ഇന്ത്യയിൽ വ്യത്യസ്ത പേരുകളിലാണ് വിവിധ സംസ്ഥാനങ്ങളിൽ രംഗോലി അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ കോലം വരച്ചിരുന്നത് ചോക്കുപൊടി അഥവാ അരിപ്പൊടിയിൽ ആയിരുന്നു. മുമ്പ് ഉറുമ്പുകൾ ഭക്ഷണത്തിനായി അധികദൂരം നടക്കേണ്ടി വരാതിരിക്കാൻ നാടൻ അരിപ്പൊടിയിലാണ് കോലങ്ങൾ വരച്ചിരുന്നത്.
രാജസ്ഥാനിലാകട്ടെ ചുമരുകളിലാണ് മന്ദന വരക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗോത്ര കലകളിൽ ഒന്നാണിത്. വരയ്ക്കുക, മനോഹരമാക്കുക എന്നർത്ഥം വരുന്ന ‘മന്ദൻ’ എന്ന ഹിന്ദി പദത്തിൽ നിന്നാണ് മന്ദന എന്ന പദം ഉണ്ടായത്. വർഷങ്ങളായി വീടുകളുടെ ചുമരിലും തറയിലും വെളുത്ത ചോക്ക് ഉപയോഗിച്ച് വരക്കുന്ന മന്ദന ദിവ്യത്വത്തെയും ശുഭസൂചനകളെയും ആകർഷിക്കുന്നതോടൊപ്പം തിന്മയെ അകറ്റുമെന്നാണ് വിശ്വാസം. ഉത്തർപ്രദേശ് -ഛത്തീസ്ഗഡിലെ ചൗക്പുരാന കാലിഡോസ്കോപിക് ഡിസൈനുകൾക്കും പാറ്റേണുകൾക്കും പേര് കേട്ടതാണ്. ഉണങ്ങിയ അരിപ്പൊടി അല്ലെങ്കിൽ വ്യത്യസ്ത തരം വെളുത്തപൊടിച്ച പൊടിയാണ് ഉപയോഗിക്കുന്നത്.
ആന്ധ്രപ്രദേശിലെ മുഗ്ഗു അഥവാ മുഗ്ഗുലു എന്നാണ് രംഗോലി അറിയപ്പെടുന്നത്. വെളുത്ത ചോക്കുപൊടി ഉപയോഗിച്ചാണ് രംഗോലി വീടുകളുടെ മുമ്പിൽ വരക്കുന്നത്. പ്രത്യേകിച്ചും സംക്രാന്തി, ദീപാലി എന്നീ ആഘോഷങ്ങളിലും രംഗോലിയിടുന്നു. പശ്ചിമബംഗാളിൽ അൽപന അഥവാ, അൽപോണ എന്നും
(കൽക്കത്തയിൽ മുറ്റത്താണ് അൽപന വരക്കുന്നത്) വിളിക്കപ്പെടുന്നിത്, ബംഗാളി കുടുംബത്തിലെ അംഗങ്ങൾ അരി പേസ്റ്റ് ഉപയോഗിച്ചാണ് പാറ്റേൺ വരക്കുന്നത്. സൂര്യാസ്തമയത്തിന് മുമ്പ് വരക്കുന്ന ഈ കലാരൂപം കൂടുതൽ നേരം നില നിൽക്കാൻ, വെള്ളം കൊണ്ടുള്ള നിറത്തിൽ വരയ്ക്കുന്നതിനാൽ സിന്ദൂരത്തിൽ നിന്ന് ചുവപ്പും ഇലകളിൽ നിന്ന് പച്ചയും ലഭിക്കുന്ന മറ്റ് പ്രകൃതിദത്ത നിറങ്ങളും ഉപയോഗിക്കുന്നു.
ഗുജറാത്തിൽ സതിയ അഥവാ സതിയോ എന്നാണ് രംഗോലി അറിയപ്പെടുന്നത്. ശ്രീകൃഷ്ണനെയാണ് സതിയ എന്നതുകൊണ്ട് പ്രതിനിധാനം ചെയ്യുന്നത്. വീടുകളുടേയും മറ്റ് സ്ഥലങ്ങളുടേയും പ്രവേശന കവാടങ്ങളിൽ വരക്കുന്ന സതിയ ഗുജറാത്തിലെ പാരമ്പര്യ രംഗോലിയാണ്. ‘രംഗ്വല്ല’ എന്നുമിതറിയ പ്പെടുന്നു. പൂക്കൾ, ഇലകൾ, ജ്യാമിതീയ രൂപങ്ങൾ, മറ്റ് പ്രതീകാത്മക ചിത്രങ്ങൾ എന്നിവയിതിൽ ഉപയോഗിക്കുന്നു.
ബീഹാറിൽ അരിപ്പൻ (മാവും) അരി പേസ്റ്റ് ഉപയോഗിച്ചാണ് തറ അലങ്കരിക്കുന്നത്. ബീഹാറി കുടുംബത്തിലെ എല്ലാ ഉത്സവങ്ങളിലും അരിപന ഡിസൈനുകൾ പ്രധാനമാണ്. സൂക്ഷ്മമായ ഈ ഡിസൈനുകൾ വരക്കുന്നത് അരി പേസ്റ്റിന്റെയും, സിന്ദൂരത്തിന്റെയും സഹായത്തോടെയാണ് മറ്റു രംഗോലി പാറ്റേണുകളിൽ നിന്നും വ്യത്യസ്തമായ ഒഡീഷയിലെ പരമ്പരാഗത കലാരൂപം ജോട്ടി അല്ലെങ്കിൽ ചിറ്റ എന്നറിയപ്പെടുന്നു. അരിപ്പൊടി കൊണ്ടുള്ള സെമി ലിക്വിഡ് പേസ്റ്റ് ഉപയോഗിച്ചാണ് ഈ പരമ്പരാഗത വര വരക്കുന്നത്. ലക്ഷ്മീ ദേവിയുടെ ചെറിയ കാൽപ്പാടുകൾ ഈ ഡിസൈനുകളിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. ഇങ്ങനെ രംഗോലിക്ക് വ്യത്യസ്തമായ ഡിസൈനുകളാണ് ഓരോ പ്രദേശത്തുമുള്ളത്. ഇത് അതാത് പ്രദേശത്തിന്റെ മാത്രമായുള്ള ആചാരങ്ങൾ, നാടോടി പാരമ്പര്യങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്. പൊതുവായി പെൺകുട്ടികളും സ്ത്രീകളുമാണ് രംഗോലി ഇടുന്നത്. അവരവരുടെ ഇഷ്ടാനുസരണം പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ് (മയിലുകൾ, ഹംസങ്ങൾ, ഇതളുകൾ, പൂക്കൾ ചെടികൾ) രംഗോലി രൂപങ്ങൾ.
നിറങ്ങളോ, ഡിസൈനുകളോ അല്ല പ്രധാനം. രംഗോലി വരയ്ക്കുമ്പോൾ രേഖകൾക്കിടയിൽ വിടവുകളിടുകയോ, വരച്ചത് നശിപ്പിക്കുകയോ ചെയ്യരുത്. ഇങ്ങനെ വിടവുകൾ വന്നാൽ വീട്ടിലേക്ക് ദുഷ്ടാത്മാക്കളെ കൊണ്ടുവരാൻ കാരണമാകുമെന്നാണ് വിശ്വാസം. പുഷ്പങ്ങൾ വരച്ചു കൊണ്ട് പുഷ്പരംഗോലിയും, ദൈവചിത്രത്തിലൂടെ വിശ്വാസത്തിന്റെ കഥ പറയാനും, വലിയ പാത്രത്തിൽ പൊങ്ങിക്കിടക്കുന്ന രംഗോലി (ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ പൂക്കൾ, മെഴുകുതിരികൾ എന്നിവ വെക്കുന്നു), വർണ്ണാഭമായ പൂക്കൾ മാത്രം ഉപയോഗിച്ചും രംഗോലി വരക്കാറുണ്ട്. പൂക്കളേറെ എല്ലാവരും ഇഷ്ടപ്പെടുന്നതു കൊണ്ട് ശുഭകരമായ അവസരത്തിൽ ഇങ്ങനെയും ചെയ്തുവരുന്നു. സംസ്കാരത്തെയും വിശ്വാസത്തെയും പ്രകടിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന രംഗോലി കലയെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
പൊതുവേ വീടുകളുടെ പ്രവേശന കവാടത്തിലോ, വീടുകൾക്കുള്ളിലോ – ആഘോഷവേളകളിൽ മുറ്റത്തോ ഭാഗ്യം കൊണ്ടു വരുന്നതിനും, ദേവീ ദേവന്മാരെ സ്വാഗതം ചെയ്യുന്നതിനുമായി വരക്കുന്ന, ഒരു അലങ്കാരത്തിൻ മുദ്ര കൂടിയാണ് നാടോടികലയായ രംഗോലി.
ശുഭം 🙏




വിവിധ സംസ്ഥാനങ്ങളിലെ രംഗോലി വിശേഷങ്ങൾ നന്നായി എഴുതി
നന്ദി സന്തോഷം സർ 🙏