രാമഭദ്രന്റെ മകളെ വധിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഒരു ആസുത്രിത കൊലപാതക ശ്രമമായിരുന്നു അത് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു.
അദ്ധ്യായം 21
അങ്ങിനെ മണവാളൻ കുന്നിൽ നിന്ന് മഞ്ഞിൽ കണങ്ങൾ വിടവാങ്ങി. സൂര്യൻ മലമുകളിൽ തന്റെ താപപ്രഭ ചൊരിഞ്ഞു. ചൂട് അരിച്ചിറങ്ങി. മനുഷ്യരും, മുഗങ്ങളും, മരങ്ങളും വിയർത്തു തുടങ്ങി.
DYSP ജയേഷിന് ട്രാൻഫർ ഓഡറുകിട്ടി. അതോടൊപ്പം മണവാളൻ കുന്നിലെ റൂറൽ SP ഓഫിസിൽ പുതിയ DYSP യുടെ വരവറിയിച്ചു കൊണ്ടുള്ള സന്ദേശവും എത്തിച്ചേർന്നു.
പിറ്റേന്ന് കാലത്ത് പത്ത് മണിക്കുതന്നെ ജയേഷ് പോലീസ് സൂപ്രണ്ടിന്റെ മുൻപാകെ ചാർജ് ഏറ്റെടുത്തു. മാർക്കോസു ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ജയേഷിന് കൈമാറപ്പെട്ടു.
ചാർജ് ഏറ്റെടുത്തതിനു ശേഷം അദ്ദേഹം നേരെ ആശുപത്രിയിലേയ്ക്കാണ് പോയത്. ഭാര്യയേയും മകനേയും കണ്ട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു. അപ്പോഴേക്കും രമ്യയെ വാർഡിലേക്ക് മാറ്റിയിരുന്നു. രമ്യയുടെ അടുത്തെത്തിയ ജയേഷ് അവളുടെ അടുത്തിരുന്ന് പതിയെ അവളുടെ മുടിയിൽ തലോടി.
പുറത്ത് ചായ വാങ്ങിക്കാൻ പോയിരുന്ന രാമഭദ്രൻ ഈ സമയം ചായയുമായി വന്നു. ജയേഷിനെ കണ്ട ഉടനെ അവൻ പൊട്ടിത്തെറിച്ചു. നിങ്ങൾ പോലീസുകാര് നോക്കിക്കൊള്ളും, നീ ഒന്നും ചെയ്യരുത് എന്ന് സാറ് പറഞ്ഞതു കൊണ്ടാ ഞാൻ ഇത്രദിവസവും ക്ഷമിച്ചത്. എന്നിട്ടിപ്പം നിങ്ങൾ എന്തു ചെയ്തു സാറേ..?
ദാ… എന്റെ ഈ ഇത്തിരി പോന്ന മോളുടെ ദേഹത്ത് വണ്ടിയും കയറ്റി ഇവിടെ ഇങ്ങിനെ കെടത്തിയേച്ച് ഈ രാമഭദ്രനെ അങ്ങ് ഉലത്തിക്കളയാം എന്ന് വിചാരിച്ചത് ഏത് നായിന്റെ മക്കളാണെങ്കിലും സാറേ.. അവൻ ഈ രാമഭദ്രനെ ശരിക്കും അറിഞ്ഞിട്ടേ ചാകൂ.
രാമഭദ്രാ… നിന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടല്ല. ഒന്നുമില്ലേൽ തൊട്ടപ്പുറത്ത് കിടക്കുന്നത് എന്റെ മകനുംകൂടെ അല്ലേ..?
പിന്നെ എന്താ സാറേ ആ മ..മ .. മ മറ്റവന്മാരെ പൊക്കാൻ നിങ്ങൾക്കിത്ര മടി. അവൻ പറയാൻ വന്നത് മറ്റെന്തൊക്കെയോ ആയിരുന്നു. എന്നാൽ ഒരു നിമിഷം ചുറ്റിലും ഒന്ന് നോക്കിയപ്പോൾ നിൽക്കുന്നത് ആശുപത്രിയിലാണെന്നും, ചുറ്റിലും ആളുകൾ കൂടിയിരിക്കുന്നതും കണ്ടപ്പോൾ അവൻ വാക്കുകൾക്ക് കടിഞ്ഞാണിട്ടതാണ്.
ഞാൻ ചാർജെടുത്തതല്ലേ ഉള്ളൂ രാമഭദ്രാ. നമുക്ക് എത്രയും പെട്ടന്ന് പ്രതികളെ അറസ്റ്റ് ചെയ്യാം.
നിങ്ങളുടെ കൈയ്യിൽ കിട്ടീട്ട് എന്തിനാ സാറേ.. കുമ്പസാരിപ്പിച്ച് പുണ്യാളനാക്കാനോ..? അല്ലങ്കിൽ മാധ്യമങ്ങൾക്കു മുൻപിൽ ആടിത്തിമർക്കുന്ന നാടകങ്ങൾക്കു ശേഷം അണിയറയിൽ പാദസേവ ചെയ്യാനോ…?
രാമഭദ്രാ… നീയൊന്ന് അടങ്ങ്. ഇത് ആശുപത്രിയാണ്. കൂട്ടത്തിലുള്ള ഒരു പ്രായം ചെന്ന പോലീസുകാരനാണ് അത് പറഞ്ഞത്. സാറ് അന്വേഷിക്കും. ഞങ്ങൾ അവരുടെ തൊട്ടുപിറകേ തന്നെയുണ്ട്.
ഓ… വളരെ നല്ലത്. ഓടിക്കോ സാറേ.. മനസ്സും ശരീരവും തളരുന്നതുവരെ ഈ റിലേ ഓട്ടം നിങ്ങൾക്ക് തുടരാം. എന്നിട്ട് ഇത്തിരി പരിഹാസം കലർത്തി. DYSP യോടായി, എന്റെ വല്ല സഹായവും ആവശ്യമുണ്ടെങ്കിൽ പറയണം സാറേ. പറഞ്ഞില്ലേലും സാരമില്ല. സാറ് വള്ളമിറക്കിയ ഈ കായലിന്റെ കരയിൽ എപ്പോഴും സാറിന്റെ തൊട്ടുപിന്നിലായി ഞാനുമുണ്ടാകും.
ഉം… എന്നാ ശരി. ഞങ്ങൾ ഇറങ്ങുന്നു എന്നും പറഞ്ഞ് മിസ്റ്റർ ജയേഷും ടീമും ആശുപത്രി വിട്ടു.
അവര് പോയിക്കഴിഞ്ഞതും രാമഭദ്രനും ഇറങ്ങി. ഭാര്യയോട് ഞാൻ ഒന്ന് ജയിംസിന്റെ വീടുവരെ പോയിവരാം എന്ന് പറഞ്ഞാണ് അവൻ ഇറങ്ങിയത്. എന്നാൽ നേരെ അവൻ വിഗ്നേശ്വരൻ മുതലാളിയുടെ വീട്ടിലാണ് ചെന്നത്. കാരണം അവനറിയാമായിരുന്നു ജെയേഷും ടീമും എത്രയും പെട്ടന്ന് അവിടെ എത്തുമെന്ന്. നേരെ ഗേറ്റുകടന്ന് അകത്തു കയറിച്ചെന്നു . ആ സമയം വീടിൻ്റെ മുറ്റത്തുനിന്ന് ആളുകൾ പലതരം ജോലികൾ ചെയ്യുന്നുണ്ടായിരുന്നു. അവരൊക്കെ അവനെ നോക്കുന്നുമുണ്ട്. എന്നാൽ ആർക്കും അവനെ തിരിച്ചറിയാൻ കഴിയുന്നില്ല.
നേരെ ചെന്ന് വീടിനകത്തോട്ടുള്ള വാതിലിനു മുന്നിലെത്തിയതും കാര്യക്കാരൻ വന്ന് വഴി തടഞ്ഞു.
ആരാ…. എവിടുന്നാ.. എന്തു വേണം. എന്നായി ചോദ്യങ്ങൾ.
രാമഭദ്രൻ ഉടനെ ആ കാര്യസ്ഥന്റെ ഇരു ചുമലിലും പിടിച്ചു കൊണ്ട് വളരെ സൗമ്യമായി പരിഹാസം കലർത്തി പറഞ്ഞു….
തന്റെ മുതലാളി ഉണ്ടോ ആവോ അകത്ത്. ?
ഒരൂട്ടം കൊടുക്കാനുണ്ടാർന്നു. അതങ്ങട്ട് കൊടുക്കണം. പോണം. ഇത്തിരി ദൂരത്തൂന്നാണേയ്..
താൻ ചോദിച്ച എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഒറ്റയടിക്ക് പറഞ്ഞു കൊണ്ട് ചിരിച്ചു നിൽക്കുന്ന രാമഭദ്രനെ കാര്യസ്ഥന് അത്രയ്ക്കങ്ങട്ട് പിടിച്ചില്ല.
എന്താ കാര്യംന്ന് ഇവിടെ പറയണം.
ഏയ് അങ്ങിനെ മസില് പിടിക്കല്ലെ ചേട്ടാ.. ചിലപ്പോൾ ചേട്ടനും കൂടെ കാണാൻ രസമുള്ള സമ്മാനമായിരിക്കും.
ചേട്ടനിങ്ങനെ വഴിമുടക്കി നിൽക്കുന്നതു കാണുമ്പോൾ പണ്ടത്തെ ബാലൻ കെ നായരുടെ സിനിമയാണ് ചേട്ടാ ഓർമ്മവരുന്നത്. വീട്ടുപടിക്കൽ ഇങ്ങിനെ നായയെ കാവൽ നിർത്തി….. ഹ.ഹ…ഹ…. ഹ
ഫ… മാറിനിൽക്കെടാ… എന്നും പറഞ്ഞ് കാര്യസ്ഥൻ രാമഭദ്രന്റെ കരങ്ങൾ തട്ടിമാറ്റി ഒരു തള്ള് കൊടുത്തു.
നിമിഷങ്ങൾ, നിമിഷങ്ങളേ വേണ്ടിവന്നുള്ളു ആ കാര്യസ്ഥൻ തറയിൽ വെട്ടിയിട്ട വാഴ പോലെ വീണു. അതിശക്തമായ പ്രഹരമായിരുന്നു അത്. കാര്യസ്ഥന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി.
വീണിടത്തുനിന്നും പിടഞ്ഞെണീറ്റ കാര്യസ്ഥൻ രാമഭദ്രനോട് ഏറ്റുമുട്ടാൻ തന്നെ തയ്യാറായി. കൂട്ടിന് അവിടെ ജോലി ചെയ്ത് കൊണ്ടിരിന്ന രണ്ട് മൂന്ന് പേരും വന്നു.
എല്ലാവരോടുമായി വിരൽ ചൂണ്ടിക്കൊണ്ട് രാമഭദ്രൻ പറഞ്ഞു,
ഹേയ്… തല്ലുന്നെങ്കിൽ കട്ടക്ക് നിന്ന് തല്ലണം. ഇല്ലങ്കിൽ ഞാൻ കട്ടിലിൽ കിടത്തും. അച്ചി വന്ന് അച്ചാറ് കൂട്ടി കഞ്ഞി കോരിത്തരേണ്ടി വരുവേ എല്ലാത്തിനും…!
പറഞ്ഞുതീർന്നതും പുറകിലുള്ളവൻ രാമഭദ്രനെ ആഞ്ഞു ചവിട്ടിയതും ഒന്നിച്ചായിരുന്നു. ചവിട്ടു കൊണ്ട് അവൻ ചെന്ന് ചുമരിൻ മേൽ തെറിച്ചു വീണു. പിന്നിട് അവിടെ അടിയുടെ പൊടി പൂരമായിരുന്നു.
ബഹളം കേട്ട് മുകളിലെത്തെ റൂമിൽ നിന്നും താഴെ വന്ന വിഗ്നേശ്വരൻ മുതലാളി കാണുന്നത് തന്റെ വീട്ടുമുറ്റത്തിട്ട് കാര്യസ്ഥനേയും ജോലിക്കാരേയും തല്ലിച്ചതയ്ക്കുന്ന ഒരുവനേയാണ്.
എടാ.. നിർത്തെടാ നായിന്റെമോനെ എന്നും പറഞ്ഞ് മുതലാളി രാമഭദ്രനെ പിടിച്ചു മാറ്റി.
ഓഹോ തമ്പുരാൻ എഴുന്നെള്ളിയോ.. ഈ തിരുമുഖ ദർശനത്തിനു വേണ്ടിയുള്ള അർച്ചനയായിരുന്നു ഇവിടെ. പ്രസാദിച്ചതിൽ സന്തോഷം. അവന്റെ പരിഹാസം കേട്ട് മുതലാളിക്ക് നിയന്ത്രണം വിട്ടു.
പന്നക്കഴുവേറീടെ മോനേ.. വിഗ്നേശ്വരന്റെ ശ്രീകോവിലിനുള്ളിൽ കയറി പെരുമ്പറകൊട്ടി വിഗ്രഹത്തിൽ കൈവയ്ക്കാൻ മാത്രം പൂജ പഠിച്ചിട്ടുണ്ടോടാ നീ…?
എടാ പന്ന വിഗ്നേശ്വരാ .. പൂജ മാത്രമല്ല ആറാട്ടും കൂടെ നടത്തിയിട്ടേ ഞാൻ ഇന്നീ ഉത്സവപ്പറമ്പ് വിടൂ. നിന്റെ ഈ ചാരായ ഷാപ്പിൽ തടുക്കാൻ കെൽപ്പുള്ള എവനെങ്കിലും ഉണ്ടങ്കിൽ വിളിയെടാ.. അതല്ലങ്കിൽ ഇന്നാ നീതന്നെ പിടിച്ചോ.
രാമഭദ്രൻ മുതലാളിയെ ആഞ്ഞു തൊഴിച്ചു. ഈ സമയം കാര്യസ്ഥനും അടികൊണ്ട തൊഴിലാളികളും നിലത്ത് കിടന്ന് പിടയുകയായിരുന്നു. രാമഭദ്രനോട് പൊരുതി നിൽക്കാൻ കഴിയാത്ത മുതലാളിയെ പട്ടിയെ തല്ലുന്നതുപോലെ തല്ലുന്നത് കണ്ട് വളരെ പ്രയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ച കാര്യസ്ഥന്റെ ഇടത്തേക്കാല് ഒടിഞ്ഞ് തൂങ്ങിയിരുന്നു. അതിനാൽ ആ ശ്രമം വിഫലമായി.
ഒടുവിൽ മുതലാളി രാമഭദ്രന്റെ കാലു പിടിച്ച് കരഞ്ഞു.
നിർത്ത്. നിർത്ത്. ഇനി തല്ലരുത്. നീ ആരാ. നിനക്കെന്താണ് വേണ്ടത്…?
എവിടെയാടാ എന്റെ മകളെ വണ്ടി ഇടിപ്പിച്ചേച്ച് നീ ഒളിപ്പിച്ച ആ കഴുവേറിടെ മക്കൾ. പറയെടാ നായെ. അവൻ വിറക്കുകയായിരുന്നു.
അയ്യോ നീയാണോ രാമഭദ്രൻ…? അവര് എവിടെയാണെന്ന് എനിക്കറിയില്ല. കേട്ടിട്ടേയുള്ളൂ… കണ്ടിട്ടില്ല.
ഇപ്പം നീ കേൾക്കുകയും, കാണുകയും, അനുഭവിക്കുകയും ചെയ്തില്ലേടാ..
വീണ്ടും രണ്ട് മൂന്ന് പെട കൊടുക്കേണ്ടി വന്നു മുതലാളി സത്യം പറയാൻ.
എനിക്കിത്തിരി വെള്ളം വേണം. ഞാൻ പറയാം എന്ന് മുതലാളി പറഞ്ഞപ്പോൾ അവൻ നിർത്തി. മേശമേൽ നിന്ന് കുറച്ച് വെള്ളമെടുത്ത് കൊടുത്തു..
സത്യം പറഞ്ഞാൽ രാമഭദ്രാ നിന്റെ മകളെയായിരുന്നില്ല അവരുടെ ലക്ഷ്യം.
പിന്നെ…?
ആ DYSP യുടെ മകനെയായിരുന്നു.
എന്തിന്….?
എന്റെ മകൻ ഒളിച്ചു താമസിച്ച സ്ഥലം കാണിച്ചു കൊടുത്ത്, അവനെ അറസ്റ്റ് ചെയ്യിപ്പിച്ചത് ആ നാറിയാ.. അതിനാ അവന്റെ മകനെ….
അദേഹം അദ്ദേഹത്തിന്റെ ജോലി അല്ലേടാ ചെയ്തത് നായെ. അതിന് ആ പാവം കൊച്ചെന്ത് പിഴച്ചെടാ കഴുവേറിടെ മോനെ.? മാത്രമല്ല നിന്റെ മകൻ ചെയ്ത തെണ്ടിത്തരത്തിന് എന്റെ കൈക്ക് തീരേണ്ടതായിരുന്നു ആ ചെറ്റ. ഞങ്ങളുടെയൊക്കെചങ്കാടാ ആ മാർക്കറ്റിൽ കിടന്ന് പിടഞ്ഞത്. അറിയോടാ നായെ…
അവൻ വിഗ്നേശ്വരൻ മുതലാളിയെ ഇരു കൈകൾ കൊണ്ടും തൂക്കിയെടുത്ത് തറയിലേക്കിട്ടു കൊണ്ട് വിതുമ്പിപ്പോയി.
പെട്ടന്ന് തന്നെ നിയന്ത്രണം വീണ്ടെടുത്ത അവൻ മുതലാളിയെ വലിച്ചെടുത്ത് കസേരയിൽ ഇട്ടു കൊണ്ട് പറഞ്ഞു, അവരെവിടെ ഉണ്ടെന്ന് പറഞ്ഞാൽ നിന്നെ ഞാൻ വിടാം. ഇല്ലങ്കിൽ നിന്നെയും ഞാൻ കൊണ്ടു പോകും.
ഒടുക്കം അവന്മാർ കൊടകിലെ ഒരു കോളനിയിൽ ഉണ്ടെന്ന് അറിഞ്ഞതിനു ശേഷം മുതലാളിയെ ചുരുട്ടി ഒരു മൂലയിലെറിഞ്ഞുകൊണ്ട് അവൻ അവിടം വിട്ടു.
തുടരും….




This is one FB comment,
One thing that’s got me thinking – is this story based on real life events or entirely fictional ? Either way keep writing Congratulations I am eager to find out what happens next.
By, Indhu Ramachandran.
Lots of happiness and love, chechi ,
This encouragement gives me more and more strength to write.
ഒരു FB കമൻ്റ്റ്കൂടെ ഇവിടെ….
ഇരുപത്തിയൊന്നാം ഭാഗം വായിച്ചു തീർന്നത് അറിഞ്ഞതേയില്ല രാമഭദ്രൻ നേരത്തെ പറഞ്ഞത് പോലെ ആള് ചെറിയ പുള്ളിയോന്നുമല്ല. ആ ശക്തി ഈ ലക്കത്തിൽ കാണാം ആസ്പത്രിയിൽ നിന്ന് നേരെ വിട്ടത് വിഘ്നേശ്വരൻ മുതലാളിയുടെ മണിമാളികയിലേക്കാണ് കാര്യസ്ഥൻ്റെ കാലിന് പണി കൊടുത്തിട്ടുണ്ട് മാത്രവുമല്ല കിട്ടേണ്ടത് നല്ല രീതിയിൽ കിട്ടിയിട്ടുണ്ട് ഈ ഒച്ചപ്പാടിൽ വിഘ്നേശ്വരൻ മുതലാളി മണിമാളികയുടെ മുകളിൽ നിന്നും പുറത്തു വന്നപ്പോൾ അദ്ദേഹത്തിന് കാര്യമായിട്ട് കിട്ടേണ്ടതും കിട്ടിയിട്ടുണ്ട് പക്ഷേ കാര്യം പിന്നെയല്ലേ അറിയുന്നത് മോളെ അല്ല മകനെയാണ് ഉന്നംവെച്ചത് പക്ഷേ കൊണ്ടത് രണ്ടുപേർക്കും ആണെങ്കിലും കൂടുതൽ പരിക്ക് മോൾക്കാണ് എന്തായാലും കഥയുടെ പോക്ക് എവിടെ ചെന്ന് അവസാനിക്കും എന്ന് എനിക്കറിയില്ല ഒരു സൈഡ് കൊലപാതകം കിടക്കുന്നുണ്ട് അതിനിടയിൽ വിഘ്നേശ്വരൻ മുതലാളിയുടെ മറ്റൊരു അരങ്ങേറ്റവും എല്ലാം എവിടെ ചെന്ന് അവസാനിക്കുമോ കണ്ടറിയാം അഭിനന്ദനം രവിയെട്ടാ സമാധാനത്തിൽ എല്ലാ കഥകളും എനിക്ക് മനപ്പാഠമാണ് ആയതുകൊണ്ട് വളരെ സമാധാനത്തിൽ ഒരു സിനിമ കാണുന്ന ലാഘവത്തോടെ എനിക്ക് ഇത് വായിക്കാൻ പറ്റുകയുള്ളൂ സമയം കിട്ടി കഥ മനോഹരമായി വായിച്ചു. തീർന്നത് അറിഞ്ഞില്ല. 22-ാം ഭാഗത്തിന് കാത്തിരിക്കുന്നു. രാമഭദ്രൻ ഒരു സുപ്പർ താരമായി മാറുന്നു. കിടിലം.
By , കെ കെ കോട്ടിക്കുളം’
എല്ലാ കഥകളും വളരെ ആസ്വദിച്ച് വായിക്കുകയും കൃത്യമായ വിലയിരുത്തലുകളും, പ്രോത്സാഹനങ്ങളും തരുന്ന കെ. കെ യ്ക്ക് ഒരായിരം നന്ദിയും സ്നേഹവും. താങ്കളെ പ്പോലുള്ളവർ കഥയെ മനസ്സിരുത്തി വായിക്കുകയും അതിലെ കഥാപാത്രങ്ങളുടെ കൂടെ നടക്കുകയും ചെയ്യുമ്പോഴാണ് ആ കഥയ്ക്ക് യഥാർത്ഥത്തിൽ ജീവൻ വയ്ക്കുന്നത്. കഥാകൃത്തിന് വീണ്ടും എഴുതാനുള്ള കരുത്ത് കിട്ടുന്നത്.
സ്നേഹം. സ്നേഹം. സ്നേഹം💖🤝