Logo Below Image
Saturday, May 10, 2025
Logo Below Image
Homeഅമേരിക്ക" കൊഴുക്കട്ട ശനി " അഥവാ, " ലാസറിൻ്റെ ശനി " ✍ റീന നൈനാൻ

” കൊഴുക്കട്ട ശനി ” അഥവാ, ” ലാസറിൻ്റെ ശനി ” ✍ റീന നൈനാൻ

റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

‘കൊഴുക്കട്ട’ തയ്യാറാക്കുന്ന വിധം വിവരിക്കുന്നതിന് മുമ്പ് കൊഴുക്കട്ടയുമായി ബന്ധപ്പെട്ട ഒരു വിവരണം കൂടി …

—————————————————————————–
ക്രിസ്ത്യാനികള്‍ ഓശാനയുടെ തലേദിവസമായ ശനിയാഴ്ച ഈ പലഹാരം തയ്യാറാക്കുന്നത് കൊണ്ടാണ് കൊഴുക്കട്ട ശനി എന്ന് അറിയപ്പെടുന്നത്. വലിയ നോമ്പിന്റെ നാൽപ്പത്തിഒന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കൊഴുക്കട്ട. കര്‍ത്താവ് നാല്പത് ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്‍പതു ദിവസം നോമ്പ് എടുക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെ ഓര്‍ത്ത് നോമ്പ് എടുക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീക്ഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴു എന്ന വാക്കിന്റെ അര്‍ഥം മഴു എന്നാണ്. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതില്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന് നൂറ്റി നാല്പതാം സങ്കീര്‍ത്തനം ഓര്‍മപ്പെടുത്തുന്നു. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ മധുര പലഹാരത്തിന് പേരുണ്ടായത്.

“ലാസറിൻ്റെ ശനി” എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ താൻ ഉയിർപ്പിച്ച ബഥാനിയായിലെ ലാസറിന്റെ ഭവനത്തിലെത്തിയപ്പോൾ ലാസറിന്റെ സഹോദരിമാരായ മർത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ച് ഈശോയ്ക്ക് തയ്യാറാക്കി നൽകിയ ഭക്ഷണത്തിൻ്റെ ഓർമയ്ക്കായി കൂടിയാണ് പുരാതന കാലം മുതലേ കേരളത്തിലെ നസ്രാണികൾ ഓശാന ഞായറിൻ്റെ തലേദിവസം കൊഴുക്കട്ട തയ്യാറാക്കി വരുന്നത്.

ഞാൻ ആമുഖമായി കൊഴുക്കട്ടയുടെ പിന്നിലുള്ള ഒരു ലഘു വിവരണം തന്നു എന്ന് മാത്രം. കേരളീയരുടെ ഒരു നാടൻ നാലുമണി പലഹാരം കൂടിയായ കൊഴുക്കട്ട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് ഇനി നമുക്ക് നോക്കാം.

എല്ലാവർക്കും സുപരിചിതമായ “കൊഴുക്കട്ട” തയ്യാറാക്കുമ്പോൾ ചിലരുടെ പ്രശ്നം വെന്തുവരുമ്പോൾ പൊട്ടി ഉള്ളിലുള്ള ശർക്കര പുറത്ത് വന്ന് കൊഴുക്കട്ടയുടെ പുറത്തു പറ്റിപ്പിടിച്ചു കളർ ഒക്കെ മാറുന്നു, നല്ല വെള്ള നിറം ഇല്ലാത്ത അവസ്ഥ… ഇതൊക്കെയാണ്. പക്ഷേ ഞാൻ പറയുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കി ശെരിയായെങ്കിൽ ഒരു ലൈക്കും കമന്റും ഇട്ടേക്കണേ….

സ്പെഷ്യൽ കൊഴുക്കട്ട

ആവശ്യമായ ചേരുവകൾ
🥥🍚🌾🥣🍚🧂🥛🫙🫗🥥🍚🥛🫙

1️⃣ വറുത്ത അരിപ്പൊടി (ഇടിയപ്പം ഉണ്ടാക്കുന്ന പൊടി )- ഒന്നര കപ്പ്‌
2️⃣ തേങ്ങ ചിരകിയത്- ഒരു കപ്പ്‌
3️⃣ ശർക്കര പൊടിച്ചത് – അര കപ്പ്‌
4️⃣ വെള്ളം (തിളച്ചത് ) – ആവശ്യം ഉള്ളത്
5️⃣ ഉപ്പ് – പാകത്തിന്
6️⃣ ഏലയ്ക്ക, ജീരകം, ചുക്ക് ഇത്രയും പൊടിച്ചത് – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
♨️🫕🫕♨️♨️🫕🫕♨️

🔹ശർക്കര പൊടിച്ചത് കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചു മാറ്റി വെയ്ക്കുക.
ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെച്ച് തിളച്ചു കഴിഞ്ഞ് ചിരകിയ തേങ്ങ ഇട്ട് ഇളക്കി തേങ്ങയുടെ വെള്ളം വറ്റി വരുമ്പോൾ പൊടിച്ചു വെച്ച ഏലയ്ക്ക, ജീരകം, ചുക്ക് ഇത്രയും ചേർത്ത് നന്നായി ഇളക്കി മാറ്റി വെയ്ക്കുക.

🔹അടുത്തതായി കുറച്ചു വെള്ളം നന്നായി തിളപ്പിക്കുക. എടുത്തുവെച്ച അരിപൊടിയിൽ ഉപ്പ് ചേർത്ത് ഇളക്കിയതിനു ശേഷം തിളച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. (ആറിയതിനു ശേഷം മാത്രം കൈ കൊണ്ടു കുഴക്കുക.) ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കുഴച്ചാൽ കൈയിൽ ഒട്ടിപിടിക്കില്ല.

🔹എന്നിട്ട് കുറേശ്ശേ ആയി കൈയിൽ എടുത്ത് നന്നായി ഉരുട്ടി ബോളുകൾ ആക്കി തള്ളവിരൽ ഉപയോഗിച്ച് കുഴിക്കുക. ആ കുഴിയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച തേങ്ങയുടെ കൂട്ട് സ്പൂൺ ഉപേയാഗിച്ചു നിറച്ചു കൊടുക്കുക. എന്നിട്ട് അതിന്റെ അരിക് കൂട്ടി ഒട്ടിച്ചു വീണ്ടും നന്നായി ഉരുട്ടി എടുക്കുക. ആവശ്യമെങ്കിൽ കൈ വെള്ളത്തിൽ മുക്കിയതിനു ശേഷം ഉരുട്ടി എടുക്കുക. ഇങ്ങനെ എല്ലാം ഫില്ല് ചെയ്ത് ഉരുട്ടി അപ്പച്ചെമ്പിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് മുകളിൽ തട്ടം വെച്ച് അതിലേക്ക് പെറുക്കി വെച്ച് കുറച്ചു സമയം മൂടാതെ ആവിയിൽ വേവിക്കുക.

🔹അതിനുശേഷം അടച്ച് വെച്ച് ഒരു 10 മിനിറ്റ് കൂടി വേവിക്കുക. സ്വാദിഷ്ടമായ കൊഴുക്കട്ട തയ്യാർ. എല്ലാവരും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കി ലൈക്കും കമെന്റും ഇടുമല്ലോ. അടുത്ത റെസിപ്പയുമായി നമുക്ക് ഈസ്റ്ററിനു ശേഷമുള്ള ആഴ്ച കാണാം.

തയ്യാറാക്കിയത്:
റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

RELATED ARTICLES

15 COMMENTS

  1. കൊഴുക്കട്ട ഉണ്ടാക്കുന്നതും കൊഴുക്കട്ടയ്ക്ക് പിന്നിലുള്ള കഥയും ഒരുപാട് ഇഷ്ടം

  2. കൊഴുക്കട്ട കഥ അസ്സലായി അവതരിപ്പിച്ചു… ❤️👍

  3. എൻ്റെ അച്ഛൻ ജനിച്ചത് ഈ കൊഴുക്കട്ട നാളിലായിരുന്നു…….

  4. നന്നായിട്ടുണ്ടേ കൊഴുക്കട്ട വിവരണവും റസിപ്പിയും.. 👍👌

Leave a Reply to Cicy Binoy Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ