ഇതുവരെ ഞാൻ സഞ്ചരിച്ച രാജ്യങ്ങളിലെങ്ങും മഞ്ഞുകാലമുണ്ടായിരുന്നില്ല. കാരണം എന്റെ മിക്ക യാത്രകളും സംഭവിക്കുന്നത് ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ്. ഇവിടെയുള്ള സ്കൂൾ അവധിക്കാലത്ത്. അതുകൊണ്ടു തന്നെ മഞ്ഞിനെ കാണാൻ, അനുഭവിക്കാൻ കാത്തിരിക്കുകയാണ്. അങ്ങനെയുള്ള എന്റെ കൈയിലേക്കാണ് ” യൂറോപ്പ് മഞ്ഞുകാല യാത്രകൾ ” എന്ന മൻസൂർ അഹമ്മദിന്റെ പുസ്തകം എത്തിപ്പെടുന്നത്.
പുസ്തകത്തിന്റെ മുഖചിത്രം തൊട്ട് മഞ്ഞുകാലം തുടങ്ങുകയായി. മഞ്ഞിൽ കുളിച്ചിരിക്കുന്ന മോസ്കോയിലെ സെൻറ് പീറ്റേഴ്സ് ബർഗ്. അന്നയേയും ദസ്തയേവ്സ്കിയെയും തൊട്ട് അവരുടെ പ്രണയമായി കടന്നു വന്ന മഞ്ഞ് അവരുടെ ജീവിതമെങ്ങും വ്യാപിക്കുകയാണ്. പെരുമ്പടവത്തിന്റെ ” ഒരു സങ്കീർത്തനം പോലെ ” എന്ന പുസ്തകം ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ പോലും അന്നയേയും ദസ്തയേവ്സ്കിയെയും മനസ്സിൽ കാണാനാകുന്നുണ്ട്. എഴുത്തുകാരനിൽ ആ മഹത്തായ കൃതിയുടെ സ്വാധീനം എത്രമാത്രം പ്രകടമായിരുന്നു എന്നതിന്റെ തെളിവാണത്.
പിന്നീടുള്ള എല്ലാ അധ്യായങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം എത്തിനോക്കുന്നൊരു പ്രിയ സുഹൃത്താണ് മഞ്ഞ്. ആൽപ്സ് പർവ്വത നിരകള്‍ക്കു താഴെയുള്ള മഞ്ഞ് മൂടിയ മനോഹരമായ റയിൽവേ സ്റ്റേഷനും അവിടെ നിന്ന് ദാവോസിലേക്കുള്ള യാത്രയും അതിമനോഹരം.

യാത്രകൾ സമ്മാനിക്കുന്നതാണ് ചില പ്രത്യേക സൗഹൃദങ്ങൾ. രാജ്യാതിർത്തികളും ശത്രുതയും മറന്നു വെറും മനുഷ്യരെ മാത്രം കണ്ടുമുട്ടുന്ന അത്തരം യാത്രകൾ മാനസിക വികാസമാണ്. സീമകൾക്കപ്പുറത്തേക്കു പറക്കാൻ പ്രേരിപ്പിക്കുന്ന മനസ്സിന്റെ വികാസം.
യാത്ര ഒരു ലഹരിയായി അനുഭവപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ഒരു ലക്കും ലഗാനുമില്ലാതെ, അന്തവും കുന്തവുമില്ലാതെ യാത്ര പോകാൻ, അനുഭവങ്ങളെ ആവാഹിക്കാൻ മനസ്സെപ്പോഴും കൊതിക്കാറുണ്ട്.
റഷ്യയിൽ തുടങ്ങി റോം, ഇറ്റലി, സ്വിറ്റസർലാൻഡ്, പ്രാഗ്, തുർക്കി, അൽബേനിയ എന്നീ രാജ്യങ്ങളിലൂടെ നാം കടന്നു പോകുമ്പോൾ ചരിത്രത്തോടൊപ്പം തന്നെ അന്നാടുകളിലെ ഭക്ഷണവും സംസ്കാരവും ഭൂപ്രകൃതിയുമൊക്കെ നമ്മിൽ അലിഞ്ഞു ചേരുന്നു.
പ്രിയപ്പെട്ട മൻസൂർ, നിങ്ങളിനിയും ഒരുപാടു യാത്രകൾ നടത്തും. നിങ്ങൾക്കു പ്രിയപ്പെട്ട ആ ഓർമ്മകളൊക്കെ സുന്ദരമായ ഭാഷയിൽ ഞങ്ങളുമായി പങ്കുവെക്കും. നിങ്ങൾ വീട് പിടിച്ച ഇടങ്ങളൊക്കെ ഞങ്ങളുടേതു കൂടിയാകും. അങ്ങനെയുള്ള നിങ്ങളുടെ തുടരെഴുത്തുകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ!
NB : പുസ്തകവായനയുടെ അനന്തരഫലമായി ” ഒരു സങ്കീർത്തനം പോലെ ” ഇപ്പോൾ കൈയ്യിലുണ്ട്. പെരുമ്പടവത്തെ വായിക്കണം. അന്നയേയും ദസ്തയേവ്സ്കിയെയും അറിയണം.




