ഗേറ്റിലേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. കടന്ന് പോകുന്ന ഇരുചക്ര വാഹനങ്ങളിലേക്കും ഓട്ടോ റിക്ഷകളിലേക്കും ആകാംഷയോടെ നോക്കി. സദ്യയുമായി വരുന്ന കാറ്ററിംഗ്ക്കാരല്ലെ….
പന്ത്രണ്ട് മണിക്ക് എത്തിക്കാം എന്ന് ഉറപ്പ് പറഞ്ഞവരാണ്. മണി ഒന്നര കഴിഞ്ഞു. പ്രാതലിന് പഴയ ആചാരപ്രകാരം പഴംനുറുക്കും പപ്പടം കാച്ചിയതും ആയിരുന്നു. ഇടക്കെപ്പോഴോ കായ വറുത്തതും കൊറിച്ചു.
മക്കൾ വീഡിയോയിലൂടെ ഓണാംശംസകൾ നേർന്നു. അവർക്കൊക്കെ ഓണം വരാൻ പോകുന്ന ഞായറാഴ്ചകളിൽ ആണ്. മാവേലി തമ്പുരാൻ ഇവിടത്തെ തിരക്കൊഴിഞ്ഞു വേണമല്ലോ വിദേശങ്ങളിൽ എത്തി ചേരാൻ….
അപ്പോഴേക്കും ഓണം തണുക്കുന്നത് പോലെ ഓണ സദ്യയും ഫ്രോസണാണ്.
അപ്പോഴാണ് ഒരാൾ ഗേറ്റ് തുറന്ന് കടന്ന് വന്നത്. നല്ല കസ്സവ് മുണ്ടും കസ്സവ് ഷാളും……ഏതെങ്കിലും കസ്സവ് കടയിൽ നിന്നും ഇറങ്ങി വരുന്ന മോഡലാണോ ?
ആരാ… മനസ്സിലായില്ല…
വന്നയാൾ മീശ വിടർത്തി ചിരിച്ചു…. നാമാണ് മാവേലി തമ്പുരാൻ…
കണ്ടിട്ടങ്കിട് തോന്നിണില്ലല്ലോ….വേഷവിധാനം….ശരീര പ്രകൃതി….ഒന്നും ഒട്ടും ശരിയല്ല…
വേഷ വിധാനവും ശരീര പ്രകൃതവും ഒക്കെ, നിങ്ങൾ സങ്കല്പിച്ചെടുത്തതല്ലേ…
ഞാൻ അയാളെ ഒന്നർത്ഥം വെച്ച് നോക്കി…
അയാൾ ലാഘവത്തോടെ പറഞ്ഞു…. നിങ്ങളുടെ വോട്ടർ പട്ടിക സാങ്കൽപ്പികമാണെന്ന് പറയുന്നില്ലേ… കണികണ്ടുണരുന്ന നന്മ ശരിക്കും നന്മയാണോ….നിങ്ങളുടെ റോഡുകൾ ശരിക്കും റോഡാണോ….. മുറ്റത്ത് ചാണകം മെഴുകി, പറമ്പിലേയും പാട വരമ്പിലേയും, വേലി പടർപ്പിലെയും പൂക്കൾ പറിച്ചെടുത്ത പൂക്കളം ഇന്ന് വെറും സങ്കല്പം മാത്രമല്ലെ…..
ഞാൻ പറഞ്ഞു….സത്യം…കയറി ഇരിക്കു…. എന്തായാലും സദ്യ വരാൻ കാത്തിരിക്കുകയാണ്…. ഇവിടെ ഞാനും ശ്രീമതിയും മാത്രമേയുള്ളൂ…
അയാൾ ചിരിച്ചു….. പണ്ട് നിങ്ങളുടെ തറവാട്ടിൽ മുത്തച്ഛൻ ഉണ്ടായിരുന്ന കാലത്ത്, സദ്യക്ക് ഒരു നൂറു പേരെങ്കിലും ഉണ്ടായിരുന്നു…ബന്ധുക്കളായും, നാട്ടുകാരായും….. ഇല മടക്കിയാലും പായസ്സം വിളമ്പണം എന്ന് മുത്തച്ഛന് ശാഠ്യവുമുണ്ടായിരുന്നു…
ഉവ്വ്… കേട്ടിട്ടുണ്ട്…
നിങ്ങളിപ്പോൾ പായസ്സം വിളമ്പുന്നതിന് മുമ്പെ ഇല മടക്കുന്നവരല്ലെ….
ശരിയാണ്…. ഇത്തിരി കഴിച്ചൂന്ന് സങ്കൽപ്പിക്കുന്നു….
ഇപ്പൊ….ഒന്ന് വിശ്വസിക്കാമോ ഞാൻ മാവേലി തമ്പുരാനാണ് എന്ന്…
വിശ്വസിക്കാം…. എന്നാലും തമ്പുരാൻ എന്നതൊന്ന് ഒഴിവാക്കിക്കോളു…
എന്തെ…. അത്ര മോശം വാക്കണോ….
മോശം വാക്കുകൾ ചേർത്ത് പാട്ടൊക്കെ ഇറങ്ങിയിട്ടുണ്ട്… അതോണ്ടാ…
നാട് ഭരിച്ചിരുന്ന എന്നെ പാതാളത്തിൽ ചവുട്ടി താഴ്ത്തി….നാം അറിഞ്ഞു കൊണ്ട് തന്നെ തല വെച്ച് കൊടുത്തതാണ്…. അതിലും വലുത് വല്ലതുമുണ്ടോ…
ഇത്രയും പറഞ്ഞ സ്ഥിതിക്ക് രണ്ട് പഴം നുറുക്കും പപ്പടവും തരട്ടെ….
ആയിക്കോട്ടെ…
ശ്രീമതി….ശ്രീമതി എന്ന് വിളിക്കുന്നതിന് മുമ്പ് ശ്രീമതി തന്നെ തട്ടി വിളിക്കുന്നു…
എന്തൊരു ഉറക്കാ…. ഇതാ ഇപ്പൊ സദ്യ വന്നു…
അയാൾ മുന്നിലിരിക്കുന്ന കസ്സേരയിലേക്ക് നോക്കി…..ആരുമില്ല…. ക്ലോക്കിലേക്ക് നോക്കി…. സമയം നാല് മണി…
നിവർത്തിയാലും ചുരുളുന്ന ഇലയിലേക്ക് ചെറിയ കപ്പുകളിൽ നിന്നും തോണ്ടി തോണ്ടി കഷ്ടപ്പെട്ട് വിഭവങ്ങൾ വിളമ്പുമ്പോൾ ശ്രീമതി പിറുപിറുത്തു…. ഒക്കെ പറ്റിക്കലായിരിക്കുണു….മുപ്പത് വിഭവങ്ങൾ എന്ന് പറഞ്ഞിട്ട്, ഒക്കെ പേരിനെ ഉള്ളു…. അടുത്ത തവണ വേറെ കാറ്ററിങ് നോക്കണം…
ശ്രീമതി…. പറ്റിക്കൽ എന്ന വാക്ക് വേണ്ടാ…. എല്ലാം ഒരു സങ്കല്പം… അത്ര മതി…
അല്ല…. ഇടക്ക് വിശന്നപ്പോ, പപ്പടോം പഴം നുറുക്കും എടുത്ത് കഴിച്ചിരുന്നോ….
ഞാനോ …. ഏയ്…. പിന്നെ ആശ്ചര്യത്തോടെ ശ്രീമതിയെ നോക്കി ചോദിച്ചു… അപ്പൊ, ശരിക്കും മാവേലി ഇവിടെ വന്നൂ…ല്ലേ….
ശ്രീമതിയുടെ തുറിച്ച കണ്ണുകൾ ഒന്ന് കൂടെ തുറിച്ചു…




Very good story
നല്ല സങ്കൽപ്പം. കാലഘട്ടത്തെ നർമ്മത്തിൽ പൊതിഞ്ഞ് ആവിഷ്ക്കരിച്ചിരിക്കുന്നു. ആശംസകൾ
Good story നന്നായി ഇഷ്ട്ടപ്പെട്ടു ഈ കാലത്ത് വയസ്സായവർ അനുഭവിക്കുന്ന കഥ. വിദേശത്തുള്ള മക്കൾക്ക് വരാൻ പറ്റുന്നില്ല ഭാര്യക്ക് പ്രായം ആയതുകൊണ്ട് സദ്യ ഉണ്ടാക്കാനും വയ്യ കാറ്ററിംഗ് കാരാണെങ്കിൽ അവർക്ക് തിരക്ക്