തൃശ്ശൂർക്കാരനായ, അവണാവ്മനയ്ക്കലെ നാരായണൻനമ്പൂതിരി എന്ന അവണാവ് നാരായണൻ പന്ത്രണ്ടുവർഷമായി വാട്സപ്പിലും മറ്റുനവമാധ്യമങ്ങളിലുമായി സുപ്രഭാതചിത്രസന്ദേശങ്ങളുമായി സുഹൃത്തുക്കളെ മാത്രമല്ല സഹൃദയരെമുഴുവൻ ഉണർത്തിക്കൊണ്ടിരിക്കുകയാണ്.
അദ്ധ്യാപകസേവനത്തിൽനിന്ന് വിരമിച്ചതിന്നുശേഷം വ്രതമായും നിഷ്ഠയായും ചിത്രകലയെ ഏറ്റെടുത്തിട്ടുള്ള അവണാവ് നാരായണന്റെ ചിത്രങ്ങൾക്ക് ജനഹൃദയങ്ങളിൽ വലിയ സന്തോഷവും ആഹ്ലാദവും ആണ് ഉണ്ടാക്കുവാൻ സാധിച്ചിട്ടുള്ളത്.
ദിവസവും വളരെനേരത്തെ എഴുന്നേറ്റ്, അത് പലപ്പോഴു വെളുപ്പിനെ മൂന്നുമണിയാവാം, മൂന്നരയാവാം, അദ്ദേഹം തൻ്റെ കർമ്മത്തിലേക്ക് കർമ്മയജ്ഞത്തിലേക്ക് ധ്യാനനിഷ്ഠനായി ഇരിക്കുകയാണ്. അദ്ദേഹത്തിൻ്റെ നിത്യതപസ്സിൽനിന്ന് ഉയർത്തെണീറ്റ ചിത്രങ്ങൾ ജീവിതത്തിൻ്റെ മിക്കമേഖലകളെയും സ്പർശിക്കുന്നതാണ്. അതിൽ ലാൻഡ്സ്കേപ്പുകൾക്ക് വലിയ സ്ഥാനമുണ്ട് . കേരളത്തിൻ്റെ പച്ചപ്പും കുളിർമയും മേളിക്കുന്ന വിസ്തൃതികളെ അദ്ദേഹം വളരെതന്മയത്വത്തോടെ ക്യാൻവാസിലേക്ക് ആവാഹിച്ചിട്ടുണ്ട്. സാധാരണ കാണുന്ന ഗ്രാമചിത്രങ്ങളെക്കാൾ ഒറ്റപ്പെട്ട ഗ്രാമഭാഗങ്ങളും ഒറ്റപ്പെട്ട കുന്നുകളും മലകളും മരങ്ങളും പരപ്പുകളും ആണ് അദ്ദേഹത്തിൻറെ വിഷയം. ഇവിടെയെല്ലാം കന്നുകാലികളും പക്ഷികളും ധാരാളം കാണാം. അദ്ദേഹത്തിൻ്റെ മിക്കചിത്രങ്ങളിലും ഒരു പശുവോ, ആടോ, കാക്കയോ ഉണ്ടാവാതിരിക്കില്ല. നമ്മുടെ പ്രഭാതദൃശ്യങ്ങളെ മനസ്സിൽ സ്ഥാപിക്കുന്ന പരിചിതചിത്രങ്ങളാണ് ഇവയെല്ലാം . മനസ്സിനെ തൊട്ടുണർത്താനും മനസ്സിൽ അവശേഷിക്കുന്ന കുളിർമയെ തലോടാനും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അവശേഷിപ്പുകളെ നിലനിർത്താനും അവണാവിൻ്റെ ചിത്രങ്ങൾ പരമാവധി പ്രയോജനപ്പെടുന്നുണ്ട്.
അവണാവിൻറെ ചിത്രങ്ങളിൽ വ്യക്ത്യധിഷ്ഠിതമായ രചനകളും ഉണ്ട് . ഇവിടെയും ഒറ്റപ്പെടലും വാർദ്ധക്യവും ദാരിദ്ര്യവും നിസ്സഹായതയും ആണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങളെ വേറിട്ട അനുഭവമാക്കുന്നത്. അശാന്തമായ മുഖത്ത് പ്രതിഫലിപ്പിക്കുന്ന അവ്യക്തമായ ഭാവപ്രകടനങ്ങളാണ് അദ്ദേഹത്തിൻറെ ചിത്രകല. അതിൽ ആഹ്ളാദത്തിനും ആനന്ദത്തിനും വലിയ സ്ഥാനമില്ല. ഞെരുക്കളുടെയും പിരിമുറുക്കങ്ങളുടെയും അസ്വസ്ഥതകളുടെയും രേഖാചിത്രങ്ങളാണ് കടുത്ത നിറങ്ങളിലും അപൂർവ്വമായി നനുത്ത നിറങ്ങളിലും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.
രൂപസൗഭാഗ്യങ്ങളിലെ വിസ്മയങ്ങളെക്കാളേറെ മുഖഭാവങ്ങളിലെ സൂക്ഷ്മതയാണ് അദ്ദേഹത്തിൻറെ വ്യക്തിചിത്രങ്ങളിൽ തെളിയുന്നത്.
അറിയപ്പെട്ട പ്രശസ്തരായ പലകലാകാരന്മാർക്ക് വേണ്ടിയും അദ്ദേഹത്തിൻറെ ക്യാൻവാസ് ഉണർന്നിട്ടുണ്ട്. കലാമണ്ഡലം ഗോപി ആശാനേയും കോട്ടയ്ക്കൽ ശിവരാമനെയും ഗാനഗന്ധർവൻ യേശുദാസിനെയും വൈദ്യമ്മഠം വലിയ നമ്പൂതിരിപ്പാടിനേയും അദ്ദേഹത്തിൻ്റെ കലോപാസന മനോഹരചിത്രങ്ങളായി വികസിപ്പിച്ചിട്ടുണ്ട് . ഇവിടെ രൂപവും ഭാവവും സമഗ്രമായ സമ്പൂർണ്ണത തേടിയ മുഹൂർത്തങ്ങൾ നിരീക്ഷിക്കാം
എന്നാൽ ഈ അപൂർവ്വസൗഭാഗ്യം അദ്ദേഹത്തിൻ്റ മറ്റു ചിത്രങ്ങളിൽ പ്രത്യേകിച്ചും അശരണരുടെയും ആലംബഹീനരുടെയും ചിത്രങ്ങളിൽ പ്രകടമല്ല , അവരുടെ അസ്വസ്ഥതകൾ പങ്കിടുമ്പോൾ വരകളുടെ രൂപഭംഗികളിൽ കണ്ടെന്നുവരില്ല. അതിലേറെ അവർ അനുഭവിക്കുന്ന സംഘർഷഭരിതമായ ജീവിതദുരന്തങ്ങളാണ് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ ന്നവരുടെ ശരീരഭാഷകളിലൂടെയും മുഖഭാവങ്ങളിലൂടെയും പകർത്താൻ ശ്രമിക്കുന്നത്. വർണ്ണങ്ങളുടെ വിസ്മയലോകത്തേക്കാൾ വിവർണ്ണമായ, വർണ്ണരഹിതമായ ജീവിതവിസ്തൃതിയിലെ ദുരന്തവും ദാരുണതയും ദൈന്യവുമാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്
ജീവിതം സത്യസന്ധതയോടെ പകർത്തുമ്പോഴും അപൂർണ്ണമായി അവശേഷിക്കുന്ന ജീവിതസത്യങ്ങളെ പകർത്താൻ അദ്ദേഹം അമൂർത്തവും അവ്യാഖ്യായവും അനിർവചനീയവും ആയ വർണ്ണസങ്കല്പങ്ങളിലേക്കും രേഖാവ്യവഹാരങ്ങളിലേക്കും കടക്കുന്നുണ്ട്. അവിടവിടെ അടഞ്ഞുകിടക്കുന്ന അപരിചിതലോകത്തെ പരിചിതമാക്കാനുള്ള ദൗത്യമാണത്.
ഒരു പ്രത്യേകവിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഒരുചിത്രകാരൻ്റെയും രചനകൾ. ഇവിടെ നമുക്ക് പ്രകൃതിയുടെ മുറിഞ്ഞുവേർപെട്ട ദൃശ്യങ്ങൾ, മനുഷ്യദുഃഖങ്ങളുടെ ആപേക്ഷികമായഅനാവരണങ്ങൾ , പക്ഷിമൃഗാദികളുടെ അലച്ചിലുകൾ, കാത്തിരിപ്പുകൾ, എന്നിവയെപ്പോലെത്തന്നെ ചിലപ്രത്യേക തരത്തിലുള്ള കെട്ടിടങ്ങളുടെ ദൂരക്കാഴ്ചകളും സമീപക്കാഴ്ചകളും അവണാവിനെ പിന്തുടരുന്നതായും അസ്വസ്ഥനാക്കുന്നതായും കാണാം. നേർവരകളിൽ വിടരുന്ന ഈ ചിത്രങ്ങൾ അടുക്കുമാളികകളായി ഉയരങ്ങളിലേക്കുള്ള അത്ഭുതസൃഷ്ടികളായി വിന്യസിക്കപ്പെട്ടിരിക്കുന്നു. കെട്ടിടങ്ങളുടെ തൂണുകളും ആർച്ചുകളും ചുമരുകളും വാതിലുകളും ജനലുകളും നേർരേഖകളുടെ സൂക്ഷ്മതയിൽ പടർന്നു നിറയുന്നതായി കാണാം. കോണുകളും ചതുരങ്ങളും വരകളുടെ സംഘഗാനമായും സാക്ഷാത്കാരമായും മാറുന്നു. ഈ കെട്ടിടചിത്രങ്ങളുടെ പശ്ചാത്തലരാശികളെ വൃക്ഷനിരകളും പക്ഷിമൃഗാദികളും സമ്പന്നമാക്കുന്നു.
ചിത്രകലയുടെ വളർച്ചയിലെ പലകാലഘട്ടങ്ങളെയും ചരിത്രമുഹൂർത്തങ്ങളെയും അവണാവ് നാരായണന്റെ വരകളിൽ കാണാം . വളരെ സ്വാഭാവികമായതും വളരെ വസ്തുതാപരമായതും എന്നാൽ അതുപോലെത്തന്നെ വ്യാഖ്യാനങ്ങൾക്ക് പിടിതരാതെ അവ്യക്തതയിൽ മനോവ്യഥകളുടെ വ്യാപാരമേഖലകളായി ചിതറിക്കിടക്കുന്നതും അജ്ഞാതവിക്രിയകളായി ഒതുങ്ങുന്നതും അദ്ദേഹം കാഴ്ചവെക്കുന്നുണ്ട്. അവയിൽ റിയലിസ്റ്റിക് ചിത്രങ്ങൾമുതൽ എബ്സ്റ്റ്രാക്ട് ചിത്രങ്ങൾവരെ കാണാം . ഓരോ ചിത്രത്തിലും അദ്ദേഹത്തിൻ്റെ കയ്യൊപ്പ് തിരിച്ചറിയാൻ ഒരു പ്രയാസവും ഇല്ല
അദ്ദേഹത്തിൻറെ ചിത്രങ്ങളുടെ വലിയൊരുശേഖരം സുഹൃത്തുക്കളുടെ ഇൻബോക്സുകളിലും മനസ്സുകളിലും മാത്രമല്ല പ്രദർശനശാലകളിലും പത്രറിപ്പോർട്ടുകളിലും മാസികകളിലും ഇന്ന് ലഭ്യമാണ് . ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരുപാട്കലാഹൃദയങ്ങൾ അവരുടെ കലാനിരൂപണങ്ങൾ കൊണ്ട് അവണാവിന്‍റെ ചിത്രങ്ങൾക്ക് അർത്ഥവും സാരവും കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട് .
ഭാരതീയചിത്രകലയ്ക്കും കേരളീയചിത്രകലക്കും അവ ഞാവിലൂടെ ഒരു പുതിയ ശീലവും ശൈലിയും കൈവന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ലോകചിത്രകലയിലേയ്ക്ക് അതിൻറെ ചരിത്രപരമായ വികാസത്തിലേക്ക് കേരളത്തിൻറെ സംഭാവനയായി അവണാവിൻറെ ചിത്രകല വളർന്നുവരികയാണ്. കലയെ സ്നേഹിക്കുന്നവർ, പ്രത്യേകിച്ച് ചിത്രകലയെ സ്നേഹിക്കുന്ന എല്ലാസഹൃദയർക്കും ഓർമ്മിക്കാനും നെഞ്ചോടുചേർത്ത് വെയ്ക്കാനും ധാരാളം അവസരങ്ങൾ തന്ന അവണാവിന്റെ ചിത്രകലയ്ക്ക് എല്ലാ ആശംസകളും നേർന്നുകൊണ്ട്
നല്ല അറിവ്
ഓരോ സുപ്രഭാതങ്ങളിലും ജന്മമെടുത്തു നിലയ്ക്കാതെ,അടയാളപ്പെട്ടുകൊണ്ടേ യിരിക്കുന്നു മാഷിന്റെ രചനകൾ. സ്നേഹം



Gr8
നല്ലറിവുകൾ