” മാഷേ, മാഷ്… ഇന്നലെ പത്രിത്തിൽ വന്ന വാർത്തയും ചിത്രവും ശ്രദ്ധിച്ചായിരുന്നോ ?”
“ഞാൻ എല്ലാ ദിവസത്തേയും പത്രവാർത്തയും അതിനൊപ്പം ഉണ്ടാകാറുള്ള ചിത്രങ്ങളും ശ്രദ്ധിക്കാറുണ്ട്. പക്ഷെ, അത്ര പ്രധാനപ്പെട്ട വാർത്തകളാണെങ്കിൽ മാത്രമെ മഴുവനും വായിച്ചു നോക്കാറുള്ളു.”
“ഈ വാർത്ത മാഷ് എന്തായാലും വായിച്ചിട്ടുണ്ടാവും.?”
“മിക്കവാറും ഉണ്ടാവും. താൻ വാർത്ത എന്തായിരുന്നെന്ന് പറ.”
“അനധികൃത കുടിയേറ്റക്കാരെന്ന പേരിൽ അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കൈകളിലും കാലുകളിലും ചങ്ങലയിട്ടിരിക്കുന്നതിൻ്റെ ചിത്രം മാഷ് കണ്ടില്ലായിരുന്നോ ? ഇന്നലത്തെ പ്രധാനവാർത്ത അതായിരുന്നല്ലോ.”
“ഓ…അതോ, ആ വാർത്ത ഞാൻ വായിച്ചായിരുന്നു. ”
“അതെന്താ മാഷേ, അത്ര നിസാരമായ വാർത്തയായിരുന്നോ അത് ?”
“ഏയ് , ഞാനതിനെ നിസാരവത്ക്കരിച്ചതല്ല ലേഖേ.”
“പിന്നെന്താ മാഷേ, ഈ നാട് കടത്തപ്പെട്ട പാവങ്ങൾ ഭീകരന്മാരൊന്നുമല്ലല്ലോ, ഇങ്ങനെയൊക്കെ ചെയ്യാൻ ?”
” ‘മാനുഷിക പരിഗണന നൽകണ്ടേ ?’ എന്നല്ലെ താൻ ചോദിച്ചുവരുന്നത് ?
”
“ങ്ങ്ഹാ അതെ, എന്താ… എൻ്റെ ചോദ്യം ശരിയല്ലെ മാഷേ ?”
“തൻ്റെ ആശങ്കനിറഞ്ഞ ചോദ്യം പ്രസക്തണ്. ഇത് നമ്മുടെ നാട്ടിലാണ് സംഭവിച്ചതെങ്കിൽ അവർക്ക് എല്ലാവിധ പരിഗണനകളും ആതിഥ്യമര്യാധകളും ലഭിക്കുമായിരുന്നിരിക്കാം. പക്ഷെ, പല രാജ്യങ്ങളിലെയും നിയമങ്ങൾ വ്യത്യസ്തമല്ലേ..? അത് നടപ്പാക്കുന്ന രീതിയും. ”
“എന്നാലും മാഷേ, നല്ല സൗഹൃദത്തിലുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രകാര്യങ്ങളും സൗഹൃദപരമാവണ്ടേ ? ആയുധക്കച്ചോടത്തിൽ മാത്രം സൗഹൃദം ഉണ്ടായാൽ മതിയോ ? മനുഷ്യരുടെ കാര്യത്തിലും അത് കാണിക്കണ്ടെ ?”
” അതും ശരിയാണ്. അല്ലേലും മൃഗങ്ങൾക്ക് കിട്ടുന്ന പരിഗണപോലും ചില സമയങ്ങളിൽ മനുഷ്യർക്ക് കിട്ടാറില്ല. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് പുതിയൊരു തുടക്കം സ്വപ്നം കണ്ട് ഒട്ടേറെ ത്യാഗങ്ങളും പരീക്ഷണങ്ങളും അതിജിവിച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന അഭയാർത്ഥികൾക്ക് ‘എങ്ങനെയെങ്കിലും രക്ഷപെടണം’ എന്ന ഒരൊറ്റ ചിന്തമാത്രമാണ് ഉണ്ടാവുക. അതിൽ പലരും പരാജയപ്പെട്ട് അതിർത്തി സംരക്ഷണസേനയുടെ പിടിയിലുമാകുന്നു. അങ്ങനെ പിടിക്കപ്പെട്ട അഭയാർത്ഥികളേയും മതിയായ രേഖകൾ കൈവശം സൂക്ഷിക്കാതെ താമസിച്ചിരുന്ന കുടിയേറ്റക്കാരെയുമാണ് അമേരിക്കയിപ്പോൾ നാട് കടത്തിയിരിക്കുന്നത്. ”
” കാര്യമൊക്കെ ശരി തന്നെ, എന്നാലും അവർ അടിമകളും തീവ്രവാദികളുമൊന്നുമല്ലല്ലോ മാഷേ ?”
“ഭരണം മാറുമ്പോൾ ഭരണപരിഷ്ക്കാരങ്ങളും നിയമങ്ങളും മാറും. മനുഷ്യനെ ഭരിക്കുന്ന മനുഷ്യൻ്റെ ഭരണപരിഷ്ക്കാരങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അനുഭവിക്കേണ്ടതും മനുഷ്യർ തന്നെയാണ്.
അന്നും ഇന്നും ഇനി എന്നും”