ദുബായ് : എസ്‌ജെ ഫിലിംസിന്റെ ബാനറിൽ സോജൻ ജോസഫ് നിർമ്മിച്ച്, പ്രേംകുമാർ കോയിപ്രം കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച “പ്രോമിസ് ബ്രിഡ്ജ്” എന്ന ഹ്രസ്വചിത്രത്തിന്റെ പ്രീമിയർ പ്രദർശനം നവംബർ 23 ന് ദുബായിലെ ദമാസ്കസ് റോഡിലുള്ള ഒയാസിസ് റെസിഡൻസി ഹാളിൽ നടന്നു. യുഎഇ യിൽ അറിയപ്പെടുന്ന റേഡിയോ അവതാരകനും, അമൃത ടി വി യുടെ ന്യൂസ് റീഡറുമായിരുന്ന നാസർ ബേപ്പൂർ മുഖ്യാതിഥിയായിരുന്നു.

രണ്ട് മനോഹര ഗാനങ്ങൾ കോർത്തിണക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സജയ് ജോൺ കുറിയന്നൂർ, എം ടി പ്രദീപ് കുമാർ എന്നിവരാണ്. അലപിച്ചിരിക്കുന്നത് ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് അയിരൂർ, എം ടി പ്രദീപ് കുമാർ. കൂടാതെ ക്യാമറയും സഹ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അസീസ് കുന്നംകുളം ആണ്. സോജൻ ജോസഫ്, റീന കോന്നി, ഇക്ബാൽ താമരശ്ശേരി, വിദ്യ ഹരിപ്പാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, മറ്റ് പ്രവാസി കലാകാരന്മാരും അവരോടൊപ്പം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു.

ഒരു കൂട്ടം പ്രവാസി കലാകാരന്മാരാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നമ്മുടെ ഇടയിൽ എന്നും എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രേമബന്ധങ്ങളുടെ പിന്നാമ്പുറങ്ങളിലെ ദുരന്തകഥയുടെ നേർക്കാഴ്ച്ചകളാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്.

പ്രേമത്തിൻ്റെ അഭിനിവേശങ്ങളിൽ അറിയാതെ അകപ്പെട്ട് ജീവിതത്തിൻ്റെ നല്ല കാലങ്ങളിൽ ആടിത്തീർക്കുന്ന നിരവധി ആസ്വാദന മുഹൂർത്തങ്ങൾക്ക് ശേഷം, പലരൂപത്തിലുള്ള വിധിയുടെ വിളയാട്ടങ്ങൾ തകർത്തെറിയുന്ന ഇത്തരം പ്രേമ ബന്ധങ്ങളിൽ അടിപതറുന്ന ഒരു മനുഷ്യൻ്റെ നേർക്കാഴ്ച്ചയാണ് “പ്രോമിസ് ബ്രിഡ്ജ്” എന്ന സിനിമയിലൂടെ നമ്മൾ കാണുന്നത്.
പ്രവാസികൾക്കിടയിൽ പലപ്പോഴും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്നേഹത്തിൻ്റേയും ചേർത്തുപിടിക്കലിൻ്റേയും, കരുതലിൻ്റേയും മഹത്വം എന്നും നിറഞ്ഞുനിൽക്കുന്ന പ്രവാസലോകം, പ്രത്യേകിച്ച് യുഎഇ യിൽ ഇത്തരം നിരാശാ കാമുകീ കാമുകന്മാർ പലപ്പോഴും ജീവിതത്തിൻ്റെ മനോഹര പാതയിലേക്ക് തിരിച്ചു വരികയും, ശേഷിച്ച ജീവിതം സുഗമമായി ജീവിച്ചു തീർക്കുകയും ചെയ്യുന്നു എന്ന മഹത് സന്ദേശമാണ് ഈ ഹ്രസ്വ സിനിമ പ്രവാസികൾക്കിടയിൽ നൽകുന്നത്. ഉടൻ തന്നെ “പ്രോമിസ് ബ്രിഡ്ജ്”
യൂട്യൂബിൽ റിലീസ് ചെയ്യും എന്ന് സംവിധായകൻ പറഞ്ഞു.





