ഏഴാം ക്ലാസിൽ കണക്ക് പഠിപ്പിച്ചിരുന്ന കിരിപ്പൻ ജോർജുസാർ പനിപിടിച്ചു കിടപ്പിലാകാൻ വേണ്ടി മാടൻനടയിലെ കൊച്ചു കാണിക്കവഞ്ചിയിൽ അന്നൊക്കെ എന്റെ പത്തുപൈസാത്തുട്ടുകൾ വീണുകൊണ്ടേയിരുന്നു . മാടൻതമ്പുരാന് കാശിന് ഇത്തിരി ബുദ്ധിമുട്ടുള്ള സമയമായിരുന്നതുകൊണ്ട് ജോർജുസാർ ഒരു മുടക്കവും കൂടാതെ ക്ലാസ്സിൽ വന്നുകൊണ്ടുമിരുന്നു . കാണിക്കയിടാൻ കാശില്ലാതെ വന്നപ്പോൾ അച്ഛനറിയാതെ ‘ കപ്പലണ്ടി ബിസിനസ് ‘ ആരംഭിച്ചു . വറുത്തെടുത്ത കപ്പലണ്ടി തകരടിന്നിലാക്കി വൈകുന്നേരങ്ങളിൽ വയലിനക്കരെയുള്ള തെങ്ങിന്തോപ്പിൽ പോയിരിക്കും . ഒരു പൈസയ്ക്ക് രണ്ടെണ്ണമായിരുന്നു കച്ചവടം . അതിൽനിന്നും കിട്ടുന്ന ലാഭത്തിൽ ഒരു വീതം മാടൻതമ്പുരാനും കൊടുക്കും . ഒരിക്കൽ ഇക്കഥ അച്ഛനറിഞ്ഞു . വാറ്റും GST യും കൂട്ടിച്ചേർത്തു അന്ന് തുടയിൽ പതിഞ്ഞ മയിലാഞ്ചിക്കമ്പിന്റെ ചുവന്ന വരകൾ എണ്ണിത്തിട്ടപെടുത്താൻ കൂട്ടുകാരനെ ഏകാംഗകമ്മീഷനായി വച്ചെങ്കിലും അവൻ കണക്കിന് എന്നേക്കാൾ കേമനായിരുന്നതുകൊണ്ട് എണ്ണമെടുക്കാൻ അവനും കഴിഞ്ഞില്ല . അന്നൊക്കെ മിച്ചമുണ്ടാക്കിയ പൈസയിൽ നിന്നും അൽപ്പാൽപ്പമായി കലുങ്കിനരികിൽ കച്ചവടം ചെയ്തിരുന്ന നടരാജനണ്ണന്റെ ” നടരാജാ ചിട്ടിഫണ്ട് ” ൽ ഇൻവെസ്റ്റ് ചെയ്തിരുന്നു . 10 രൂപാ 50 പൈസയാണ് അടങ്കൽ തുക .അതിൽ നോട്ടക്കൂലി 50 പൈസ കഴിച്ചു 10 രൂപാ കയ്യിൽ കിട്ടും അത് അപ്പടി അമ്മയെ ഏൽപ്പിക്കില്ല അതിൽ നിന്നും രണ്ടു രൂപാ മാറ്റി വയ്ക്കും. ചിലപ്പോൾ ഓണത്തിന് അമ്മ അതുകൊണ്ട് അടുക്കളയിലേക്കു അലൂമിനിയം പാത്രം വാങ്ങിക്കും . ഒരിക്കൽ അച്ഛന്റെ കിഴുത്തകൾവീണു കീറിയ ബനിയൻ അഴയിൽ നിന്നും എടുത്തുകളഞ്ഞിട്ട് ഒരു രൂപാ എഴുപത്തഞ്ചു പൈസയ്ക്ക് വാങ്ങിയ ഒരു പുതിയ ബനിയൻ അവിടെ കൊണ്ടുപോയി ഇട്ടു . രണ്ടു രൂപയായിരുന്നു ബനിയന്റെ വില . എങ്കിലും അച്ഛൻ നാട്ടുകാർക്കിടയിലെ ആദരണീയവ്യക്തിത്വം ആയിരുന്നതുകൊണ്ട് കടമുതലാളി 25 പൈസ കുറച്ചുതരും നാട്ടുകാർക്ക് പ്രസാദ് സാറിനോടുള്ള ബഹുമാനം അങ്ങനെ ചില്ലറ ചില്ലറയായി കിട്ടിക്കൊണ്ടിരുന്നു. . അഴയിൽ കൊണ്ടിട്ട പുതുബനിയൻ അമ്മ വാങ്ങിയതാവും എന്ന് അച്ഛനും അച്ഛൻ വാങ്ങിയതാവും എന്ന് അമ്മയും ധരിച്ചിട്ടുണ്ടാവും . മാനത്തിരുന്നു കഥകൾ പറയുന്ന കൂട്ടത്തിൽ ഇനി ഇതിന്റെ കള്ളിയും ‘അമ്മ പൊളിച്ചിട്ടുണ്ടാകുമോ ? ( മാനത്തു മയിലാഞ്ചിക്കമ്പ് ഉണ്ടാകില്ല എന്നൊരു സമാധാനം )
സ്‌കൂളിൽ പഠിക്കുമ്പോൾ തുലാവർഷക്കാലം ഒരുപാട് സന്തോഷം നൽകിയിരുന്നു . അന്നൊക്കെ മഴയുടെ കുടുക്കം കേൾക്കുമ്പോൾ മയിലുകളാടും പോലെയായിരുന്നു മനസും .ഉച്ച കഴിഞ്ഞുള്ള മന്ദാരങ്ങളിൽ വിരുന്നെത്തിയിരുന്ന തുലാവർഷപെയ്ത്തുകളിൽ ഒരുപാട് ആഹ്ലാദിച്ചിരുന്ന നാളുകൾ മോഹൻജദാരോയിലെ നടപ്പാതകളിൽ ഇഷ്ടിക പാകുന്നത് മതിയാക്കി സോമവല്ലിടീച്ചർ മേൽക്കൂരയിലെ ഓടിന്റെ വിടവിലൂടെ ക്ലാസ്സിലേക്ക് ഊർന്നുവീഴുന്ന വെള്ളവും നോക്കിയിരിക്കും ജനാലയിലൂടെ ശീതമടിച്ചു ഉള്ളിലേക്ക് പറന്നെത്തുന്ന തൂമാനത്തുള്ളികൾ പെൺപിള്ളേരുടെ കുറുനിരകളിലും കവിൾപ്പൂക്കളിലും തുഷാരമണിയിക്കും . കാറ്റ് ശക്തമായി വീശുമ്പോൾ ടീച്ചർ വേഗം ചെന്ന് ക്ലാസിലെ ജനാലകൾ അടച്ചിടും . ക്‌ളാസ്മുറിയാകെ ഇരുട്ട് പരക്കും. മുത്തശ്ശി പറഞ്ഞുതന്ന കഥയിൽ മുക്കുവന്റെ കയ്യിലെ കുടം തുറന്നു പുറത്തുവന്ന ഭൂതം അട്ടഹസിക്കും പോലെയായിരുന്നു കൊള്ളിമീനുകൾക്ക് പിന്നാലെ കേട്ടിരുന്ന ഇടിമുഴക്കങ്ങൾ .ഓരോ ഇടിമിന്നലുകളിലും പേടിച്ചരണ്ട് അടുത്തിരിക്കുന്ന കൂട്ടുകാരിയെ ഇറുകെപ്പിടിക്കുന്ന ശ്രീദേവിയുടെ വിടർന്ന വലിയ കണ്ണുകളിലേക്കു ആ അരണ്ട വെളിച്ചത്തിൽ നോക്കിയിരിക്കാൻ വലിയ കൗതുകമായിരുന്നു .ക്ലാസ്സിലെ ഏറ്റവും മൊഞ്ചത്തിയായിരുന്നു ശ്രീദേവി
കഴിഞ്ഞ ലീവിന് പോയപ്പോൾ തോന്നി കൂടെപ്പഠിച്ച കുറച്ചുപേരുടെയെങ്കിലും മുഖങ്ങൾ ഓർത്തെടുക്കണമെന്നും കുറേപ്പേരെയെങ്കിലും തേടിപ്പിടിക്കണമെന്നും . എന്റെ പഴയ കണക്കുസാർ കിടപ്പിലാകാൻ ഒരുപാടുവട്ടം കാണിക്കയിട്ടതുകൊണ്ടാവാം കരളിലെ കണക്കുകൂട്ടലുകൾ ചിലപ്പോഴെങ്കിലും കൈതെറ്റിപ്പോകുന്നു …
രസകരമായ എഴുത്ത്

മനോഹരം
