Saturday, February 14, 2026
Homeഅമേരിക്കകയിച്ചുമ്മയും തൊണ്ടക്കൊരളും ( ചെറുകഥ) ✍ ഉണ്ണി ആവട്ടി

കയിച്ചുമ്മയും തൊണ്ടക്കൊരളും ( ചെറുകഥ) ✍ ഉണ്ണി ആവട്ടി

തൻ്റെ സ്ഥിരം പതിവു തെറ്റിക്കാതെ, അന്നും രാവിലെ അഞ്ചുമണിക്കുതന്നെ പത്മാവതിയമ്മ മകനെ ഫോണിൽ വിളിച്ചു. എന്നത്തെയുംപോലെ അന്നും അസിസ്റ്റൻറ് കലക്ടർ അജിത് നായർ ഐ.എ.എസ്സ്, എഴുന്നേറ്റുചെന്നു ഫോണെടുത്തു. എടുത്തപാടെ പത്മാവതിയമ്മ മകനോടു പറഞ്ഞു.

“മോനേ… അജീ… നീ ഒന്നാംക്ലാസിൽ പഠിക്കുന്നതുമുതൽ തുടങ്ങിയ, കഴിഞ്ഞ ഇരുപത്തിയഞ്ചുകൊല്ലക്കാലത്തെ, നിൻ്റെയും എൻ്റെയും ശീലം തെറ്റിക്കേണ്ടെന്നു കരുതിയാണ്, പ്രത്യേകിച്ചെന്തെങ്കിലുമൊരു വിശേഷമില്ലെങ്കിൽപോലും, എല്ലാദിവസവും നിന്നെ വിളിച്ചുണർത്തുന്നത്. നീ മണിപ്പൂരിൽ ജോലിക്കു ചേർന്നതിന്നുശേഷം അത് ഫോണിൽക്കൂടെ ആക്കിയെന്നുമാത്രം. പക്ഷെ, ഇന്ന്, മറ്റു ദിവസങ്ങളെപ്പോലെയല്ല. ഇന്നെനിക്ക് നിന്നോടു പറയാൻ കാര്യമായ ഒരു വിശേഷമുണ്ട്. ”

“എന്താണ് ഇത്രയ്ക്ക് വലിയ വിശേഷം പപ്പിയമ്മേ…”

അജിത് താൻ ഇടയ്ക്കൊക്കെ അമ്മയെ വിളിക്കുന്ന വിളിപ്പേര് ചേർത്ത് ചോദിച്ചു.

” കളിതമാശയല്ല മോനേ… കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറയാൻ വിട്ടുപോയതാണ്. ശനിയാഴ്ച്ച ബലിപെരുന്നാൾ മാത്രമല്ല, നമ്മുടെ കയിച്ചുമ്മയുടെ തൊണ്ണൂറാം പിറന്നാൾകൂടിയാണ്. അവർക്ക് പ്രായത്തിൻ്റെ നല്ല അസ്ക്യതയും വയ്യായ്കയും ഓർമ്മക്കുറവുകളുമൊക്കെ ഉണ്ടെങ്കിലും നിന്നെപ്പറ്റി എപ്പോഴും അന്വേഷിക്കും. പെരുന്നാളിന് നായരൂട്ടി വരുന്നില്ലേ… തൊണ്ടക്കൊരൾ ഉണ്ടാക്കിവെക്കട്ടേ… ഓലച്ചൂട്ട് കെട്ടിവെക്കട്ടെ…എന്നൊക്കെ ഇന്നലെക്കൂടി എന്നോട് ചോദിച്ചു.”

“ആണോ… ലീവു കിട്ടുമോയെന്നറിയില്ല. ഇനിയും നാലുദിവസംകൂടിയുണ്ടല്ലോ. ഞാൻ വിളിക്കാം…”

ഔദ്യോഗികമായ തിരക്കുകളുടെ ബാഹുല്യംകാരണം, ഉടനെ ഫോൺവെച്ചെങ്കിലും അജിത്തിന് തൻ്റെ മനസ്സിനെ അത്ര പെട്ടെന്ന് നിയന്ത്രിച്ചുവെക്കാൻ കഴിഞ്ഞില്ല. പ്രഭാതകർമ്മങ്ങൾക്കിടയിലും അയാളുടെ ഓർമ്മകൾ പലപ്പോഴും നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട് ജന്മനാട്ടിലേക്കും കയിച്ചുമ്മയിലേക്കും പറന്നുചെന്നുതുടങ്ങി.

കണ്ണൂർജില്ലയിലെ കിഴക്കൻ മലയോരഭാഗത്തെ, ഒരു ചെറിയ ഭൂപ്രദേശമാണ്, മട്ടന്നൂരിനടുത്ത കീഴല്ലൂർ. മണ്ണിട്ട പഞ്ചായത്തുറോഡും കടന്ന്, കുണ്ടും കുഴിയും പാറക്കെട്ടുകളുമുള്ള ഇടവഴിതാണ്ടി, കുന്നും കയറിയിറങ്ങിയുള്ള, അതിസാഹസികത നിറഞ്ഞ ഒരു യാത്രയിലൂടെ മാത്രമെ, തൻ്റെ തറവാടു വീട്ടിലേക്കെത്താൻ പണ്ടു കഴിയുമായിരുന്നുള്ളൂ.

ചന്ദ്രോത്തുവീട്, പേരുകേട്ട ഒരു നായർ തറവാടായിരുന്നു.വീടിൻ്റെ തൊട്ടുമുകളിലുള്ള കീഴല്ലൂർകുന്നിൽ, ഒരു തറവാട് ക്ഷേത്രവുമുണ്ട്. അമ്പലവും മറ്റുമായുള്ള നിരന്തരസമ്പർക്കം കാരണം വീട്ടിലാരും മത്സ്യമാംസാദികൾ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ബന്ധുക്കളും നാട്ടുകാരുമൊക്കെ തങ്ങളെ നമ്പൂരി നായന്മാരെന്നുപറഞ്ഞ് പരിഹസിക്കാറുമുണ്ട്.

നാട്ടിലെ അറിയപ്പെടുന്ന ജന്മിയായിരുന്ന, മുത്തശ്ശൻ കേളുനായരെക്കുറിച്ച്, തനിയ്ക്ക് അമ്മയും ലക്ഷ്മിമുത്തശ്ശിയുമൊക്കെ പറഞ്ഞുതന്ന കേട്ടറിവുകൾ മാത്രമെയുള്ളൂ. കീഴല്ലൂർകുന്നുമുതൽ കുറുന്താഴകണ്ടംവരെ നീണ്ടുനില്ക്കുന്ന അഞ്ഞൂറേക്കറിലധികം വരുന്ന സ്ഥലത്തിൻ്റെ നാട്ടുരാജാവു തന്നെയായിരുന്നുവത്രെ കേളുനായർ. പക്ഷെ, അതിൻ്റെ അഹന്തയോ അഹങ്കാരമോ ഒട്ടും തൊട്ടുതീണ്ടാത്ത നായർ, പൊതുവെ സൽസ്വഭാവിയും പരോപകാരിയുമായിരുന്നു.

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട്, മലപ്പുറം നിലമ്പൂരിൽനിന്നും ആറുകുട്ടികളുമായി കണ്ണൂരിലേക്ക് അഭയാർത്ഥികളായി വന്നവരായിരുന്നു, അറുപതുപിന്നിട്ട അബ്ദുറഹിമാനും നാല്പതുകാരിയായ ഖദീജയുമ്മയും. പലസ്ഥലങ്ങളിലും കയറിയിറങ്ങിയ അവർ, ഒടുവിൽ കേളുനായരെത്തന്നെ ശരണം പ്രാപിച്ചു. ആശ്രിതവത്സലനായ നായർ, തൻ്റെ തറവാടുപറമ്പ് തുടങ്ങുന്ന തൈക്കണ്ടിഭാഗത്ത്, അവർ അന്യമതസ്ഥരായിരുന്നിട്ടുകൂടെ, ചന്ദ്രോത്തുകാർ ഇനി പോത്തിനെ യാവും ആഹരിക്കുക എന്നുള്ള ചില ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും ആക്ഷേപങ്ങളെയും പരിഹാസശരങ്ങളെയും ഏറ്റുവാങ്ങിക്കൊണ്ടുതന്നെ, അവർക്ക് സ്വന്തമായി ഒരു കൂരകെട്ടാനുള്ള പത്തുസെൻ്റ് സ്ഥലം, സൗജന്യമായി നല്കുകയും ചെയ്തു. അതുംകൂടാതെ ചെറിയ പെട്ടിക്കടയിടാനുള്ള സാമ്പത്തികസഹായവും നല്കി. അബ്ദുറഹിമാനും കുടുംബവും വളരെ പെട്ടെന്നുതന്നെ നാട്ടുകാരുമായി ഇണങ്ങി. എല്ലാവരുടെയും കണ്ണിലുണ്ണികളായി മാറി. അബ്ദുറഹിമാൻ കീഴല്ലൂർകാരുടെ അന്ത്രുവായി. ഖദീജയുമ്മ കയിച്ചുമ്മയും.

ഒരു തികഞ്ഞ യാഥാസ്ഥിതികയായിട്ടുപോലും ലക്ഷ്മിയമ്മയും അന്ത്രുവിനോടും കുടുംബത്തോടും വളരെ അടുപ്പത്തിലും സ്നേഹത്തിലുമായിരുന്നു പെരുമാറിയിരുന്നത്. പെട്ടിക്കട ഒന്നു പച്ചപിടിക്കുന്നതുവരെ, അവരുടെ അടുക്കളപുകയ്ക്കാനും മററു കാര്യങ്ങൾക്കുമുള്ള ഒരുകൈ സഹായം, അവർ മനസ്സറിഞ്ഞ് ചെയ്തുകൊടുത്തു. അവരുടെ അടുക്കളയിൽനിന്നും പുക ഉയരുന്നില്ലെന്നു സംശയം തോന്നുന്ന ചിലദിവസങ്ങളിൽ, തൻ്റെ അടുക്കളയിൽ നിന്നൊരുപങ്ക് അവിടെ എത്തിക്കാനും ലക്ഷ്മിയമ്മ മറന്നില്ല.

പെട്ടിക്കട ഒരുവിധം പച്ചപിടിച്ചുവരുമ്പോഴായിരുന്നു, മറ്റൊരു മഹാദുരന്തംകൂടെ, ജന്മനാ ആസ്ത്മ രോഗിയായിരുന്ന അന്ത്രുവിൻ്റെ മരണത്തിൻ്റെ രൂപത്തിൽ, കയിച്ചുമ്മയെ തകർത്തെറിഞ്ഞത്. നാട്ടിലേക്കു കൊണ്ടുപോകാൻവന്ന സഹോദരൻമാരുടെ നിർബ്ബന്ധത്തിനു വഴങ്ങാതെ കയിച്ചുമ്മ കീഴല്ലൂർകാരിയായിതന്നെ തുടർന്നു. കേളുനായരും പത്നിയും അവർക്ക് താങ്ങും തണലുമായി കൂടെനിന്നു.

കേളുനായരുടെ ആറുമക്കളിലെ ഏറ്റവും ഇളയവളായിരുന്നു,പത്മാവതി. കേളോത്ത് തറവാട്ടിലെ ശങ്കരൻനായർ ആയിരുന്നു, അവരുടെ ഭർത്താവ്. ആ ദമ്പതിമാരുടെ അഞ്ചുമക്കളിലെ ഏറ്റവും ഇളയവനായിരുന്നു, താൻ. കേളുനായരുടെ മരണംകഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷമായിരുന്നു, തൻ്റെ ജനനം. അതുംകഴിഞ്ഞ്, അഞ്ചുവർഷത്തിനുശേഷമായിരുന്നു, തറവാടുസ്ഥലം ഭാഗംവെച്ചത്. താഴത്തുവീടും അതിനോടുചേർന്നുള്ള സ്ഥലവും പത്മാവതിക്കും കുടുംബത്തിനും കിട്ടി. അതുകാരണം തങ്ങൾ കേളോത്തുവീട്ടിൽനിന്നും ചന്ദ്രോത്ത് വീട്ടിലേക്ക് താമസംമാറ്റി. അങ്ങനെ ഒന്നാംക്ലാസ് മുതലാണ്, താൻ ശരിക്കുമൊരു കീഴല്ലൂർകാരനാകുന്നത്.

തറവാടുവീട്ടിലേക്കുള്ള ഇടവഴിയുടെ തുടക്കത്തിൽ തന്നെയുള്ള ഓലപ്പുരയിലെ താമസക്കാരിയായിരുന്ന കയിച്ചുമ്മയെ വീട്ടിലേക്കു പോകുമ്പോഴെല്ലാം, താൻ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. വീട്ടിലേക്കുള്ളവഴി അപ്പോഴും കല്ലും മുള്ളും പാറക്കെട്ടും ഇഴജന്തുക്കളും പാമ്പുകളും കാടുംനിറഞ്ഞ ഒരു ദുർഘടപാത തന്നെയായിരുന്നു. പക്ഷെ ഇരുട്ടിക്കഴിഞ്ഞാൽ, ആ വഴി പോകുന്നവർക്കെല്ലാം വഴിവിളക്കായി കയിച്ചുമ്മ ഓലച്ചൂട്ട കത്തിച്ചുനല്കുമായിരുന്നു. കീഴല്ലൂരിൽ വന്നതുമുതൽ തുടങ്ങിയിരുന്ന തൻ്റെ ശീലം, അവർ ഭർത്താവിൻ്റെ മരണശേഷവും തുടർന്നുപോന്നു. നാലുപെണ്ണും രണ്ടാണുമുള്ള തൻ്റെ കുടുംബത്തിൻ്റെ ഒരുനേരത്തെ പട്ടിണി മാറ്റാൻപോലും നെട്ടോട്ടമോടിയിരുന്ന കയിച്ചുമ്മ, പക്ഷെ ചൂട്ടയുടെ കാര്യത്തിൽ അതിസമ്പന്നയായിരുന്നു. രാവിലെ എഴുന്നേറ്റാൽ അവർ ആദ്യം ചെയ്തിരുന്നത്, അവിടുന്നും ഇവിടുന്നുമായി തെങ്ങോലകൾ പെറുക്കിക്കൊണ്ടുവന്ന്, ഓലച്ചൂട്ട കെട്ടിവെയ്ക്കലാണ്. ഇടവഴിയിൽക്കൂടെ ഇരുട്ടത്തുപോകുന്നവർക്കെല്ലാം, അവർ ആവശ്യപ്പെട്ടില്ലെങ്കിൽപോലും, കയിച്ചുമ്മയുടെ നിർബ്ബന്ധപൂർവ്വമുള്ള സൗജന്യ ചൂട്ടവിതരണം ലഭിക്കുമായിരുന്നു.

കുട്ടിക്കാലത്ത്, തറവാട്ടിലേക്കു പോകുമ്പോഴെല്ലാം തങ്ങളും കയിച്ചുമ്മയുടെ ഓലച്ചൂട്ടയുടെ ഗുണഭോക്താക്കളാവാറുണ്ടായിരുന്നു. പക്ഷെ, ഓലച്ചൂട്ടയെക്കാൾ തനിയ്ക്ക് കാര്യം കയിച്ചുമ്മയുടെ തൊണ്ടക്കൊര ളായിരുന്നു. റംസാൻനോമ്പുസമയത്ത് കയിച്ചുമ്മ ഉണ്ടാക്കുന്ന ഒരുമധുര പലഹാരമായിരുന്നു, തൊണ്ടക്കൊരൾ. റവാലഡ്ഡുവിൻ്റെ ചേരുവ ഒരുപതിനഞ്ചു സെ.മീ വരുന്ന, അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന സിലിണ്ടർ ആകൃതിയിലുള്ള വേറൊരു പലഹാരത്തിൽ നിറച്ചാണ് തൊണ്ടക്കൊരൾ ഉണ്ടാക്കുന്നത്. വേറെയും പലതരത്തിലുള്ള നോമ്പു പലഹാരങ്ങൾ കയിച്ചുമ്മ ഉണ്ടാക്കാറുണ്ട്. പലഹാരം എന്തുമാകട്ടെ…കയിച്ചുമ്മ അതിൽ തൻ്റെ കരളിൻ്റെ സ്നേഹവും മനസ്സിൻ്റെ നന്മയുംകൂടെ നിറച്ചുനല്കുമ്പോൾ… അതിൻ്റെ സ്വാദ് ഒന്നു വേറെത്തന്നെയായിരുന്നു. അതു കൊണ്ടുതന്നെ, നോമ്പുകാലത്ത്, ആവട്ടിയിലേക്കുപോകാൻ താൻ വാശി പിടിക്കാറുണ്ട്. നാലു പെൺമക്കൾക്കിടയിലെ ഒരാൺശബ്ദത്തെ അവഗണിക്കാൻ കഴിയാത്തതുകൊണ്ട്, ശങ്കരൻനായർ മിക്കപ്പോഴും തൻ്റെ വാശിക്ക് വഴിപ്പെടാറുമുണ്ട്. നോമ്പുസമയത്ത് പോയിരുന്നപ്പോഴെല്ലാം താൻ കയിച്ചുമ്മയുടെ കൈപ്പുണ്യം യഥേഷ്ടം അറിഞ്ഞിട്ടുമുണ്ട്. സാധാരണ അന്യമതക്കാരുടെയും ജാതിക്കാരുടെയും വീടുകളിൽനിന്നും ഒരുഭക്ഷണവും കഴിക്കാൻ തങ്ങളെയൊന്നും അനുവദിക്കാതിരുന്ന ലക്ഷ്മിമുത്തശ്ശിപോലും, കയിച്ചുമ്മയുടെ കാര്യം വരുമ്പോൾ കണ്ണടയ്ക്കുമായിരുന്നു. നോമ്പുകാലത്ത് തങ്ങൾക്കുമാത്രമല്ല, ആ വഴിയെ പോകുന്നവർക്കെല്ലാം കയിച്ചുമ്മ ചൂട്ടയോടൊപ്പം തൊണ്ടക്കൊരളും നല്കുമായിരുന്നു.

പത്മാവതിയമ്മയും ശങ്കരൻ നായരും, കേളുനായരുടെപാത തന്നെ പിന്തുടർന്നു. ശരിക്കുമൊരു കീഴല്ലൂർ കാരനായപ്പോൾ, അപ്പോഴേക്കും അറുപതിലേക്കെത്തിയിരുന്ന, കയിച്ചുമ്മയുമായുള്ള തൻ്റെ അടുപ്പവും വർദ്ധിച്ചു. തൻ്റെ തൊണ്ടക്കൊരൾപ്രേമം തിരിച്ചറിഞ്ഞ കയിച്ചുമ്മ, പിന്നീട് പെരുന്നാളും നോമ്പുമല്ലാത്ത ദിവസങ്ങളിൽപോലും തൊണ്ടക്കൊരൾ ഉണ്ടാക്കി, നായരൂട്ടിയെന്ന് അഭിസംബോധന ചെയ്തുകൊണ്ട്, തന്നെ സൽക്കരിച്ചുതുടങ്ങി. ഹൈസ്കൂൾ, കോളേജ് പഠനക്കാലത്തെല്ലാം അസമയത്ത് വീട്ടിലേക്കെത്തുന്ന തൻ്റെ വരവും പ്രതീക്ഷിച്ചുകൊണ്ട്, ഇടവഴിയ്ക്കരികെ കയിച്ചുമ്മ കാത്തു നില്ക്കുമായിരുന്നു. കൂടെ ചൂട്ടയും തൊണ്ടക്കൊരളും.

അമ്പലംവരെയുള്ള വഴികൾ കോൺക്രീറ്റ്റോഡായും, റോഡിൽ പിന്നീട് തെരുവുവിളക്കുകളും വന്നപ്പോൾ, കയിച്ചുമ്മയുടെ ചൂട്ടയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. എങ്കിലും കയിച്ചുമ്മ ചൂട്ട കെട്ടിവെക്കുമായിരുന്നു. വൈദ്യുതിവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളിലെങ്കിലും ചൂട്ടവിതരണം നടത്തി, അവർ ജന്മസായൂജ്യം നേടി. ഒരു ഉദ്ദേശ്യകണക്കുവെച്ച്, ഇരുപത്തിയഞ്ചു വർഷക്കാലമെങ്കിലും താൻ കയിച്ചുമ്മയുടെ ഓലച്ചൂട്ടയുടെ ഗുണഭോക്താവായിരുന്നു. മുപ്പതുവർഷക്കാലത്തെ നോമ്പുസമയത്തെങ്കിലും അവരുടെ സ്നേഹംനിറച്ച തൊണ്ടക്കൊരളുകൾ തൻ്റെ തൊണ്ടയിലൂടെ കടന്നു പോയിട്ടുമുണ്ട്.

എല്ലാവർഷവും മാസപ്പിറവികണ്ട്, നോമ്പുതുടങ്ങുമ്പോൾ ഒരു പെരുനാൾ നിലാവായി തൻ്റെ മനസ്സിലേക്കാദ്യം ഓടിയെത്തിയിരുന്നത്, കയിച്ചുമ്മയാണ്. അവരുടെ തൊണ്ടക്കൊരളാണ്. എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്താണെങ്കിൽ എങ്ങനെയെങ്കിലും തൻ്റെ കാലുകൾ അപ്പോൾ കീഴല്ലൂർക്കെത്തുമായിരുന്നു. എന്തെങ്കിലും കാരണവശാൻ റംസാന് പോകാൻ പറ്റിയില്ലെങ്കിൽ, ബലിപെരുന്നാളിന് താൻ നിർബ്ബന്ധമായും പോകുമായിരുന്നു. പക്ഷെ, കഴിഞ്ഞ അഞ്ചുവർഷക്കാലമായി, മനപ്പൂർവ്വമല്ലെങ്കിലും, ഔദ്യോഗിക ജീവിതത്തിൻ്റെ തിരക്കിനിടയിൽ, താൻ കയിച്ചുമ്മയെ മറന്നു. അവരുടെ ചൂട്ടയെയും തൊണ്ടക്കൊരളിനെയും മറന്നു. ഓർമ്മകൾ മനസ്സിനെ നീറ്റിത്തുടങ്ങിയപ്പോൾ, അജിത് ഫോണെടുത്ത് കലക്ടറെ വിളിച്ചു. ഓണത്തിനുപോലും നാട്ടിൽ പോകാൻ അത്രകണ്ട് പിടിവാശി കാട്ടാതിരുന്ന, തൻ്റെ സഹപ്രവർത്തകൻ്റെ ഇപ്പോഴത്തെ കടുംപിടുത്തത്തെ തള്ളിക്കളയാൻ കലക്ടർക്കും കഴിഞ്ഞില്ല.

പിന്നീട് ഒട്ടും താമസിച്ചില്ല. അജിത് ഫോണെടുത്ത് അമ്മയെ വിളിച്ചു.

” പപ്പിയമ്മേ… ഇപ്രാവശ്യത്തെ പെരുനാൾനിലാവ്, എനിക്ക് കയിച്ചുമ്മയുടെ ചൂട്ടുവെട്ടത്ത്, തൊണ്ടക്കരൾ കറുമുറെ തിന്നുകൊണ്ട്, കീഴല്ലൂരിൽവെച്ചുതന്നെ കാണണം. ഞാനിപ്പോൾതന്നെ പുറപ്പെടുകയാണ്.”

പക്ഷേ, പെരുന്നാൾ തലേന്ന് വൈകുന്നേരത്തോടെ കീഴല്ലൂരിലെത്തിയ അജിത്തിനെ വരവേറ്റത്, കയിച്ചുമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് വഴിയിലുടനീളം നിരന്നിരുന്ന പോസ്റ്ററുകൾ ആയിരുന്നു. അമ്പത് വർഷക്കാലത്തോളം കീഴല്ലൂർകാരുടെ വഴിവിളക്കായിരുന്ന, സ്നേഹംനിറച്ച് അവർക്ക് മധുരം വിളമ്പിയിരുന്ന,
കയിച്ചുമ്മയ്ക്ക്, ആയിരങ്ങളുടെ കൂട്ടത്തിലൊരാളായി അന്തിമോപചാരമർപ്പിച്ച്, നിറകണ്ണുകളോടെ അജിത്ത് മടങ്ങി. മൗനനൊമ്പരങ്ങൾ കരിമുകിലായി തങ്ങളുടെ കണ്ണുകളെ മൂടിയതുകൊണ്ട്, അന്നു സന്ധ്യയ്ക്കുദിച്ച പെരുന്നാൾനിലാവ്, കീഴല്ലൂർകാരുടെയൊന്നും ദൃഷ്ടിപഥങ്ങൾക്ക് ഗോചരമായില്ല!.

ഉണ്ണി ആവട്ടി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com