മാമുക്കോയ.
എന്റെ ഗ്ലാമറല്ല, എന്റെ ഭാഷയും അഭിനയവും ആണ് എന്റെ ധൈര്യമെന്ന് പറഞ്ഞ നടൻ! സ്ക്രീനിൽ ആളുകളെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ജീവിതത്തിൽ ഗൗരവക്കാരൻ ആയിരുന്നു മാമുക്കോയ.
Thug കളുടെ സുൽത്താൻ!! സാധാരണയിൽ സാധാരണ മനുഷ്യൻ. താര ജാഡയോ പരിവേഷമോ ഇല്ലാതെ ഒരു മണിക്കൂർ മുൻപേ ലൊക്കേഷനുകളിൽ എത്തിയിരുന്ന, പ്രേക്ഷകരുടെ ഹൃദയം കവർന്ന മുല്ലമൊട്ടു ചിരിക്കുടമ! ശരിയായി ഉപയോഗിച്ചിരുന്നുവെങ്കിൽ എത്രയോ ഉയരങ്ങളിലെത്തുമായിരുന്ന നടൻ!
സിനിമ, നാടകം, സംഗീതം, സാഹിത്യം എന്നിവയ്ക്ക് പുറമേ ഒരു ഫുട്ബോൾപ്രേമി കൂടിയായിരുന്നു അദ്ദേഹം. പെലെയുടെ ഫാൻ. മലപ്പുറം കാളികാവ് ഒരു ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനത്തിനിടെ ദേഹാസ്വസ്ഥ്യം. ആ വയ്യായ്ക മലയാളത്തിലെ ഒരു ചിരിമുഖത്തെ കവർന്നെടുക്കുമെന്ന് ആരും കരുതിയില്ല. സിനിമയിലും ജീവിതത്തിലും നാട്യങ്ങളില്ലാതെ നാട്ടുമ്പുറത്തുകാരനായി ജീവിച്ചു മരിച്ച മലയാളത്തിന്റെ സ്വന്തം മാമുക്കോയ.
മമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ5ന് കോഴിക്കോട് പള്ളിക്കണ്ടിയിൽ ജനിച്ച മാമുക്കോയ, പള്ളിക്കണ്ടി എലിമെന്ററി സ്കൂൾ, കുറ്റിച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് എം. എം. ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ബാല്യത്തിൽ ഏറെ ക്ലേശങ്ങൾ സഹിച്ചായിരുന്നു വളർന്നത്. ബാപ്പ വേറെ വിവാഹം ചെയ്തതോടെ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായി. മുറ്റത്തെ മുരിങ്ങയില പറിച്ച് തളിയിലെ ബ്രാഹ്മണ കുടുംബങ്ങളിൽ കൊണ്ട് ചെന്ന് വിറ്റ് ആ പൈസയും കൊണ്ട് പാളയം അങ്ങാടിയിൽ പോയി കപ്പയും പച്ചക്കായയും പേനയും മഷിയും എല്ലാം വാങ്ങും. ഉമ്മ ഉണ്ടാക്കി കൊടുക്കുന്ന പലഹാരങ്ങൾ ഹോട്ടലുകളിലും വീടുകളിലും കൊണ്ട് ചെന്ന് കൊടുക്കും. കല്ലായിയിൽ തടി അളക്കാനും നമ്പർ ഇടാനും പോകും.
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ നാടകാഭിനയം ഒരു ഹരമായിരുന്നു അദ്ദേഹത്തിന്. അമിച്വർ നാടക ട്രൂപ്പുകളിൽ ചേർന്ന് നിരവധി നാടകങ്ങളിൽ വേഷമിട്ടു. കെ. ടി. മുഹമ്മദ്, വാസുപ്രദീപ്, എ.കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ബി. മുഹമ്മദ്, ചെമ്മാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇഫ്രീത് രാജ്ഞി, വമ്പത്തി നീയാണ് പെണ്ണ്, മോചനം, ഗുഹ, മൃഗശാല, കുടുക്കുകൾ തുടങ്ങിയവ ഉദാഹരണം. മനുഷ്യൻ എന്ന നാടകം അക്കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചു. ഇസ്ലാമിക മൂല്യങ്ങൾക്ക് എതിരാണ് എന്നായിരുന്നു വാദം.
വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്ന മാമുക്കോയയെ ബഷീർ സാഹിത്യവും ജീവിത വീക്ഷണവും ഏറെ സ്വാധീനിച്ചിരുന്നു. ഈ അടുപ്പം എസ്. കെ. പൊറ്റക്കാട്, തിക്കോടിയൻ തുടങ്ങിയ സാഹിത്യകാരന്മാരുമായി പരിചയപ്പെടാനിടവരുത്തി. അങ്ങനെയാണ് കോഴിക്കോട് സാഹിത്യ കൂട്ടായ്മയുടെ ഭാഗമാകുന്നത്.
എസ്. കെ. പൊറ്റക്കാട് ആണ് സുഹറയുടെ വിവാഹാലോചന കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകളായിരുന്നു സുഹറ ബീവി.
സ്കൂൾ പഠനകാലത്ത് സുഹൃത്തുക്കൾ ചേർന്ന് നാടകം സിനിമയാക്കാൻ തീരുമാനിക്കുകയും 1979ൽ നിലമ്പൂർ ബാലന്റെ സംവിധാനത്തിൽ ‘അന്യന്റെ ഭൂമി’ എന്ന സിനിമ നിർമ്മിക്കുകയും ചെയ്തു. അതായിരുന്നു ആദ്യപടം. ബ്ലാക്ക് ആൻഡ് വൈറ്റിലൊതുങ്ങിപ്പോയ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നീട് 1982ൽ എസ്. കൊന്നനാട്ട് സംവിധാനം നിർവഹിച്ച ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിലേക്ക് വൈക്കം മുഹമ്മദ് ബഷീർ ആണ് മാമുക്കോയ ശുപാർശ ചെയ്തത്.
സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലെ അറബി മുൻഷിയുടെ ഗംഭീര പ്രകടനം വിസ്മയപ്പെടുത്തിയതുകൊണ്ട് കഥാപാത്രത്തിന്റെ നീളം കൂട്ടേണ്ടി വരികയും അതോടെ മാമുക്കോയ അതിലെ പ്രധാന കഥാപാത്രമായി മാറുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിന് കല്ലായിയിൽ ജോലിക്ക് പോകേണ്ടി വന്നില്ല. ഒരു വർഷം ഇരുപതോളം സിനിമകളിൽ അഭിനയിക്കുമായിരുന്നു. മാമുക്കോയ നായകനായി അഭിനയിച്ച ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്.
സത്യൻ അന്തിക്കാട്- ശ്രീവിനിവാസൻ സിനിമകളിൽ തുടർ സാന്നിധ്യമായി മാറിയ മാമുക്കോയയെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയിലേക്ക് ശുപാർശ ചെയ്തത് ശ്രീനിവാസനായിരുന്നു. അതിൽ ലാലിന്റെ കൂട്ടുകാരനായി അദ്ദേഹം തന്റെ മാറ്റുരച്ചു. അതിനുശേഷം കല്ലായിയിലെ മരം അളവുകാരൻ മലയാള സിനിമയിൽ സജീവമായ കാഴ്ചയാണ് നമ്മൾ കണ്ടത്.
റാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, ഹിസ് ഹൈനസ് അബ്ദുള്ള, നാടോടിക്കാറ്റ്, വരവേൽപ്പ്, ഇരുപതാം നൂറ്റാണ്ട്, സന്മനസ്സുള്ളവർക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ധ്വനി, പട്ടണ പ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, ഓഗസ്റ്റ് 1 തുടങ്ങി മലയാളത്തിലും തമിഴിലുമായി നാലു പതിറ്റാണ്ടുകളിൽ 450 ലേറെ ചിത്രങ്ങൾ! 1997ൽ ഒരു ഫ്രഞ്ച് സിനിമയിലും അദ്ദേഹം വേഷമിട്ടു.
നാടോടിക്കാറ്റിലെ ഗഫൂർക്ക, പെരുമഴക്കാലത്തിലെ അബ്ദു, സന്ദേശത്തിലെ കെജി പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പോലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാൽ, ഒപ്പത്തിലെ സെക്യൂരിറ്റി ഗാർഡ്, കീലേരി അച്ചു എന്നുവേണ്ട ചായക്കടക്കാരനായി, മീൻ കച്ചവടക്കാരനായി, പോക്കറ്റടിക്കാരനായി മലയാളഭാഷയുടെ മലബാർ ശൈലി കൊണ്ടും ശരീരഭാഷ കൊണ്ടും സവിശേഷമായ ചിരി കൊണ്ടും സ്വാഭാവികമായ അഭിനയം കൊണ്ടും മലയാള സിനിമയിൽ അദ്ദേഹം വിലസി . പ്രേക്ഷകർ അതിൽ ഹാസ്യം കണ്ടെത്തി. കുതിരവട്ടം പപ്പുവിൽ നിന്നും വ്യത്യസ്തമായി മലബാർ മുസ്ലിം ശൈലിയിലുള്ള ഭാഷയായിരുന്നു മാമുക്കോയയുടെ സവിശേഷത. 75 ആം വയസ്സിൽ കുരുതി എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച മൂസ കാദർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2008ൽ കേരള സർക്കാർ ആദ്യമായി ഹാസ്യ കഥാപാത്രത്തിന് അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യത്തെ അവാർഡ് ലഭിച്ച വ്യക്തിയായിരുന്നു മാമുക്കോയ.
കമലിന്റെ പെരുമഴക്കാലത്തിലെ അഭിനയത്തിന് 2004ൽ ജ്യൂറിയുടെ പ്രത്യേക പരാമർശത്തോടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 2008ൽ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യ നടനുള്ള അവാർഡും, ഹാസ്യ നടനുള്ള ജയ്ഹിന്ദ് ടിവി അവാർഡും, കലാരത്നം പുരസ്കാരവും, കല – അബുദാബിയുടെ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
കഥകളി പഠിച്ചതിന് സമൂഹം വിലക്കേർപ്പെടുത്തിയ കുഞ്ഞിനെ ചേർത്തു നിർത്തിയപ്പോഴും, വിളക്ക് തെളിയിച്ചാലോ സിനിമ കണ്ടാലോ മതനിഷേധമായിപ്പോകില്ല എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തിലെ മനുഷ്യനെ നമ്മൾ കണ്ടു.
നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ് എന്നീ നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്.
ഇൻസ്റ്റഗ്രാം റീൽസ്, ട്രോൾസ്, പണ്ടത്തെ സിനിമകളിലെ വീഡിയോ ക്ലിപ്പിംഗ്സ്, thugs, മീംസ് എന്നിവയിലൂടെ ഗഫൂർ കാ ദോസ്ത് ഇന്നും യുവഹൃദയങ്ങളുടെ ചിരി മരുന്നാണ്. ഹാസ്യത്തിൽ മാത്രം ഒതുങ്ങിപ്പോയ കലാകാരൻ. മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ് മാമുക്കോയ. ഈ വിയോഗം താങ്ങാൻ കുടുംബത്തിന് സാധിക്കട്ടെ. അതിൽ നമുക്കും പങ്കുചേരാം.
ഗഫൂർ കാ ദോസ്ത്
ഈ വാചകം കേട്ടാൽ ആളെ മനസ്സിലാക്കാത്ത കൊച്ചുകുട്ടി പോലും ഇല്ല.
പ്രിയ കലാകാരനെ കുറിച്ച് വളരെ വിശദമായി ചർച്ച ചെയ്തു അഭിനന്ദനങ്ങൾ
Thank you ☺️☺️☺️
മാമുക്കോയയുടെ സിനിമകൾ ഒക്കെ നന്നായിരുന്നു.വിടപറഞ്ഞു എങ്കിലും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. 🙏
അതേ. നല്ല മനുഷ്യൻ ☺️☺️☺️
👍👍
Thank you ☺️☺️☺️☺️