Thursday, January 8, 2026
Homeഅമേരിക്ക' എൺപതുകളിലെ വസന്തം: 'ഇന്നസെന്റ് ' ✍അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

‘ എൺപതുകളിലെ വസന്തം: ‘ഇന്നസെന്റ് ‘ ✍അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

മലയാളികളെ കുടുകുടെ ചിരിപ്പിച്ച് എന്നെന്നേക്കും ഓർമ്മിക്കുവാനായി അവരുടെ മനസ്സുകളിൽ നിരവധി അനവധി കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ച് ഇനിയും ഒരുപാട് കഥാപാത്രങ്ങളെ ബാക്കി നിർത്തി ഒരു തീരാനോവ് അവശേഷിപ്പിച്ച് കടന്നുപോയ പേരുപോലെതന്നെ ഇന്നസെന്റായ നമ്മുടെ പ്രിയങ്കരനായ ഇന്നസെന്റ് ആണ് ഇന്നത്തെ നമ്മുടെ അതിഥി.

പ്രത്യേക മാനറിസവും തലചരിച്ചുള്ള കള്ളനോട്ടവും ചിരിയും തൃശ്ശൂർ ശൈലിയിലുള്ള സംസാരവും കൊണ്ട് മലയാള സിനിമയിൽ തന്റേതായ വേറിട്ട ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഇന്നസെന്റ് തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട താലൂക്കിൽ ചിറക്കൽ പഞ്ചായത്തിൽ തെക്കേത്തല വറീത്- മാർഗലീറ്റ ദമ്പതികളുടെ മകനായി 1948 ഫെബ്രുവരി 28ന് ജനിച്ചു.

ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ബോസ്കോ SNHS എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഉള്ളിലെ ഒടുങ്ങാത്ത സിനിമാമോഹം കൊണ്ട് മദ്രാസിലേക്ക് പുറപ്പെട്ടു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി തന്റെ സ്വപ്ന സഞ്ചാരത്തിന്റെ തുടക്കം കുറിച്ചു. 1972 ൽ റിലീസായ നൃത്തശാലയായിരുന്നു ആദ്യ സിനിമ. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. അവസരങ്ങൾ കുറഞ്ഞതോടെ കർണാടകയിലെ ദാവൺഗെരെയിൽ പോയി ഒരു തീപ്പെട്ടി കമ്പനി തുടങ്ങി. എന്നാൽ ആ ഭാഗ്യപരീക്ഷണം വിജയിച്ചില്ല. കാരണം മലയാള സിനിമയിൽ ഇന്നസെന്റ് എന്ന നടന് ഒരു പ്രത്യേക ഇടം ദൈവം നിശ്ചയിച്ചു വെച്ചിരുന്നു.

തുടർന്ന് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കമ്പയിൻസ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഇതിന്റെ ബാനറിൽ വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഓർമ്മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു.

വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞ ഇന്നസെന്റിന് 1982ൽ ഭരതൻ സംവിധാനം ചെയ്ത ഓർമ്മക്കായി എന്ന ചിത്രം ഒരു വഴിത്തിരിവായി. ആദ്യമായി തൃശ്ശൂർ ഭാഷ സംസാരിക്കുന്നത് ഈ ചിത്രത്തിലാണ്. തുടർന്നങ്ങോട്ട് എണ്ണിയാൽ തീരാത്തത്ര അവസരങ്ങളും മാറ്റുരയ്ക്കാൻ പറ്റിയ കഥാപാത്രങ്ങളും ഇന്നസെന്റിനെ തേടിയെത്തി. ഇന്നസെന്റ് -കെപിഎസി ലളിത ജോഡി മലയാള സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. 1989 ലെ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ മാന്നാർ മത്തായി എന്ന ഹാസ്യ കഥാപാത്രം ഇന്നസെന്റിനു വേണ്ടി മാത്രം നീക്കിവെച്ച ഒന്നായിരുന്നു എന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ തെളിയിച്ചു. ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബുളിവാല, കാതോട് കാതോരം, രേവതിക്ക് ഒരു പാവക്കുട്ടി, നാടോടിക്കാറ്റ്, മിമിക്സ് പരേഡ്, മണിചിത്രത്താഴ്, മഴവിൽ കാവടി തുടങ്ങി എണ്ണിയാൽ തീരാത്തത്ര ചിത്രങ്ങളിൽ ഒന്നിനൊന്ന് മെച്ചപ്പെട്ട ഹാസ്യകഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ അനുഗ്രഹീത നടന്, താൻ അഭിനയിക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സുകളിൽ മായാതെ നിലനിർത്തുവാൻ ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.

തൃശ്ശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ ഇന്നസെന്റിന് മികച്ച ഹാസ്യ നടനായും മികച്ച നടനായും മികച്ച സഹനടനായും നിരവധി പുരസ്കാരങ്ങളും സത്യൻ പുരസ്കാരവും മികച്ച പ്രകടനത്തിനുള്ള വാർഷിക ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ ആലീസും മകൻ സോണറ്റും മരുമകൾ രശ്മിയും അദ്ദേഹത്തിന്റെ കൊച്ചു കൊച്ചു തമാശകളുടെ ഭാഗമായി പ്രേക്ഷകർക്ക് സുപരിചിതരാണ്.
ഒരു കൊച്ചു ഗായകൻ കൂടിയായ ഇന്നസെന്റ് ഗജകേസരി യോഗം, സാന്ദ്രം, ബട്ലർ 2000 തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. പാവം ഐ എ ഐവാച്ചൻ, കീർത്തനം എന്നീ ചിത്രങ്ങൾക്ക് കഥയെഴുതി താനൊരു തികഞ്ഞ കലാകാരൻ ആണെന്ന് അദ്ദേഹം തെളിയിച്ചു. 2012ൽ കാൻസർ പിടിപെട്ട് ചികിത്സയിലായിരിക്കെ രചിച്ച കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം ഏറെ ജനപ്രീതി നേടി.

ചിരിക്കു പിന്നിൽ എന്ന ആത്മകഥയും ഞാൻ ഇന്നസെന്റ് എന്ന ഓർമ്മക്കുറിപ്പുകളും മഴക്കണ്ണാടി എന്ന കഥാസമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നീണ്ട 16 വർഷക്കാലം സേവനമനുഷ്ഠിച്ച ഇന്നസെന്റ് സംഘടനയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

1979 മുതൽ 1983 വരെ ഇരിങ്ങാലക്കുട മുരുനിസിപ്പൽ കൗൺസിലറായി പ്രവർത്തിച്ച ഇന്നസെന്റ് ആർഎസ്പിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. 2014ലെ പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ച് ഒരു മികച്ച പൊതുപ്രവർത്തകനായി അദ്ദേഹം ജനനന്മയ്ക്കായി ഏറെ പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്നസെന്റ് വളരെ ലാഘവത്തോടെയും ലാളിത്യത്തോടെയും നർമ്മത്തിന്റെ അകമ്പടിയോടെ തന്റെ ജീവിതം സാർത്ഥകമാക്കിയ വ്യക്തിയാണ്.

2023 മാർച്ച് 26ന് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ ക്യാൻസറിന് ചികിത്സയിലായിരിക്കെ ന്യൂമോണിയ ബാധിച്ച് തന്റെ 75 ആം വയസ്സിൽ മലയാള സിനിമയ്ക്ക് നികത്താനാവാത്ത വിടവ് സമ്മാനിച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞു അദ്ദേഹം. ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ പൂർണ്ണ ഔദ്യോഗിക ബഹുമാനികളോടെ ശവസംസ്കാരം നടത്തി. പരേതന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്,

അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ✍

RELATED ARTICLES

2 COMMENTS

  1. മലയാളിയുടെ മനസ്സിൽ ഇന്നസെന്റിന് ഒരു സ്ഥാനം ഉണ്ട്..
    മലയാളിയെ കുടുകുടെ ചിരിപ്പിച്ച് ഒടുവിൽ കണ്ണ് ഈറനണിയിച്ച. വ്യക്തി..
    നല്ല അനുസ്മരണ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com