Monday, May 20, 2024
Homeഅമേരിക്ക🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്നു എന്ന പ്രത്യേകതയുള്ളതാണ് ‘കുമ്മാട്ടിക്കളി’. സുരേഷ് ഗോപിയും ദുല്‍ഖറും ചിത്രത്തിന്റെ ട്രെയിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. സംവിധാനം വിന്‍സെന്റെ സെല്‍വയാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആര്‍ കെ വിന്‍സെന്റ് സെല്‍വയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വെങ്കിടേഷ് വിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്സണ്‍ വിജയ്യാണ്. നിര്‍മാണം സൂപ്പര്‍ ഗുഡ് ഫിലിംസാണ്. സംഘട്ടനം ഫീനിക്സ് പ്രഭുവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയെത്തുന്ന ചിത്രത്തില്‍ മാധവ് സുരേഷ് മികച്ച പ്രകടനം നടത്തുന്നു എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന ‘മനസാ വാചാ’ തിയറ്ററുകളിലേക്ക്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തില്‍ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്. നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് ചിത്രത്തിന്റെ സംവിധാനം. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ ‘മനസാ വാചാ’ ഒരു മുഴുനീള ഫണ്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ്. മജീദ് സയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രശാന്ത് അലക്സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്‍ദോ ഐസക്ക് ആണ് ഛായാഗ്രഹണം. സുനില്‍കുമാര്‍ പി കെ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ചെമ്പന്‍ വിനോദും ലുക്മാന്‍ അവറാനും പ്രധാന വേഷത്തില്‍ അണിനിരക്കുന്ന ത്രില്ലറാണ് ‘അഞ്ചക്കള്ളകോക്കാന്‍’. കേരള – കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴി ഇന്നലെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യണ്‍ വ്യൂസ് ആണ് ട്രെയ്ലര്‍ നേടിയിരിക്കുന്നത്. കോമഡി പശ്ചാത്തലമുള്ള കളര്‍ഫുള്‍ ആക്ഷന്‍ ത്രില്ലര്‍ ആണ് എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്ലര്‍. ഭാഷ അത്ര പരിചിതമല്ലാത്ത ഒരു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പുതുതായി ചാര്‍ജ് എടുക്കുന്ന ഒരു പോലീസ് കോണ്‍സ്റ്റബിലിന്റെ വേഷമാണ് ഇതില്‍ ലുക്മാന്‍ അവറാന്‍ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന പോലീസുകാരന്റെ വേഷത്തില്‍ ചെമ്പന്‍ വിനോദും. അതോടൊപ്പം മണികണ്ഠന്‍ ആര്‍ ആചാരി, മേഘ തോമസ്, മെറിന്‍ മേരി ഫിലിപ്പ്, സെന്തില്‍ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അണിനിരക്കുന്നു. വെസ്റ്റേന്‍ രീതിയിലാണ് ചിത്രത്തിന്റെ മുഴുനീള ട്രീറ്റ്മെന്റ് എന്നാണ് ട്രെയ്ലറില്‍ നിന്നും മനസിലാകാന്‍ സാധിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. സംവിധാനം നിര്‍വഹിക്കുന്നത് വിനയ് ഗോവിന്ദാണ്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമായിരിക്കും ഗെറ്റ് സെറ്റ് ബേബിയെന്നാണ് റിപ്പോര്‍ട്ട്. നിഖില വിമലാണ് നായിക. ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തില്‍ ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു. ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ ഗെറ്റ് സെറ്റ് ബേബിയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന കരുത്തുറ്റ നായികാ കഥാപാത്രമായിട്ടാണ് നിഖില വിമല്‍ എത്തുക. ശ്യാം മോഹനും ജോണി ആന്റണിക്കുമൊപ്പം ചിത്രത്തില്‍ മീര വാസുദേവ്, ഭഗത് മാനുവല്‍, സുരഭി ലക്ഷ്മി, മുത്തുമണി, വര്‍ഷ രമേഷ്, ജുവല്‍ മേരി, അഭിരാം, ഗംഗ മീര തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.

നവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഓഫ് റോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ഹരികൃഷ്ണന്‍, സഞ്ജു മധു, അരുണ്‍ പുനലൂര്‍, ഉണ്ണി രാജ, രാജ് ജോസഫ്, ടോം സ്‌കോട്ട് തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാല്‍ ജോസ്, അജിത് കോശി, നിയാസ് ബക്കര്‍, ഗണേഷ് രംഗന്‍, അല എസ് നയന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഒട്ടേറേ പുതുമുഖങ്ങളും ഉണ്ട്. റീല്‍സ് ആന്‍ഡ് ഫ്രെയിംസിന് വേണ്ടി ബെന്‍സ് രാജ്, കരിമ്പുംകാലായില്‍ തോമസ്, സിജു പത്മനാഭന്‍, മായ എം ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി കാര്‍ത്തിക് നിര്‍വ്വഹിക്കുന്നു. ഷാജി സ്റ്റീഫന്‍, കരിമ്പുംകാലയില്‍ തോമസ്, സിജു കണ്ടന്തള്ളി, ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജ് സംഗീതം പകരുന്നു. ബിജു നാരായണന്‍, ജാസി ഗിഫ്റ്റ്, നജിം അര്‍ഷാദ്, അപ്പാനി ശരത്, കലേഷ് കരുണാകരന്‍ തുടങ്ങിയവരാണ് ഗായകര്‍.

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ബിജു മേനോന്‍-സുരാജ് കൂട്ടുകെട്ട്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ‘നടന്ന സംഭവം’ മാര്‍ച്ച് 22ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തിലെത്തുന്നത്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് ഗോപിനാഥന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവന്‍ ആണ്. അങ്കിത് മേനോന്‍ ആണ് സംഗീതം.

റൊമാന്റിക്- കോമഡി ഴോണറില്‍ പുറത്തിറങ്ങി ഗംഭീര പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ‘പ്രേമലു’വിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ‘കരാട്ടെ ചന്ദ്രന്‍’ ആണ് ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രം. മഹേഷിന്റെ പ്രതികാരത്തില്‍ സംവിധായകന്‍ ദിലീഷ് പോത്തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായിരുന്ന റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുക്കളുമായ എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രോമാഞ്ചത്തിനും അടി കപ്യാരെ കൂട്ടമണിക്കും ശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു ഹൊറര്‍ കോമഡി ചിത്രം കൂടി എത്തുന്നു. ‘ഹാപ്പി ന്യൂ ഇയര്‍ ‘. മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠന്‍ ഗ്രീഷ്മ സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. സനീഷ് ഉണ്ണികൃഷ്ണന്‍, ജിഷ്ണു മുക്കിരിക്കാട് എന്നിവര്‍ ചേര്‍ന്ന് കഥ എഴുതുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ഹൊറര്‍ കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. മാളവിക മേനോന്‍ ,മറീന മൈക്കിള്‍,റിയാസ് ഖാന്‍ ,ഉല്ലാസ് പന്തളം ,ഗൗരി നന്ദ ,വിനോദ് തോമസ് ,ലക്ഷ്മി നന്ദന്‍ ,നന്ദു ,അന്‍വര്‍ ഷെരീഫ് ,വിജയകൃഷ്ണന്‍ , ആതിര്‍ഷാ , നീരജ ,ശ്രുതി, അജീഷ് ,നിപിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സജു വർഗീസ് (ലെൻസ്മാൻ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments