Friday, December 5, 2025
Homeഅമേരിക്കകുട്ടീസ് കോർണർ (എൺപത്തിയാറാം വാരം) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

കുട്ടീസ് കോർണർ (എൺപത്തിയാറാം വാരം) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ചിത്ര ശലഭം (16)

വിന്ധ്യൻ കാട്ടുതുള്ളൻ

തെക്കേ ഇന്ത്യയിലേയും മധ്യേന്ത്യയിലേയും ഒരു തനത് (endemic) ശലഭമാണ് വിന്ധ്യൻ കാട്ടുതുള്ളൻ (വിന്ധ്യ ശലഭം) (Vindhyan Bob).ലോകത്ത് മറ്റൊരിടത്തും ഇതിനെ കാണാൻ കഴിയില്ല. കേരളത്തിൽ ഈ ശലഭം വിരളമാണ്. കൊടുങ്കാടിനോട് ചേർന്നു കിടക്കുന്ന പുൽമേടുകളിലാണ് ഇവയുടെ പ്രധാന കേന്ദ്രം. വേഗത്തിൽ പറക്കും, പക്ഷെ വളരെ ഉയരത്തിൽ പറക്കാറില്ല. പക്ഷിക്കാട്ടത്തിൽ നിന്നും തണ്ണീർ തടങ്ങളുടെ ഓരങ്ങളിൽ നിന്നും പോഷകങ്ങൾ വലിച്ചെടുക്കാറുണ്ട്.

ആൺ ശലഭത്തിന്റെ ചിറകിന്റെ പുറത്തിന് ഇരുണ്ട തവിട്ട് നിറമാണ്. മുൻചിറകിന്റെ പുറത്ത് മേൽവശത്തായി ഒരു ചെറിയ മഞ്ഞപ്പൊട്ട് കാണാം. ഇത് അർധതാര്യമാണ്. ഇതിന് താഴെയായി മൂന്ന് ചെറിയ പുള്ളികളുമുണ്ട്. ചിറകിന്റെ അടിവശത്തിന് മങ്ങിയ തവിട്ട് നിറമോ ചെമ്പിന്റെ നിറമോ ആണ്. പിൻ ചിറകിന്റെ അടിയിലെ പുള്ളികൾ വ്യക്തമല്ല. മുൻചിറകിന്റെ അടിവശത്തിന് ചുവപ്പ് കലർന്ന മഞ്ഞ നിറമാണ്. മങ്ങിയ പുള്ളികളും കാണാം. വേനലിൽ പിൻചിറകിന്റെ അടി വശത്ത് ഇരുണ്ട പട്ട കാണാം. പെൺ ശലഭത്തിന്റെ മുൻചിറകിന്റെ അടിയിൽ കാണുന്ന രോമങ്ങൾ ആൺ ശലഭത്തിന്റെ ചിറകിനടിയിൽ കാണാറില്ല. കർണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി-മേയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

📗📗

👫B) വാക്യത്തിലെ പകരക്കാരൻ

കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ

മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. 😍

1) കുമാരന്റെ അവസ്ഥ –

കൗമാരം

2) യുവാവിന്റെ അവസ്ഥ –

യൗവനം

3) വർഷം തോറും –

വാർഷികം

4) വികാരത്തെ പറ്റിയുള്ളത് –

വൈകാരികം

5) തുടക്കം മുതൽ ഒടുക്കം വരെ –

ആദ്യവസാനം

6) ദിവസത്തിന്റെ അവസാനം –

ദിനാന്ത്യം

7) വാക്ക് സാമർഥ്യമുള്ളൻ –

വാഗ്മി

8) തർക്കിക്കാൻ സാമർഥ്യമുള്ളവൻ –

താർക്കികൻ

9) തെറ്റു ചെയ്യാത്തവൻ-

 നിരപരാധി

10) പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുന്നവൻ –

യാഥാസ്ഥിതികൻ

📗📗

👫C) ഹോജ (മുല്ല) നസ്രുദീന്റെ തമാശ (19)

നസ്രുദീന്റെ പ്രസംഗം

നസ്രുദീനെ ഒന്നു കളിയാക്കണമെന്ന് നാട്ടിൽ ചിലർക്കു തോന്നി. പള്ളിയിൽ ഒരു പ്രസംഗം നടത്താൻ അവർ ചെന്ന് മുല്ലായെ വിളിച്ചു. മുല്ലാ സമ്മതിച്ചു.
നസ്രുദീൻ പ്രസംഗപീഠത്തിൽ കയറിനിന്ന് ഇങ്ങനെ തുടങ്ങി:
‘സഹോദരന്മാരേ, ഞാൻ എന്തിനെക്കുറിച്ചാണു സംസാരിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?’
‘ഇല്ല!’ എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചുകൂവി.
‘അപ്പോൾപ്പിന്നെ ഞാനെന്തു ചെയ്യാൻ? ഒന്നുമറിയാത്തവരോട്‌ എന്തിനെക്കുറിച്ചാണു പറഞ്ഞുതുടങ്ങുക!’ തന്റെ സമയം നഷ്ടപ്പെടുത്തിയ അജ്ഞാനികൾക്കുമേൽ തന്റെ അവജ്ഞ പ്രകടമാക്കിക്കൊണ്ട്‌ മുല്ലാ പ്രസംഗവേദിയിൽ നിന്നിറങ്ങി നേരേ വീട്ടിലേക്കു പോയി.
നാട്ടുകാർ പക്ഷേ വിട്ടില്ല. ഒരു സംഘം വീണ്ടും മുല്ലായെ ചെന്നുകണ്ടു. അടുത്ത വെള്ളിയാഴ്ച ഒന്നുകൂടി പ്രസംഗിക്കാൻ വരണമെന്ന് അവർ അപേക്ഷിച്ചു.
നസ്രുദീൻ പ്രസംഗം തുടങ്ങിയത്‌ തന്റെ പഴയ ചോദ്യം ആവർത്തിച്ചുകൊണ്ടാണ്‌.
ഇത്തവണ എല്ലാവരുടെയും ഉത്തരം ഇതായിരുന്നു:
‘ഉവ്വുവ്വ്‌, ഞങ്ങൾക്കെല്ലാം അറിയാം!’
‘അങ്ങനെയാണെങ്കിൽപ്പിന്നെ ഞാൻ നിങ്ങളെ ഇവിടെപ്പിടിച്ചിരുത്തുന്നതെന്തിനാണ്‌?’ മുല്ലാ പറഞ്ഞു. ‘എല്ലാവരും വീട്ടിൽപ്പൊയ്ക്കോ!’
ഒരുതവണ കൂടി പ്രസംഗിക്കണമെന്ന നാട്ടുകാരുടെ അപേക്ഷ മാനിച്ച്‌ മുല്ലാ അടുത്ത വെള്ളിയാഴ്ചയും പ്രസംഗിക്കാൻ കയറി.
‘ഞാൻ എന്തിനെക്കുറിച്ചാണു പ്രസംഗിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?’
സദസ്യർ തയാറായിട്ടിരിക്കുകയായിരുന്നു.
‘ഞങ്ങളിൽ ചിലർക്കറിയാം, ചിലർക്കറിയില്ല.’
‘അതു നന്നായി!’ നസ്രുദീൻ പറഞ്ഞു. ‘അറിയാവുന്നവർ അറിയാത്തവർക്കു പറഞ്ഞുകൊടുക്കട്ടെ!’
എന്നിട്ടയാൾ തന്റെ വീട്ടിലേക്കും പോയി.

📗📗

👫 D) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (23)

1) അകത്തിട്ടാൽ പുറത്തറിയാം.

ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ മനസ്സിലാക്കാം. അറിവ്, സംസ്കാരം, സ്വഭാവം തുടങ്ങിയവ ഉദാഹരണം. ഈ പഴഞ്ചൊല്ല് ചിലയിടങ്ങളിൽ കടങ്കഥയായി പ്രയോഗിക്കാറുണ്ട്; ഉത്തരം: ചക്ക പഴുത്തത്.

2) അഴകുള്ള ചക്കയിൽ ചുളയില്ല

പുറമെ നല്ലതെന്ന് തോന്നുന്ന ചില കാര്യങ്ങൾ യഥാർത്ഥത്തിൽ മോശമാവാം – പുറംമോടി കണ്ടു കാര്യങ്ങൾ തീരുമാനിക്കരുത് എന്ന് സൂചിപ്പിക്കുന്നു

3) അല്പലാഭം, പെരുംചേതം

ചെറിയ ലാഭത്തിനു വേണ്ടി നാം ചെയ്യുന്ന ചില കാര്യങ്ങൾ വലിയ നഷ്ടങ്ങൾക്ക് കാരണമാകാം എന്ന് സൂചിപ്പിക്കുന്നു

4) അടി കൊണ്ടാലും അമ്പലത്തിൽ കിടക്കണം.

പരിതസ്ഥിതികൾ മോശമായാലും വേണ്ടില്ല, സത്സമ്പർക്കം വേണം.

5) അടിയോടി മൂത്തു തമ്പുരാനായി.

ക്രമേണ വളർന്നു വലിയ ആളായി, എന്നു നല്ല അർത്ഥത്തിൽ. (അർഹതയില്ലാത്തവൻ ഉയരങ്ങളിലെത്തി, എന്നു നിന്ദാപൂർവ്വം പറയുമ്പോൾ)

6) അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ അതു കിടക്കുമോ?

പരിചിതമല്ലാത്ത സുഖഭോഗങ്ങൾ ആർക്കും ഇഷ്ടപ്പെടില്ല. ഒരാൾക്കു സുഖമായതു മറ്റൊരാൾക്ക് സുഖമാകണമെന്നില്ല എന്നും ഇതുകൊണ്ടു ധ്വനിക്കുന്നു.

7) അന്നു തീരാത്ത പണികൊണ്ട് അന്തിയാക്കരുത്.

ഇടയ്ക്കു വച്ചു പണി നിർത്തരുത്. ചെയ്യേണ്ടതു മുൻകൂട്ടിക്കണ്ടു ചെയ്യണം.

8) ആളുകൂടിയാൽ പാമ്പ് ചാവില്ല

ഒരുപാട് ആളുകൾ കൂടിയാൽ വിചാരിച്ച കാര്യം നടക്കില്ല. പാമ്പിനെ കൊല്ലാൻ പോകുമ്പോൾ കുറെ ആളുകൾ ഉണ്ടായാൽ ആ ബഹളത്തിൽ പാമ്പ് എതെങ്കിലും മാളത്തിലേക്ക് രക്ഷപ്പെടും. ഒച്ചയും അനക്കവും ഇല്ലതെ പതുക്കെ പോയാലെ പാമ്പിനെ അടിക്കാനും കൊല്ലാനും പറ്റൂ. കാര്യങ്ങളുടെ ഗൗരവം അറിഞ്ഞ് പ്രവർത്തിക്കുക എന്നതാണു ഈ ചൊല്ലിന്റെ സാരാംശം.

9) ആവശ്യക്കാരന് ഔചിത്യം പാടില്ല.

ആവശ്യമുള്ള കാര്യങ്ങൾ നേടി എടുക്കാൻ അല്ലെങ്കിൽ ചോദിച്ചു വാങ്ങാൻ മടിക്കണ്ട എന്ന് സൂചിപ്പിക്കുന്നു.

10) ഇടു കുടുക്കേ ചോറും കറിയും.

മറ്റൊന്നും അറിയണ്ട, ആവശ്യങ്ങൾ നിറവേറ്റിയിരിക്കണം എന്നു സൂചിപ്പിക്കുന്നു

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (70)

അവതരണം:
സൈമ ശങ്കർ മൈസൂർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com