1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.എന്നാൽ ഇന്ത്യയിൽ ഡോക്ടർ ബി.ആർ. അംബദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നു.
ലോകാരംഭം മുതൽ ഭൂമിയിലെ ജലം അതിന്റെ മൂന്ന് (മഞ്ഞ്, ജലം, നീരാവി) അവസ്ഥകളിലൂടെ തുടർച്ചയായി രൂപഭേദം ചെയ്തു കൊണ്ടിരിക്കുന്നു. ഈ പ്രക്രിയക്കാണ് ജലപരിവൃത്തി അല്ലെങ്കിൽ ജല ചക്രം എന്നു പറയുന്നത് . ആദിയും അന്തവുമില്ലാത്ത ഈ പ്രക്രിയയാണ് മനുഷ്യ ജീവന്റെ ഉൾപ്പടെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ നിദാനം.
മഞ്ഞുപാളികളിൽ നിന്നും ചെടികളിൽ നിന്നും മറ്റു ജീവജാലങ്ങളിൽ നിന്നും സൂര്യ താപത്താൽ ആവിയാകുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിൽ എത്തുമ്പോൾ മേഘമായി മാറുന്നു., ഈ മേഘങ്ങൾ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിച്ചു അനുകൂല സാഹചര്യങ്ങളിൽ മഴയായും മഞ്ഞായും തിരിച്ചു ഭൂമിയിലേക്കു എത്തുന്നു ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിയിൽ ആഴത്തിലിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. മറ്റൊരു ഭാഗം സസ്യ ജാലങ്ങൾ വലിച്ചെടുക്കുന്നു. ഇത് പിന്നീട് ഇലകളിൽ കൂടി ബാഷ്പീകരിക്കപ്പെട്ടു അന്തരീക്ഷത്തിൽ തിരിച്ചെത്തുന്നു. മഴവെള്ളത്തിന്റെ മറ്റൊരു ഭാഗം ഭൂമിയുടെ ഉപരിതലത്തിലൂടെ, നദികളിലൂടെ ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുന്നു. ഈ ജലശുദ്ധീകരണ പ്രക്രിയയിലൂടെയാണ് നമുക്ക് ശുദ്ധ ജലം ലഭ്യമാകുന്നത് .
ഹൈഡ്രജൻ ആറ്റങ്ങൾ ഒരു ഓക്സിജൻ ആറ്റവുമായി ഇലക്ട്രോണുകൾ പങ്കിട്ടാണ് ഒരു ജല തന്മാത്ര രൂപം കൊള്ളുന്നത്.പ്രത്യേകിച്ച് നിറമില്ലാത്തതും സുതാര്യമായതുമായ വസ്തുവാണ് ശുദ്ധജലം. എങ്കിലും അതിൽ ലയിച്ചിരിക്കുന്ന ലവണത്തിന്റെ നിറം ജലത്തിനു ലഭിക്കും. വിദ്യുത്കാന്തിക രാജിയിൽ ഇൻഫ്രാറെഡ് കിരണങ്ങൾക്ക് തൊട്ടടുത്തുള്ള വർണ്ണമായ ചുവപ്പിനേയും ചെറിയ അളവിൽ ജലം ആഗിരണം ചെയ്യുന്നു. ഇക്കാരണത്താലാണ് കൂടിയ അളവിലുള്ള ജലം സമുദ്രജലം ഉൾപ്പടെ നീല നിറത്തിൽ കാണപ്പെടുന്നത് .ജലത്തിൽ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങൾ മൂലം അതിന്റെ നിറത്തിൽ മാറ്റം ഉണ്ടാകാം ചുണ്ണാമ്പുകല്ലിന്റെ സാന്നിധ്യം ജലത്തിന് പച്ച കലർന്ന നീല നിറവും ഇരുമ്പിന്റെ സംയുക്തങ്ങളുടെ സാന്നിധ്യം ചുവപ്പു കലർന്ന തവിട്ടു നിറവും, ചെമ്പിന്റെ സംയുക്തങ്ങൾ കടും നീല നിറവും, കടൽജീവികളായ ആൽഗകളുടെ സാന്നിധ്യം ജലത്തിന് പച്ച നിറവും നൽകുന്നു. ധാതുജലം,മൃദു ജലം, ഖന ജലം, കഠിന ജലം, സമുദ്ര ജലം ശുദ്ധ ജലം അങ്ങനെ നീളുന്നു ജലത്തിന്റെ വകഭേദങ്ങൾ. ജലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഹൈഡ്രോളജി .1781-ൽ ജോസഫ് പ്രീസ്റ്റ്ലി കൃത്രിമമായി ജലം ഉത്പാദിപ്പിച്ചതായി ചരിത്രം രേഖപെടുത്തുന്നു .
ഇനിയുമൊരു മഹായുദ്ധം ഉണ്ടായാൽ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് കണക്ക്. ജനസംഖ്യ വർദ്ധനവും മലിനീകരണവും ഭൂമിയിൽ ജല ദൗർലഭ്യതക്കു കാരണമായി മാറി എന്ന് സാമാന്യമായി പറയാമെങ്കിലും കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാല പരിതസ്ഥിതികളിൽ കിണറുകളും കുളങ്ങളും ഉൾപ്പടെ ജലാശയങ്ങളെല്ലാം പൂർണ്ണമായോ ഭാഗികമായോ ഉപയോഗ ശൂന്യമായി മാറി. കൊറോണ കാലത്ത് അടച്ചിരുന്നപ്പോൾ കേരളത്തിലെ ഉൾപ്പടെയുള്ള ജലാശയങ്ങൾ മലിനീകരണത്തെ അതി ജീവിച്ചത് എടുത്തുപറയേണ്ടിയിരിക്കുന്നു .
“കുത്തൊഴുക്കുള്ള വെള്ളമായാലും മിതമായേ ജലം ഉപയോഗിക്കാവൂ ” എന്ന നബി വചനവും .നദി ദേവതയാണ് ജലാശയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തരുതെന്നും നഗ്നരായി കുളിക്കരുതെന്നുമുള്ള ആർഷ ഭാരത സംസ്കാരവും മാത്രം മതി ജലത്തിന്റെ പ്രാധാന്യത്തെ മനസിലാക്കാൻ .അഗ്നിയോളം വിശുദ്ധി ജലത്തിനുമുണ്ടെന്നുള്ള ആചാര്യ ദർശനവും കൂടി ആകുമ്പോൾ ജലം ഭക്തിയുടെ ഭാവത്തിലും മുൻപന്തിയിലാണ്. മാത്രമോ അഗ്നിയെപോലെ വിശുദ്ധിയുടെ പ്രതീകമാണ് ജലവും ഹൈന്ദവ വിശ്വാസത്തിൽ ഗംഗാ നദിയും ക്രൈസ്തവ വിശ്വാസത്തിൽ യോർദ്ദാൻ നദിയും ഇസ്ലാമിക വിശ്വാസത്തിൽ സംസം കിണറും ജല സ്രോദസ്സു മാത്രമല്ല ആത്മ നിർവൃതിയുടെ പ്രതീകം കൂടിയാണ് . മണ്ണും മനുഷ്യനും പക്ഷി മൃഗാദികളും സസ്യ ലതാതികളും അടങ്ങുന്ന ആവാസ വ്യവസ്ഥ നില നിൽക്കുന്നത് ജല ലഭ്യതയുടെ അടിസ്ഥാനത്തിലാണ് അത് കൊണ്ട് ജീവ വായുവിനോളം ജലത്തിന് പ്രാധാന്യമുണ്ട് .മാത്രമല്ല ജലം മികച്ച
ഔഷധം കൂടിയാണ്.
പ്രകൃതിചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന നട്ടെല്ലിന് ചുറ്റും കുളിർമ്മയുണ്ടാക്കുകയും പ്രധാന നാഡീ-ഞരമ്പുകളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന കുളിത്തൊട്ടി ഉപയോഗിച്ച് നട്ടെല്ല് സ്നാനം എന്ന ചികിത്സ
അതിനോട് സാമ്യമുള്ള സാധനങ്ങൾ തന്നെ ഉപയോഗിച്ചു രണ്ട് കാലും പുറത്തേക്കിട്ട് ഇരുന്നു ജലനിരപ്പ് പൊക്കിളിന് താഴെവരെയാക്കി നിജപ്പെടുത്തി നടത്തുന്ന നിതംബസ്നാനം എന്ന ചികിത്സാ രീതിയും ഇന്ന് സർവസാധാരണമായി ഉപയോഗിക്കുന്നു.
ജലം മികച്ച ഒരു വേദനാസംഹാരി കൂടിയാണ്. വേദനയുള്ള ശരീരഭാഗത്ത് കട്ടിയിൽ പരുത്തിത്തുണി നനച്ച് കെട്ടുകയോ പൊതിയുകയോ ചെയ്യുന്നതാണ് പതിവ്. വയറ് വേദനയ്ക്ക് വയറ്റിലും തൊണ്ടവേദനയ്ക്ക് കഴുത്തിലും തലവേദനയ്ക്ക് നെറ്റിയിലും ഇത് പ്രാചീന കാലം മുതൽ ചെയ്യുന്നതാണ് . നീന്തൽ പോലെ മികച്ച മറ്റൊരു വ്യായാമ മുറ ഉണ്ടോ എന്ന് സംശയമാണ് .
“സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക”എന്നതാണ് 2024 ജല ദിനത്തിന്റെ പ്രമേയം എങ്കിൽ ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ ലോക ജലദിന പ്രമേയം കരയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളായ “ഹിമാനി അഥവാ ഗ്ലേഷ്യർന്റെ സംരക്ഷണം” എന്നതാണ്.ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഹിമാനികൾ. സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളും ഹിമാനികളാണ്.അത് കൊണ്ടാണ് ഇതിന്റെ സംരക്ഷണത്തിന് ഊന്നൽ കൊടുത്തു കൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ലോകത്തിലെ തന്നെ മികച്ച ഭൂപ്രകൃതിയും അനുകൂല കാലാവസ്ഥയുമുള്ള കേരളമുൾപ്പടെ വരൾച്ചയിലൂടെ കടന്നു പോകുമ്പോൾ ആണ് ലോക ജലദിനം ആഘോഷിക്കുന്നത് .ജല സാക്ഷരത എല്ലാവരിലേക്കും എത്തിക്കാൻ കഴിയാത്തിടത്തോളം വലിയ ശുദ്ധ ജല ദൗർലഭ്യതയും കൊടും വരൾച്ചയും
നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.
നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളെയും അരുവികളെയും നീരുറവകളെയും നദികളെയും ഒപ്പം സമുദ്രത്തെയും സംരക്ഷിക്കാനും അടുത്ത തലമുറയ്ക്ക് കൈമാറാനും ഓരോരുത്തർക്കും ബാധ്യതയുണ്ട്.
ഏന്റെ ആദ്യ പുസ്തകം പാപ നാശിനിയായ പമ്പയെ കുറിച്ചാണ് .ശബരിഗിരീശ പാതകളിൽ നിന്നൊഴുകി അറബിക്കടലിൽ അലിഞ്ഞു ചേരുന്ന പമ്പയെ കുറിച്ചെഴുതാൻ “പമ്പാ നദിയിലൂടെ” (പഠനം )എന്ന പുസ്തകത്തെ കുറിച്ച് നിറഞ്ഞ അഭിമാനമുണ്ട് .
“ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു”..
അന്താ രാഷ്ട്ര ജല ദിനാശംസകൾ ….
നല്ലെഴുത്ത്.
നല്ല അറിവ്
നന്നായിട്ടുണ്ട്