Logo Below Image
Saturday, March 22, 2025
Logo Below Image
Homeഅമേരിക്കനാട്ടിലാണോ, അതോ.. നമ്മൾ കാട്ടിലാണോ ? (ലേഖനം) ✍രവി കൊമ്മേരി.

നാട്ടിലാണോ, അതോ.. നമ്മൾ കാട്ടിലാണോ ? (ലേഖനം) ✍രവി കൊമ്മേരി.

രവി കൊമ്മേരി, യു എ ഇ

ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇന്ന് ചെകുത്താന്മാരുടെ സ്വന്തം നാട് എന്ന് വിളിക്കേണ്ടിയിരിക്കുന്നു. അരാജകത്വവും, അധർമ്മവും, അക്രമവും, അനീതിയും, കൊള്ളയും കൊലയും പീഢനങ്ങളും ചെകുത്താൻ്റെ സ്വന്തം നാട്ടിൽ എങ്ങും എവിടേയും സുലഭം. വഴിനടക്കാനാകാതെ, സ്വസ്ഥമായി ബിസിനസ്സ് നടത്താനാകാതെ, സ്വതന്ത്രമായി സംസാരിക്കാനാകാതെ, ഭയന്ന് ജീവിക്കേണ്ട അവസ്ഥ. ഗുണ്ടാ സംഘങ്ങളും കൊട്ടേഷൻ സംഘങ്ങളും നിയമപാലകരെ വരെ അടക്കിഭരിക്കുന്ന കാഴ്ച്ച. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനും , രാഷ്ട്രീയ പകപോക്കലുകൾക്ക് ആയുധമായും കൊട്ടേഷൻ സംഘങ്ങളെ വളർത്തുന്ന നാട്. ഓരോ ദിവസവും രാവും പകലും നാട് നടുക്കുന്ന ക്രൂരതകൾ കണ്ടും കേട്ടും കഴിയുന്ന ജനങ്ങൾ. ഇവിടെ സ്വാതന്ത്ര്യമുണ്ടോ ? സന്തോഷമുണ്ടോ?

എന്തിനാണ് നാട്ടിൽ നിയമം ? എന്തിനാണ് നാട്ടിൽ പോലീസ് ? എന്തിനാണ് നാട്ടിൽ ഭരണം ? വെള്ളയിട്ട് വിലസുന്ന രാഷ്ട്രീയ കാട്ടളന്മാർ ഒരിടത്ത്, കാക്കിയിട്ട് കവർന്നെടുക്കുന്ന കാപാലികൾ മറ്റൊരിടത്ത്, നരഭോജികളായ നരാധമന്മാർ നരനായാട്ട് നടത്തുന്ന ക്യാമ്പസുകൾ പലയിടത്തും. എല്ലാം കണ്ടും കേട്ടും പ്രതികരണശേഷിയില്ലാത്ത ഷണ്ഡന്മാരായ ജനങ്ങൾ എല്ലായിടത്തും. എങ്ങിനെ നാട് നന്നാകും. എങ്ങിനെ നാട്ടിൽ ജീവിക്കും. എങ്ങിനെ മക്കളെ സ്ക്കൂളിലും കോളേജുകളിലും അയക്കും. അവനവൻ്റെ വീട്ടിൽ വന്നാൽ മാത്രം നിലവിളിക്കുകയും, സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്ന പൊതുജനം. രാഷ്ട്രീയം മറന്ന് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചില്ലേ ? നാളെ നമുടെ ഓരോരുത്തരുടേയും മക്കൾക്കും മക്കളുടെ മക്കൾക്കും ഈ ഗതി വന്നു കൂടാ എന്നില്ല. പ്രതികരിക്കുക എല്ലാവരും പത്രികരിക്കുക. അണ്ണാൻ കുഞ്ഞും തന്നാലായത്.

മയക്കുമരുന്ന് ലോബികൾ പിടിമുറുക്കിയ കേരളം. ഗവൺമെൻ്റും മാധ്യങ്ങളും പോലീസും എക്സൈസും മീഡിയകളും എന്താണ് ചെയ്യുന്നത് ? റാൻമൂളികളായി നിന്നു കൊണ്ട് യാതൊരുവിധ ചിലവുമില്ലാതെ മയക്കുമരുന്ന് ലോബികൾക്ക് മാർക്കറ്റ് പരസ്യം ചെയ്യുകയല്ലേ? സ്ക്കൂളുകളിലും കോളേജുകളിലും പൊതുജനമധ്യത്തിലും ഇവർ നടത്തുന്ന ബോധവൽക്കരണം മയക്കുമരുന്ന് മാഫിയകളെ സഹായിക്കലല്ലേ ? വളരെ മുൻപ് തന്നെ നാട്ടിൽ മയക്കുമരുന്നുകളുടെ ഉപയോഗം ഉണ്ടായിരുന്നു. എന്നാൽ അതിൻ്റെ ഒഴുക്കിനെ തടയാൻ വളരെ നല്ല രീതിയിലുള്ള നിയമവ്യസ്ഥയും, അതിനൊത്ത പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് മയക്കുമരുന്ന് എന്താണെന്നു കൂടി അറിയില്ലായിരുന്നു. എന്നാൽ ഇന്നോ ?

മാറിമാറി വരുന്ന ഭരണകർത്താക്കളും, അധികാര വടംവലി നടത്തുന്ന രാഷ്ട്രീയ നേതാക്കളും സ്വന്തം നിലനില്പിനും, പണത്തിനും വേണ്ടി നാടിനെ നശിപ്പിക്കുന്ന അന്താരാഷ്ട്ര മാഫിയകളുമായി കൈകോർത്ത് നാടിൻ്റെ എല്ലാ അതിർത്തികളും യഥേഷ്ടം ഇവരുടെ കൈപ്പിടിയിലൊതുക്കി മയക്കുമരുന്നുകളും, ആയുധങ്ങളും നാട്ടിലേക്ക് ഒഴുക്കുന്നു. ഇത് തടയാൻ ഒരു ഭരണത്തിനും നിയമത്തിനും കഴിയുന്നില്ല. കാരണം ഇവരാണ് നാടിൻ്റെ നിയമനിർമ്മാതാക്കൾ. നിയമപാലകർ.

അര ഗ്രാമും , ഒരു ഗ്രാമും, അഞ്ചു ഗ്രാമും , കിലോയും കടത്തി നാടിൻ്റെ എല്ലാ മുക്കിലും വിതരണം ചെയ്യുന്നവരെ വല്ലപ്പോഴും ഒന്ന് പിടിക്കുന്നു. ഇങ്ങിനെയുള്ളവരെ എത്ര പിടിച്ചിട്ടും എന്തു കൊണ്ടാണ് പ്രധാന കണ്ണികളിലേക്ക് കടന്നു ചെല്ലാൻ നിയമത്തിന് കഴിയാത്തത് ? ഒരാളെയെങ്കിലും അറസ്റ്റ് ചെയ്ത് പൊതുജന മധ്യത്തിൽ വിചാരണചെയ്ത് തൂക്കുകയർ നൽകാൻ കഴിയാത്തത് ? കാരണം ഏത് കണ്ണികളെ പിടിച്ചാലും ഒടുവിൽ ചെന്നെത്തുന്നത് നിയമം നടപ്പിലാക്കുന്നവരിലോ അല്ലെങ്കിൽ നിയമം കൈയ്യാളുന്നവരിലോ ആയിരിക്കും. അതോടെ തീരും എല്ലാം.

ഇതിനു പുറമേ വന്യജീവി അക്രമങ്ങളിൽ ജനങ്ങൾ പൊറുതിമുട്ടുന്ന കാഴ്ച്ചകളാണ് അതിലും ഭയാനകം. കാട്ടിൽ വസിക്കേണ്ടവർ നാട്ടിൽ വിലസുന്ന കാഴ്ച്ചകൾ. കടുവയും കാട്ടാനയും കാട്ടുപന്നിയും കൊന്നുതള്ളുന്ന മനുഷ്യ ജീവിതങ്ങൾ കണ്ട് മനസ്സ് മരവിക്കുന്ന കാഴ്ച്ചകൾ . എന്തുകൊണ്ടാണിത് ? കാട് നാടാക്കാൻ മത്സരിക്കുന്നവർ മറുപടി പറയണം. ഇതിലെല്ലാമുപരി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ തലയെടുപ്പുള്ള കൊമ്പന്മാരെ നിരത്താൻ മത്സരിക്കുന്ന കേരളക്കാഴ്ച്ചകൾ. ഇങ്ങിനെ അണിനിരത്തുന്ന ആനകൾക്ക് ആവാസ വ്യവസ്ഥയുടെ ആലസ്യം പലപ്പോഴും അരോജകത്വം സൃഷ്ടിക്കുന്നു.

ആന ഒരു മൃഗമാണ്. അതിൻ്റെ ചിന്തയും പ്രവൃത്തിയും എപ്പോഴും മൃഗങ്ങളുടേതായിരിക്കും. അതുപോലും മനസ്സിലാക്കാതെ ഉത്സവങ്ങൾക്കും ആഘോങ്ങൾക്കും ആനകളെ അണിനിരത്തി അക്രമാസക്തരായ ആനകളുടെ ആക്രമണത്തിൽ മനുഷ്യർ പിടഞ്ഞുമരിക്കുന്ന ദയനീയ കാഴ്ച്ചകൾക്ക് സാക്ഷ്യം വഹിക്കുന്ന കേരളം. എവിടെയാണ് നമ്മുടെ നാട്. എവിടെയാണ് ദൈവങ്ങൾ ? ദൈവത്തിൻ്റെ നാട്ടിലല്ലേ നമ്മൾ ?

ദിനംപ്രതി നമ്മൾ കേൾക്കുന്നത് കാണുന്നത്, നടുക്കുന്ന മനസ്സ് മരവിപ്പിക്കുന്ന ക്രൂരതകളും കൊലകളും അല്ലേ. ഇതിൽ കൂടുതലും പ്രതികൾ പിടിക്കപ്പെടുന്നു. എന്നാൽ പിടിക്കപ്പെടാത്തത് നിരവധിയും. പോലീസുകാർ പരക്കം പായുന്നു. മീഡിയകൾ ആഘോഷിക്കുന്നു. എന്നിട്ടും.. എന്നിട്ടും വീണ്ടും വീണ്ടും ഇതൊക്കെ ആവർത്തിക്കുന്നു. എന്തുകൊണ്ടാണിത് ? ശക്തമായ ഒരു നിമയമ വ്യവസ്ഥ ഇല്ലാത്തതുകൊണ്ടല്ലേ. കുറ്റവാളികൾക്ക് മതിയായ ശിക്ഷ കിട്ടാത്തതുകൊണ്ടാല്ലേ. ഏതൊരു കൊടും കുറ്റവാളിയും പിടിക്കപ്പെട്ട് കഴിഞ്ഞാൽ അവൻ സുരക്ഷിതനാണിന്ന്. നിയമം അവനെ ഒന്നും ചെയ്യുന്നില്ല. കണ്ണും മൂടിക്കെട്ടി കറുത്ത വസ്ത്രവും ധരിച്ച് നീതി നടപ്പിലാക്കുന്ന നിയമം കുറ്റകൃത്യങ്ങൾ കാണുന്നില്ല. കുറ്റവാളികളെ തിരിച്ചറിയുന്നില്ല. കാരണം രാഷ്ട്രീയ സംരക്ഷണം ഓരോ കുറ്റവാളികൾക്കും സുരക്ഷ ഉറപ്പാക്കുന്നു. ചാനലിൽ വന്നിരുന്ന് ചർച്ച വിളമ്പുന്നവർ തമ്മിൽ തമ്മിൽ പല്ലിൽ കുത്തി മണപ്പിച്ച് പോകുന്നതല്ലാതെ എന്തെങ്കിലും ഒരു പരിഹാരം, എന്തെങ്കിലും ഒരു തീരുമാനം സ്വന്തം ഭരണപക്ഷത്തെക്കൊണ്ട് പോലും എടുപ്പിക്കാൻ കഴിയാതെ വിടുവായത്വം പറഞ്ഞ് ഞെളിഞ്ഞു പോകുന്നു.

ഇന്ന് നമ്മുടെ കുട്ടികളെ സ്കൂളിലോ കോളേജുകളിലോ ഭയന്നുകൊണ്ടാണ് നമ്മൾ അയക്കുന്നത്. കാരണം മേൽപ്പറഞ്ഞ എല്ലാ തരത്തിലുള്ള ഭയാനാത്മകമായ ചെയ്തികളും ഏറ്റവും കൂടുതൽ നടമാടുന്നത് സ്കൂളുകളിലും കോളേജുകളിലുമാണ്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മറവിൽ വിദ്യാർത്ഥി യൂണിയൻ്റെ പേരും പറഞ്ഞ് കോളജുകളിൽ ഇടിമുറികൾ, ഹോസ്റ്റലുകളിൽ കൊലമുറികൾ. മനുഷ്യത്വം പോലും നഷ്ടപ്പെട്ട നരഭോജികളായ നരാധമന്മാരുടെ നരനായാട്ടാണ് നാം കാണുന്നത്. ഇത്തരം നെറികേടുകൾ കാണിക്കുന്നത് ആരുടെ മക്കളാണെന്ന് നോക്കതെ എറിഞ്ഞു കൊല്ലുന്ന വ്യവസ്ഥിതി വരണം. മകൻ അമ്മയുടെ കഴുത്തറുത്ത് കൊല്ലുന്നു. മകൻ അച്ഛൻ്റെ കഴുത്തറുത്ത് കൊല്ലുന്നു. കോളേജുകളിൽ സഹപാഠിയെ തല്ലിക്കൊല്ലുന്നു. പീഢിപ്പിച്ച് രസിക്കുന്നു. കേട്ടുകേൾവിയില്ലാത്ത ഇത്തരം നരഹത്യകൾ ചെയ്യുന്ന രീതിയിലേക്ക് കുട്ടികളെ മാറ്റുന്നതാണോ വിദ്യാഭ്യാസം ? എന്തു കൊണ്ട് ഇതിനൊരു പരിഹാരം കാണുന്നില്ല. എന്തുകൊണ്ട് വീണ്ടും വീണ്ടും ഇത്തരം ക്രൂരതകൾ നമ്മുടെ മക്കൾക്ക് നേരിടേണ്ടി വരുന്നു. കാരണം കുട്ടികളായാലും വലിയവരായാലും ശിക്ഷ കിട്ടും എന്ന ഭയമില്ലായ്മയാണ് കാരണം. നാടുഭരിക്കുന്ന മന്ത്രിമാർക്ക് കട്ടുമുടിക്കാൻ തന്നെ സമയം തികയുന്നില്ല. വികസനത്തിൻ്റെ പേരും പറഞ്ഞ് കോടികൾ അഴിമതി നടത്തുന്ന ഭരണകർത്താക്കളും ശിങ്കിടികളും അവരുടെ ചെയ്തികൾക്ക് പുകമറയായാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങളെ ഉപയോഗിക്കുന്നത്. പിന്നെവിടെ നാട് നന്നാകും. കുട്ടികൾ നന്നാകും ?

വളർന്നു വരുന്ന തലമുറയെ കാർന്നു തിന്നുന്ന വിഷജീവികളെ അവസാനിപ്പിക്കാൻ നമ്മുടെ നാട്ടിലെ എല്ലാ ഗവൺമെൻ്റ് സ്ഥാപനങ്ങളിലും നിലവിലുള്ള യൂണിയൻ പ്രവർത്തനം അവസാനിപ്പിക്കണം. സർക്കാർ ജീവനക്കാർ ജനസേവകരാണ് എന്ന് ബോധ്യപ്പെടുത്തണം. പൊതുജനങ്ങളുടെ കാശുകൊണ്ടാണ് അവർ ശമ്പളം വാങ്ങുന്നത് എന്ന തിരിച്ചറിവ് ഉണ്ടാക്കണം. ഓഫിസുകളിൽ വരുന്ന സാധാരണക്കാർക്ക് നീതി ഉറപ്പാക്കണം. കൂടാത എല്ലാ ക്യാമ്പസ്സുകളിലും രാഷ്ട്രീയ തെമ്മാടിത്തം നിർത്തലാക്കണം. ക്യാമ്പസ്സുകളിലും കോളേജ് ഹോസ്റ്റലുകളിലും രക്ഷിതാക്കളുടെ ഗ്രൂപ്പുകൾ നിരന്തരം സന്ദർശനം നടത്തണം. കൂടാത മനുഷ്യാവകാശ കമ്മീഷനും, സ്ത്രീ സുരക്ഷാ സമിതിയും, അതിലുപരി പോലീസും എക്സൈസ് സ്ക്വാഡും സന്ദർശനം നടത്തണം. ചെക്കിംഗ് ഉണ്ടായിരിക്കണം. കുട്ടികളുടെ പരാതി കേൾക്കാനും, പരിഹാരം കാണാനും കോളേജ് അധികൃതർ സമിതി രൂപീകരിക്കണം. ഇല്ലാത്ത കോളേജുകൾക്ക് അംഗീകാരം റദ്ദ് ചെയ്യണം. നിയമം മാറണം. മാറ്റി എഴുതണം. ഇതൊന്നും ചെയ്യാതെ വീണ്ടും സ്വകാര്യ കോളേജുകൾക്ക് അംഗീകാരം കൊടുക്കാനുള്ള തിരക്കിലാണ് ഭരണകൂടം. ശക്തമായ ഇടപെടുകൾ കോടതിയും ഭരണകൂടവും നടത്തണം. തെമ്മാടിക്കുട്ടികളെ നിലയ്ക്ക് നിർത്തണം. എന്നാൽ ദൈവത്തിൻ്റെ സ്വന്തം നാട് എന്ന ആ പഴയ പേരിന് കേരളം വീണ്ടും യോഗ്യത നേടും. ഇപ്പോൾ സ്വാമി വിവേകാനന്ദനാണ് നൂറ് ശതമാനവും ശരിയെന്നു തോന്നുന്നു.

സത്യമേവ ജയതേ !

രവി കൊമ്മേരി, യു എ ഇ

RELATED ARTICLES

7 COMMENTS

  1. നാടിന്റെ നേർചിത്രം നന്നായി വരച്ചു. 🙏

  2. കടുവയും കാട്ടാനയും കാട്ടുപന്നിയും കൊന്നുതള്ളുന്ന മനുഷ്യ ജീവിതങ്ങൾ കണ്ട് മനസ്സ് മരവിക്കുന്ന കാഴ്ച്ചകൾ . എന്തുകൊണ്ടാണിത് ?
    ഉത്തരം സിംപിൾ.മനുഷ്യൻ്റെ അത്യാർത്തി.
    വനം കയ്യേറുമ്പോൾ മൃഗങ്ങൾ തീറ്റ തേടി നാട്ടിൽ ഇറങ്ങും.
    1972 ലെ വന നിയമം കേന്ദ്ര ഗവ്‌മെൻ്റ് ഭേദഗതി വരുത്തുകയും വേണം.
    ഇന്ത്യയിൽ കേരളത്തിൽ മാത്രമാണോ മയക്കുമരുന്ന് ഉപയോഗം..
    മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ സംസ്ഥാന goverment നടപടി സ്വീകരിക്കുകയും വേണം.

    • ഒത്തിരി സന്തോഷം സജി ടി. 🌹🤝
      തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്. ശക്തമായ നടപടികൾ വേണം. അത് മറ്റുള്ളവർക്ക് മാതൃകയാകുകയും വേണം.

  3. വളരെ നല്ല ലേഖനം… നമ്മുടെ നാടിന്റെ സ്ഥിതി ഓർത്തു വിലപിക്കുകയല്ലാതെ മാർഗ്ഗമില്ലല്ലോ…. പ്രതികരണശേഷിയും ബുദ്ധിയുമില്ലാതെ കുറെ ആളുകൾ ജീവിതമിങ്ങനെ തള്ളിനീക്കുന്നു …ഒന്നിനും പരിഹാരമില്ല. കട്ടുമുടിച്ചും പിഴിഞ്ഞു ചാറു കുടിച്ചുംകുംഭ നിറയ്ക്കുന്ന വെള്ള ഉടുപ്പിട്ട കുഴിമാടങ്ങൾക്ക് ഇതൊന്നും ബാധകവുമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments