ഒരു മനുഷ്യൻ്റെ ആത്മഹത്യ കേവലം വ്യക്തിപരമായ ഒരു പരാജയമല്ല, മറിച്ച് നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ കൂടി വീഴ്ചയാണ്. സത്യാവസ്ഥ എന്താണ് എന്നറിയാതെ എല്ലാവരും റീച്ച് കൂട്ടാൻ വേണ്ടി പോസ്റ്റ് ചെയ്യും. സമീപകാലത്ത് ഒരു പെൺകുട്ടി ഒരു യുവാവിനെ മോശമായി ചിത്രീകരിച്ച് കൊണ്ടുള്ള ഒരു വീഡിയൊ ഇട്ടു സത്യാവസ്ഥ എന്താണ് എന്നറിയാതെ സോഷ്യൽ മീഡിയ അത് ആഘോഷിച്ചു. ചെയ്യാത്ത തെറ്റിന് സമൂഹത്തിൻ്റെ അവഹേളനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയത് വലിയ ചർച്ചയായിരിക്കുകയാണല്ലോ. ഇവിടെ കുറ്റാരോപിതയായ വ്യക്തിയെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നതിന് മുൻപ്, നാം സ്വയം ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്.
നമ്മൾ ഓരോരുത്തരും ഈ മരണത്തിൽ ഉത്തരവാദികളല്ലേ?
ഇന്ന് ഏതെങ്കിലും ഒരു വിഷയം സോഷ്യൽ മീഡിയയിൽ എത്തിയാൽ പിന്നെ അവിടെ നടക്കുന്നത് നിഷ്ഠൂരമായ ‘സൈബർ വിചാരണആണ്. സത്യമെന്തെന്ന് അന്വേഷിക്കാനോ, നിയമവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കാനോ ആരും തയ്യാറാകുന്നില്ല. പകരം.
വ്യക്തിഹത്യ നടത്തുന്ന കമൻ്റുകൾ.
ട്രോളുകളിലൂടെയുള്ള പരിഹാസം.
കൂട്ടമായ ആക്രമണങ്ങൾ.
ഇതൊക്കെയാണ് പലരെയും മാനസികമായി തകർക്കുന്നത്. ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടേണ്ടത് കോടതികളിലാണ്, അല്ലാതെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമല്ല.
ഒറ്റപ്പെടുന്നത് ആ പെൺകുട്ടി മാത്രമല്ല
ഈ സംഭവത്തിൽ ആരോപണവിധേയയായ പെൺകുട്ടി മാത്രമല്ല കുറ്റക്കാരി. ആ ചർച്ചകൾക്ക് ലൈക്കും ഷെയറും നൽകി പ്രോത്സാഹിപ്പിച്ചവർ, കാര്യങ്ങൾ കൂടുതൽ വഷളാക്കിയ ഓൺലൈൻ മഞ്ഞപ്പത്രങ്ങൾ, യാതൊരു തെളിവുമില്ലാതെ വിധി പ്രസ്താവിച്ച സോഷ്യൽ മീഡിയാ ഉപയോക്താക്കൾ എന്നിവരെല്ലാം ഈ ടോക്സിക് സംസ്കാരത്തിൻ്റെ ഭാഗമാണ്.
മനുഷ്യൻ്റെ വികാരങ്ങളെക്കാൾ കൂടുതൽ റീച്ചിനും,വ്യൂസിനും’ പ്രാധാന്യം നൽകുന്ന ഒരു രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ഒരു മനുഷ്യൻ മാനസികമായി തകർന്നു നിൽക്കുമ്പോൾ അവനെ കൂടുതൽ തളർത്തുന്ന വാക്കുകൾ ടൈപ്പ് ചെയ്യുന്ന ഓരോ വിരലുകളും ആ മരണത്തിൽ പങ്കാളികളാണ്.
നമ്മുടെ സൈബർ സംസ്കാരം മാറേണ്ടിയിരിക്കുന്നു.ഒരു വാർത്ത കേൾക്കുമ്പോൾ തന്നെ വിധി പറയാൻ നിൽക്കാതെ സംയമനം പാലിക്കുക.
കുറ്റവാളികളെ ശിക്ഷിക്കാൻ ഇവിടെ നിയമ സംവിധാനങ്ങളുണ്ട്.
നമ്മുടെ ഒരു വാക്ക് മറ്റൊരാളുടെ ജീവിതം തകർക്കുമെന്ന് എപ്പോഴും ഓർക്കുക.
വാക്കുകൾക്ക് വെടിയുണ്ടയേക്കാൾ മൂർച്ചയുണ്ട്. അത് ഒരാളുടെ ഹൃദയത്തിലേക്കാണ് നമ്മൾ തൊടുത്തുവിടുന്നത് എന്ന് ഓർക്കുന്നത് നന്ന്. നമുക്ക് ചുറ്റുമുള്ളവർക്ക് നൽകേണ്ടത് പരിഹാസമല്ല, മറിച്ച് ചേർത്തുപിടിക്കലുകളാണ്.
മരണപ്പെട്ട യുവാവ് വെറുമൊരു വ്യക്തിയല്ല വാർദ്ധക്യത്തിലെത്തിയ തന്റെ അച്ഛന്റെയും അമ്മയുടെയും ഏക പ്രതീക്ഷയായിരുന്നു, അവരുടെ ഏക അത്താണിയായിരുന്നു. മകനെക്കുറിച്ചുള്ള വ്യാജ വാർത്തകൾ കണ്ടും കേട്ടും ആ മാതാപിതാക്കൾ അനുഭവിച്ച വേദന വിവരണാതീതമാണ്. ഇന്ന് ആ മകൻ ഇല്ലാതായതോടെ ആ കുടുംബത്തിന്റെ തണലാണ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. ഒരു പെൺകുട്ടിയുടെ നിരുത്തരവാദപരമായ പ്രവർത്തി ഒരു വീടിനെയാണ് അനാഥമാക്കിയത്.
അയാളുടെ മരണത്തിന് നമ്മളും കാരണക്കാരല്ലേ കമൻ്റും , ലൈക്കും കൊടുത്ത് അയാളെ തെറ്റുകാരനാക്കിയില്ലേ? ഇനി ഇതേ പോലുള്ള ഹത്യകൾ ഉണ്ടാകാതിരിക്കട്ടേ.




ചിന്തനീയം