രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും ഒന്ന് എന്ന് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
തുടർന്ന് വായിക്കുക….
👇👇👇👇
അദ്ധ്യായം 24
വഴിയോരങ്ങളിലെ കാറ്റാടികൾ മലയോരക്കാറ്റിനോടൊത്ത് മൂളിപ്പാട്ടുപാടി നൃത്തം വച്ചു. കുഞ്ഞിക്കിളികൾ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വട്ടമിട്ട് പറന്നു. സായം സന്ധ്യയുടെ ചാരുത മലയോര ഭംഗി കൂടുതൽ സുന്ദരമാക്കി.
അന്നത്തെ ജോലികളെല്ലാം തീർത്ത് രാമഭദ്രൻ ജയിംസിന്‍റെ വീട്ടിൽ നിന്ന് വരുമ്പോൾ മാർക്കോസു ചേട്ടന്‍റെ വീട്ടിൽ കയറി. അദ്ദേഹത്തിന്‍റെ ഭാര്യയോട് വിശേഷങ്ങൾ ഒക്കെപ്പറഞ്ഞുകൊണ്ടിരിക്കേ അവിടെ അദ്ദേഹത്തിന്‍റെ അനുജൻ കയറിവന്നു.
മാർക്കോസു ചേട്ടൻ മരിച്ചതിൽപ്പിന്നെ അദ്ദേഹത്തിന്‍റെ അനുജനെ കാണുന്നത് ഇന്നാണ്. ഒത്തിരി കാര്യങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് വെറുതേ മകന്‍റെ ഭാര്യയെക്കുറിച്ച് ചോദിച്ചു. അദ്ദേഹം കരഞ്ഞുകൊണ്ട് രാമഭദ്രനോട് ഞെട്ടിക്കുന്ന കുറേ കാര്യങ്ങൾ പറയാൻ തുടങ്ങി.
ആ സമയം അവരുടെ വീടിൻ്റെ തൊട്ടടുത്ത പറമ്പിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മരമില്ലിൻ്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചു. എന്തോ ഒന്ന് പൊട്ടുന്ന ശബ്ദവും കേട്ടു. ആളുകളുടെ ഭയങ്കര ബഹളം. ഉടനെ മാർക്കോസു ചേട്ടൻ്റെ അനുജൻ അവിടെ വിളിച്ചു ചോദിച്ചു. അത് ഈർച്ച ബ്ലേഡ് പൊട്ടിയതാണെന്ന് വിവരം ലഭിച്ചു. കുഴപ്പമില്ല.
ആ രാമഭദ്രാ …. എന്‍റെ മകന്‍റെ ഭാര്യ ഇപ്പോൾ അവളുടെ വീട്ടിലാണ്. കാരണം, ചേട്ടൻ മരിക്കുന്നതിനു മുൻപ് രണ്ട് പ്രാവശ്യം ആ തേവിടിശ്ശിയുടെ കൂത്ത് കൈയ്യോടെ പിടിച്ചു. ആദ്യത്തെത്തവണ അവൻ എന്നോട് പറഞ്ഞില്ല. കാരണം, അവൾ അവന്‍റെ കാലിൽ വീണ് കരഞ്ഞ് ഇനി ആവർത്തിക്കില്ലെന്നും കുടുംബം തകർക്കരുതെന്നും പറഞ്ഞതിനാൽ അവൻ ക്ഷമിക്കാൻ പാടില്ലാത്തതായിരുന്നിട്ടു കൂടി ക്ഷമിച്ചു. മാത്രമല്ല അവളുടെ ജാരൻ ചേട്ടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഓഹോ, എന്നിട്ട്….?
എന്നിട്ടെന്താ.. ആ ഒരുമ്പെട്ടവൾ നിർത്തിയില്ല. വീണ്ടും ഒരു തവണ കൂടി അവൻ ആ കാഴ്ച്ച കാണാൻ ഇടയായി.
അവൻ പൊട്ടിത്തെറിച്ചു. അപ്പോൾ ആ തേവിടിശ്ശിയും അവളുടെ മറ്റവനും കൂടെ ചേട്ടനെ കൊല്ലാൻ ശ്രമിച്ചു.
എന്നിട്ട്….?
അവൻ ഒച്ചവച്ച് ആളിനെക്കൂട്ടി. ആളുകൾ എത്തുമ്പോഴേക്കും മറ്റവൻ ഓടിക്കളഞ്ഞു. അതോടെ മകനറിഞ്ഞു. അവളെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു.
ഇതൊക്കെ എപ്പഴായിരുന്നു.
മാർക്കോസു ചേട്ടൻ എന്നോടൊന്നും പറഞ്ഞിരുന്നില്ലല്ലോ….?
പറയാൻ അവന് സമയം കിട്ടിയിട്ടു വേണ്ടേടോ. മരിക്കുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു.
“പെട്ടന്ന് രാമഭദ്രൻ ഓർത്തു, മാർക്കോസു ചേട്ടൻ മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് ജയിംസിന്‍റെ പറമ്പിലെ വിളവെടുപ്പ് കാരണം ഞാൻ ചന്തയിലോട്ട് പോയിട്ടില്ലായിരുന്നു.”
ഓഹോ… ഇങ്ങിനെയുള്ള സംഭവങ്ങളൊക്കെ ഉണ്ടായിരുന്നോ.. ഞാനൊന്നും അറിഞ്ഞില്ലാട്ടോ..?
ആട്ടെ… ആരായിരുന്നു ആ ഒളിസേവക്കാരൻ….?
ആര് … ആ തേവിടിശ്ശിയുടെ മറ്റവനോ..?
ഉം…. അവൻ തന്നെ.
അത് ചന്തേലെ കോഴിജാനൂന്‍റെ മകനാണെന്നാ ചേട്ടൻ പറഞ്ഞത്.
ആഹാ… ആ വായനോക്കിയോ..?
രാമഭദ്രൻ ഒന്നും അറിയാത്തതുപോലെ പറഞ്ഞു.
ങ്ഹാ.. അതുപോട്ടെ തന്‍റെ മകൾക്കെങ്ങിനെയുണ്ട്. ആശുപത്രി വിട്ടോ..?
കുറവുണ്ട്. രണ്ടു ദിവസം കൊണ്ട് പോകാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
മോള് നടക്കാനൊക്കെ തുടങ്ങിയോ…?
ചെറിയ തോതിൽ കൈ പിടിച്ച് നടക്കും. കുട്ടിയായതുകൊണ്ട് പെട്ടന്ന് സുഖം പ്രാപിക്കും എന്നാണ് ആശുപത്രീന്ന് പറഞ്ഞത്.
ഒക്കെ ശരിയാവൂന്നേ..!
അല്ല ചേട്ടാ.. മാർക്കോസു ചേട്ടൻ മരിച്ചതിൽപ്പിന്നെ നിങ്ങളുടെ മകന്‍റെ ഭാര്യയും മറ്റവനും തമ്മിൽ കണ്ടുമുട്ടാറുണ്ടെന്നുള്ള വല്ല വിവരവും കിട്ടാറുണ്ടോ…?
ഞങ്ങളൊന്നും അന്വേഷിക്കാറില്ല കുട്ട്യേ. ആളുകൾ ഓരോന്ന് പറയുന്നത് കേൾക്കാം.
എന്നാൽ ശരി ചേട്ടാ.
ചേടത്തിയേ.. ഞാനിറങ്ങുന്നു. പിന്നെ വരാം.
അവൻ നേരെ ചന്തയിലേക്ക് പോയി അവിടുത്തെ കാര്യങ്ങൾ ഒക്കെത്തിരക്കി. അവന്‍റെ കടയിൽക്കയറി പുന:ർനിർമ്മാണ ജോലിയൊക്കെ വിലയിരുത്തി.
പിന്നീട് ഹാജിക്കാന്‍റെ കടയിൽക്കയറി.
ഹാജിക്കാ…
എന്താ രാമാ…?
തിരക്കില്ലേൽ നമുക്കൊന്ന് പുറത്തേക്കിറങ്ങിയാലോ…? ഒരു കാര്യമുണ്ട്.
അതിനെന്താടോ… ഇതാ വരുന്നു.
അദ്ദേഹം ബാബുവിനോട് കട നോക്കിക്കോളാൻ പറഞ്ഞിട്ട് എഴുന്നേറ്റ് റോഡിലേക്കിറങ്ങി.
വാ… നടക്കാം.
അവർ രണ്ടു പേരും കുറച്ചപ്പുറത്തെ ഒരു മരത്തിന്‍റെ ചുവട്ടിൽ മാറി നിന്നു.
ഹാജിയാരേ.. ഞാൻ ചോദിക്കുന്നത് നിങ്ങളും ഞാനും മാത്രം അറിഞ്ഞാൽ മതി.
താൻ ചോദിക്കെടോ…
ഈ അടുത്ത ദിവസങ്ങളിലായി അതായത് എന്‍റെ കട തല്ലിപ്പൊളിക്കുന്നതിന് മുൻപോ അതിനു ശേഷമോ നമ്മുടെ കോഴി ജാനൂന്‍റെ മകൻ ഇവിടുന്ന് അതായത് ഈ ചന്തയിൽ നിന്ന് ചുറ്റിത്തിരിയുന്നതായി കണ്ടായിരുന്നോ..?
അതെന്താരാമഭദ്രാ… ആ ചെക്കനെന്തെങ്കിലും. ….?
ഏയ് ഒന്നൂല്ല.
ഈയ്യിടെയായി ജാനു ഏടത്തി അവനെക്കുറിച്ച് ഒരു പരാതി പറഞ്ഞിരുന്നു.
ചെക്കന്‍റെ പോക്കത്ര ശരിയില്ല, അവന്‍റെ കൂടെ ഇവിടെയൊന്നും കണ്ടിട്ടില്ലാത്ത ചില ആളുകളെയൊക്കെവീട്ടിൽ കണ്ടൂന്നോ മറ്റോ.. ഞാനൊന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം അത്ര നല്ലതല്ലതാനും.
അതയോ.. എന്നാൽ നീ ഇങ്ങിനെ ചോദിച്ചതുകൊണ്ട് ഓർക്കുകയാ.
നിന്‍റെ കട അടിച്ചു പൊളിക്കുന്നതിന്‍റെ തലേന്ന് ഒരു ഉച്ചയോട്കൂടി അവൻ എന്‍റെ കടയിൽ വന്നിരുന്നു. കുറച്ചു സമയം നിന്നു. നിന്‍റെ കടയുടെ ഉദ്ഘാടനം എപ്പഴാണെന്നൊക്കെ ചോദിച്ചു.
ഞാൻ അവനെക്കുറച്ച് ഉപദേശിക്കുകയും ചെയ്തു.
എന്തിന്….?
അവന്‍റെ അമ്മയെ ഒന്ന് സഹായിക്കാൻ വേണ്ടി.
എന്നിട്ട്…?
അടുത്ത് തന്നെ അമ്മയെ സഹായിക്കാൻ ഞാനും വരുന്നുണ്ട് ഹാജിയാരേ എന്നും പറഞ്ഞ് സന്തോഷത്തോടെയാ പോയത്.
ഉം… എന്നാൽ ശരി ഇക്കാ. ഞാൻ നടക്കട്ടെ.
പിന്നെ നമ്മൾ സംസാരിച്ച കാര്യം… !
ഇല്ലടോ ഇത് ഹസ്സനാജിയാ.. നീ ധൈര്യമായിപ്പോ.
തുടരും ….




കോഴി ജാനുവിന്റെ മകനോ ? കഥ എങ്ങോട്ടാണ് രവിയേട്ടാ പോകുന്നത് ഇനി ഹസനാരിക കണ്ട ആ വെട്ടം ഈ കോഴി ജാനുവിൻ്റെ മകനാണോ? അന്വേഷണത്തിൽ കടയിൽ ഉച്ചയ്ക്ക് വന്നു എന്നാണ് ഹസനാരിക ഓർത്ത് പറഞ്ഞത് ഞാൻ ഉദ്ദേശിച്ച കഥയുടെ പോക്ക് ശരിയല്ലല്ലോ ഇനി നിങ്ങട്ടെ കഥ നടക്കട്ടെ! ആ വഴിക്ക് ഞാൻ വരാം. ഞാൻ തോറ്റിരിക്കുന്നു. ഇനിയും ഇനിയും പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഈ കഥ എങ്ങോട്ട് ? കാത്തിരിക്കുന്നു തിരശ്ശീലയ്ക്ക് വേണ്ടി കഥയുടെ അവസാനം അറിയാൻ തിടുക്കമായി ഞാൻ തോറ്റിരിക്കുന്നു രവിയെട്ടാ അഭിനന്ദനം അങ്ങ് കഥയെ രസിപ്പിക്കുന്ന രീതിയിൽ കൊണ്ട് പോക്കുന്നു. അതോടപ്പം കൺഫ്യൂഷനും ഭാഗം – 25 -ന് കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ രവിയെട്ടാ great
കെ. കെ ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം😍💖🤝
കൊലപാതകമല്ലേ… പോലീസ് അന്വേഷിക്കുന്നു. ശിക്ഷിക്കുന്നു. അതല്ലേ നിയമം . എന്നിട്ടും കുറ്റവാളികൾ കളം നിറഞ്ഞ് ആടുന്നു. ങ്ഹാ …. അനുസരണയില്ലാത്ത കുഞ്ഞാടുകളെ പിടിക്കാൻ മയക്കുവെടിക്കുന്ന കാലമല്ലേ. എല്ലാം ഹരിഹരിക്കപ്പെടും. അന്വേഷണം പുരോഗമിക്കട്ടെന്നേയ്.👍👍👍😄💖😍