Monday, February 2, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പതാം ഭാഗം) ' സുഗതകുമാരി' ✍ അവതരണം: പ്രഭ ദിനേഷ്

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പതാം ഭാഗം) ‘ സുഗതകുമാരി’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലെ നാല്പതാമത്തെ ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

“എനിക്കു പണ്ടേ പ്രിയം നിങ്ങളെ, സ്വപ്നങ്ങളെ!
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെൻ കളിത്തോഴർ
ഏതിരുട്ടിലും നമ്മളൊന്നിച്ചുവാണു
നിങ്ങളേതഴലിലും വന്നെൻ കണ്ണുനീരൊപ്പിത്തന്നു”

ഹൃദയാക്ഷരങ്ങൾ കൊണ്ട് മഹാകവിയായി മാറിയ സുഗതകുമാരി ടീച്ചറാണ് ഇന്നത്തെ നക്ഷത്രപൂവ്!

സുഗതകുമാരി ടീച്ചറെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും എനിക്കേറെയിഷ്ടമുള്ള കവയിത്രിയായ ടീച്ചറമ്മയെ ഒഴിവാക്കി ഈ പംക്തി,എഴുതാനാവില്ല എനിക്ക് എന്നതാണ് സത്യം🙏❤️

സുഗതകുമാരി  (22/01/1934 – 23/12/2020)

മലയാളത്തിലെ പ്രശസ്തകവിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി,
കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ശ്രീ. ബോധേശ്വരൻ്റേയും പ്രൊഫ.വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി ഇരുപത്തിരണ്ടാം തീയതിയാണ് ജനിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്ക്കൂൾ, വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കവിതാവാസന പൈതൃകമായിത്തന്നെ ലഭിച്ചിട്ടുണ്ട്. കോളേജ് അദ്ധ്യാപികയായിരുന്ന പ്രൊഫ. ഹൃദയകുമാരി സഹോദരിയാണ്. ജയജയ കോമള ധരണി എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം സുഗതകുമാരിയുടെ പിതാവായ കവി ബോധേശ്വരൻ അവർകൾ രചിച്ചതാണ്.

ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ തീഷ്ണത അനുഭവിച്ചു കൊണ്ടു വളർന്ന സുഗതകുമാരിയ്ക്കും ആ ദേശീയ ബോധവും ആദർശവിശുദ്ധിയും ഉണ്ടായി. യൂണിവേഴ്സിറ്റി കോളേജിലെ മാഗസിനിലായിരുന്നു ആദ്യമായി കവിത പ്രസിദ്ധീകരിച്ചത്. പക്ഷേ അത് സ്വന്തം പേരിലായിരുന്നില്ല. ‘ശ്രീകുമാർ’ എന്ന പേരിൽ ‘വിശ്വവേദിയിൽ’ എന്ന കവിത തിരുവനന്തപുരത്തുവച്ചു നടന്ന സമസ്ത കേരള സാഹിത്യ പരീക്ഷണത്തോടനുബന്ധിച്ചു നടത്തിയ കവിതാരചനാ മത്സരത്തിൽ അയച്ചു കൊടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. പിന്നീടാണ് സുഗതകുമാരി എന്ന പേരിൽ മാതൃഭൂമിയിലും മറ്റും കവിതകൾ എഴുതാൻ തുടങ്ങിയത്.

വിഫലമോഹങ്ങളും കാല്പനിക വിഷാദങ്ങളും സരളശൈലിയിൽ പകർന്നു തരുന്ന കവയിത്രിയാണ് സുഗതകുമാരി. അവഹേളിക്കപ്പെടുന്ന, സ്ത്രീത്വത്തിനും, വനനശീകരണത്തിനും അപമാനവീകരണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ് അവർ. പ്രഥമകൃതിയായ ‘മുത്തുച്ചിപ്പി’ കൊണ്ടു തന്നെ സഹൃദയ ഹൃദയങ്ങളിൽ ഇടം നേടാൻ അവർക്കു കഴിഞ്ഞു.

ബാലാമണിയമ്മയ്ക്കു ശേഷം മലയാള സാഹിത്യത്തിൽ ശക്തമായ സ്ത്രീ സാന്നിധ്യമായിത്തീർന്ന സുഗതകുമാരി സ്ത്രീത്വത്തിനു നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തിയുക്തം എതിർക്കുകയും ചെയ്യുന്ന കവയിത്രി കൂടിയാണ്. കേരള വനിത കമ്മീഷൻ്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. നമ്മുടെ മണ്ണും വായുവും ജലവും മലിനമാക്കുന്നതിനെതിരെ എന്നും ശക്തമായി പ്രതികരിച്ചിരുന്നു. പ്രകൃതിയെ നശിപ്പിച്ച് സമ്പത്തു നേടുവാനുള്ള മനുഷ്യൻ്റെ ആദമ്യമായ അത്യാഗ്രഹത്തെ നിരന്തരം എതിർത്തുകൊണ്ടിരിക്കും. സമൂഹത്തിലെ നിസ്സഹായരുടെയും ആലംബഹീനരുടെയും ജീവിതം പല കവിതകൾക്കും വിഷയമാക്കിയിട്ടുണ്ട്.

മനസ്സിനെ ശുദ്ധീകരിക്കുന്ന ലളിതസ്വഭാവമുള്ള ഭാവനയിൽ നിന്നാണ് സുഗതകുമാരിയുടെ കവിതകൾ ഉണ്ടായിട്ടുള്ളത്. ദാർശനികതയും പ്രപഞ്ചത്തിലേക്കു മടങ്ങി പ്രകൃതി നിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള വ്യഗ്രതയും ആ കവിതകളിൽ കാണാം. അതോടൊപ്പം വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന പൗരാണിക സംസ്ക്കാരത്തെ പരിരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും അവയിൽ കണ്ടെത്തുവാൻ കഴിയും. മാതൃത്വത്തിൻ്റെയും,സ്ത്രീത്വത്തിൻ്റെയും യഥാർത്ഥ ചിത്രം വരച്ചുകാണിക്കുന്നവയാണ് പല കവിതകളും. നിഷ്ക്കളങ്കമായ സ്നേഹത്തിൻ്റെ മാറ്റൊലികൾ അവയിൽ കേൾക്കുവാൻ കഴിയും.

അമ്പലമണി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുൾച്ചിറകുകൾ, രാത്രിമഴ,കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ, കൃഷ്ണകവിതകൾ, തുലാവർഷപ്പച്ച, സ്വപ്നഭൂമി എന്നിവയാണ് സുഗതകുമാരിയുടെ പ്രധാന കൃതികൾ.

മുത്തിച്ചിപ്പിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, അമ്പലമണി ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2012 ലെ സരസ്വതി സമ്മാൻ അവാർഡ്, 2014 ലെ മാതൃഭൂമി ലിറ്റിറ റി അവാർഡ്, കൂടാതെ ഇൻഡ്യാ ഗവൺമെൻ്റ് ഏർപ്പെടുത്തിയ ആദ്യത്തെ വൃക്ഷമിത്ര അവാർഡ് ഉൾപ്പെടെ ധാരാളം അവാർഡുകൾ അവരെ തേടിയെത്തിയിട്ടുണ്ട്!

പാരിസ്ഥിതിക കവിതകളിൽ പ്രധാനപ്പെട്ട ഒന്നാണ് തെസ് നദിയോട് എന്ന കവിത. അതിൽ കാളിന്ദി നദിയെ സ്മരിക്കുന്നത്.

‘കണ്ണൻ്റെയോമൽ യമുന വീണ്ടും വിഷ-
ഖിന്നയാം കാളിന്ദിയായുഴലുന്നിതേ സഹ്യ-
കന്യകൾവൻവിഷം തീണ്ടി മരിപ്പിതേ….
എന്നാണ്.

‘മുത്തുച്ചിപ്പി’ എന്ന കവിതാ സമാഹാരത്തിലെ ‘കാളിയമർദ്ദനം’ വളരെ മനോഹരമായ ഒരു കവിതയാണ്. പുരാണകഥയെ വ്യത്യസ്തമായ ഭാവത്തിലാണ് കവയിത്രി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ കാളിയൻ അഹംങ്കാരിയായ മനുഷ്യനാണ്. ഈ അഹംങ്കാരം മാറ്റുവാനുള്ള ആത്മശുദ്ധീകരണത്തിനാവശ്യമായ പീഡനകൾ ഏറ്റുവാങ്ങുവാനും അതിലൂടെ ആത്മസംതൃപ്തി നേടുവാനും തയ്യാറായി നില്ക്കുന്ന മനുഷ്യ മനസ്സിൻ്റെ പ്രതീകമാണ് ഇവിടെ കാളിയൻ.

‘മദാന്ധകാരം മാറിലാ മിഴി- തുറന്നു പൂർണ്ണത കണ്ടീലാ, അറിഞ്ഞു ഞാനെന്നുള്ളോരീ വെറു-
മഹന്ത കണ്ണാ മാഞ്ഞില,
നിറുത്തിടൊല്ലേ നിൻ നൃത്തം
നിൻ കഴൽ മതിയാവോളമണിഞ്ഞെൻ സങ്കടമെല്ലാം മറവോളം
കുനിക്കുകില്ലിപ്പത്തികൾ കണ്ണാ,’

സ്ത്രീപീഡനങ്ങൾക്കെതിരെ
പ്രതികരിക്കുവാനുംസ്ത്രീകൾക്ക് അഭയം നല്കുവാനുമായി ‘അഭയ’ എന്ന പേരിൽ ഒരു സ്ഥാപനം നടത്തിയിരുന്നു. തിരുവനന്തപുരം ജവഹർ ബാലഭവൻ്റെ പ്രിൻസിപ്പിൽ സ്ഥാനവും കുട്ടികൾക്കുള്ള
തളിർ എന്ന മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.

23/12/2020 ൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ വിടവാങ്ങി🙏🌹

അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕

പ്രഭ ദിനേഷ്✍

RELATED ARTICLES

1 COMMENT

Leave a Reply to PRABHA DINESH Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com