പ്രിയപ്പെട്ട കുഞ്ഞിക്കൂട്ടുകാരേ
നിങ്ങൾക്ക് സുഖമെന്ന് കരുതുന്നു. ഫെബ്രുവരി തീരുകയാണ്. മാർച്ചിൻ്റെ പരീക്ഷാച്ചൂട് ഓർമ്മയിലില്ലേ? എല്ലാവരും നന്നായി പഠിച്ച് പരീക്ഷ എഴുതണം.
പാഠങ്ങളുടെ റിവിഷനാവും ഇപ്പോൾ.’വളരെ ശ്രദ്ധയാേടെ അതൊക്കെ പുനർവിചിന്തനം ചെയ്താൽ പരീക്ഷയെ പേടിക്കേണ്ടതില്ല
ഇപ്രാവശ്യവും രണ്ടു മലയാള ശൈലികളാണ് നിങ്ങൾക്കു വേണ്ടി ഞാൻ തയ്യാറാക്കിയിരിക്കുന്നത്
1)ദന്തഗോപുരം
ഇതൊരു നവീന ശൈലിയാണ്.സാങ്കല്പിക ലോകം, കാല്പനിക സ്വർഗ്ഗം എന്നൊക്കെയാണ് ഇതിൻ്റെ സാരം.
ഫ്രഞ്ച് നിരൂപകനായ സാങ്ബോ സൃഷ്ടിച്ച പ്രയോഗമാണിത് (Ivory Tower). ജീവിത യാഥാർത്ഥ്യങ്ങളിൽനിന്ന് ഒളിച്ചോടി സങ്കല്പ സൃഷ്ടമായ സ്വർഗത്തിൽ അഭയം തേടുന്ന അവസ്ഥ.
ദന്തം = ആനക്കൊമ്പ്.
ബാഹ്യലോകവുമായി അകന്നുനിന്നു താൻ ഉന്നതമായ ഗോപുരങ്ങളിൽ നിലനില്ക്കുന്നു എന്ന ബോധവുമായി തന്റെ കല്പനാലോകത്തു മാത്രം വിഹരിക്കുന്ന ചില സാഹിത്യകാരന്മാരെ കുറിക്കാനാണ് സാങ്ബോ ഇങ്ങനെയൊരു പ്രയോഗം നടത്തിയത്.
ഉദാ: റൊമാൻ്റിക് കവികൾ ഓരോ ദന്തഗോപുരങ്ങളിലിരുന്നു ഭാവനചെയ്യുന്ന ലോകമല്ല യഥാർഥ ലോകമെന്നു തിരിച്ചറിയേണ്ടതുണ്ട്.
2)മൂഢസ്വർഗ്ഗം
ഇതും നവീനശൈലികളിൽപ്പെടുന്ന പ്രയോഗമാണ്.
അയഥാർഥമായ സുഖം. ഇല്ലാത്ത സുഖസൗകര്യങ്ങൾ എന്നാെക്കെയാണ് ഈ ശൈലിയുടെ അർത്ഥം.
സ്വർഗ്ഗീയ സുഖസൗകര്യങ്ങൾ മനോ രാജ്യത്തിൽ ആസ്വദിക്കുന്ന സ്വഭാവം മൂഢനേയുണ്ടാവൂ എന്നതിൽനിന്നു വന്ന ശൈലിയാണിത്. ദിവാസ്വപ്നത്തിലെ ലോകമെന്നും പറയാം. ജ്ഞാനസ്നാനം ചെയ്യാതെ ആത്മാക്കൾ മരിച്ചാൽ മൂഢസ്വർഗത്തിൽ ചെന്നുചേരുമെന്ന ഒരു ക്രിസ്തീയ വിശ്വാസമുണ്ട്. (Fool’s Paradise).
ഉദാ: അവനൊരു മൂഢസ്വർഗ്ഗത്തിലി രുന്നതുകൊണ്ടാണ് ഇങ്ങനെയെല്ലാം പറയുന്നത്.
ഇനി മാഷെഴുതിയ ഒരു കുട്ടിക്കവിതയാവാം
















ദോശ
########
ശാ…. ശീ കേട്ടതു രണ്ടൊച്ചകൾ
ശോ ….ശാേ … കണ്ടതു നൂറോട്ടകൾ !
ആളുടെ രൂപമോ പൂങ്കിണ്ണം,
ആയിരം കണ്ണുള്ള പൂങ്കിണ്ണം.
അമ്മ പൂങ്കിണ്ണങ്ങളോരോന്നായ്
ചെമ്മേയടുക്കി വച്ചീടുന്നു.
നല്ല മണമെങ്ങും പൊന്തുന്നു
വെള്ളവും നാക്കത്തു പൊട്ടുന്നു.
തേങ്ങ,മുളകുമരച്ചോണ്ട്
നങ്ങേലി ചമ്മന്തി യുണ്ടാക്കും.
എണ്ണയിൽ കടുകു വറുത്തിട്ട്
നങ്ങേലി ചമ്മന്തി നന്നാക്കും.
അമ്മേടെ പിന്നില് കൊതിയാേടെ
അപ്പുവും കുഞ്ഞോളും നിൽപ്പായി.
ചുണ്ടും മുഖവും നക്കീട്ട്
കണ്ടനും താഴത്തിരിപ്പുണ്ട്.
ഇക്കാെതിതീരാനിനിയെത്ര
ശാ….ശീ… ഒച്ചകൾ കേൾക്കേണം!
വായില് കപ്പലോടാനെത്തും
വെള്ളവുമെത്ര വിഴുങ്ങേണം!
കൊതി കൊണ്ടു നില്ക്കുന്ന അപ്പുവിനെയും കുഞ്ഞാേളേയും വിളിച്ച് നമുക്ക് ഓരാേ ദോശയും കൂടെയങ്ങു കൊടുത്താലോ ? അല്ലെങ്കിൽ വേണ്ട നമുക്കൊരു കഥകേൾക്കാം.
മലപ്പുറം വളാഞ്ചേരിയടുത്ത് വലിയകുന്നുകാരിയായ കുറുപ്പന്മാരിൽ വീട്ടിൽ രജനി പി.പി എന്ന കഥാകാരിയാണ് പുതിയൊരു കഥയുമായി എത്തുന്നത്.
കിന്നരിപ്പുഴയുടെ കൂട്ടുകാർ
കിന്നരിപ്പുഴയുടെ തീരത്തുള്ള മരത്തിന്റെ പൊത്തിലാണ് നീലുപ്പൊന്മാൻ താമസിച്ചിരുന്നത് നീലുവിന് ഒരിക്കൽ ഒരു മോഹമുണ്ടായി. മിനുത്ത നീലത്തൂവലുള്ള തന്റെ കഴുത്തിൽ ഇടാൻ നല്ലൊരു കുന്നിക്കുരുമണിമാല വേണം ആരോട് പറയും? അവൾ തന്റെ ആഗ്രഹം ഏറ്റവും അടുത്ത കൂട്ടുകാരിയായ പങ്കുത്തത്തയോട് പറഞ്ഞു. നിന്റെ കഴുത്തിലെതു പോലെ ചുവന്ന പട്ടുനിറം ഒന്നും എനിക്ക് കിട്ടിയിട്ടില്ല എന്നാൽ ഇങ്ങനെയെങ്കിലും എന്റെ ആഗ്രഹം നടക്കണം.
തന്നെക്കൊണ്ട് ആവുംവിധം ശ്രമിക്കാം. എന്നവൾ ഏറ്റു. എന്നാൽ കുന്നിക്കുരു പോയിട്ട് ഒരു കല്ലുമാല പോലുമുണ്ടാക്കാൻ അവൾക്കു കഴിഞ്ഞില്ല. ആകെ വിഷമത്തിലായ പങ്കു കൂട്ടുകാരിയെ കാണാൻ പോകാതായി. നീലു അവളെ എന്നും കാത്തിരിക്കും.
ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം പങ്കു ഒരു കാഴ്ച കണ്ടു. തന്റെ കൂടിനുതാഴെ നല്ല ഭംഗിയുള്ള കുന്നിക്കുരുമണിമാല കിടക്കുന്നു. അവളത് കൊക്കിലൊതുക്കി സന്തോഷത്തോടെ നീലുവിനടുത്തേക്ക് ചെന്നു. നീലുവിന്റെ കഴുത്തിൽ ആ മനോഹരമാല അഴകോടെ കിടന്നു.
അവൾക്കു സന്തോഷമായി. എന്നാലും അത്രയും ഭംഗിയിൽ ആ മാല കോർത്തതാരാവും? രണ്ടുപേരും ചിന്തിച്ചു. അപ്പോഴാണ് ആ വഴി ചിന്നുക്കാക്ക വന്നത്.. രണ്ടുപേരും അവളെ ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയിരുന്നു. വൃത്തികേടുകൾ കൊത്തിത്തിന്നുന്ന അവളെ അവർക്ക് വെറുപ്പായിരുന്നു. എന്നാൽ കാട്ടുസഭയിലെ എല്ലാവർക്കും അവളെയും കുടുംബത്തെയും വലിയ കാര്യവുമായിരുന്നു. കാരണം കാടുവൃത്തിയാക്കാൻ അവർ നന്നായി സഹായിക്കുന്നുണ്ടത്രേ.ആയതിനാൽ രണ്ടുപേരും അവളോട് ചിലപ്പോഴൊക്കെ പരിചയം കാണിക്കും.
ചിന്നുക്കാക്ക ഒത്തിരി സന്തോഷത്തോടെ അവർക്ക് അരികിലേക്ക് വന്നു . എന്നാൽ വലിയ ഇഷ്ടമൊന്നും കാണിക്കാതെ അവർ അവളെ നോക്കിയിരുന്നു.
“നീലുവിന്റെ മാലയ്ക്ക് നല്ല ഭംഗിയുണ്ടല്ലോ “ എന്ന ചിന്നുവിന്റെ പ്രശംസകേട്ട് നീലു ചെറുതായി ഒന്ന് ചിരിക്കുകമാത്രം ചെയ്തു.
എന്നിട്ട് ഗമയിൽ പറഞ്ഞു.
എന്റെ കൂട്ടുകാരി തന്നതാ ..ഇങ്ങനെയുള്ള സുന്ദരി കൂട്ടുകാർ നിനക്കില്ലല്ലോ അതാ നിനക്ക് ഒരു സമ്മാനവും കിട്ടാത്തത്.. കറുത്ത നിന്റെ ദേഹത്തോട് അതൊട്ടും ചേരില്ലല്ലോ.
രണ്ടുപേരും കുലുങ്ങിച്ചിരിച്ചു.പാവം ചിന്നുക്കാക്ക ഒന്നും മിണ്ടാതെ പറന്നുപോയി.. നീലുവും പങ്കുവും കുറെനേരം വർത്തമാനങ്ങൾ പറഞ്ഞശേഷം കാടുചുറ്റാൻ പോയി. അത്തിമരത്തിനടുത്തുള്ള കാട്ടുചോലയിൽ മുങ്ങിനിവരുമ്പോഴാണ് രണ്ടുപേരും ആ കാഴ്ച കണ്ടത്. അത്തിമരത്തിൽ പടർ ന്നു കിടക്കുന്ന കുന്നിക്കുരുമണിയൊക്കെ പെറുക്കി കൊക്കിലാക്കുകയാണ്ചിന്നു..അവർ അവൾ അറിയാതെ പിന്തുടർന്നു . പുറത്തെ ഗ്രാമത്തിലെ മുത്തിയമ്മയുടെ വീടിനടുത്തേക്കാണ് ചിന്നു പറന്നുചെന്നത് .
മുത്തശ്ശി അവളെ കാത്തിരിക്കുന്നു. ചിന്നു കൊക്കിലെ കുന്നിക്കുരു മുഴുവൻ അവരുടെ കയ്യിലേക്ക് ഇട്ടു. ചിന്നുപോകാൻ നേരം മുത്തശ്ശി അവൾക്കൊരപ്പം കൊടുത്തു. മുത്തശ്ശിയുടെ മുറ്റത്ത് നിറയെ കുന്നിക്കുരുമണി മാലകളും പല നിറത്തിലുള്ള തൂവലുകളും കല്ലുകളും കൊണ്ടുള്ള മാലകൾ തൂങ്ങിക്കിടക്കുന്നു. പങ്കുവിന് പെട്ടെന്ന് കാര്യം മനസ്സിലായി താനും നീലുവും പറഞ്ഞ കാര്യം കേട്ടിട്ടായിരിക്കണം ചിന്നു ആ മാല കൂടിനു താഴെ കൊണ്ടുവന്നിട്ടത്.
അവൾ നീലുവിനോട് ഇക്കാര്യം പറഞ്ഞു ..രണ്ടുപേരും ചിന്നുവിനോട് മാപ്പ് പറയുകയും മാല കൊണ്ടുവന്നു തന്നതിന് നന്ദി പറയുകയും ചെയ്തു. പിന്നീട് അവരെ എല്ലാവരും എവിടെയും ഒരുമിച്ചേ കാണാറുള്ളൂ…
അത്യാവശ്യ ഘട്ടങ്ങളിൽ നമ്മളെ സഹായിക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാർ .
കഥ രസകരമല്ലേ നീലുവും പിങ്കുവും ചിന്നുവും നല്ല കൂട്ടുകാരായി മാറി.
കഥയ്ക്കു ശേഷം കുട്ടിക്കവിതകളാവാം. തൃശൂർകാരി കവയിത്രിയാണ് കുഞ്ഞിക്കവിത പാടി വരുന്നത്. ശോഭ ജയശങ്കർ. കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാലിൽ ലക്ഷ്മീസദനത്തിലാണ് ഈ കവയിത്രി താമസിക്കുന്നത്. ശോഭയുടെ കവിത പാടി നോക്കാം
” വികൃതിയിലാെരു തകൃതി “
അമ്പലമുറ്റത്തെ
ആൽത്തറ ഓരത്ത്
ആന കുളിക്കാൻ നിന്നു
ആട്ടി ഓടിക്കാൻ വികൃതികൾ.
അവരിലാെരുവൻ
വാലിനാെരാട്ട്
പാപ്പാനുമില്ല പഴുതുമില്ല
തൂമ്പിയിലോരുകുടം വെള്ളം
ചിറ്റിയെറിഞ്ഞതോ
തുമ്പപ്പൂവുപോലെ
വാലുചുരട്ടിയോരോട്ടം
വികൃതികൾ ചടപട യോട്ടം..
ഓട്ടത്തോട് ഓട്ടം
കൂട്ടയോട്ടം.
ശോഭാ ജയശങ്കറിൻ്റെ കുഞ്ഞു കവിത ഇഷ്ടപ്പെട്ടില്ലേ? കുസൃതിത്തരങ്ങൾ കിട്ടുന്ന വികൃതികളക്കാരിച്ചുള്ള ഈ കവിത രസകരമാണ്.
ഇനി നല്ല ഒരു കുഞ്ഞു കഥയുമായി നിങ്ങളെക്കാണാൻ ഒരു സാഹിത്യകാരി എത്തിയിട്ടുണ്ട്. കഥകളും കവിതകളും നാടൻ പാട്ടുകളും ഒക്കെ എഴുതുന്ന ചിത്രകാരിയും കൂടെയായ സുജ കൊക്കാട്.
കൊട്ടാരക്കര താലൂക്കിൽ കോക്കാടു കാരിയായ സുജ, പി.വിജയ(late)ന്റെയും എൽ.ഇന്ദിരയുടെയും മകളാണ്. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ടൈപ്പ് റൈറ്റിംഗ് ഹയറും, കമ്പ്യൂട്ടർ പി ജി ഡി സി എ.യും പാസ്സായിട്ടുണ്ട്.
മലയാളി മാഗസിനിൽ സ്ഥിരമായി എഴുതാറുണ്ട്.
മഴച്ചില്ലകൾ തളിർക്കു മ്പോൾ (എ സ്ക്വയർ മീഡിയ പബ്ലിക്കേഷൻസ് )
താരത്തിളക്കം, രാത്രിമഴ പെയ്തുകൊണ്ടിരിക്കുന്നു (യുവ പബ്ലിക്കേഷൻസ് )
പലമഴപ്പെയ്ത്ത് (സരോവരം പബ്ലിക്കേഷൻസ്) എന്നീ പുസ്തകങ്ങളിലും
ന്യൂസ് ട്രാക് ദിനപ്പത്രം, ഗാന്ധി ദർശൻ മാസിക തുടങ്ങിയവയിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള കാവ്യസാഹിതി, (എറണാകുളം) കേരളസാഹിത്യസംഘം(കൊട്ടാരക്കര)
സുഗതകുമാരി സാഹിത്യവേദി, (കോഴിക്കോട് ) എന്നിവിടങ്ങളിൽനിന്ന് കവിതാ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സുജ വി കൊക്കാട് എഴുതിയ കഥയാണ് താഴെ കൊടക്കുന്നത്.
ആനക്കാരൻ
ആനമലയിലെ കുട്ടപ്പന് വലിയ തിരക്കാണ്. രാവിലെ ഉറങ്ങിയെഴുന്നേറ്റാൽ നേരെ ആനകളെ പരിചരിക്കലാണ് ജോലി.
പരിസരം തൂത്തു വൃത്തിയാക്കണം. ഉരുളൻ കല്ല് അവിടെയെങ്ങും കിടക്കാൻ അവൻ അനുവദിക്കില്ല. എപ്പോഴും വീടിനു ചുറ്റും കറങ്ങി നടക്കും. ഒരശ്രദ്ധ പറ്റിയാൽ മതിയല്ലോ തന്റെ ആനകൾ ഉരുളൻ കല്ലുപോലെ ഉരുണ്ടുവീഴാൻ.
അങ്ങനെ തീവ്രപരിചരണവുമായി കഴിയുന്ന അവന്റെ ആനകളെ കാണാൻ ഒരു ദിവസം സുഹൃത്തുക്കളെത്തി. ആനയ്ക്ക് കൊടുക്കാൻ ധാരാളം കരിമ്പും ശർക്കരയുമായിട്ടാണ് വരവ്. എല്ലാവരും സമ്മാനങ്ങളൊക്കെ നിരത്തി വച്ചു. കുട്ടപ്പൻ കുടവയർ കുലുക്കി ചിരിച്ചുകൊണ്ട് എല്ലാവർക്കും നന്ദി പറഞ്ഞു.
“അപ്പോൾ ഇനി ആനകളെ കാണാം”.
കൂട്ടുകാരെ തന്റെ പിന്നാലെ വരാൻ ആംഗ്യം കാണിച്ചുകൊണ്ട് കുട്ടപ്പൻ തിടുക്കത്തിൽ നടന്നു. ഇതിനിടയിൽ കരിമ്പും ശർക്കരയും എടുക്കാൻ തുനിഞ്ഞ കൂട്ടുകാരെ അവൻ സ്നേഹപൂർവ്വം വിലക്കി. ഇതുകേട്ട മറ്റൊരു സുഹൃത്ത്,
” പിന്നെ ഇതൊക്കെ ആനയ്ക്ക് കൊടുക്കാനല്ലേ ഞങ്ങൾ കൊണ്ടുവന്നത്?”
ഇതുകേട്ട കുട്ടപ്പൻ ഒന്നു കൂടി കുലുങ്ങിക്കുലുങ്ങി ചിരിച്ചു.
“അതിന് എന്റെ ആനകൾ ശർക്കരയും കരിമ്പും തിന്നുന്നവയല്ലല്ലോ. കുഴിയാനയല്ലേ, കുഴിയാന.”
ആനയെക്കാണാൻ വന്ന കൂട്ടുകാർ ആനമലക്കുട്ടപ്പനെ നോക്കി
കണ്ണുതള്ളി നിന്നുപോയി.
കഥ കേട്ടപ്പോൾ ആനമലക്കുട്ടപ്പന്റെ കൂട്ടുകാരെപ്പോലെ നിങ്ങളും കണ്ണുതള്ളിനില്ക്കേണ്ട.
അതിനിടയിൽ ഒരു ചെറിയ കവിതയുമായി നിങ്ങളെ സന്തോഷിപ്പിക്കാൻ
ഇതാ നല്ലൊരു കവിതയും പാടി വരുന്നുണ്ട് പാലക്കാടുക്കാരിയായ കവയിത്രി. – ഷീന. വി കെ.
വെണ്ണത്ര കുട്ടിശ്ശങ്കരന്റെയും എക്സറേ അസിസ്റ്റൻ്റ് ആയി വിരമിച്ച
സി.ലക്ഷ്മിയുടെയും മകളാണ് ഷീന. 2008-ൽ തൃശൂർ ആകാശവാണി വനിതാവേദിയിൽ കവിതകൾ അവതരിപ്പിച്ചു കൊണ്ടാണ് തുടക്കം.. 2022 വരെ 11 വർഷക്കാലം അടയ്ക്കാപുത്തുർ എ.യു.പി.സ്കൂളിൽ
പ്രീ – പ്രൈമറി അധ്യാപികയായി സേവനമനുഷ്ഠിച്ചു.
2017-ൽ സ്വർണ്ണത്തൂവൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഒരുനുറു കവികൾ ഒരായിരം ബാലകവിതകൾ എന്ന ഗ്രന്ഥത്തിലും ബാലകഥാമൃതത്തിലും രചനകളുണ്ട്.
2013 – മുതൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസിനു കീഴിൽ ദേശീയ സമ്പാദ്യ പദ്ധതി ഏജൻറായി പ്രവർത്തിച്ചുവരുന്നു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് ഡവലപ്മെൻ്റ ഓഫീസിലെ ഹെഡ് ക്ലാർക്കായ ഭർത്താവ് ശ്രീകുമാർ.കെ, മക്കളായ അർജുൻ, ആർദ്ര എന്നിവരൊന്നിച്ച് പാലക്കാട് ചെർപ്പുളശ്ശേരി കുളക്കാട് താമസിക്കുന്നു.
ശ്രീമതി.ഷീന വി.കെ എഴുതിയ കവിതയാണ് താഴെ.
അണ്ണാറക്കണ്ണനും അമ്പിളിമാമനും
അണ്ണാറക്കണ്ണാ നീയറിഞ്ഞോ
മേലേ മാനത്തെ തേങ്ങാപ്പൂള്
താഴെവെള്ളത്തിൽവീണുപോയേ,
താഴേ വെള്ളത്തിൽവീണുപോയേ…!
ഇന്നലെ രാത്രിയിൽകണ്ടതല്ലേ …….
കൂട്ടിലിരുന്നു ഞാൻകണ്ടതല്ലേ
ആരാണ്ടു വന്നിപ്പോൾ കട്ടെടുത്തു
കൊണ്ടുപോയ് വെള്ളത്തിലിട്ടതയ്യോ!
മീൻകൊത്തി വന്നൊന്നു മുങ്ങിനോക്കി
വെള്ളത്തിലങ്ങോളം തപ്പി നോക്കി
എന്നിട്ടും കണ്ടില്ല തേങ്ങാപ്പൂള്
അയ്യയ്യോ എങ്ങുപോയ് തേങ്ങാപ്പൂള്!
അന്നേരം അണ്ണാറക്കണ്ണനയ്യോ
പൊത്തോന്നുതാഴെമലർന്നുവീണു.
മേലോട്ടുനോക്കുമ്പോൾ കണ്ടതയ്യാ…
നോക്കിച്ചിരിക്കുന്നു തേങ്ങാപ്പൂള്!
നോക്കിച്ചിരിക്കുന്നു തേങ്ങാപ്പൂള്!
അമ്പിളിത്തേങ്ങാപ്പൂളിന്റെ കവിത രസകരമല്ലേ? അണ്ണാറക്കണ്ണൻ തലകുത്തി വീണതു നന്നായി. അമ്പിളിയെ കണ്ടു കിട്ടിയല്ലോ.
പ്രിയ കൂട്ടുകാരേ
കവിതകളും കഥകളും ഇഷ്ടമായോ? ഓരോ വിഭവവും വ്യത്യസ്തവും പുതുമയുള്ളതുമല്ലേ? ഇനിയും നമുക്ക് പുതിയ കഥകളും . കവിതകളും വായിക്കാം. പുതിയ എഴുത്തുകാരെ പരിചയപ്പെടുകയുമാവാം തുടർലക്കങ്ങളിൽ.
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
പതിവുപോലെ കുട്ടികൾക്ക് വായിക്കാൻ പറ്റിയ ഒട്ടേറെ വിഭവങ്ങൾ ഉണ്ട്.
രജനിയുടെ കഥാനോഹരം
നല്ല അവതരണം