Tuesday, November 5, 2024
Homeഅമേരിക്ക'ഈ ഗാനം മറക്കുമോ' (ഭാഗം - 5) 'കുമാര സംഭവം' എന്ന പടത്തിലെ "പ്രിയസഖി ഗംഗേ...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 5) ‘കുമാര സംഭവം’ എന്ന പടത്തിലെ “പ്രിയസഖി ഗംഗേ പറയൂ പ്രിയമാനസനെവിടെ “

നിർമല അമ്പാട്ട്.

പ്രിയസൗഹൃദങ്ങളേ..
സംഗീതം നമ്മുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് നിർവ്വചിക്കാനാവില്ല. നമ്മളോടൊപ്പം തന്നെ ഭൂമിയിലെ പക്ഷിമൃഗാദികളും സസ്യലതാദികളും ഒരുപോലെ ആസ്വദിക്കുന്ന സംഗീതം, അതൊരു അത്ഭുതപ്രതിഭാസമാണ്. രോഗങ്ങൾക്ക് പോലും ആശ്വാസം നൽകുന്നു എന്ന് വൈദ്യശാസ്ത്രം രേഖപ്പെടുത്തുന്നു. ഈ സംഗീതം മനസ്സിനും ശരീരത്തിനും ഒരുപോലെ ഊർജ്ജം തരുന്നു. രോഗത്തിനപ്പുറം മനസ്സിനെ മറ്റൊരു ലോകത്തിലേക്ക് കൈപിടിച്ചാനയിക്കാൻ സംഗീതത്തിന് സാധിക്കുന്നു. ഇതിനെ മ്യൂസിക് തെറാപ്പി എന്ന് വിശേഷിപ്പിക്കാം.

“സംഗീതമേ ജീവിതം.. ഒരു മധുര –
സംഗീതമേ ജീവിതം….”
മൂളിനടക്കാൻ എന്ത് രസം!
സന്തോഷം വരുമ്പോളൊക്കെ നമുക്ക് പാടാം!
ജീവിതം സംഗീതമാണെന്ന് കവികൾ വാഴ്ത്തിപ്പാടിയത് എത്രമാത്രം അർത്ഥവത്താണ്..!

https://youtu.be/NbasqNqSbrc?si=hVGrrxhhV11FY2rd

കുമാരസംഭവത്തിലെ “പ്രിയസഖി ഗംഗേ പറയൂ പ്രിയമാനസനെവിടെ “ എന്ന പാട്ടാണ് ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത്. പരമശിവനിൽ അനുരക്തയായ പാർവ്വതി ഹിമവൽസാനുക്കളിൽ തൻറെ പ്രിയനെ തേടിയലഞ്ഞ് ഓടിനടക്കുന്നതാണ് പാട്ടിന്റെ രംഗം. പ്രണയാതുരയായ വിരഹിണി മാനിനോടും മയിലിനോടും തരുനിരകളോടും അത്യന്തം ആകുലതയോടെ ഉദ്വേഗത്തോടെ ഓടിനടന്ന് ചോദിക്കുകയാണ്. നിറഞ്ഞ ദുഃഖം പാട്ടിൽ അലതല്ലുന്നുണ്ട്.
ഓ. എൻ. വി. കുറുപ്പിന്റെ വരികൾക്ക് ദേവരാജൻ മാഷ് ഈണം നൽകി മാധുരി പാടിയ ഗാനത്തിന് ഇരട്ടി മധുരമുണ്ട്. ശുദ്ധധന്യാസി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഈ ഗാനം ഒഴുക്കോടെ പാടുകയല്ല ചെയ്തിട്ടുള്ളത്. അത് ഈ ഗാനത്തിൻറെ ഒരു പ്രത്യേകതയാണ്. വരികൾ മുറിച്ച് വാക്കുകൾ വേർതിരിച്ച് എടുത്തിട്ടാണ് ആലാപനം.
ഈ പാട്ട് കേൾക്കുക:-

പ്രിയ സഖി ഗംഗേ………
പറയൂ………..
പ്രിയ മാനസനെവിടെ ….?
ഇങ്ങിനെ വിട്ട് വിട്ട് ചോദ്യങ്ങൾ പോലെയുള്ള ഈ ആലാപനരീതി വരികളുടെ അർത്ഥത്തിന് കൂടുതൽ ഭാവം നൽകി ഈ പാട്ടിന് തിളക്കം വർധിപ്പിച്ചു. ഇവിടെ ദേവരാജൻ മാഷും അതിനപ്പുറം മധുരിയും ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്.
പിന്നെ പാർവ്വതി ചോദിക്കുന്നത് ഹിമഗിരി ശ്രുംഗങ്ങളോടാണ്. ആ ചോദ്യം അത്ര ലഘുവല്ല. അത് ലോകവ്യാപകമാണ്. കാരണം സ്വർഗ്ഗം തൊട്ടുമുട്ടി നിൽക്കുന്നു ഹിമഗിരി എന്ന സുന്ദരസങ്കല്പം തന്നെ. ഹിമാവാൻ തന്റെ പിതാവും. ഹിമഗിരിതനയ എന്ന് പാർവ്വതിയെ കീർത്തിച്ചുകൊണ്ട് കർണാട്ടിക് മ്യൂസിക്കിൽ ഒരുപാട് കീർത്തനങ്ങൾ ഉണ്ട്.
“ഹിമഗിരിതനയേ ഹേമലതേ…”
“പാഹിപർവ്വത നന്ദിനി മാമയി ”
തുടങ്ങിയ അനേകം കീർത്തനങ്ങൾ.

നമ്മുടെ ഇന്നത്തെ പാട്ടിന്റെ വരികളിലേക്ക് വരുമ്പോൾ….
പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ
ഹിമഗിരി ശ്രുംഗമേ പറയൂ
എൻ പ്രിയതമനെവിടെ…

മാനസസരസ്സിൻ അക്കരയോ ഒരു
മായായവനികക്കപ്പുറമോ
പ്രണവമന്ത്രമാം താമരമലരിൽ
പ്രണയപരാഗമായ് മയങ്ങുകയോ..
ഓ.. ഓ..
പ്രിയ സഖിമാരേ പറയൂ
പ്രിയമാനസനെവിടേ ഓ..
വനതരുവൃന്ദമേ പറയൂ
ഹൃദയേശ്വരനെവിടേ.. ഓ
പ്രിയ സഖിമാരേ….

മാടി വിളിക്കൂ മലർലതികേ പൊൻ –
മാനുകളേ എൻ പ്രിയനെവിടേ..
തിരുമുടി ചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ ഓ.. ഓ.
പ്രിയസഖി ഗംഗേ…

ഇങ്ങിനെയാണ് ചിത്രത്തിൽ.

പക്ഷേ വേറെ രണ്ടു വരികൾ കൂടി കാണുന്നു ചില പാട്ടുകളിൽ
“താരകൾ തൊഴുത് വലംവെക്കുന്നൊരു മായാ നർത്തന മേടയിലോ…”

ഹിമഗിരിയുടെ പുത്രി ഓടിനടന്ന് കളിച്ചു വളർന്ന പ്രദേശമാണ് ഗംഗയും മാനസസരസ്സുമൊക്കെ.
ഇതിൽ ഗംഗ ശിവന്റെ കള്ളക്കാമുകിയുമാണ്. ഗഗയെ ശിവൻ തന്റെ ശിരസ്സിൽ തിരുജടക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കയാണ്.
ആ ഗംഗയോടാണ് പാർവ്വതി ആദ്യമായി ചോദിക്കുന്നത്.
ഇതിൽ മറ്റൊരു അർത്ഥം കൂടി ഒളിപ്പിച്ചു വെച്ചിട്ടുണ്ട് കവി.
അത് നമ്മൾ വരിക്കുള്ളിൽ വായിച്ചെടുക്കണം.
അങ്ങിനെയല്ലേ നല്ല വായന?

പ്രിയമുള്ളവരേ.. നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി വീണ്ടും വരാം

സ്നേഹപൂർവ്വം
നിർമല അമ്പാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments