ഓരോ ദിവസവും അറിഞ്ഞോ അറിയാതെയോ ചെയ്ത, നല്ലതും ചീത്തയുമായ കാര്യങ്ങളാൽ, ഹൃദയത്തിൽ നിറഞ്ഞ മാലിന്യങ്ങൾ സംസ്കാരങ്ങൾ മുദ്രകൾ എല്ലാം പുറത്തേക്ക് തള്ളിവിട്ട്, ആ സ്ഥാനത്ത് ഈശ്വര പ്രഭ നിറയുന്നതായി സങ്കൽപ്പിച്ച് പൂർണ്ണ വിശ്വാസത്തോടെ ഏതാനും നിമിഷം ഇരിക്കുമ്പോൾ ഒരു പ്രത്യേക അനുഭവമാണ് ഉണ്ടാവുക. അതിരാവിലെയുള്ള ധ്യാനവും വൈകുന്നേരത്തെ ശുചീകരണവും ജീവിതത്തിന്റെ ഒരു ഭാഗം ആക്കാം.
നൂറുകൂട്ടം പദ്ധതികൾ ആസൂത്രണം ചെയ്തിട്ടാണ് ഓരോ ദിനവും നമ്മൾ ഓട്ടം ആരംഭിക്കുന്നത്. അതിൽ പലതും വിജയിച്ചതിലുള്ള സന്തോഷത്തിലും പൂർത്തീകരിക്കാൻ സാധിക്കാത്തതിലുള്ള ദുഃഖത്തിലും ആണ് നമ്മൾ ഭവനത്തിൽ തിരിച്ചെത്തുന്നത്.
നാളെ വീണ്ടും ഓട്ടം ആരംഭിക്കുന്നതിനു മുമ്പായിട്ടുള്ള ഇടവേളയാണ് ഓരോ സായാ ഹ്നവും രാത്രിയും.
കുടുംബവുമായി ഒത്തു ചേർന്നിരിക്കുന്നതിനു ലഭിക്കുന്ന ആ സന്ദർഭം മറ്റെല്ലാം മറന്ന് സന്തോഷത്തിന്റെ നിമിഷങ്ങൾ ആക്കാം.
രാത്രി ഉറങ്ങുന്നതിനു മുമ്പായി തെല്ലുനേരം ഏകനായി ഇരിക്കാൻ അവസരം ഒരുക്കണം.
അന്നേ ദിവസം നടന്ന ഓരോ സംഭവങ്ങളും ഓരോന്നായി മനസ്സിൽ അവലോകനം നടത്താം. നമ്മുടെ തെറ്റുകൾ കൊണ്ടാണ് പല പാളിച്ചകളും സംഭവിച്ചതെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകാൻ തീരുമാനിക്കാം.
അതിനുശേഷം ഈശ്വരന്റെ സാന്നിധ്യം എന്നിൽ മുഴുവനായി ഉണ്ടെന്ന പൂർണ്ണ വിശ്വാസത്തോടെ കണ്ണുകൾ അടച്ച് ധ്യാനവസ്ഥയിൽ ഇരിക്കാം.
നമ്മളെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കഴിവുള്ളവർ തന്നെയാണ്. നമ്മുടെ അറിവുകളും കഴിവുകളും പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരം ശരിയായി പ്രയോജനപ്പെടുത്തണമെന്ന് മാത്രം. അങ്ങനെ തങ്ങളുടെ കഴിവുകളെ തെളിയിക്കാൻ കിട്ടിയ അവസരം ഒരു വെല്ലുവിളിയായി സ്വീകരിച്ച രണ്ട് കലാകാരന്മാരുടെ കഥ വായനക്കാരുമായി പങ്കുവെക്കുന്നു.
പണ്ട് ഗ്രീസിൽ ഒരു ചിത്രകലാകാരൻ ഉണ്ടായിരുന്നു. അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം, ഒരു ജീവൻ ഉണ്ടായിരുന്നു. അദ്ദേഹം ഗ്രാമം വിട്ട് പുറത്തുപോകാതിരുന്നതുകൊണ്ട് അദ്ദേഹം വരക്കുന്ന ചിത്രങ്ങൾക്കൊന്നും കാര്യമായ പൈസ കിട്ടുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം റോമിൽ നിന്നുള്ള ഒരു കൂട്ടുകാരൻ അദ്ദേഹത്തെ കാണാൻ വന്നു.റോമിലെ രാജാവ് ഒരു ചിത്രരചന മത്സരം നടത്തുന്നുണ്ട്. രാജാവിന്റെ ചിത്രം വരയ്ക്കുകയാണ് വിഷയം. അവിടെയുള്ള രാജാക്കന്മാർ 40 വയസ്സ് കഴിഞ്ഞാൽ അവരുടെ ചിത്രങ്ങൾ വരപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോഴത്തെ രാജാവിന് ചില കുറവുകൾ ഉണ്ട് അത് ചിത്രത്തിൽ വരുന്നത് രാജാവ് ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് 50 വയസ്സ് കഴിഞ്ഞിട്ടും രാജാവ് തന്റെ ചിത്രം വരപ്പിച്ചിരുന്നില്ല. എന്നാൽ പതിവ് തെറ്റിക്കരുത് എന്ന് കരുതി ചിത്രം വരപ്പിക്കാൻ തന്നെ രാജാവ് തീരുമാനിച്ചു. വേട്ടയ്ക്ക് പോയപ്പോൾ ഇടത്തെ കണ്ണിനേറ്റ ആഴത്തിലുള്ള മുറിവും വെട്ടി മാറ്റപ്പെട്ട വലത്തേകാലും ചിത്രത്തിൽ വരാൻ പാടുള്ളതല്ല എന്ന് രാജാവിന് നിർബന്ധമായിരുന്നു. അതുകൊണ്ട് രാജാവ് മത്സരത്തിന് ഒരു നിബന്ധന വെച്ചു. ചിത്രം കണ്ട് രാജാവ് സന്തോഷിച്ചാൽ 10 സഞ്ചി നിറയെ സ്വർണ്ണ നാണയങ്ങൾ കിട്ടും. സങ്കടപ്പെട്ടാൽ 10 വർഷം തടവ് കിട്ടും. ഇതു കാരണം റോമിലെ കലാകാരന്മാർ ചിത്രം വരയ്ക്കാൻ ഭയപ്പെട്ടിരുന്നു.
എന്നാൽ നമ്മുടെ ചിത്രകലാകാരൻ ആ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. അദ്ദേഹം റോമിൽ പോയി രാജാവിനെ കണ്ട് മത്സരത്തിൽ പങ്കെടുക്കുന്ന കാര്യം അറിയിച്ചു. രണ്ടുമാസം കഴിഞ്ഞ് ഒരു ദിവസം ചിത്രം പ്രദർശിപ്പിക്കുന്നതായി അറിയിപ്പുണ്ടായി. കാണികളെ കൊണ്ട് കൊട്ടാരം നിറഞ്ഞു. അവിടെ വേദിയിൽ ഒരു കസേരയിൽ ചിത്രം തുണികൊണ്ട് മൂടി വെച്ചിരുന്നു.രാജാവ് സിംഹാസനത്തിൽ ഉപവിഷ്ടനായി. ചിത്ര കലാകാരൻ തുണി മാറ്റി. അപ്പോൾ കാണാൻ കഴിഞ്ഞത് ഒരു കുതിരപ്പുറത്ത് രാജാവ് ഇരിക്കുന്നു. മുറിവേറ്റ കണ്ണ് മറുവശത്ത് ആയതുകൊണ്ട് കാണാൻ കഴിയുകയില്ല. വെട്ടി മാറ്റപ്പെട്ട കാലിന്റെ സ്ഥാനത്ത് ഒരു പുലിയുടെ ജഡം തൂക്കിയിട്ടിരിയ്ക്കുന്നതുമാണ് ചിത്രം. ചിത്രം കണ്ട് രാജാവിന് അതിയായ സന്തോഷമുണ്ടായി. ചിത്രകലാകാരൻ പറഞ്ഞു പുലിയും ആയിട്ടുള്ള അങ്ങയുടെ ചിത്രം ഒരു ധീരന്റെ ആയിട്ടാണ് കാണാൻ കഴിയുക. രാജാവ് കലാകാരനെ കൊട്ടാരത്തിലെ ആസ്ഥാന ചിത്രകാരനായി നിയമിച്ചു.
ഒരു നാട്ടിൽ ഒരു ശില്പി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ കണ്ട ഒരു ശില്പം കൊത്തിയെടുക്കാൻ അനുയോജ്യമായ ഒരു കല്ല് തിരഞ്ഞെടുത്ത് അതിൽ പണി തുടങ്ങി. മാസങ്ങളോളം അതിൽ പണിയെടുത്തു. കൈകൾ വേദനിച്ചു മനസ്സ് മടുത്തു. ഇത് വെറും കല്ലാണ് താങ്കൾ പരാജയപ്പെടും എന്ന് നാട്ടുകാർ പറഞ്ഞ് കളിയാക്കി. നാട്ടുകാർക്ക് അത് വെറും കല്ലായിരുന്നെങ്കിലും ആ കല്ലിൽ മനോഹരമായ ഒരു ശില്പം ഒളിഞ്ഞിരിക്കുന്നതായി ശില്പിക്ക് കാണാമായിരുന്നു. ക്ഷീണിക്കാതെ മടുക്കാതെ പണിയെടുത്തു അവസാനം പണിയായുധങ്ങൾ താഴെ വെച്ചു. അത് മനോഹരമായ ഒരു ശില്പമായി തീർന്നു. ഇത്രയും കാലം പിന്മാറാതെ പണിയെടുത്തതിന്റെ കാര്യം ശില്പി വെളിപ്പെടുത്തി. ഞാൻ കല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ എന്റെ സ്വപ്നത്തിലുള്ള രൂപം മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്.
ആ മനോഹരമായ ശില്പം ആ ശില്പി കൊത്തിയിടുത്തില്ലായിരുന്നുവെങ്കിൽ അങ്ങനെയൊരു ശില്പം ഉണ്ടാകുമായിരുന്നില്ല. നമ്മൾ ചെയ്യേണ്ട കാര്യം നമ്മൾ തന്നെ ചെയ്യണം മറ്റൊർക്കും അതിന് കഴിഞ്ഞെന്നു വരില്ല.



