വിഷാദം മുറ്റുന്ന കണ്ണുകൾ, നേർത്ത ശബ്ദം, പതിഞ്ഞ ചിരി, നീണ്ട മുടി, അലസമായ നടത്തം! സിനിമയിലും ജീവിതത്തിലും പ്രണയ നോവറിഞ്ഞ വേണു നാഗവള്ളി! വേഷം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരു നിരാശ കാമുകന്റെയും പരിശുദ്ധ പ്രണയിയുടെയും പ്രതിച്ഛായ ഇത്രകണ്ട് പ്രേക്ഷകരുടെ മനസ്സുകളിൽ സന്നിവേശിപ്പിച്ച മറ്റൊരു നടൻ ഇല്ലെന്ന് തന്നെ പറയാം. വിരഹിയായ കാമുകന്റെ മുഖഭാവം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വേണുവിന്റേതായ ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു.
ആകാശവാണിയിലെ ആ ശബ്ദതാരം അഭ്രപാളിയിലെ പ്രണയ നായകനായപ്പോൾ വിരഹ വേദന നിറഞ്ഞ കാമുക ഭാവങ്ങൾ അതിനേക്കാൾ മികച്ചതായി പ്രതിഫലിപ്പിക്കാൻ അക്കാലത്ത് വേറെ ആരുമുണ്ടായിരുന്നില്ല.
ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന ആർ. എസ്. കുറുപ്പിന്റെയും രാജമ്മയുടെയും മകനായ വേണു നാഗവള്ളിയാണ് ഇന്ന് 80കളിലെ വസന്തങ്ങളിൽ.
1949 ഏപ്രിൽ 16ന് ആലപ്പുഴ ജില്ലയുടെ ഭാഗമായ രാമങ്കരിയിൽ ജനിച്ച എൻ. എസ്. ഗോപാലൻ എന്ന വേണു നാഗവള്ളി തിരുവനന്തപുരം മോഡൽ സ്കൂളിൽ തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
നല്ലൊരു ഗായകനായിരുന്ന അദ്ദേഹം സ്കൂളിലും കോളേജിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഠനശേഷം അച്ഛന്റെ പാത പിന്തുടർന്ന് ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആകാശവാണി ജോലിക്കാലത്ത് സമകാലികനായിരുന്ന പത്മരാജനെ പരിചയപ്പെടുകയും ആ സൗഹൃദത്തിലൂടെ സിനിമയിലേക്ക് എത്തുകയുമായിരുന്നു.
മലയാളത്തിലെ ക്യാമ്പസ് നോവലായ ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ കെ.ജി. ജോർജ് ചലച്ചിലച്ചിത്രമാക്കിയപ്പോൾ അതിലെ പ്രണയ വിരഹങ്ങൾ പേറുന്ന സാഹിത്യകാരനായ രാഹുലൻ എന്ന കഥാപാത്രമായിട്ടായിരുന്നു സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ചിത്രം ഹിറ്റായതോടെ വേണു നാഗവള്ളി ഏറെ ശ്രദ്ധിക്കപ്പെട്ടു.
ശാലിനി എന്റെ കൂട്ടുകാരി, യവനിക, ചില്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, എന്റെ അമ്മു നിന്റെ ചക്കി അവരുടെ തുളസി, ദേവദാസ്, മിന്നാരം, ഭാഗ്യദേവത തുടങ്ങി മുപ്പതിലധികം ചിത്രങ്ങളിൽ, വിഷാദത്തിന്റെ നിഴൽ വീണ മുഖവും കണ്ണുകളും കൊണ്ട് പ്രണയവും, വിരഹവും, വേദനയും, ആഹ്ലാദവും, നിസ്സഹായതയും, ദൈന്യതയും അതുപോലെ ആസ്വാദക മനസ്സുകളിലേക്ക് പകർന്ന് അവരുടെ ഹൃദയമിടിപ്പായി മാറി വേണു. കൂടിയാട്ടത്തിലെ മാനസിക രോഗിയായി ആരോപിക്കപ്പെട്ട കഥാപാത്രം ഏറെ മികച്ചതായിരുന്നു. ഉൾക്കടലിലെ ഷോട്ടുകൾ ആർക്കും മറക്കാനാവില്ല. 80കളിൽ അദ്ദേഹം വിഷാദത്തിന്റെ പൂമരം തീർത്തു. ഒഎൻവിയുടെ മനോഹരഗാനങ്ങളും യേശുദാസിന്റെ മാസ്മരിക ശബ്ദവും കഥാപാത്രങ്ങൾക്ക് ഏറെ മിഴിവേകിയിരുന്നു.
ലെനിൻ രാജേന്ദ്രന്റെയും കെ. ജി. ജോർജിന്റെയും ബാലചന്ദ്രമേനോന്റെയും ഇഷ്ട നായകനായിരുന്ന വേണു പിന്നീട് സംവിധാനത്തിലേക്കും തിരക്കഥാ രചനയിലേക്കും ശ്രദ്ധ തിരിച്ചു. 1986ൽ പുറത്തിറങ്ങിയ സുമോദേവിയായിരുന്നു ആദ്യം സംവിധാനം ചെയ്ത സിനിമ. തന്റെ സ്വന്തം ജീവിതത്തിലെ കലാലയ പ്രണയവും വേർപാടും തന്നെയാണ് ഈ സിനിമയിലൂടെ വേണു നമ്മോട് പറഞ്ഞത്. തുടർന്ന് മലയാള സിനിമയിലെ നിരവധി ഹിറ്റുകൾക്ക് സംവിധാനവും തിരക്കഥാ രചനയും മേൽനോട്ടവും സംഭാഷണവും ഈ പ്രതിഭയിലൂടെ പിറന്നു.
സുഖമോ ദേവി, സർവ്വകലാശാല, കിഴക്കുണരും പക്ഷി, ലാൽസലാം, ഏയ് ഓട്ടോ, കിലുക്കം, കളിപ്പാട്ടം, സമ്മർ ഇൻ ബെത്ലഹേം, ആയിരപ്പറ, സ്വാഗതം, ഭാര്യ സ്വന്തം സുഹൃത്ത്, അർത്ഥം, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയ ആദർശ ജീവിതം മുന്നോട്ടുവയ്ക്കുന്ന കുടുംബ ചിത്രങ്ങൾ സംവിധാനം ചെയ്ത്, വാണിജ്യ സിനിമകൾക്കും ആർട്ട് സിനിമകൾക്കും ഇടയിൽ തന്റേതായ ഒരുസ്ഥാനം വേണു കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും പ്രണയം ഒരു വിരഹമായി വഴുതി മാറുന്നത് കാണാം. എന്നാൽ കിലുക്കം എന്ന സിനിമ അദ്ദേഹത്തിന്റെ നർമ്മ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ്. മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കുന്നവർക്ക് മാറി ചിന്തിക്കാൻ അവസരം നൽകുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ലാൽസലാം, ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായ വേണുവിന് പ്രത്യേക ശ്രദ്ധ നേടിക്കൊടുത്തു. 80കളിൽ ക്ലാസിക് ഹിറ്റുകൾ തീർത്തുവെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിൽ എത്താതിരുന്നത് അതേ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കൊണ്ടുതന്നെയാണ്.
മലയാളത്തനിമ നിറഞ്ഞ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്ന വേണു നാഗവള്ളി പത്തോളം സിനിമകൾക്ക് തിരക്കഥകൾ രചിച്ചിട്ടുണ്ട്. അർത്ഥം, കിലുക്കം, അഹം അഹം, ഭാര്യ സ്വന്തം സുഹൃത്ത് എന്നിവയൊക്കെ ഈ വിഷാദനായകന്റെ തൂലികയിൽ നിന്നും പിറവികൊണ്ടവയാണെന്ന് വിസ്മരിക്കാനാവാത്തതാണ്. തുടർന്നും സിനിമകൾ ചെയ്യാൻ ചർച്ചകൾ നടന്നുവെങ്കിലും അപ്പോഴേക്കും സിനിമയുടെ കാലവും ഗതിയും സാങ്കേതികതയുമെല്ലാം ഏറെ മാറി പോയിരുന്നു. ക്ലാസിക് ചിത്രങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന് സൂപ്പർതാരങ്ങളുടെ സ്റ്റാർഡത്തിനുയോജിച്ച ചിത്രങ്ങൾ ഒരുക്കാനും പറ്റിയില്ല.
ഭാര്യ മീരയോടൊപ്പവും മകൻ വിവേകിനോടൊപ്പവും ഒരു ശാന്ത സുന്ദരമായ കുടുംബ ജീവിതം നയിച്ചിരുന്ന വേണു നാഗവള്ളി, ആരെയും ഉപദ്രവിക്കാൻ ഇഷ്ടപ്പെടാതെ, ആരോടും പരിഭവവും പിണക്കവും ഇല്ലാതെ, മലയാള ചലച്ചിത്ര ലോകത്തിന് ചരിത്ര നേട്ടം സമ്മാനിച്ച് കാലയവനികക്കുള്ളിൽ വിട പറഞ്ഞകന്നു. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ കാലത്തിന്റെ കവിൾത്തടത്തിൽ വീണ കണ്ണീർത്തുള്ളിയായി അലിഞ്ഞില്ലാതാവട്ടെ.
ഏറെ വേദനയോടെയും ബഹുമാനാദരങ്ങളോടെയും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്
Thank you

വേണു നാഗവള്ളി എന്ന നടനെ ഒത്തിരി ഇഷ്ടമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളികൾക്ക് . ഇന്നും നിത്യഹരിത മലയാള ഗാനങ്ങളുടെ വീഡിയോ ചിത്രീകരണം നോക്കിയാൽ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ഉണ്ട്.
സിനിമയിൽ സംസാരം കുറഞ്ഞ നായകൻ ആകാശവാണിയിലെ ശബ്ദമായിരുന്നു എന്നത് പുതിയ അറിവ്.
സമഗ്രമായി അദ്ദേഹത്തെ പരിചയപ്പെടുത്തിയ എഴുത്ത്. നന്നായിട്ടുണ്ട്.