അദ്ധ്യായം ഒന്ന്
ഒരു സൈക്കിൾ സവാരി
നേരം വെളുത്തെങ്കിലും അപ്പുക്കുട്ടന് എഴുന്നേൽക്കാൻ തോന്നിയില്ല. ശരീരമെല്ലാം നുറുങ്ങുന്ന വേദന. ദേഹത്ത് അവിടവിടെയായുള്ള മുറിവുകളും പോറലുകളും ചുവന്നു വീങ്ങിയിരിക്കുന്നു. ആകപ്പാടെ ഒരു ചെറിയ കുളിരും തലവേദനയും. അവൻ പുതപ്പ് തലവഴി മൂടിപ്പുതച്ച് വീണ്ടും കിടന്നു.
എന്നാൽ പ്രശ്നം ഇതൊന്നുമല്ല.
ഇതിൽപരം നാണക്കേട് എന്താണ് വരാനുള്ളത്?
അവന്റെ കൊച്ചുഹൃദയം അപമാന ഭാരത്താൽ വിങ്ങിക്കൊണ്ടിരുന്നു.
പാടത്ത് സൈക്കിൾ ചവിട്ടുന്ന കൂട്ടുകാരുടെ പിന്നാലെ കഴിഞ്ഞയാഴ്ച ഒരുപാട് ഓടിയതാണ്. കൊയ്ത്തു കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന പാടത്ത് ചവിട്ടിപ്പഠിക്കുന്നതിനു വേണ്ടി സൈക്കിൾ വാടകയ്ക്ക് എടുത്തത് ഗോപികുട്ടനാണ്.
കൂട്ടത്തിൽ കാൽ നീളവും പൊക്കവും അവനാണ്.
രണ്ടു രൂപയാണ് ഒരു മണിക്കൂറിനു വാടക.
അവന് 20 പൈസ വീതം കൊടുത്തു സൈക്കിൾ ചവിട്ടാൻ കൊതിയുള്ളവരൊക്കെ കൂടെ കൂടിയിട്ടുണ്ട്.
20 പൈസ കൊടുക്കാൻ ഇല്ലാത്ത താൻ ഒരു പേരയ്ക്ക കൊടുത്തിട്ടാണ് അതിൽ ഒന്ന് കയറാനൊത്തത്.അപ്പോൾ തന്നെ ഇറങ്ങേണ്ടിയും വന്നു. ‘അതെങ്ങനെ രൂപ കൊടുത്തവരെല്ലാം ക്യൂ നിൽക്കുകയല്ലേ’
‘ഇനി ഇതു വയ്യ ഒരു സൈക്കിൾ വാടകയ്ക്ക് എടുത്തേ പറ്റൂ’.
വർക്കിച്ചേട്ടന്റെ പറമ്പിലെ കശുമാവിൻ ചുവട്ടിൽ ധാരാളം അണ്ടി പൊഴിഞ്ഞു വീണു കിടപ്പുണ്ട്. അതൊന്നും അവരാരും എടുക്കാറില്ല.
‘ അന്യരുടെ മുതൽ എടുക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.താൻ എടുത്തില്ലെങ്കിൽ അത് അവിടെ കിടന്നു മുളച്ചു നശിച്ചു പോവുകയല്ലേ ഉള്ളൂ? അതുകൊണ്ട് എടുക്കുന്നതിൽ തെറ്റൊന്നുമില്ല.
‘ എന്നാലും അമ്മ അറിയേണ്ട’.
വീട്ടു ചെലവ് നടത്താൻ പാവം പെടാപ്പാട് പെടുകയാണ്. ചോദിച്ചാൽ നൂറുനൂറ് ആവശ്യങ്ങളുടെ ലിസ്റ്റ് ഇങ്ങോട്ട് പറയും.
” വല്ലവന്റെയും മുതലാണ് എടുക്കുന്നത് ശരിയല്ല”.
” തെറ്റുമല്ല”.
ഒരു കൂടുമെടുത്ത് ഓടുമ്പോൾ അത് വേണ്ടെന്നു പറയുന്ന തന്റെ മനസ്സാക്ഷിയുടെ സ്വരം അവന് ചെവിക്കൊള്ളാൻ തോന്നിയില്ല.
കശുമാങ്ങകൾ പഴുത്തതും ചീഞ്ഞതും ധാരാളം കിടപ്പുണ്ട്. അവയ്ക്കിടയിൽ കൂവീച്ചയും തേനീച്ചയും വണ്ടുകളും ആർത്തു പറക്കുന്നു. അതോടൊപ്പം കശുമാമ്പഴം തിന്ന് മത്തുപിടിച്ച അട്ടയും പുഴുക്കളും സഞ്ചരിക്കുന്നുണ്ട്. അപ്പു കശുവണ്ടികളെല്ലാം ധൃതിയിൽ പെറുക്കിയെടുത്തു . അഴുക്കെല്ലാം കൈത്തോട്ടിലെ വെള്ളത്തിൽ കഴുകിക്കളഞ്ഞു. അതുമായി ദാമോദരൻ ചേട്ടന്റെ കടയിൽ എത്തിയപ്പോഴേയ്ക്കും അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
ഏതായാലും മൂന്നുനാലു രൂപയ്ക്കുള്ള വകയുണ്ട്. എന്നാലേ അയാൾ രണ്ടുരൂപയെങ്കിലും തരികയുള്ളൂ.
” ചേട്ടാ ഇത് ”
കശുവണ്ടിയുടെ കൂട് അപ്പു മേച്ചപ്പുറത്തു വച്ചു. കൂട്ടിൽ നിന്നും മേശപ്പുറതതു വീണ വെള്ളം അപ്പു തന്റെ കൈകൊണ്ട് തുടച്ച് നിക്കറിന്‍റെ പിന്നിൽ തൂത്തു.
ദാമോദരൻ ചേട്ടൻ കൂട്ടിൽ നിന്നും കശുവണ്ടി മേശപ്പുറത്ത് കുടഞ്ഞിട്ടു. താഴെ വീണു പോയ രണ്ട്മൂന്ന് അണ്ടികൾ പെറുക്കിയെടുത്ത് അപ്പു മേശപ്പുറത്ത് വച്ചു.
അയാൾക്കറിയാം അത് മറ്റാരുടെയോ പറമ്പിലേതാണെന്ന്.
“ഇന്നാ ഒരു രൂപയുണ്ട്”
അയാൾ മേശ വലിപ്പ് തുറന്ന് ഒരു രൂപയ്ക്കുള്ള ചില്ലറ തുട്ടുകൾ എണ്ണി മേശപ്പുറത്തു വച്ചു.
അപ്പോൾ അയാളുടെ വായിൽ നിന്ന് മുറുക്കാൻ തുപ്പലിന്റെ ചെറുകണങ്ങൾ തെറിച്ചു.
“അയ്യോ ചേട്ടാ ഒരു രൂപ കൂടി”
അവൻ ശബ്ദം താഴ്ത്തി. വിയർത്തൊഴുകിയ ആ കുഞ്ഞുമുഖം അല്പം താണിരുന്നു.
അയാൾ മടിയോടെ ഇരുപത് പൈസയുടെയും അഞ്ചുപൈസയുടെയും ഓരോ പഴയ തുട്ടുകൾ പരതിയെടുത്ത് അപ്പുവിന്റെ കയ്യിൽ വച്ചുകൊടുത്തിട്ട് മുറുക്കാൻ നീട്ടിത്തുപ്പിക്കൊണ്ട് അടുത്തുനിന്നയാളോട് സംസാരം തുടർന്നു.
അതിനിടയിൽ ‘പൊയ്ക്കോ’ എന്ന് ആംഗ്യവും കാണിച്ചു.
ഒന്നേകാൽ രൂപ മതിയാകില്ല.
എങ്കിലും സൈക്കിൾ എടുത്തേ പറ്റൂ.
ഭാസ്കരൻ ചേട്ടൻ സൈക്കിൾ നന്നാക്കിക്കൊണ്ടിരിരിക്കുകയാണ്. ഗോപിക്കുട്ടനും രമേശും അവിടെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. അപ്പുക്കുട്ടന്റെ ആവേശത്തോടെയുള്ള വരവുകണ്ട് ഭാസ്കരൻചേട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“പൈസ ഒത്തോ”?
“ഒന്നേ കാൽ രൂപയെ ഉള്ളൂ.”
അപ്പു ചില്ലറത്തുട്ടുകൾ അയാൾക്കുനേരെ നീട്ടി.
“ആയെങ്ങനെയാ ശെരിയാകുന്നേ?”
അയാൾ എഴുന്നേറ്റ് തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു കുടഞ്ഞു തോളിലിട്ടു.
“ചേട്ടാ ബാക്കി പിന്നെത്തരാം.”
”
‘പിന്നെത്തരാം ചേട്ടാ ”
അതുപറഞ്ഞത് ഗോപിക്കുട്ടനാണ്.
അവന്റെ കണ്ണുകൾ ചേർത്തുചേർത്തു വച്ചിരിക്കുന്ന സൈക്കിളുകളിലൂടെ പാറിനടന്നു.
“ദാ, അപ്പുറത്തിരിക്കണത് എടുത്തോ.”
ഒരുമണിക്കൂറിന് ഇങ്ങ് എത്തിച്ചേക്കണം.
അയാൾ ശബ്ദമുയർത്തി പറഞ്ഞു.
അപ്പുക്കുട്ടന്റെ മനസ്സ് ഭാസ്കരൻചേട്ടനോടുള്ള കൃതജ്‌ഞതയാൽ നിറഞ്ഞു.
ഒരു ജേതാവിനെപ്പോലെ അവൻ സൈക്കിളുമായിട്ടിറങ്ങുമ്പോൾ സഹായികളായി രമേശനും ഗോപിക്കുട്ടനും ഒപ്പം കൂടി. ‘
‘പാടത്തുചെന്നിട്ടു ചവിട്ടുന്നതാണ് കൂടുതൽ സുരക്ഷിതം.
“എടാ ഞാൻ റോഡിലൂടെ ചവിട്ടാം.”
ഗോപിക്കുട്ടൻ പറഞ്ഞു. അവന് ഒരുമാതിരി ബാലൻസ് ഉണ്ട്. കാല് പെഡലിൽ എത്തുകയും ചെയ്യും.
അപ്പുവിന് അത് സമ്മതമായില്ല. കഴിഞ്ഞ ദിവസം ഗോപിക്കുട്ടന്റെ പിന്നാലെ നടന്നതും സൈക്കിളിൽ കയറിയപാടെ ഇറങ്ങേണ്ടിവന്നതും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
“അതുവേണ്ട നിങ്ങൾ പിടിച്ചാൽ മതി. ഞാൻ കേറുവാ. ”
അപ്പുക്കുട്ടൻ സീറ്റിൽ കയറിയിരുന്നു. കാല് കഷ്ടിച്ചേ എത്തുന്നുള്ളൂ.
ഹൃദയം സന്തോഷത്താൽ തുടിക്കുകയാണ്.
“ഞങ്ങൾ പിടിച്ചോളാം നീ ചവുട്ടിക്കോ ”
ഒരുനിമിഷം അപ്പുക്കുട്ടന്റെ അഭിമാനം മഹാരാജാവിനെപ്പോലെ ഉയർന്നു.
‘കർത്യായനി മുക്ക് ‘ കഴിഞ്ഞ് ‘S’ അകൃതിയിലുള്ള കൊടും വളവാണ്. അതോടൊപ്പം കുത്തനെയുള്ള ഇറക്കവും. റോഡിന്റെ ഇടതുവശം ഏകദേശം പത്തിരുന്നൂറ്റമ്പതടി താഴ്ചയുള്ള പ്രദേശമാണ്. അവിടമാകെ ഇഞ്ചപ്പടർപ്പും കൊങ്ങിണിച്ചെടികളും മറ്റുമുൾച്ചെടികളും വള്ളിപ്പടർപ്പുകളുംകാരണം താഴ്ഭാഗം ആർക്കും കാണാൻ പറ്റുകയില്ല.
വളവിലൂടെ കയറ്റം കയറി വരുന്ന ചരക്കുലോറിയുടെ ഹോണടി കേട്ടതും അപ്പുക്കുട്ടൻ ഒന്ന് പതറി. രമേശന്റെയും ഗോപിക്കുട്ടന്റെയും പിടിവിട്ടെന്ന് തിരിച്ചറിയുന്നതിനുമുമ്പേ അപ്പുക്കുട്ടനും സൈക്കിളും
ഇറക്കത്തിലൂടെ അതിവേഗത്തിൽ പറന്ന് അഗാധതയിലേക്ക് പതിച്ചു.
….. ……………………….
കണ്ണുതുറക്കുമ്പോൾ അങ്ങ്മുകളിലായി റോഡരുകിൽ കുറെയേറെ ആളുകൾ. എല്ലാവരും തന്നെയാണ് ഉറ്റുനോക്കുന്നതെന്ന് അവനു മനസ്സിലായി. മൂന്നുനാലു വാഹനങ്ങളും അടുത്തടുത്തായി നിർത്തിയിട്ടിരിക്കുന്നു.
ഇഞ്ച മുള്ളും കമ്പുകളും കൊണ്ട് പോറലേറ്റ ശരീരം ആസകലം വേദനിക്കുന്നു.ദേഹം അനക്കാൻ പറ്റുന്നില്ല.
‘സൈക്കിളെവിടെ?’
അവൻ തലതിരിച്ച് നോക്കാൻ ശ്രമിച്ചു.
അത് കുറച്ചപ്പുറത്തായി കുറേകൂടി താഴ്ച്ചയിൽ ഏതോ മരച്ചില്ലയിലൊക്കെ തട്ടി നിൽക്കുന്നുണ്ട്. താൻ ഇഞ്ചപ്പടർപ്പിന് മുകളിലാണെന്ന് അവനു മനസ്സിലായി.
ആളുകളുടെ ആരവം അവ്യക്തമായി കേൾക്കാം. “നാട്ടുകാർക്ക് പണിയുണ്ടാക്കാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും”.
ആ ബഹളത്തിലും ഭാസ്കരൻചേട്ടന്റെ ശബ്ദം അവൻ തിരിച്ചറിഞ്ഞു.
“ചെറുക്കൻ പോക്കായെന്നാ തോന്നുന്നത്”ആരെങ്കിലും കയറുകെട്ടി ഇറങ്ങണമല്ലോ”
ആരൊക്കെയോ ചേർന്ന് കയറുകെട്ടി ഊർന്നിറങ്ങുന്നത് അപ്പു കണ്ടു.
താൻ അദൃശ്യനായിപോയിരുന്നെങ്കിലെന്ന് അവനാശിച്ചു. അപമാനാഭാരത്താൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു.
,………..
.തലവഴി മൂടിയിട്ട പുതപ്പിന് മനസ്സിലെ ദൃശ്യങ്ങളെ മറയ് ക്കാനാവില്ലല്ലോ.
പുറത്ത് മൈനകളുടെ കലപില ശബ്ദം. അവൻ പുതപ്പ് തലയിൽനിന്നും മാറ്റി. ചാരിയിട്ട ജനലിന്റെ വിടവിലൂടെ ദൂരെ ആഞ്ഞിലിമരത്തിലിരുന്ന്ചുവന്നുപഴുത്ത ആനിക്കാവിളകൾ കൊത്തിത്തിന്നുന്ന മൈനകളെ കാണാം. കയ്യേറാൻ വരുന്ന കാക്കകളോടുള്ള ആക്രോശമാണ് കേട്ടത്.
‘ഇങ്ങനെ ഒളിച്ചുകിടക്കുന്നതിൽ അർത്ഥമില്ല.’
പുറത്തിറങ്ങിയാൽ ആളുകളുടെ പരിഹാസവാക്കുകളും അഭിപ്രായപ്രകടനങ്ങളും എല്ലാം കൂടി ഓർത്തപ്പോൾ അവന് വിമ്മിട്ടം തോന്നി.
“കുട്ടികളായാൽ ഇങ്ങനെയൊക്കെ ഉണ്ടാകും”.
അവൻ സ്വയം ആശ്വസിപ്പിച്ചു.എല്ലാവരും ഇക്കാര്യം മറന്നുപോകണേ എന്ന് അവൻ ഉള്ളിൽ പ്രാർത്ഥിച്ചു.
വീട്ടിലിരിക്കാൻ ഒരു ഉത്സാഹവും തോന്നിയില്ല. വെയിൽ തെളിഞ്ഞുതുടങ്ങി. ഓലിയിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ ഒരു ചെറിയ ഉന്മേഷം തോന്നി.
അമ്മ പണിക്കുപോയിക്കഴിഞ്ഞിരിക്കുന്നു. കട്ടൻകാപ്പിക്കു ചൂടുണ്ട്. കലത്തിൽനിന്നും ഊറ്റി ഒരുകഷണം ശർക്കര കൂട്ടി കഴിച്ചു. തന്റെ തോർത്തും കൊച്ചുവാക്കത്തിയുമെടുത്ത് അവൻ അവതക്കുന്നിലേക്ക് പുറപ്പെട്ടു.




തുടക്കം നന്നായിട്ടുണ്ട്…
എഴുതു…