മലയാള സിനിമാപ്രേമികൾക്ക് ലാലു അലക്സിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വില്ലൻ, കൊമേഡിയൻ, സഹനടൻ, അച്ഛൻ, സഹോദരൻ, പോലീസ് ഓഫീസർ, ധനാഢ്യനായ അച്ചായൻ തുടങ്ങി ഏത് റോളും തന്റേതായ അവതരണ ശൈലിയും അഭിനയ പാടവവും കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഒരിടം കണ്ടെത്താൻ ലാലു അലക്സിന് അധികസമയം വേണ്ടിവന്നില്ല.
ഡയലോഗ് അവതരിപ്പിക്കുന്നതിലെ വ്യത്യസ്തതയും ആകർഷണീയതയുമാണ് ലാലു അലക്സിന്റെ സവിശേഷത. ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്ന വിധം രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
എറണാകുളത്ത് പിറവം താലൂക്കിൽ വി. ഇ. ചാണ്ടിയുടെയും അന്നമ്മയുടെയും മകനായി 1954 നവംബർ 30നാണ് ലാലു അലക്സ് ജനിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ബിസിനസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 1978ല്‍ ‘ഈ ഗാനം മറക്കുമോ’ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ, വിക്രമൻ എന്ന ഒരു പ്രധാനപ്പെട്ട വേഷം ചെയ്തു കൊണ്ട് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്.
മലയാള സിനിമയുടെ സാങ്കേതികത അത്രകണ്ട് വളർന്നിട്ടില്ലാത്ത കാലത്ത് വീട്ടിലെ കണ്ണാടിയിൽ നോക്കി ഇഷ്ട നടന്മാരെ അനുകരിച്ചായിരുന്നു ലാലു അലക്സ് തന്റെ ഉള്ളിൽ അഭിനയത്തിന്റെ വിത്തുകൾ പാകിയത്.
തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ വി ശശി, ജോഷി, കെ മധു, ബാലചന്ദ്രമേനോൻ തുടങ്ങിയ പ്രഗൽഭരായ സംവിധായകരുടെ ചിത്രങ്ങളിൽ തന്റെ കഴിവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിച്ചു. 1980-90 കാലഘട്ടത്തിൽ ലഭിച്ചത് കൂടുതലും വില്ലൻ വേഷങ്ങൾ ആയിരുന്നു. പിന്നീട് സ്വഭാവനടനായും സഹനടനായും കൊമേഡിയൻ ആയും തന്റെ കഴിവിന്റെ മാറ്റുരച്ച് വിജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ന്യായവിധി, വരന്മാരെ ആവശ്യമുണ്ട്, ആ രാത്രി, ഭൂകമ്പം, അലകടലിനക്കരെ, കാണാമറയത്ത്, ആൾക്കൂട്ടത്തിൽ തനിയെ, മൃഗയ, കാര്യം നിസ്സാരം,ബ്രോ ഡാഡി, മൂന്നാം മുറ, മഞ്ഞു പോലൊരു പെൺകുട്ടി, ഇന്നല്ലെങ്കിൽ നാളെ, അപൂർവ പുത്രന്മാർ തുടങ്ങി തന്റെ കരിയറിൽ 250ലധികം മലയാള സിനിമകൾ ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലാലു അലക്സ് മൂന്ന് തമിഴ് സിനിമകളിലും അഭിനയിക്കുകയുണ്ടായി. 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നാലു അലക്സിനായിരുന്നു.
ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ടാണെങ്കിലും ഇന്നും മലയാള സിനിമയിൽ നിലനിൽക്കുന്നുവെങ്കിൽ അത് ലാലു അലക്സിന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള യാത്രയിൽ പ്രതിസന്ധികളിൽ തളരാതെ താങ്ങായി എപ്പോഴും കൂടെ നിന്നിട്ടുള്ളത് തന്റെ ഭാര്യയാണെന്ന് അദ്ദേഹം പറയുന്നു.
1986 ൽ ബെറ്റിയെയാണ് അദ്ദേഹം ജീവിതസഖിയായി കൂടെ കൂട്ടിയത്. ഇവർക്ക് ബെൻ, സെൻ, സിയ എന്നീ മൂന്ന് മക്കളാണുള്ളത്.
ഒരു ചെറിയ ഇടവേളക്കുശേഷം പൃഥ്വിരാജിന്റെ ബ്രോ ഡാഡി എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ ലാലു അലക്സിന്റെ, കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രം പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അത്രമേൽ പ്രിയങ്കരനായ ലാലു അലക്സ് എന്ന അഭിനേതാവിനെ പ്രേക്ഷകർ മറക്കുന്നതെങ്ങനെ?
അദ്ദേഹത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനും മലയാള സിനിമയിൽ തിളങ്ങുവാനും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
👍👍
👍👍
മലയാള സിനിമയുടെ വളർച്ച അറിയിച്ച നടൻ…
അദ്ദേഹത്തിന്റെ ശൈലി മലയാളികൾ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്
നല്ല എഴുത്ത്