Logo Below Image
Friday, August 15, 2025
Logo Below Image
Homeഅമേരിക്കദുക്‌റാന തിരുനാൾ. ✍️അഫ്സൽ ബഷീർ തൃക്കോമല

ദുക്‌റാന തിരുനാൾ. ✍️അഫ്സൽ ബഷീർ തൃക്കോമല

ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശു ക്രിസ്തു വിന്റെ  പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്‌റാന തിരുനാൾ അഥവ തോറാന.സെന്‍റ് തോമസ് ദിനം എന്നാണു ഇപ്പോൾ അറിയപ്പെടുന്നത്. ഇന്ത്യയിലെ ക്രിസ്ത്യൻ മാർത്തോമാ സഭ ഉൾപ്പടെ ക്രിസ്ത്യൻ സമൂഹം വലിയ പ്രാധാന്യത്തോടെ ഈ തിരുനാൾ ആഘോഷിക്കുന്നു .ദുക്റാനത്തിരുനാളിനു എട്ടു ദിവസത്തെ ഒരുക്കങ്ങളാണ് ഉപവാസം, പരിശുദ്ധ ഖുർബാനയ്ക്ക് മുമ്പായി സപ്ര നമസ്ക്കാരം, ദൈവാലയത്തിലെ സായാഹ്ന നമസ്ക്കാരങ്ങൾ അങ്ങനെ നീളുന്നു .

ഒന്നാം നൂറ്റാണ്ടിൽ ഗലീലിയിൽ ജനിച്ച തോമാശ്ലീഹാ യൂദാസ് തോമസ്, , ദിദിമസ് ദി ട്വിന്‍ ,ജൂഡ് തോമസ്, ഡൌട്ടിംഗ് തോമസ് ,മാർത്തോമാ, ഇന്ത്യയുടെ അപ്പോസ്തലന്‍ എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്നു. . അദ്ദേഹത്തെകുറിച്ചു ബൈബിളിൽ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് കൂടുതൽ പറയുന്നത് . ഇന്ത്യയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ പിന്നീട് മെസപൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയി. ഇതൊരു ജൂലൈ മൂന്നിനായിരുന്നു. അതുകൊണ്ടാണ് ജൂലൈ മൂന്ന് സെന്‍റ് തോമസ് ദിനമായി ആചരിക്കുന്നത് .

യേശുവിന്‍റെ ഇരട്ടസഹോദരനോളം പ്രാധാന്യമുള്ളതുകൊണ്ടാണ് തോമാശ്ലീഹ എന്ന പേര് വന്നതെന്ന് കരുതുന്നു .തോമ എന്ന വാക്കിന്‍റെ അര്‍ഥം ഇരട്ടയെന്നും ശ്ലീഹയെന്ന പദത്തിന്‍റെ അര്‍ത്ഥം അയക്കപ്പെട്ടവന്‍ എന്നുമാണ് .എ.ഡി.52 ല്‍ നവംബര്‍ 21 നാണ് തോമാശ്ലീഹ കൊടുങ്ങല്ലൂരിനടുത്തുള്ള മൂത്തകുന്നത്തെ മാല്യങ്കരയില്‍ വന്നിറങ്ങിയത്. കൊടുങ്ങല്ലൂരിലെ സെന്‍റ് തോമസ് പള്ളി ഇന്നും പ്രൗഢിയോടെ ഒട്ടേറെ ഭക്തരേയും സന്ദര്‍ശകരേയും ആകര്‍ഷിക്കുന്നു.വിശുദ്ധ തോമാശ്ലീഹ എന്നാണ് കേരളീയര്‍ വിശേഷിപ്പിച്ചത്. പാലയൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍, കോക്കമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം തുടങ്ങി തിരുവാതാംകോട് അരപ്പള്ളി ഉൾപ്പടെ പള്ളികള്‍ അദ്ദേഹം സ്ഥാപിച്ചതായാണ് വിശ്വാസം. ഏഴരപ്പള്ളികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. തോമാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ അനുഗൃഹീതമായ തീര്‍ഥാടനകേന്ദ്രമമായ മലയാറ്റൂര്‍. വലിയ നോമ്പുകാലത്തും, തുടര്‍ന്ന് പുതു ഞായറാഴ്ചയും ഭക്തജനപ്രവാഹമാണ്. ചോളനാട്ടില്‍ നിന്നു മലമ്പ്രദേശത്തുകൂടെ സഞ്ചരിച്ച വേളയില്‍ പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി മലയാറ്റൂരില്‍ അദ്ദേഹം വിശ്രമിച്ചതായാണ് കണക്കാക്കപ്പെടുന്നത് .

സുവിശേഷത്തിന്‍റെ പതിനാലാം അധ്യായത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തതയെ കുറിച്ച് വിവരിക്കുന്നുണ്ട് . “യേശു ജോര്‍ദാന്‍റെ മറുകരയിലായിരിക്കുമ്പോഴാണ്, ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുന്നത്.
യേശുവിന്‍റെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്‌തോലന്മാര്‍ പറഞ്ഞു: ”ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ?” ലാസര്‍ മരിച്ചുവെന്നും അവനെ കാണാന്‍ പോകുന്നതിനു താന്‍ തീരുമാനിച്ചുവെന്നും” യേശു പറയുമ്പോൾ അദ്ദേഹം മറ്റു ശിഷ്യന്മാരെ യേശുവിനോടൊത്തു നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്. അപ്പോള്‍ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: ”അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (യോഹ 11:16) എന്ന പ്രയോഗത്തിൽ തന്നെ അദ്ദേഹത്തിന്റെ ആത്മാർത്ഥയും ധൈര്യവും എടുത്തു പറയാവുന്നതാണ് .
ഇതിനെ തുടർന്നാണ് യേശു ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയാറായ അദ്ദേഹം ഡൌട്ടിംഗ് തോമസ് എന്ന തന്‍റെ ചീത്തപ്പേര് തുടച്ചു നീക്കി
എന്ന് ചരിത്രം രേഖപെടുത്തുന്നു .

എ.ഡി. 72 ല്‍ മൈലാപ്പൂരിലെ ചിന്നമലയിലെ ഒരു ഗുഹയില്‍ വച്ച് അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു എന്ന് വിശ്വസിക്കുന്നു . അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെപ്പറ്റി വി. ജെറോം ,സം‌പൂജ്യനായ ബീഡ് എന്നിവർ ചേർന്ന് എഴുതിയ ‘രക്തസാക്ഷിചരിത്രം’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . “സിനക്സേരിയോന്‍”എന്ന ഗ്രന്ഥത്തിൽ ഇന്ത്യന്‍ രാജാവായ മിസദേവനാല്‍ മാര്‍ത്തോമ്മാശ്ലീഹാ വധിക്കപ്പെട്ടു എന്നു പ്രസ്താവിക്കുന്നുണ്ട്. ഏതായാലും മൈലാപ്പൂരിലെ സാന്തോം പള്ളി വിശുദ്ധ സെന്‍റ് തോമസിന്‍റെ സ്മരണയ്ക്കായുള്ളതാണ്.

തോമാശ്ലീഹാ യേശുക്രിസ്തുവിന്റെ വിശ്വസ്തനായ ശിഷ്യനാണെന്നു മരിയാ വാൾതോത്തയുടെ “ദൈവ മനുഷ്യ സ്നേഹഗീത” എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട് .ക്രിസ്തുമതത്തെ ഇന്ത്യയിലെത്തിക്കുന്നതിനു മുൻപിൽ നിന്നതും അതിനു കേരളം ചരിത്രത്തിലിടം പിടിച്ചതും ഇന്ത്യ മഹാ രാജ്യത്തു മത സഹിഷ്ണതക്കു ഊന്നൽ നൽകാനും രാജ്യം ബഹുസ്വരതയുടെ പ്രതീകമാകാനും എല്ലാം മുൻപിൽ നിന്ന വിശുദ്ധ തോമ ശ്ലീഹ യുടെ തിരുനാൾ ദേശീയോത്സവമായി മാറട്ടെ …

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

2 COMMENTS

  1. വിവരണം നന്നായിട്ടുണ്ട്..

    തൊട്ടു വിശ്വാസി എന്നു കൂടി മലയാളികൾക്കിടയിൽ ഒരു പ്രയോഗമുണ്ട്. ഡൗട്ടിംഗ് തോമാസ് എന്നതിൽ നിന്നു വന്നതാണ് ഈ പ്രയോഗം.

    യേശു പുനരുത്ഥാനംചെയ്തു എന്നും മറ്റു ശിഷ്യന്മാർ തങ്ങൾ അവനെ കണ്ടു എന്നു പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന തോമാസ് ഞാനവനെ കണ്ടാലെ വിശ്വസിക്കു എന്നു സംശയം പറഞ്ഞു. യേശു എല്ലാവരും കൂടിയിരിക്കെ പ്രത്യക്ഷപ്പെടുകയും, തോമാസിനെ വിളിച്ച് തൻ്റെമാറിലെ മുറിപ്പാടിൽ കൈവിരലിടാൻ ക്ഷണിക്കുകയും ചെയ്തു. “എൻ്റെ കർത്താവേ എൻ്റെ ദൈവമേ” എന്നു വിളിച്ച് കരഞ്ഞ് തോമസ് തൊട്ടു വിശ്വസിച്ചു. ബൈബിളിൽ stiതോമസിനെ കുറിച്ചുള്ള വിശദമായ വിവരണം ഇതും കൂടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ