സ്കൂൾ വിട്ടു പോകുന്ന വഴിക്കാണ് കാഞ്ഞിരംവീട്ടിലെ ലില്ലിച്ചേച്ചിയുടെ വീട് .
ചേച്ചിയുടെ മക്കൾ വിദേശത്താണ്.
അവരുടെ പറമ്പിലെ പേരയ്ക്കയും ചാമ്പങ്ങയുമെല്ലാം സ്കൂൾ കുട്ടികൾക്കുള്ളതാണ്.
ചേട്ടൻ മിക്കവാറും അവരുടെ മലഞ്ചരക്കു കടയിലായിരിക്കും.
അപ്പവും കൂട്ടുകാരും ചേച്ചിയുടെ മുറ്റത്തെത്തി. പഴുത്തു വിളഞ്ഞ മിനുമിനുത്ത ശീമ നെല്ലിക്കകൾ. ചുവപ്പും കറുപ്പും നിറത്തിൽ ധാരാളമായി ഉണ്ട്.
അടുത്തുള്ള പാറപ്പുറത്ത് ഇറച്ചി ഉണങ്ങാനായി വലയിട്ടു വച്ചിട്ടുണ്ട്.
അതിനടുത്തായി ഒരു കാക്കയുടെ ചിറക്!!
അത് അവിടെ ഒരു കമ്പിൽ കെട്ടി കുത്തി നിർത്തിയിരിക്കുകയാണ്.
അപ്പുവിന്റെ ഉള്ളൊന്നു കാളി.
ഇന്നു രാവിലെ താൻ കണ്ട ചിറകറ്റ കാക്കയെക്കുറിച്ച് അവൻ ഓർത്തു. അവൻ ആ സംഭവം കൂട്ടുകാരോട് വിവരിച്ചു.
” സ്കൂൾ ഇത്രവേഗം വിട്ടോ”
കുട്ടികൾ തിരിഞ്ഞുനോക്കി
ഇറച്ചിക്കഷണങ്ങൾ ഓരോന്നായി പെറുക്കി പാത്രത്തിൽ വയ്ക്കുകയാണ് ലില്ലിച്ചേച്ചി.
“ഈ കാക്കച്ചിറക് എവിടുന്നു കിട്ടിയതാ?”
അപ്പു അറിയാതെ ചോദിച്ചുപോയി.
“ഞാൻ ഒരു കാക്കയെ കെണി വെച്ചു പിടിച്ചു.”
പ്രതികാരം ചെയ്തയാളുടെ വിജയഭാവമായിരുന്നു അപ്പോൾ ലില്ലിച്ചേച്ചിക്ക്.
“ഒരു സാധനവും ഉണങ്ങാൻ സമ്മതിക്കില്ലന്നേ. വലയിട്ട് വച്ചാലും ഇവറ്റകൾ കൂട്ടത്തോടെ വന്നു കൊത്തിക്കൊണ്ടുപോകും.”
ഗതികെട്ടാ ഞാൻ കെണിവെച്ചത്.”
ചേച്ചി പറഞ്ഞു.
“ഇവിടെ എന്തു ബഹളം ‘ആയിരുന്നു! എല്ലാംകൂടി എന്നെ കൊത്തിക്കൊന്നേനെ”.
“ഹോ!”
ലില്ലിച്ചേച്ചി ഇറച്ചി പാത്രവുമായി നിവർന്നു നിന്നു.
“കൊറേ എണ്ണമൊണ്ടാരുന്നു..എല്ലാം കൂടി അരമുക്കാ മണിക്കൂർ നേരം വീടിന് മുകളിലായി വട്ടമിട്ടു പറന്നു.
എന്റമ്മോ! ഞാനങ്ങു പേടിച്ചുപോയി”.
കുട്ടികൾ അമ്പരപ്പോടെ കേട്ടിരുന്നു.
ലില്ലിച്ചേച്ചി ഒരു ധീര വനിത തന്നെ.
“എന്നിട്ട് മുറിവേറ്റ കാക്കയേയും ചാടിച്ചു ചാടിച്ച് ചിറകും കൊത്തിയെടുത്ത് അതുങ്ങള് പറന്നുപോയി”
.
അവർ ഒരു ദീർഘ നിശ്വാസം ഉതിർത്തു.
കുട്ടികൾക്ക് രസം പിടിച്ചു. അവർ ശീമ നെല്ലിക്ക കടിക്കാൻ പോലും മറന്നു.
“എന്നിട്ടല്ലേ രസം”
ചേച്ചി ഉത്സാഹത്തോടെ തുടർന്നു.
“കുറച്ചുനേരം കഴിഞ്ഞ് ഞാൻ പുറത്തുവന്നു നോക്കുമ്പോ, അതാ കിടക്കുന്നു ആ മുറിച്ച ചിറക് മുറ്റത്ത്!”
ലില്ലിച്ചേച്ചി പറഞ്ഞതുകേട്ട് കുട്ടികൾ വാപൊളിച്ചിരുന്നു പോയി.
അവർക്ക് ആ കഥ അവിശ്വസനീയമായിത്തോന്നി.
” ചിറക് വീണ്ടും ചേർത്തുവയ്ക്കാൻ പറ്റില്ലെന്ന് അവയ്ക്ക് ബോധ്യപ്പെട്ടുകാണും.”
ഗോപിക്കുട്ടൻ തന്റെ അഭിപ്രായം വെളിപ്പെടുത്തി.
“അതിന് ഇനി ചെറകു മൊളയ്ക്കുവാരിക്ക്വോ?”
” പോടാ പൊട്ടാ ”
പിന്നെ, ചെറക് മോളയ്ക്കുവല്ലേ ”
രമേശനെ ഗോപികുട്ടൻ കളിയാക്കി.
എന്നാലും ഇതിത്തിരി കടന്നകയ്യായിപ്പോയി. കാക്കയോട് കുട്ടികൾക്ക് സഹതാപം തോന്നി.
പക്ഷേ അവർ ചേച്ചിയോട് അങ്ങനെയൊന്നും പറഞ്ഞില്ല.
കുറച്ച് ശീമ നെല്ലിക്കയും ബാഗിലിട്ടുകൊണ്ട് കുട്ടികൾ തിരിച്ചു നടന്നു.
അപ്പു നേരെ അവതക്കുന്നിലേക്ക് വച്ചുപിടിച്ചു.
രണ്ടു പറമ്പ് കഴിയുമ്പോൾ പറിക്കാറായ കപ്പത്തോട്ടമുണ്ട്. ആരുടേതാണോ എന്തോ.
ആരും കാണാതെ കൊച്ചു വാക്കത്തികൊണ്ട് മാന്തി ഒരു കിഴങ്ങ് എടുത്തുകൊണ്ടാണ് ഏറുമാടത്തിലേക്ക് വന്നത്.
ഏറുമാടത്തിന് താഴെ രാത്രിയിൽ വിറകുകൊണ്ട് തീ കൂട്ടിയിടും അതിന്റെ ചൂടേറ്റാണ് ഉറങ്ങുന്നത്.
അതുകൊണ്ട് രണ്ടാണ് ഗുണം. പ്രാണികളും മറ്റു കീടങ്ങളും കടിക്കുകയില്ല. കൂടാതെ നല്ല ചൂടും കിട്ടും.
പഴയ കമ്പിളിപ്പുതപ്പു മാത്രം കൊണ്ട് ഒരു കാര്യവുമില്ല.
അവൻ പതിയെ തീ കൂട്ടി കപ്പക്കിഴങ്ങ് തൊണ്ടു പൊളിച്ച് തീയിൽ വച്ചു ഉണക്കചുള്ളികൾ വീണ്ടും വീണ്ടും ഓരോന്നായി തീയിലേക്ക് വെച്ച് കൊടുത്തു കൊണ്ടിരുന്നു .
ഒരു പൂച്ചയുടെ ദയനീയമായ കരച്ചിൽ കേട്ട് അപ്പു
തിരിഞ്ഞു നോക്കി.
മെലിഞ്ഞു മെലിഞ്ഞ ഒരു പൂച്ച. അതിന്റെ എല്ലുകൾ മീൻമുള്ള് പോലെ തൊലിയോട് ഒട്ടിച്ചേർന്ന് കാണാമായിരുന്നു. വാരിയെല്ലുകളുടെ അറ്റം തോൽ പൊട്ടിച്ച് പുറത്തേക്ക് വരുമെന്നു തോന്നിച്ചു. ഏന്തി വലിഞ്ഞു നടക്കുന്ന അതിന്റെ ശബ്ദം വളരെ നേർത്തതും പതറിയതും ആണ്. കണ്ണിൽ നിന്നും പഴുപ്പ് ഒലിക്കുന്നുണ്ട്. അത് അടുത്തു വന്നപ്പോൾ വല്ലാത്ത ഒരു ദുർഗന്ധം അനുഭവപ്പെട്ടു.
“ച്ച്… ച്ച്… “എന്ന് ശബ്ദം ഉണ്ടാക്കി ഓടിക്കുവാൻ ശ്രമിച്ചെങ്കിലും അതിന് നടക്കുവാൻ പോലും ശക്തിയില്ലായിരുന്നു. അപ്പു ഒരു വിറകുകഷണം കൊണ്ട് അതിനെ മാറ്റി വിട്ടു.
അത് നേർത്ത ശബ്ദത്തിൽ കരഞ്ഞുകൊണ്ട് കുറച്ചു ദൂരത്തായി മാറിയിരുന്നു.
അത് പോകുന്ന വഴിയിലെല്ലാം വിസർജിച്ചുകൊണ്ടിരുന്ന ദ്രാവകരൂപത്തിലുള്ള മലം കണ്ടപ്പോൾ അപ്പുവിന് മനംപിരട്ടലുണ്ടായി.
ആ അഴുക്ക് വീണ ഭാഗങ്ങൾ എല്ലാം തന്റെ കൊച്ചു തൂമ്പ കൊണ്ട് വടിച്ചു മാറ്റി അപ്പു ദൂരേയ്ക്കെറിഞ്ഞു.
പടിഞ്ഞാറുവശത്ത് താഴ് വാരത്തുകൂടി ഒഴുകുന്ന നീർച്ചോലയിലെ വെള്ളം അന്തിവെയിലേറ്റു തിളങ്ങി.
ചാഞ്ഞു നിൽക്കുന്ന കൈത പൂക്കൾ കുഞ്ഞോളങ്ങളെ തഴുകി ക്കൊണ്ട് കളകളം പാടി രസിച്ചു
അപ്പു അങ്ങോട്ടു നടന്നു. തലേദിവസം കാട്ടുപ്ളാവിൽ ഞെട്ട് പിരിച്ചു വച്ചിട്ടുള്ള ചക്ക പഴുത്തിട്ടില്ലെന്നു തോന്നി.
അരുവിയിലെ തെളിനീരിന് നല്ല തണുപ്പാണ്.
മെല്ലെ മെല്ലെ അവൻ വെള്ളത്തിലേക്ക് ഇറങ്ങി. മുങ്ങി നിവർന്നു.ഉള്ളും പുറവും കുളിർന്നു.
“ഹോ എന്തൊരു തണുപ്പ് ”
തോട്ടിലെ പരൽ മീനുകൾ അവനെ വെല്ലുവിളിച്ചുകൊണ്ട് തൊട്ടുരുമ്മി നീന്തിത്തുടിച്ചു.
എന്തൊരു കുളിർമ അപ്പുവിന് നല്ല ഉന്മേഷം തോന്നി.
തോർത്ത് ഏറുമാടത്തിന്റെ ഇല്ലിമുളകൊണ്ടുണ്ടാക്കിയിരിക്കുന്ന കതകിൽ തൂക്കിയിട്ടു.
കപ്പ ഇപ്പോൾ വെന്തു കാണും. അവൻ കനലിന്റെ അടിയിൽ നിന്നും വിറകറ്റം കൊണ്ട് കരിഞ്ഞു തുടങ്ങിയ കപ്പക്കഷണങ്ങൾ ഓരോന്നായി തോണ്ടിയെടുത്തു. നന്നായി വെന്തിട്ടുണ്ട്. ചാരമൊക്കെ കൊട്ടിക്കളഞ്ഞ് ഒരു വാഴയിലയിൽ എടുത്തു വച്ചു. അത് പൊട്ടിച്ച് ആറാൻ വെച്ചപ്പോഴേക്കും വീണ്ടും പൂച്ചയുടെ ദയനീയമായ ശബ്ദം.
അത് ആദ്യം ഇരുന്ന സ്ഥലത്ത് തന്നെ ഇരിപ്പുണ്ട്.
അപ്പു ഒരു കഷണം കപ്പയെടുത്ത് ഒരു ഇലയിൽ വച്ച് പൂച്ചയുടെ മുന്നിലേക്ക് വെച്ചു കൊടുത്തു.
അത് മെല്ലെ മെല്ലെ അത് തിന്നാൻ തുടങ്ങി.
നല്ല ചൂടുള്ള കപ്പ അപ്പു ആർത്തിയോടെ കഴിച്ചു.ഇപ്പോഴാണ് അല്പം ആശ്വാസമായത്.
അല്പാല്പമായി ഇരുട്ട് വീഴാൻ തുടങ്ങി.തീക്കനലുകൾക്കിടയിൽ ഒന്നുരണ്ട് വിറകുകൾ കൂടി നീക്കി വച്ചു. ഏറുമാടത്തിലേയ്ക്ക് ഇത്രയും ചൂട് മതി.ഉള്ളിലെ ചാക്കുകട്ടിലിൽ കിടക്കാൻ നല്ല സുഖമാണ്. കൂടണഞ്ഞ പക്ഷികളിടെയും പേരറിയാത്ത കാക്കത്തൊള്ളയിരം ജീവികളുടെയും ശബ്ദങ്ങൾക്കിടയിൽ വീടുകൾക്കുള്ളിലെ മനുഷ്യശബ്ദങ്ങൾ മുങ്ങിപ്പോയി.
പ്രകൃതിയുടെ താളം പോലെ കേൾക്കുന്ന ഈ സ്വരങ്ങൾ ജീവജാലങ്ങളെല്ലാം സന്ധ്യാ വേളയിൽ ഈശ്വരാരാധന നടത്തുന്നതാവം.
അങ്ങനെയാണ് അമ്മ പറഞ്ഞുതന്നിട്ടുള്ളത് അല്ലെങ്കിൽ അവ കുഞ്ഞുങ്ങളെ ഉറക്കാൻ തരാട്ടുപാടുന്നതാവാം.
അമ്പാടിയുടെയും സുജാതയുടെയും ഒക്കെ വീട്ടിൽ വെളിച്ചമുണ്ട്.
അവരാരും ഉറങ്ങാൻ നേരമായിട്ടില്ല.
നിലാവിന്റെ കുളിർമയും
അടുപ്പിലെ തീയുടെ സുഖകരമായ ചൂടും അവനെ തഴുകി
പഴയ കമ്പിളിപ്പുതപ്പിനുള്ളിൽ ഓരോന്നോർത്തുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.
(തുടരും…)




കാക്ക പുരാണം സൂപ്പർ