള അടുപ്പമോ എന്നേയ്ക്കുമായി ഇല്ലാതായി.
അവ നഷ്ടപ്പെട്ടു പോകുന്ന ഭീതി അബോധമനസിൽ നിറഞ്ഞു നിന്നിട്ടാവാം.
സ്കൂൾ ഗേറ്റിനു പുറത്ത് മിഠായി വിൽക്കുന്നവരുടെ അടുത്ത് കൊട്ടയിലെന്തോ വിൽക്കുന്നതു കണ്ടിട്ടുണ്ട്.
ആമ്പൽ വിത്തും , താമരവിത്തുമൊക്കെയാണ് അതു ഭക്ഷിക്കാനാകുമെന്ന് കൂട്ടുകാരാരോ പറഞ്ഞു. പക്ഷേ അതു കഴിക്കാൻ കിട്ടിയട്ടില്ല.
കീലുമിഠായി വാങ്ങുന്ന കൂട്ടത്തിൽ അതു വാങ്ങാതിരുന്നത് കഴിക്കേണ്ടതെങ്ങനെയെന്നറിയാത്തതുകൊണ്ടു മാത്രമായിരുന്നു.
വിത്തുവാങ്ങി കുളത്തിലിട്ടാൽ തെക്കേ പാടത്ത് നിറഞ്ഞു പടർന്ന ആമ്പൽപ്പൂക്കൾ വീട്ടിലെ കുളത്തിലുമുണ്ടാകുമെന്നാശിച്ചു.
വെറുതെ വിത്തു കിഴങ്ങ് എറിഞ്ഞിട്ടാൽ പിടിച്ചു വരില്ല. കുളത്തിലെ മണ്ണിൽ കുഴിച്ചിടണമെന്നു കേട്ടപ്പോൾ ആഗ്രഹം മുളയിലേ നുള്ളി.
കുളത്തിൽ നിറഞ്ഞ പച്ചപ്പായൽ വാരി തെങ്ങിൻ ചോട്ടിലിടാൻ ആളു വരുമ്പോൾ പായൽക്കൂട്ടത്തിൽ പലനിറമുള്ള ചെറുപൂക്കൾ നൽകുന്ന ജലസസ്യങ്ങളും കാണാമായിരുന്നു.
പൂക്കൾ നുള്ളിയെടുക്കാൻ ചെല്ലുമ്പോൾ
” കൈ ചൊറിയും കുട്ടികൾ മാറി നിന്നേ ”
എന്നവർ ഒച്ചവെയ്ക്കും.
അന്നു വാരിക്കളഞ്ഞ പച്ചത്തത്ത നിറമാർന്ന പായലുകൾ ഇന്ന് ചെടിവിൽപ്പന കേന്ദ്രങ്ങളിൽ വിൽക്കാൻ വെച്ചിരിക്കുന്നതു കണ്ടപ്പോൾ ചിന്തിച്ചു പോയത് മൂടിപ്പോയ കുളങ്ങൾ ഭൂമിയുടെ അടിയിൽ ഇപ്പോഴും ഉണ്ടായിരിക്കുമോ എന്നാണ്.
ഇലകൾ പൊട്ടിച്ച് കൈയിലമർത്തി തിരുമ്മിയാൽ മാവിലയ്ക്കും, പേരയിലയ്ക്കും പ്രത്യേക മണമാണ്.
ഉണക്കച്ചെമ്മീനും, ചെമ്മിപ്പരിപ്പും , ഉണക്കിയ മീനും ബന്ധുക്കൾക്ക് കൊടുത്തു വിടുമ്പോൾ പേരയിലയും, മാവിലയുമൊക്കെ ഒന്നും കശക്കി. രണ്ടാമതു പൊതിയുന്ന പേപ്പറിനകത്ത് വിതറുന്നതു കാണാം.
ബസിൽ കയറി പോകുമ്പോൾ മത്സ്യ ഗന്ധമേറ്റ് സഹയാത്രികരെ ബുദ്ധിമുട്ടിക്കാതിരിക്കാനാണത്രെ.
നമ്പ്യാർവട്ടച്ചെടിയിലെ വെള്ളപ്പൂക്കൾ വൈകുന്നേരം പൊട്ടിച്ചെടുത്ത് ഗ്ലാസിലെ ശുദ്ധജലത്തിലിട്ടു വെച്ച് രാവിലെ കണ്ണുകഴുകിയാൽ നേത്ര രോഗങ്ങൾ വരില്ലെന്നു പറഞ്ഞ് ഇടയ്ക്കിടെ തരും.
ഗന്ധമില്ലാത്ത പൂക്കളെങ്കിലും ഗുണമുള്ള തണുപ്പേകി നയനങ്ങളെ അവ തഴുകി തിളക്കമേകും.
പച്ചസേമ്പറ എന്നു വിളിച്ചിരുന്ന പുതിനയിലയും, പനിക്കൂർക്കയും , തുളസിയുമൊക്കെ ഇന്നും സാധാരണമെങ്കിലും, അന്നവയേകിയ ഔഷധ ഗന്ധം നാസാരന്ധ്രങ്ങൾക്കപ്പുറം സർവ്വ സൗഖ്യ ദായിനിയായിരുന്നു.
ഇലയും പൂവും കായും മരത്തൊലിപോലും ഗുണമേകും ഗന്ധത്താൽ അന്തരീക്ഷം ശുദ്ധമാക്കിയിരുന്നു.
പ്രകൃതിയെ നമ്മളിൽ നമ്മളറിയാതെ അലിയിച്ച് സൗഖ്യമേകിയ കാലമേ സ്മൃതിയിലെങ്കിലും മറയാതിരിക്കണേ.




റോമിയുടെ സുഗന്ധ പൂരിതമായ ഓർമ്മകൾക്ക് അവസാനമില്ലെന്നു കരുതുന്നു.
ഓർമ്മകളുടെ കെട്ടുവള്ളങ്ങൾ ഒഴുകി നടക്കുന്ന മനോഹരമായ കായൽ പോലെ ഒരു ഘട്ടം,
ഇനിയും ജീവിതത്തോണിയിലേറി സഞ്ചരിച്ച നാളുകളുടെ ചാരുതയാർന്ന ചിത്രങ്ങൾ കോറിയിടാൻ തൂലികയ്ക്ക് കഴിയട്ടെ.
ഭാവുകങ്ങൾ❤️❤️❤️
Thank you Sajeev .
ഓരോന്നും വായിച്ച് പ്രോത്സാഹനവും, പങ്കിടലുകളും, കൂട്ടിച്ചേർക്കലുകളും ഇവിടെ തന്നെ എല്ലാ ആഴ്ചയും കൃത്യമായി ചെയ്ത് എഴുതാൻ പ്രചോദനമേകിയതിന് ഒത്തിരി നന്ദി .
ഇനിയുമുള്ള പ്രയാണത്തിൽ പിന്തുണ പ്രതീക്ഷിക്കുന്നു.
ടീച്ചറുടെ ഓർമ്മമുത്തുകൾ പലതും വായിക്കുമ്പോഴാണ്, ഒരിയ്ക്കലെപ്പോഴോ ഞാനും ഈ വഴി നടന്നതാണെന്നോർക്കുന്നത്. അത്രയേറെ ഹൃദ്യമായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണീറനാക്കിയും കലയുടെ നാട്യങ്ങളുടെ കൂത്തരങ്ങുകളിലൂടെ നടത്തിയും കുമ്പളങ്ങിക്കായലിലെ ഓളങ്ങളുടെ തണുപ്പ് പകർന്നും ഞൊട്ടാഞൊടിയന്റെ തണ്ടിലെ സവിശേഷ ഫലം തേടി നടത്തിയതും കോഴിക്കുഞ്ഞുങ്ങൾക്ക് പേരിട്ടുവിളിച്ചതും ആട്ടിൻകുട്ടിയ്ക്ക് പ്ലാവിലപെറുക്കിയതും എറണാകുളത്തെ ബ്ലോക്ക് എന്നപുതിയവാക്ക് താമസിച്ചു എന്നതിന് കാരണമാക്കിയ ഗമയും വല്യപ്പച്ചന്റെ പോക്കറ്റിൽ നിന്നല്ലാത്ത നാണയത്തുട്ടുകൾ എനിയ്ക്ക് വേണ്ടെന്ന കുറുമ്പും…. അങ്ങനെയങ്ങനെ ഓരോ വായനക്കാരനും കൂടെ നടക്കുകയാണ് ഇനി എങ്ങനെ❓എങ്ങോട്ട്….. കാത്തിരിപ്പാണ് എന്നിലെയോർമ്മകൾ ഈ വായനയിലൂടെ ഉയരാൻ….
പ്രിയ പ്രമോദ്,
ഓരോ എഴുത്തിനും എന്നും അഭിപ്രായമിടുന്നതിൽ മുടക്കം വരുത്തിയിട്ടില്ല എന്നത് വളരെ സന്തോഷകരമായ പ്രചോദനമാണ്.
ഇന്ന് നൽകിയ കമൻ്റു മതി ഒരാളുടെയെങ്കിലും മനസ്സിൽ എൻ്റെ ചില കഥാപാത്രങ്ങളെങ്കിലും കയറി പറ്റി എന്നറിയുന്നത് എത്ര ആഹ്ലാദമേകുന്നു
ഒത്തിരി നന്ദി ചുരുങ്ങിയ വാക്കുകളിൽ എല്ലാം പറഞ്ഞ് ഒപ്പം നടന്നതിന്
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
നറുനെയ്യ് മണമുള്ള നല്ലോർമ്മകൾ – ആ പേരിൽതന്നെ ഉള്ളടക്കം മുഴുവനുണ്ട് .മുല്ലയും പാരിജാതവും മാമ്പൂവും കാപ്പിപ്പൂവും കൈതപ്പൂവും ചക്കയും മാങ്ങയും സപ്പോട്ടയും കാരയ്ക്കയും പാൽ കടഞ്ഞെടുത്ത പുത്തൽനെയ്യുടെ ഗന്ധവും ഓർമ്മകളിൽ നിറഞ്ഞു.. ചുരുണ്ട മുടിയിൽ റിബൺകെട്ടി നിൽക്കുന്ന കുഞ്ഞുനോമിയും ആട്ടിൻകുട്ടിയും പശുക്കുട്ടിയും അവ നിന്നിരുന്ന ഇടവും ഓർത്തു.. വിട്ടു പോരാൻ മനസ്സ്മടിച്ചു. ഒർത്ഥത്തിൽ ഈ ഓർമ്മക്കുറിപ്പുകളെല്ലാം ഒരു കാലഘട്ടത്തിൻ്റെ നല്ലോർമ്മകളാണ്. കാലത്തെ അപ്പാടെ പകർത്തുകയായിരുന്നു റോമിബെന്നി. അസാമാന്യ പ്രതിഭയുള്ള എഴുത്തിൻ്റെ മികവിനെ എത്രപ്രശംസിച്ചാലും മതിയാവില്ല. അഭിനന്ദനങ്ങൾ .റോമി ബെന്നിയുടെ ഓർമ്മകൾ ഇനിയും നിലയ്ക്കാതെ പെയ്തിറങ്ങട്ടെ… ആശംസകൾ.,,
റോമിയുടെ ഈ ഓർമ്മകുറിപ്പിലൂടെ ഓർമ്മ കളുടെ സുഗന്ധം എന്നെയും തേടിയെത്തി. റിബൺ റ പോലെ കെട്ടിയ റോമിയുടെ പഴയ മുഖം മനസ്സിലൂടെ മിന്നിമറഞ്ഞു . എൻ്റെ വീട്ടിലെ വേലിയോടു ചേർന്നു നിന്നിരുന്ന പാരിജാതത്തിൻ്റെയും മുല്ലയുടേയും ഗന്ധവും ഒരിക്കൽകൂടി ആസ്വദിച്ചു. സ്കൂളിലേക്കുള്ള പോക്കുവരവിനിടയിൽ പെറുക്കി കഴിക്കുന്ന കാരക്കയുടേയും ഞാവലിൻ്റെയും വാളംപുളി യുടെയും ഒക്കെ രുചി വീണ്ടും നാവിലേക്ക് ഊറിയെത്തി. ഞങ്ങളുടെ വീട്ടിലെ പശുവളർത്തലും പാലും തൈരും മോരും വെണ്ണയും നറുനെയ്യും എൻ്റെ ഓർമ്മയിലേക്കും സുഗന്ധം പരത്തി. റോമിയുടെ എല്ലാ ഓർമ്മക്കുറിപ്പുകളിലെ ഓരോ വർണ്ണനയും തന്ന മധുര സ്മരണകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാറ്റിനും ഒരായിരം നന്ദി. അടുത്ത കാലഘട്ടത്തിൻ്റെ സ്മരണകൾക്കായി കാത്തിരിക്കുന്നു.
Thank you deari
ഒന്നാം ക്ലാസു മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചുണ്ടായിരുന്ന കൂട്ടുകാരി. പക്ഷേ കൂടുതൽ ആത്മബന്ധമായത് പ്രീഡിഗ്രി കാലഘട്ടങ്ങളിലാണ്.
സയൻസ് ബാച്ചിൻ്റെ വെവ്വേറെ ക്ലാസു
( first group , Second group) മുറികളിലായിരുന്നെങ്കിലും കിട്ടുന്ന സമയം ഒന്നിച്ചു കാണുകയും വീട്ടിലേയ്ക്കുള്ള പോക്കും വരവും ഒരുമിച്ച് ആഘോഷിക്കുകയും ചെയ്ത പ്രിയ സുഹൃത്തിന് നന്ദി.
അടുത്ത ഘട്ടമൊരു എഴുത്തുണ്ടെങ്കിൽ കഥാപാത്രമായി മാറുന്ന ജസീന്തയ്ക്ക് ഒരിക്കൽ കൂടി നന്ദി കൂടെ നിന്നതിന് പ്രോത്സാഹനം തന്നതിന്.
Voice ഇട്ട് Personal ആയി ഒന്നും പറഞ്ഞില്ലെങ്കിലും അഭിപ്രായം എന്നും ഇവിടെ എഴുതിയിടുന്നത് ഞാൻവായിക്കുമായിരുന്നു.
ഒരേ നാട്ടിൽ ജീവിച്ചതു കൊണ്ട് സാഹചര്യങ്ങളെല്ലാം നേരിട്ടു കണ്ടിട്ടുണ്ട്.
എൻ്റെ ബാല്യകാലക്കുറിപ്പുകളിൽ അതിശോക്തിയോ , കള്ളങ്ങളോ ഇല്ലെന്നു അറിയാവുന്ന കുറച്ചു പേരിൽ ഒരാൾ.
കാരണം എന്നോടൊപ്പം ബാല്യ കൗമാര ഘട്ടങ്ങളിൽ സഹയാത്രികയായിരുന്നു.
ഒത്തിരി നന്ദി. ഇനിയും സപ്പോർട്ടു പ്രതീക്ഷിക്കുന്നു dear
Thank you Laila teacher.
ഞാനിതുവരെ നേരിട്ടു കാണാത്ത ഒരു വ്യക്തിയാണ് ലൈല ടീച്ചർ.
എൻ്റെ എഴുത്തിനൊപ്പം എല്ലാ ആഴ്ചകളും ടീച്ചർ സഞ്ചരിക്കുകയും, പ്രോത്സാഹന ജനകമായ വരികൾ വളരെ കാവ്യാത്മകമായി എഴുതി മുടങ്ങാതെ Send ചെയ്യുകയും ചെയ്തു.
എറണാകുളത്തെയും, അവിടത്തെ ഗ്രാമങ്ങളെയും അറിയാവുന്ന ആളായതുകൊണ്ടാണോ എന്നറിയില്ല ഞാൻ എഴുതിയത് ഭൂരിഭാഗവും ടീച്ചറും അനുഭവിച്ചിട്ടുണ്ട് എന്നു കേൾക്കു മ്പോൾ ഒത്തിരി സന്തോഷം.
ഇനിയും സപ്പോർട്ടു നൽകുമെന്നു പ്രതീക്ഷിക്കുന്നു
ഓർമ്മകളുടെ സൗന്ദര്യ കുത്തൊഴുക്ക് എന്നൊക്കെ പറയില്ലേ അത് ഇതിനെയാണ് എന്ന് തോന്നുന്നു..
സംഭവങ്ങളെ കൃത്യമായ പദങ്ങൾ കൊണ്ട് അടുക്കി ചിട്ടപ്പെടുത്തി എഴുതി..
അടുത്ത ഭാഗത്തിനായി കാത്തിരിക്കാം
Thank you മാഷെ.
ബാല്യകാല സ്മരണകളുടെ ഒന്നാം ഭാഗം ഇവിടെ ഇന്ന് അവസാനിപ്പിക്കുമ്പോൾ സജി മാഷിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു.
വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിൽ നിന്ന് എൻ്റെ ഒരു കഥ മലയാളിമനസിന് അയച്ചു കൊടുക്കുകയും, , ആ മാസം തന്നെ ഈസ്റ്ററിനെ കുറിച്ച് എഴുതി വാങ്ങി അയച്ചു കൊടുക്കുകയും ചെയ്തു.
ഇന്നത്തെ കാലത്ത് ആരും ചെയ്യാത്ത പരോപകാര പ്രവൃത്തി ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത വ്യക്തിക്കായി ചെയ്തു.
എൻ്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ച് ധൈര്യമേകി.
മാഷിൻ്റെ പിന്തുണയ്ക്കു നന്ദിയും കടപ്പാടും അറിയിക്കുന്നു
ഇനിയുള്ള യാത്രയിലും ഈ സപ്പോർട്ട് ഉണ്ടാകണമെന്ന അപേക്ഷ . നന്ദി
Super 👌
സ്ഥിര വായനക്കാരിക്കും, എൻ്റെ വിദ്യാർത്ഥിനിയുമായിരുന്ന പ്രിയ ശില്പയ്ക്കും നന്ദി.
ഇവിടെ അഭിപ്രായം പറയുന്നതു കൂടാതെ Personal ആയിട്ട് Voice ഇട്ട് ഓരോ തവണയും എഴുത്തിനെ കുറിച്ചു വിശദമായി പറയുകയും അക്കാലത്തെ ചില ഓർമകൾ പങ്കു വെയ്ക്കുകയും ചെയ്യുന്ന ശില്പയുടെ പോത്സാഹനത്തിനും ഒത്തിരി നന്ദി
നറുനെയ്മണവും കാരയ്ക്കാപ്പഴവും നന്ത്യാർ വട്ടപ്പൂക്കളെപ്പോലെ തെളിമയാർന്ന് ചിരിച്ച് ഒപ്പം കൂടി.
റോമിക്കുണ്ടൊരു കുഞ്ഞാട്.
ചുരുണ്ട മുടിയിൽ റ പോലെ റിബ്ബൺ കെട്ടി നടക്കുന്ന കൊച്ചു റോമി .
ഓർമ്മകളുടെ ഒരു കടൽ.
അടുത്ത തലമുറയുടെ ബാല്യകാലസ്മരണകൾ
എങ്ങനെയാകുമോ?
എഴുതിയതെല്ലാം സുന്ദരം.
പ്രിയ സൗഹൃദമേ ഓരോ തവണയും നിൻ്റെ അഭിപ്രായം ഞാൻ കാത്തിരുന്നു വായിക്കാറുണ്ട്. ഒത്തിരി നന്ദി.
മഹാരാജാസ് കോളേജിൻ്റെ വരാന്തകളിൽ നമ്മൾ ഒരുമിച്ചു നടക്കുമ്പോഴൊന്നും പങ്കുവെയ്ക്കാത്ത ബാല്യകാല സ്മരണകളെ വിസ്മയത്തോടെ വായിച്ചു തീർത്തതിനു നന്ദി.
അന്നന്തേ ഇതൊന്നും പറഞ്ഞില്ല എന്ന നിൻ്റെ ചോദ്യത്തിനു ഉത്തരമില്ല. ഇനിയും എഴുതുവാനും,
വരാനിരിക്കുന്നതും നല്ലതാകാൻ സപ്പോർട്ടു വേണം .
Thank you കലേ
Congratulations.
Truly very interesting old memories.
Thank you മോളി ചേച്ചി .
എൻ്റെ ഓർമകളിലെ പ്രധാന കഥാപാത്രം. മോളി ചേച്ചി കൂടെയില്ലാത്ത ബാല്യ കൗമാര സ്മരണകളില്ല.
രണ്ടു പേരെയും ചെറുപ്പത്തിലെ ഒരുമിച്ചു കണ്ടാലും ഒറ്റയ്ക്കു കണ്ടാലും ആളുകൾക്ക് മാറിപ്പോകുന്ന രൂപ സാദൃശ്യവും അതു പോലെ,അടുത്തബന്ധവുംപുലർത്തിയിരുന്നയാൾ . ജേഷ്ഠാനുജന്മാരുടെ മക്കളാണെന്നു പറയില്ല. സ്വന്തം അനുജത്തിയെന്നേ പറയൂ എന്നു കേൾക്കാത്ത നാളുകളില്ലായിരുന്നു.
ഓരോ വായനയ്ക്കു ശേഷവും ഒരു പാടു voice കൾ ഇട്ട് എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒത്തിരി നന്ദി. ഇനിയും പ്രാർത്ഥനയും സപ്പോർട്ടും ദൂരെയാണെങ്കിലും തരുമെന്ന് പ്രതീക്ഷിക്കുന്നു.
Thank you മോളി ചേച്ചി .
എൻ്റെ ഓർമകളിലെ പ്രധാന കഥാപാത്രം. മോളി ചേച്ചി കൂടെയില്ലാത്ത ബാല്യ കൗമാര സ്മരണകളില്ല.
രണ്ടു പേരെയും ചെറുപ്പത്തിലെ ഒരുമിച്ചു കണ്ടാലും ഒറ്റയ്ക്കു കണ്ടാലും ആളുകൾക്ക് മാറിപ്പോകുന്ന രൂപ സാദൃശ്യവും അതു പോലെ,അടുത്തബന്ധവുംപുലർത്തിയിരുന്നയാൾ .
ജേഷ്ഠാനുജന്മാരുടെ മക്കളാണെന്നു പറയില്ല. സ്വന്തം അനുജത്തിയെന്നേ പറയൂ എന്ന് ആളുകൾ അന്നാളിൽ എന്നെ കണ്ടാൽ പറയുമായിരുന്നു..
ഓരോ വായനയ്ക്കു ശേഷവും ഒരു പാടു voice കൾ ഇട്ട് എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒത്തിരി നന്ദി. ഇനിയും പ്രാർത്ഥനയും സപ്പോർട്ടും ദൂരെയാണെങ്കിലും തരുമെന്ന് പ്രതീക്ഷിക്കുന്നു.
Romy
കൂടുതൽ നന്നാവുന്നുണ്ട് …. പിന്നെ ഒരു കാര്യം,,, എഴുതുന്നത് വീണ്ടും വീണ്ടും സ്വയം വായിക്കുന്നത് 5 പ്രാവശ്യം ആണെന്ന് വിചാരിക്കുക അത് രണ്ടു പ്രാവശ്യം കൂടി വായിക്കണം,,,.. Ok
ടിനോപാൽ, ഉമി ഇതൊക്കെ ഇന്ന് ആർക്കെങ്കിലും അറിയാമോ, പഴയ കാലത്തിന്റെ ശേഷിപ്പുകൾ ഇന്നുള്ളത് ഇന്ന് അമ്പതുകളിലും അതിനു മുകളിലും ഉള്ളവരിൽ മാത്രം ആണ്, ആമ്പൽ പൂവ് അതിന്റെ വിത്ത് ഇന്ന് നഴ്സറികളിൽ കാണാം, സ്കൂൾ ഗേറ്റിൽ മിട്ടായി, ഐസ് ഫ്രൂട്ട് ഇവയൊന്നും ഇന്നില്ലല്ലോ പകരം ചില്ലിട്ട പെട്ടികളിൽ ബർഗറും പിസ്സയുംആയിരിക്കുന്നു. മണ്വഴികൾ കോൺക്രീറ്റ് വഴികൾക്ക് വഴിമാറിയിരിക്കുന്നു നടന്നുള്ള സ്കൂൾ യാത്രകൾ ഓട്ടോറിക്ഷയിലും ബസിലുമായി നടന്നുപോകുമ്പോഴുണ്ടായിരുന്ന സൗഹൃദവും വീട്ടു നാട്ടു വിശേഷം കൈമാറലും ഇല്ലാതായി അങ്ങനെ നഷ്ടങ്ങൾ ഒരുപാട് ഉണ്ടെങ്കിലും പുതിയ കാലത്തിന്റെ ആഡംബരവും സൗകര്യങ്ങളും ആസ്വദിച്ചു മുന്നോട്ടു മുന്നോട്ടു. ആശംസകൾ.