അപ്പാ…. എണീക്ക്….എണീക്ക്…..
എനിക്ക്… വെള്ളക്കുട മേടിച്ചു താ…..
പോന്നോണപ്പുലരിയിൽ സുഖനിദ്രയിലായിരുന്ന എന്നെ 4 വയസ്സുകാരൻ മകൻ സ്റ്റെഫാൻ വിളിച്ചെഴുന്നേൽപ്പിച്ചു.
ഒച്ച സഹിക്കാനാവാതെ എഴുന്നേറ്റു. കണ്ണ് തിരുമ്മി…. വെള്ളക്കുടയോ? അതെന്ത് കുട?
ദേ പുറത്ത് ഒരു അങ്കിൾ വെള്ളക്കുട കൊണ്ട് വന്നിട്ടുണ്ട്…..
രാവിലെ തന്നെ വല്ല കുടവിൽപ്പനക്കാരും വന്നോ?…..നോക്കിയപ്പോൾ…
പുറത്ത് ഓലക്കുടയും ചൂടി സാക്ഷാൽ മഹാബലി…. ഇനി വല്ല സ്വർണക്കടയുടെയും പരസ്യമാണോ?
എന്തായാലും കുടവയർ ചാടി കട്ടി മീശയുള്ള മാവേലിയെ കാണാൻ നല്ല രസമുണ്ട്…
നോം മഹാബലി… ഇത് എന്റെ തിരിച്ചറിയൽ കാർഡ്….ഇന്ന് എനിക്ക് നിങ്ങളോടൊപ്പം ഓണം ആഘോഷിക്കണം…
ഞാൻ തിരിച്ചറിയൽ കാർഡ് വാങ്ങി വിശദമായി പരിശോധിച്ചു…..
മഹാബലി, പാതാളം…..പാതാളത്തിന്റ ഓഫീസ് സീലും ഉണ്ട്… സംശയിക്കേണ്ട… ഒന്നാന്തരം 916 മാവേലി തന്നെ…
ഞങ്ങൾ മഹാബലിയെ അകത്തേക്ക് ആനയിച്ചു.
ഞങ്ങളുടെ വീട്ടിൽ മാവേലി വന്നേ….സ്റ്റെഫാൻ സന്തോഷത്തോടെ തുള്ളിച്ചാടി…
മാവേലിയെ കണ്ട് പ്രിയതമയും രണ്ട് വയസ്സുകാരി സെറാഫിനും അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു…
സെറാഫിന് മാവേലിയുടെ കുടവയർ കണ്ടിട്ട് ചിരിയടക്കാനായില്ല….
അവൾ മാവേലിയുടെ മടിയിൽ കയറിയിരുന്നു കുടവയറിൽ ഇടിക്കാൻ തുടങ്ങി… മാവേലി കുലുങ്ങി ചിരിച്ചു.. ഈ പിള്ളേരുടെ ഒരു കാര്യം….. അദ്ദേഹം പറഞ്ഞു….
തമ്പുരാന് അറിയാഞ്ഞിട്ടാണ്… രണ്ടും ഭയങ്കര കുസൃതി ആണ്… എത്ര വഴക്ക് പറഞ്ഞിട്ടും കാര്യമില്ല…. പ്രിയതമ പറഞ്ഞു…
മാവേലി തമ്പുരാൻ ഉച്ചത്തിൽ ചിരിച്ചു… എന്നിട്ട് പറഞ്ഞു…..
“കുട്ടികൾ ഈ പ്രായത്തിൽ കുസൃതി കാണിക്കുന്നത് അവരുടെ ബുദ്ധി വികസിക്കുന്നതിന്റെ ഭാഗമായിട്ടാണ്… അതിന് നമ്മൾ വഴക്ക് പറയേണ്ട കാര്യമില്ല….ഇനി പിള്ളേരെ വഴക്ക് പറയരുത്…. കേട്ടോ?”
“ശരി തമ്പുരാനെ….ഇനി ശ്രദ്ധിച്ചോളാം…” ഞാൻ പറഞ്ഞു.
അപ്പാ…. അപ്പാ…. പുറത്ത് നിന്ന് സ്റ്റെഫാൻറെ ഉച്ചത്തിലുള്ള വിളി കേട്ടു… എന്താണാവോ… ഓടി ചെന്നപ്പോൾ മാവേലിയുടെ ഓലക്കുട കമഴ്ത്തി വെച്ച് അതിലേക്ക് രണ്ട് സന്തതികളും ചേർന്ന് കല്ലും മണ്ണും ചുള്ളിക്കമ്പും ഒക്കെ വാരി ഇടുന്നു….
ആയ്യോ… മാവേലിയുടെ കുട നശിപ്പിക്കല്ലേ… ഞാൻ തലയിൽ കൈ വെച്ചു….
കുട എന്ന് കേട്ടതും മാവേലി തമ്പുരാൻ ഓടിയെത്തി……
ഈ കുരുത്തം കെട്ട പിള്ളേർ എന്റെ കുട നശിപ്പിക്കും…. മാവേലി കോപം കൊണ്ട് വിറച്ചു….എനിക്ക് ആകെയുള്ള ഒരു കുടയാണ്…എടോ…. പിള്ളേരെ തല്ലി വളർത്തണം… അല്ലെങ്കിൽ ഇതുപോലൊക്കെ കാണിക്കും….മാവേലി ഒച്ച വെച്ചുകൊണ്ട് കുടയിലെ മണ്ണും കല്ലും കൊട്ടി കളഞ്ഞു…
“അത് പിന്നെ…….. പിള്ളേരുടെ ബുദ്ധി വികസിക്കാൻ…… “ഞാൻ തല ചൊറിഞ്ഞു….
താൻ പോടോ… ഇതുങ്ങൾക്ക് ബുദ്ധി കൂടിയതിന്റെ കുഴപ്പമാണ്…..മാവേലിക്ക് കോപം അടക്കാനാകുന്നില്ല..
ഒരു വിധത്തിൽ മാവേലിയെ സമാധാനിപ്പിച്ച് പിള്ളേരെയും അകത്തു കയറ്റി വാതിൽ അടച്ചു…..
ടീവിയിൽ നല്ല ഓണപ്പാട്ടുകൾ വെച്ചു… കുട്ടികളോടൊപ്പം കളിച്ചു…..മാവേലി തമ്പുരാൻ ഹാപ്പി ആയി…
സൊമാറ്റോയിൽ നല്ലൊരു ഓണസദ്യ ഓർഡർ ചെയ്ത് എല്ലാവരും ചേർന്ന് കഴിച്ചു..പായസവും കുടിച്ചു തൃപ്തനായ മഹാബലി ഒന്ന് വിശ്രമിച്ച ശേഷം പോകാൻ ഇറങ്ങി…..
കുട്ടികളെ ചേർത്തു പിടിച്ചു കുറെ ഉമ്മയും നിറയെ സമ്മാനങ്ങളും നൽകി തന്റെ ഒലക്കുടയുമെടുത്തു അദ്ദേഹം നടന്ന് നീങ്ങി….




ആശംസകൾ
കൊള്ളാം നന്നായിട്ടുണ്ട് കുട്ടികളുടെ വികൃതികൾ😀✍️ വിജയാശംസകൾ മാഷേ🌹🌹
താങ്ക്സ് 😍
ആശംസകൾ