Friday, February 20, 2026
Homeഅമേരിക്കഭക്ഷണം, ഒരു പരിസ്ഥിതിസംസ്കാരം (ലേഖനം) ✍ രാജൻ പടുതോൾ

ഭക്ഷണം, ഒരു പരിസ്ഥിതിസംസ്കാരം (ലേഖനം) ✍ രാജൻ പടുതോൾ

-സസ്യാഹാരത്തിനോട് ബന്ധപ്പെട്ട ഭാഗമാണിത്. മാംസാഹാരത്തെപ്പറ്റി പിന്നീട് .

ആടുമാടുകള്‍ തിന്നിരുന്ന അതേ ഭക്ഷണമാണ് എന്റെ കുട്ടിക്കാലത്ത് ഞങ്ങളും ഭക്ഷിച്ചിരുന്നത്. ഇതാ ഇങ്ങനെ..

  1. കഞ്ഞിയായിരുന്നു അന്നൊക്കെ ഞങ്ങളുടെ പ്രാതല്‍. തൊഴുത്തിലെ പശുക്കള്‍ക്കും കഞ്ഞിയുടെ ഒരു ഓഹരിയുണ്ട്. തേങ്ങാചമ്മന്തിയാണ് സാധാരണ കഞ്ഞിക്ക് ഉപദംശം. കഞ്ഞി കുടിക്കാന്‍ ഞങ്ങള്‍ കുമ്പിള്‍കുത്തിയിരുന്ന പ്ലാവില പശുവിന് ഇഷ്ടപ്പെട്ട ആഹാരമാണ്. പശുവിന്റെ പ്രിയ ആഹാരങ്ങളിലൊന്നാണ് തേങ്ങാപിണ്ണാക്ക്. തേങ്ങ ചിരവിയിട്ട കഞ്ഞി പശുക്കളുടെ പ്രസവരക്ഷക്ക് ഉത്തമമാണ്.

2. വളപ്പില്‍ പശു തിന്നാറുള്ള ചീരയും താളും തഴുതാമയും ഞങ്ങള്‍ക്കും പ്രിയ വിഭവങ്ങളാണ്. പയറിന്റെ ഇല ഞങ്ങള്‍ക്കെന്ന പോലെ പശുവിനും ഇഷ്ട ഭക്ഷണമാണ്. വാഴയിലയില്‍ ഞങ്ങള്‍ ഉണ്ണുന്നു; പിന്നീട് ആ വാഴയില പശു ഉണ്ണുന്നു. തൊഴുത്തിലേക്ക് പോകുന്നതിനിടയില്‍ വഴിവക്കിലെ വാഴയില ഒന്നു കടിച്ചുവലിക്കാത്ത പശുവില്ല. ഞങ്ങളുടെ ഭക്ഷണമായ ചക്കച്ചുള പശുവിനും പത്ഥ്യമാണ്‌. ചക്കയുടെ മടലും മടലും ചകിണിയും ഞങ്ങള്‍ കടിച്ചീമ്പിയ മാമ്പഴത്തിന്റെ തോലും അവര്‍ക്കും പ്രിയമാണ്.ഞങ്ങള്‍ ചുട്ടും വേവിച്ചും തിന്നുന്ന ചോളം വിശേഷപ്പെട്ട ഒരു കാലിത്തീറ്റയുമാണ്. ചുട്ടവേനല്‍ക്കാലത്ത് ഞങ്ങളും പശുക്കളും പറങ്കിമാങ്ങ പങ്കുവച്ച് തിന്നിരുന്നു.ഞങ്ങള്‍ ഭക്ഷിച്ച് മിച്ചംവരുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളും പശുവിന്റെ കഞ്ഞിയില്‍ കലക്കി കൊടുക്കുന്നത് അന്ന് പതിവായിരുന്നു.

3. ഞങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണം പങ്കിട്ടുകൊണ്ടാണ് പശു ഞങ്ങള്‍ക്ക് പാല്‍ ചുരന്നിരുന്നത്. പശുവിന്റെ പാല്‍ കുടിച്ചിട്ടാണ് ഞങ്ങള്‍ പശുവിനെ പാലിച്ചിരുന്നത്
പശുക്കുട്ടി വളരുന്നതും ഞങ്ങള്‍ കുട്ടികള്‍ ആരോഗ്യവാന്മാരായി വളര്‍ന്നിരുന്നതും പശുവിന്‍ പാല്‍ കുടിച്ചിട്ടാണ്‌. പശുക്കുട്ടിയുടെയും മനുഷ്യക്കുട്ടിയുടെയും ആരോഗ്യത്തിന്റെ രഹസ്യം പശുവിന്‍ പാലാണ്.

4. പച്ചയിലകള്‍ക്കൊപ്പം പശുവിന്റെ ചാണകവും മൂത്രവും ഞങ്ങളുടെ ഭക്ഷ്യവിളകള്‍ക്ക് വളമായിരുന്നു. വെെയ്ക്കോലും തവിടും പശുവിന് ഭക്ഷണവുമായിരുന്നു

അങ്ങനെ സസ്യങ്ങളും മൃഗങ്ങളും പശുക്കളും പരസ്പരം അന്നമായി ജീവിച്ചുപോന്ന അക്കാലത്ത് ആരും പരിസ്ഥിതി മലിനീകരണത്തെപ്പറ്റിയോ ആഗോള ഊഷ്മാവിനെ പറ്റിയോ വിഷാദിച്ചിരുന്നില്ല.
ഏതാണ് ഉത്തമഭക്ഷണം എന്ന് ഗൂഗിളില്‍ അന്വേഷിക്കേണ്ട അവസ്ഥ അന്ന് ഇല്ലായിരുന്നു.ഓരോരുത്തനും (ഓരോ പശുവും )ജനിച്ചുവളരുന്ന പ്രദേശം അവര്‍ക്ക് അനുയോജ്യമായ ഭക്ഷണവും സ്വരൂപിച്ചുവച്ചിട്ടുണ്ട്. അതിനപ്പുറത്തേക്കുള്ള ആക്രാന്തമാണ് അനാരോഗ്യത്തിനും രോഗത്തിനും കാരണമാവുന്നത്.ഈ പരസ്പരാശ്രയത്വംതന്നെയാണ് പ്രകൃതിസംരക്ഷണവും. അങ്ങനെയൊരു സാംസ്കാരിക പരിസരത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതില്ല;കാലിത്തീറ്റ അന്വേഷിച്ച് അലയേണ്ടതില്ല,;പാലിനുവേണ്ടി ഡയറിക്കുമുമ്പില്‍ കുമ്പിള്‍ നീട്ടേണ്ടതില്ല.ഭക്ഷണം ഒരു സംസ്കാരവും സംസ്കാരം പ്രകൃതിസംരക്ഷണവുമാണ്, ആവണം.

വാല്‍ക്കഷണംഃ -പശു എന്ന സംജ്ഞകൊണ്ട് ഞാന്‍ ഇവിടെ കേവലം പശുവിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. നമ്മുടെ പ്രദേശത്തെ എല്ലാ പക്ഷിമൃഗാദികളും ഈ ഗണത്തില്‍ പെടുന്നു. അവയും സസ്യജാലങ്ങളും നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. കാക്കയും പൂച്ചയും നായയും എച്ചില്‍ തിന്നും നാം തിന്നുവലിച്ചെറിയുന്ന പഴങ്ങളുടെ വിത്തുകള്‍ വിതരണം ചെയ്തും നമ്മളോടൊപ്പമുണ്ട് . ഇരുകാലികളും നാല്‍ക്കാലികളും -‘ദ്വിപദേശം ചതുഷ്പദേ’എന്ന് ഋഗ്വേദം- ഒരേ അവാസവ്യവസ്ഥ പങ്കുവെയ്ക്കുന്നവരാണ്

രാജൻ പടുതോൾ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com