മനുഷ്യരുടെ ഇടയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവും അവൻ്റെ ജീവനും ജീവിതോപാധികളും നശിപ്പിക്കലും പരക്കെ ചർച്ചയായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് കാട് ഇറങ്ങുന്ന വന്യജീവികൾ മനുഷ്യന് നിരന്തരമായ ഒരു വെല്ലുവിളി തന്നെയാണ്. വന്യജീവി എന്ന വാക്ക് തന്നെ വളർത്താത്ത മൃഗങ്ങളെയും കൃഷി ചെയ്യാത്ത സസ്യങ്ങളെയും ചൂണ്ടിക്കാട്ടുന്നു.
മനുഷ്യരും വന്യജീവികളും വനആവാസ വ്യവസ്ഥയുടെ തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഴയടുപ്പമുള്ള അഭിവാജ്യഘടകങ്ങളാണ് എന്നതുതന്നെ നാം ആദ്യം പരിഗണിക്കുക.
സഹവർത്തിത്വ മനോഭാവത്തോടെ കഴിഞ്ഞുപോകേണ്ട ഇവർക്കിടയിൽ ഒന്ന് മറ്റൊന്നിന്റെ നിലനിൽപ്പിന് നിരന്തരം ഭീഷണിയാകുന്ന ഒരു സഹചര്യം ഉടലെടുക്കുമ്പോഴാണ് ഈ സംഘർഷാവസ്ഥയ്ക്ക് തുടക്കം കുറിക്കുക.
പിന്നെ എപ്പോഴാണ് ഈ സംഘർഷാവസ്ഥ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചേർന്നത്? അതൊരു വല്ലാത്ത ചോദ്യം തന്നെയാണ്!
വളരെ പുരാതന കാലം മുതലേ ഇവർക്കിടയിൽ ഇവയൊക്കെ സംഭവിക്കുന്നത് തന്നെയാണ്. എന്നാൽ ഇന്നത് ഇത്രയേറെ തലവേദനക്കും ചർച്ചകൾക്കും പഠനങ്ങൾക്കും വഴിമാറിയത് ഭൂ പ്രകൃതിയോടുള്ള മനുഷ്യരുടെ ത്വര മൂത്ത അധിനിവേശം കൊണ്ടു തന്നെയാണ് എന്ന് ഒറ്റവാക്കിൽ പറയാം.
വനഭൂമിയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും കയ്യേറ്റവും, തുണ്ടം തുണ്ടം പങ്കുവയ്ക്കലും, തരംതിരിക്കലും ജനവാസവും, കോളനികൾ തിരിക്കലും, തകർത്തത് വന്യജീവികളുടെ ആവാസകേന്ദ്രങ്ങളെയും, പ്രകൃത്യാലുള്ള സ്വഭാവ ഗുണങ്ങളെയും, അഭിരുചി കളെയും, ജീവിക്കാനുള്ള അവരുടെ സ്വായത്തമായ അവകാശത്തെയും, ജീവിതചക്രഘടനകളെയുംഉപജീവന മാർഗ്ഗങ്ങളെയുമാണ്.
അതുകൊണ്ടുതന്നെ അവരുടെ നിലനിൽപ്പിനും, ജീവിച്ചു പോന്ന സാഹചര്യങ്ങൾക്കും, അനുഭവിച്ചുവന്ന കാലാവസ്ഥയ്ക്കും, അന്നത്തിനും വഴിമുട്ടിയപ്പോൾ പൊറുതിമുട്ടി അവർ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലേക്ക് പാഞ്ഞു കയറ്റം തുടങ്ങി. അങ്ങനെ ആഗോളതലത്തിൽ ഇന്ന് നാം അഭിമുഖീകരിക്കുന്ന അതിസങ്കീർണമായ ഒരു പ്രശ്നമായി ഇത് മാറി.
ഇതു മൂലം ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിക്കുന്നത് വനമേഖലയോട് ചേർന്നുള്ള ആദിവാസി സമൂഹം തന്നെയാണ്. വന്യജീവികളുടെ വഴിയിടങ്ങളും ഇവരുടെ സഞ്ചാരപഥങ്ങളും ഒന്നുതന്നെ ആയതിനാൽ പലപ്പോഴും ഇവർക്ക് ജീവാപായം സംഭവിക്കുന്നതിനും അവരുടെ കിടപ്പാടവും കൃഷിയിടങ്ങളും നശിപ്പിക്കുന്നതിനും ഇടയാകുന്നു. ഇതുമൂലം മറ്റ് ആശ്രയങ്ങൾ ഒന്നുമില്ലാതെ നിരാശ്രയത്വത്തിലേക്ക് ഇവർ നയിക്കപ്പെടുന്നു. അവരുടെ ഉള്ള് സ്വാഭാവികമായും വന്യജീവികളോടുള്ള പകയാൽ പുകയുന്നു. ഒടുങ്ങാത്ത ഈ പക അപൂർവ്വ വന്യജീവികളുടെ നാശത്തിനും ചിലപ്പോൾ ഒരു കാരണമായേക്കാം.
വനമേഖലകളിൽ കഴിയുന്ന ഭൂരിഭാഗം കർഷകരും നിരന്തരം വന്യജീവികളുടെ ഇടപെടലുകളിൽ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തന്നെയാണ് . അവർ ഇതിനെതിരെ പ്രശ്നപരിഹാരികളായി സ്വീകരിച്ച് ഒരുക്കുന്ന വൈദ്യുത വേലികളും, വലകൾ, കുരുക്കുകൾ പന്നിപ്പടക്കങ്ങൾ, പിവിസി തോക്കുകൾ, മറ്റു പടക്ക ങ്ങൾ എന്നിവയുമൊന്നും ഇതേവരെ ഒരു ശാശ്വത പരിഹാരമാർഗ്ഗമായി അംഗീകരിക്കാൻ കഴിയുന്നില്ല?
ഇവയൊക്കെ തികച്ചും അപ്രായോഗികവും അപര്യാപ്തവുമാണ്.
സാമൂഹ്യ വന വൽക്കരണത്തിന്റെ ഭാഗമായി വനഭൂമിയിൽ വരുത്തിയ ചില മാറ്റങ്ങളും മറ്റൊരു കാരണമാണ്. യൂക്കാലി ,അക്കേഷ്യ വാകമര തോട്ടങ്ങൾ ഇവയെല്ലാം നട്ടുപിടിപ്പിച്ചത് വനാന്തരങ്ങളുടെ സ്വാഭാവികമായ വളർച്ചയ്ക്ക് ഭീഷണിയായി ഒരു ശോഷണ അവസ്ഥയിലേക്ക് നീങ്ങുകയും സസ്യഭുക്കുകൾ ആയ വന്യജീവികൾ വനമേഖല പ്രദേശത്തോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ ആഹാര ദൗർലഭ്യം മൂലം അന്നം തേടി ഇറങ്ങുകയും ചെയ്തു.
കൃഷി രീതിയിൽ ഉണ്ടായ സമ്പൂർണ്ണ മാറ്റവും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടാം. നെൽകൃഷി മാത്രം ചെയ്തിരുന്ന വനമേഖലയിടങ്ങളിൽ ഇന്ന് പൈനാപ്പിളും, വാഴയും, കരിമ്പും അതുപോലുള്ളവയും വളരെ വലിയ തോതിൽ കൃഷി ചെയ്യുന്നത് വന്യജീവികളെ ഈ ഇടങ്ങളിലേക്ക് ആകർഷിക്കുന്നതിനും സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനും ഇടയാക്കുന്നു.
ഒറ്റദിവസം കൊണ്ടോ വളരെ പെട്ടെന്നോ ഒന്നും ഇതിനൊന്നും പൂർണ്ണമായും ഒരു പ്രശ്നപരിഹാരം കണ്ടെത്തി വിജയിപ്പിക്കാൻ ആർക്കും കഴിയില്ല. എങ്കിലും വനം വകുപ്പും മറ്റു ബന്ധപ്പെട്ടവരും, നമ്മൾ മനുഷ്യന്മാരും ഒക്കെ ഒത്തൊരുമയോടെ , സമചിത്തതയോടെ കാര്യകാരണങ്ങൾ വളരെ ഗൗരവമായി പഠിച്ച് ഇരുകൂട്ടർക്കും വംശനാശഭീഷണി ഇല്ലാത്ത രീതിയിൽ സാവകാശം പല പഴയ പദ്ധതികളും കുറച്ചു കൂടി പ്രായോഗികമാകത്തക്ക രീതിയിൽ പുതുക്കി ഈടുറ്റതാക്കി സ്ഥാപിതമാക്കി പരീക്ഷിക്കുക. ജനങ്ങളുടെ സംരക്ഷണത്തിനും, വന്യജീവികളുടെ സംരക്ഷണത്തിനും തുല്യപ്രാധാന്യമുള്ള പോംവഴികൾ കണ്ടെത്തുക.
അതിലൊക്കെ ഉപരിയായി ഇതിനൊക്കെ ഒരു നല്ല പരിഹാര മാർഗ്ഗമായി നാം ആദ്യം കണ്ടെത്തേണ്ടത് തീർച്ചയായും മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇടപഴകിയ വളരെ സൗഹൃദപരമായ സഹവർത്തിത്വം തന്നെയാണ്.ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. നമുക്കും അവർക്കും ഇവിടെ തുല്യാവകാശം തന്നെയാണ്!
പരസ്പരം കൈയ്യേറാതിരിക്കുക. ആരും ആർക്കും പകരമാവില്ല എന്നുകൂടി ഓർമ്മപ്പെടുത്തി കൊണ്ട്
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം നന്ദി, സ്നേഹം.
മനോഹരമായ് അവതരണം

വനഭൂമിയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും കയ്യേറ്റം തന്നെ ഏറ്റവും വലിയ വിപത്ത്.
മനുഷ്യൻറെ അത്യാർത്തി ആണ് വനം വെട്ടിപ്പിടിക്കലിന്റെ പിന്നിൽ..
വനത്തിനോട് ചേർന്ന് താമസിക്കുന്ന അല്ലെങ്കിൽ കൃഷിയിടത്തിലേക്ക് വന്യജീവികൾ വന്നില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടാനുള്ളൂ…
നന്നായിട്ടുണ്ട്
മൃഗങ്ങൾക്കു തന്നെ ബുദ്ധി… അതല്ലേ നാട്ടിലേക്കിറങ്ങി മനുഷ്യനെ തിന്നിട്ടു പോകുന്നത്. മനുഷ്യന് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഈ പറയുന്ന ഒറ്റ ഒരെണ്ണം നാട്ടിലേയ്ക്കിറങ്ങുമായിരുന്നില്ലല്ലോ…