ശാസ്ത്രോക്തമായ വിധത്തിൽ യോഗ്യരായ ശാന്തിക്കാരേയും ക്ഷേത്രകർമ്മങ്ങളേയും നിയന്ത്രിക്കുവാനായി ഇവിടെ തന്ത്രിമാർ എന്ന പ്രത്യേക വിഭാഗക്കാരുണ്ട്. പരശുരാമൻ തന്ത്രാധികാരം രണ്ടില്ലക്കാർക്കാണ് കൊടുത്തെതെങ്കിലും അവർ ആവശ്യമനുസരിച്ച് തന്ത്രദീക്ഷ കൊടുത്ത് മറ്റുപലരേയും തന്ത്രിമാരാക്കി കേരളത്തിൽ ഇന്നുള്ള അവസ്ഥ ഇവിടെയുള്ള ഓരോ ക്ഷേത്രത്തിനും തന്ത്രിമാരുണ്ടെന്നുള്ളതാണ്. ഈ തന്ത്രിമാരെ കുറേക്കൂടി ബോധവാന്മാരാക്കുകയും അവരുടെ ഇടയിൽ തന്ത്രശാസ്ത്രപഠനം നിർവ്വഹിക്കുവാൻ ഇളം തലമുറക്കാരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അവർക്കായി തന്ത്ര വിദ്യാഭ്യാസത്തിൻ്റെ ഒരു ഉപരിപഠനം അഥവാ യൂണിവേഴ്സിറ്റി തന്നെ ഉണ്ടാകുന്നത് അഭിലാഷണീയമാണ്. ഇന്നത്തെ തന്ത്രി കുടുംബക്കാർ അടുത്തതലമുറകൂടി കഴിയുമ്പോഴേക്കും തന്ത്രിമാരായി അവശേഷിക്കാതിരിക്കാനാണ് സാധ്യത. ഇത്തരുണത്തിൽ പാരമ്പര്യമായി കിട്ടിയ അനുഷ്ഠാനമുറകളും ശാസ്ത്രവും ഗ്രഹിച്ച തലമുറ അറ്റുപോകാനാണ് ഇടയുള്ളത്. ക്ഷേത്രസംരക്ഷണത്തിൻ്റെ കാര്യത്തിൽ ഈ കുറവ് നികത്തിയെടുത്തില്ലെങ്കിൽ ആയത് തികച്ചും ആത്മഹത്യാപരമായിരിയ്ക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഭാഗ്യവശാൽ ചുരുക്കം ചില തന്ത്രിമാരുടേയും മറ്റു ക്ഷേത്ര സംരക്ഷണത്തിൽ താല്പര്യമുള്ളവരുടേയും പരിശ്രമഫലമായി കാഞ്ചി കാമകോടി പീഠാധിപതി ശ്രീമത് ശങ്കരാചാര്യ സ്വാമികളുടെ സാമ്പത്തിക സഹായത്തിൽ സ്ഥാപിതമായ തന്ത്രവിദ്യാപീഠം അലുവാപ്രദേശത്ത് പെരിയാറിൻ്റെ തീരത്ത് വെളിയത്തുർനാട് ഗ്രാമത്തിൽ ഇന്ന് ഒട്ടനേകം വിദ്യാർത്ഥികളെ ചേർത്ത് തന്ത്ര വേദ സംസ്കൃതങ്ങളിൽ വിദഗ്ദമായ പരിശീലനം നൽകി കൊണ്ടും നടന്നു വരുന്നുണ്ടെന്നും സാന്ദർഭികമായി ഇവിടെ പറഞ്ഞുകൊള്ളട്ടെ. ഇതിനു പുറമെ ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. കഴിഞ്ഞ 5 വർഷമായി ഓൾ ഇന്ത്യാ ഉപനിഷത്ത് അസോസിയേഷൻ്റെ ഒരു ശാഖ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വേദങ്ങളും തന്ത്രങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കുന്നുണ്ട്. കേരളത്തിലെ ശാഖയിൽ പഠിപ്പിക്കുന്നത് എൻ്റെ നേതൃത്വത്തിലാണ്. അതിലെ എല്ലാ പഠിതാക്കളും, അസോസിയേഷൻ നടത്തുന്ന പരീക്ഷകൾ എഴുതുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങൾ സാമ്പത്തികാടിസ്ഥാനത്തിൽ ഉണ്ടാവുകയും കുടുതൽ വിദ്യാർത്ഥികളെ ചേർത്ത് ഉപരിപഠനത്തിനും ഗവേഷണത്തിനും സൗകര്യമായ വിധത്തിൻ വികസിപ്പിച്ചെടുക്കുകയും വേണമെന്നുള്ളത് ഈ കാലഘട്ടത്തിൻ്റെ ഒരു ആവശ്യം തന്നെയാണ്. ക്ഷേത്രശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുവാൻ ഒരു യൂണിവേഴ്സിറ്റി നമുക്കുണ്ടായേ പറ്റൂ. അതിൻ്റെ കീഴിൽതന്നെ ശാന്തിക്കാരേയും അഭ്യസിപ്പിച്ചെടുക്കുവാൻ കാലക്രമേണ ഏർപ്പാടുകൾ ഉണ്ടാക്കുവാൻ കഴിയും. ഇങ്ങനെ തന്ത്രിമാരുടേയും ശാന്തിക്കാരുടേയും ഒരു വിഭാഗത്തെ സൃഷ്ടിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ ചെയ്യുന്നതു പോലെ ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം കൊടുത്ത് ശിക്ഷണം കൊടുക്കുകയല്ല വേണ്ടത് എന്ന് വ്യക്തമാണല്ലോ. ആത്മാർപ്പണ ബുദ്ധിയോടെ സമൂഹത്തിൻ്റെ ആദ്ധ്യാത്മികാവശ്യങ്ങൾക്കായി നിസ്വാർത്ഥമായ ജീവിതം ഉഴിഞ്ഞുവെയ്ക്കുവാൻ സന്നദ്ധരായ ചെറുപ്പക്കാരാകണം പരിശീലനം കഴിഞ്ഞ് ഇന്നത്തെ തലമൂത്ത ശാന്തിക്കാരുടെ പിൻതുടർച്ചക്കാരായി വരേണ്ടവർ. അവിടെ വിദ്യാഭ്യാസത്തിനു മാത്രമല്ല അനുഷ്ഠാനത്തിനും തപസ്യയ്ക്കും പ്രധാനമായ ഒരു സ്ഥാനമുണ്ടാവുകയും വേണം. ഇത്തരം ചെറുപ്പക്കാർ സമൂഹത്തിൽ വേണ്ട അളവിൽ ഉണ്ടാകാൻ തക്കവണ്ണം ഹിന്ദുക്കളുടെ സാമൂഹ്യമന:ശാസ്ത്രത്തിൽ ഗണ്യമായ ഒരു പരിവർത്തനം വരുവാനുള്ള പരിപാടികളും സമൂഹതലത്തിൽ ആവിഷ്ക്കരിക്കേണ്ടതായിട്ടുണ്ട്. ധാർമ്മികവും മറ്റുമായ കാര്യങ്ങളിൽ ഗ്രാമവാസികൾക്കാകെ നേതൃത്വം കൊടുക്കുവാൻ ഉതകുന്ന തരത്തിലുള്ള പരിശീലനങ്ങൾ ഇവർക്ക് കൊടുക്കുകയും വേണം. കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവന്മാരെ യഥാവിധി പൂജിക്കുന്നതിനു വേണ്ട പൂജാദ്രവ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അർച്ചകർ എന്ന പൂജാദ്രവ്യമാണ്. ഈ ദ്രവ്യത്തെ ഒരുക്കിയെടുക്കുകയാണ് മുഖ്യ കർത്തവ്യം.
ക്ഷേത്രം എന്ന സങ്കല്പം കേരളീയം മാത്രമല്ല ഭാരതീയം കൂടിയാണ്. ഭാരതത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിന്ദു ധർമ്മത്തിൻ്റെയും അതിൻ്റെ ആദ്ധ്യാത്മിക പശ്ചാത്തലത്തിൻ്റേയും അടിസ്ഥാനമായി സമുദ്രം പോലെ പരന്നു കിടക്കുന്ന വേദാഗമഗ്രന്ഥസമുച്ചയമാണ് ഇതിനു ആധാരം. ഈ ഗ്രന്ഥസമുച്ചയം ഭാരതത്തിലുടനീളം പ്രചാരത്തിലുള്ളവയാണ്. അതിനാൽ ക്ഷേത്രത്തെ സംബന്ധിച്ച ആധികാരിക ചർച്ചകൾക്കും മറ്റും ഒരു അഖില ഭാരതീയ അടിസ്ഥാനമുണ്ടാക്കിയാൽ അത് ഏറ്റവും ഉത്തമമായിരിക്കും.
( പുരോഹിതവർഗ്ഗം എന്ന പരമ്പര ഇവിടെ അവസാനിക്കുന്നു.)




👍
🙏🙏
🙏🙏
🙏👌👌
നല്ല വീക്ഷണം ഗുരുജി . നമ്മുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലൂടെ മാത്രമേ ഹിന്ദു സംസ്ക്കാരവും ഉയർ’ ച്ച പ്രാപിക്കൂ. അതിനായി ‘ഹിന്ദുമതത്തിനും ഹിന്ദുക്കൾക്കും ഉപകരിക്കും വിധം പലമാറ്റങ്ങളും പ്രതീക്ഷിക്കുന്നു. നന്ദി ഗുരുജി നമസ്ക്കാരം