Sunday, December 7, 2025
Homeഅമേരിക്ക"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം - 23) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം – 23) ✍ രവി കൊമ്മേരി, UAE

മകളുടെ ശിരസ്സ് കൈക്കുമ്പിളിൽ കോരിയെടുത്ത് നെറ്റിയിൽ മുഖം ചേർത്ത് വച്ച് രാമഭദ്രൻ മകളെ ഉറക്കി.

തുടർന്ന് വായിക്കുക…
👇👇👇👇👇

അദ്ധ്യായം 23

നീലാകാശത്തെ അരുണ ചിരിമാഞ്ഞു . ചന്ദ്രൻ്റെ കടന്നുവരവിനായി ലോകം കാത്തിരുന്നു. എന്നാൽ ആകാശം മേഘാവൃതമാണ്. എങ്ങും ചെറിയ ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു.

ഈ സമയം അമേരിക്കയിൽ ജയിംസിന് ഒരു ഓപ്പറേഷൻ കഴിഞ്ഞിരുന്നു.

ഒരു ദിവസം രാത്രി ജെയിംസ് ഓഫീസിൽ നിന്ന് ഇറങ്ങാനായിക്കാണും പെട്ടന്ന് കണ്ണിലാകെ ഇരുട്ടു കയറി. കൈകാലുകൾ തളർന്ന്, മാംസപേശികൾ വലിഞ്ഞു മുറുകി, ചുണ്ടുകൾ വരണ്ടുണങ്ങി താൻ താഴെ വീഴുമെന്ന അവസ്ഥയിലായപ്പോൾ ജയിംസ് ഉടനെ എഴുന്നേറ്റ് റൂമിന്റെ വാതിൽ തുറന്ന് പുറത്ത് കടന്നു. എന്നാൽ അവന് കൂടുതൽ മുന്നോട്ട് നടക്കാൻ കഴിഞ്ഞില്ല. ജയിംസിന്‍റെ നടത്തത്തിൽ എന്തോ പന്തികേടുതോന്നി ക്യാമ്പിനിൽ നിന്ന് പുറത്തേക്ക് വന്ന ഒരു ജീവനക്കാരന്‍റെ മുന്നിൽ ജയിംസ് കുഴഞ്ഞു വീണു.

ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ. ജോലിക്കാർ അമ്പരന്നു. അവർ ജയിംസിനെ എടുത്ത് ഒരു കസേരയിൽ ഇരുത്തി. ഒരാൾ ഉടനെ ആമ്പുലൻസിനെ വിളിച്ചു.

വളരെ പെട്ടന്ന് തന്നെ ആംബുലൻസ് വന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവർ ജയിംസിനേയും കൊണ്ട് ആശുപത്രിയിൽ എത്തിച്ചേർന്നു. ചികിത്സകൾ പുരോഗമിക്കുന്നു. സൂക്ഷ്മ നിരീക്ഷണങ്ങളും, വിശദമായ വിശകലനങ്ങളും, അണുകിട മറാത്ത പരിശോധനകൾക്കുമൊടുവിൽ എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്യണം എന്ന നിഗമനത്തിൽ ഡോക്ടേഴ്സ് എത്തിച്ചേരുകയും, അങ്ങിനെ ഓപ്പറേഷൻ നടക്കുകയും ചെയ്തു.

നഗരത്തിലെ മഞ്ഞുവീഴിച്ചയ്ക്ക് ഒരല്പം ശമനം ഉണ്ടായി, ശരീരത്തോടൊപ്പം മനസ്സും ആശ്വാസത്തിൻ്റെ വെയിൽ നാളം നുണഞ്ഞു.

ഒരു മാസത്തോളം പൂർണ്ണമായും വിശ്രമത്തിലായിരുന്ന ജയിംസിനെ സഹായിക്കാൻ ആഷ്ളെ റോസ വളരെയധികം കഷ്ട്പ്പെട്ടു. ജോലി കഴിഞ്ഞു കിട്ടുന്ന സമയം അവൾ അധികവും അവനോടൊപ്പം ചിലവഴിച്ചു., ഓഫീസിലെ കാര്യങ്ങൾ നോക്കാൻ അവിടെ മാനേജരായി ജോലി ചെയ്യുന്ന ഡിക്രൂസിനെ ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല റോസയും വളരെയധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കടന്നു പോകുന്തോറും ജയിംസ് ദിനചര്യകളുടെ താളക്രമങ്ങൾ മാറ്റി മാറ്റി പതുക്കെ പഴയ സ്ഥിതിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരുന്നു. നാട്ടിൽ ആരെയും അവൻ ഈ ഓപ്പറേഷന്റെ കാര്യം അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ദിവസം രാമഭദ്രൻ ജയിംസിനെ അങ്ങോട്ട് വിളിച്ചപ്പോഴാണ് ജയിംസ് ഓപ്പറേഷൻ ചെയ്ത് കിടപ്പാണെന്ന് അറിഞ്ഞത്. നാട്ടിൽ വേറെ ആരോടും പറയരുതെന്ന് ജയിംസ് അവന് പ്രത്യേകം നിർദ്ദേശം നൽകി.

കാര്യങ്ങളെല്ലാം പഴയ പടിയായി. മഴക്കാറ് മാറി. മാനം തെളിഞ്ഞു. അമേരിക്കയിൽ വീണ്ടും വിപണികൾ ഉണർന്നു. ജയിംസ് ഓഫീസിൽ പോയിത്തുടങ്ങി. അവൻ സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കി. ഒരു ഡ്രൈവറെ നിയമിച്ചു.

സാമ്പത്തീക മാന്ദ്യത്തിൽ നിന്ന് കമ്പനി ഒരു തരത്തിൽ കരകയറി വന്നതേയുള്ളൂ , അപ്പഴാണ് അവന് ഒരു തല കറക്കവും, ഓപ്പറേഷനും. കമ്പനിയിലെ ജീവനക്കാർ വളരെയധികം ആത്മാർത്ഥമായി ജോലി ചെയ്യുന്നതിനാൽ ബിസിനസ്സ് സാമാന്യം മോശമില്ലാതെ കൊണ്ടുപോകാൻ കഴിയുന്നു.

മദ്യപാനവും , പുകവലിയും ജയിംസ് പാടെ നിർത്തി. കിട്ടുന്ന ഒഴിവു സമയങ്ങളിൽ അവൻ ഏതെങ്കിലും പള്ളികളിൽ പോയിരുന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. മനസ്സും ശരീരവും ദൈവ സമക്ഷം അർപ്പിച്ച് മോക്ഷമാർഗ്ഗത്തിന്‍റെ തിരുവചനങ്ങൾ ഉരുവിട്ട് യേശുദേവന്‍റെ മുന്നിലവൻ ധ്യാനനിമഗ്നനായി.

മരതകക്കാറ്റ് മഞ്ചാടി മണികളെ മണവാളൻ കുന്നിന്റെ പൂമേനിയിൽ സ്വർണ്ണ മുത്തുകളെപ്പോൽ വിതറി. മയിലുകൾ നാട്ടിൻ പുറങ്ങളിലിറങ്ങി ആനന്ദനൃത്തമാടി.

രാമഭദ്രൻ ചന്തയിലെ മാർക്കോസു ചേട്ടന്റെ കടയിൽ അറ്റകുറ്റപ്പണികളൊക്കെ നടത്തി വീണ്ടും കട തുറക്കാൻ തീരുമാനിച്ചു. മാർക്കോസു ചേട്ടൻ ചായക്കടയാണ് നടത്തിയതെങ്കിൽ രാമഭദ്രൻ അവിടെ ജയിംസിന്റെ തോട്ടത്തിലെ സുഗന്ധദ്രവ്യങ്ങളും, പച്ചക്കറികളും, പഴങ്ങളുമാണ് വിൽപ്പന നടത്താൻ തീരുമാനിച്ചത്.

പണിയൊക്കെക്കഴിഞ്ഞ് കട തുറക്കുന്നതിനു മൂന്ന് ദിവസം മുൻപ് ഒരു രാവിലെ ചന്തയിലെ കടകൾ ഒന്നൊന്നായി തുറക്കാൻ വന്നവർ രാമഭദ്രന്‍റെ കടയുടെ മുന്നിൽ തടിച്ചുകൂടി.

കാരണം, അവന്‍റെ കട മുഴുവൻ ആരോ തല്ലിത്തകർത്തിരിക്കുന്നു. മണവാളൻകുന്ന് ചന്തയിൽ ആദ്യത്തെ അനുഭവമായിരുന്നു അത്.

രാമഭദ്രൻ എത്തി. അവന്‍റെ ഉള്ളിൽ സങ്കടമുണ്ടെങ്കിലും അതവൻ പുറത്ത് കാണിച്ചില്ല. കാരണം, ഇങ്ങിനെ ഒരാക്രമണം അവൻ ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നതായിരുന്നു.

പോലീസെത്തി വിശദമായ പരിശോധനകൾ നടത്തി. അന്വേഷണം ആരംഭിച്ചു. എന്നാൽ രാമഭദ്രൻ അതു വിട്ടു. അവൻ വീണ്ടും കടയുടെ പണികൾ ആരംഭിച്ചു. അതിൽ അവൻ മറ്റാരു യുക്തിയാണ് കണ്ടത്.

ഇപ്പോൾ പ്രതികരിക്കാതെയിരുന്നാൽ ഇത് ചെയ്തവർ വെറുതേയിരിക്കില്ല. കാരണം എനിക്ക് നോവുന്നില്ലെന്ന് കണ്ടാൽ അവർ വീണ്ടും ഒളിയുദ്ധമോ, അല്ല നേർയുദ്ധമോ തുടരും. അവരെ പൂട്ടണമെങ്കിൽ അവർ തന്നോട് കൂടുതൽ അടുക്കണം അതിന് ഇപ്പോൾ പ്രതികരിക്കരുത്.

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും ഒന്ന് എന്ന് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
തുടരും….

രവി കൊമ്മേരി, UAE✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com