യുഎഇ: ഓണം എന്ന മഹാ സങ്കല്പം, അവിടെ മഹാബലിത്തമ്പുരാൻ്റെ ഓർമ്മകൾ, നാനാത്വത്തിൽ ഏകത്വം, മലയാളികളുടെ മഹനീയ ഉത്സവമായി ഓണത്തെ മാറ്റുന്നത് ഇതാണ്. വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ മഹനീയത, അത് ജീവിതത്തിൻ്റെ ഭാഗമായി ഏറ്റവും മനോഹരമായ ഒരു ഉത്സവമായി മാറുമ്പോൾ, കേരളക്കര മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ നിറഞ്ഞാസ്വദിക്കുകയാണ് ഓണം എന്ന ആ ദിനം.
പൊന്നിൻ കതിർക്കുലകൾ പൂത്ത് വിടർന്ന കേരളക്കരയുടെ സമൃദ്ധി വിളിച്ചോതുന്നതായിരുന്നു മലയാള മാസത്തിലെ ചിങ്ങത്തിൽ വന്നെത്തുന്ന ഓണം. ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും നടുവിൽ മാലോകരെല്ലാരും ഒരുമയോടെ സന്തോഷത്തിൻ്റെ ദിനരാത്രങ്ങൾ കൊണ്ടാടുന്ന ഓണം.
” അത്തം പത്തോണം തിരുവോണം
പൂവിളികളിൽ ഉണരുന്നൊരോണം
മാവേലി തമ്പ്രാനെ വരവേൽക്കും ഓണം
മാലോകർക്കുത്സവം ചിങ്ങത്തിരുവോണം ”

അതെ, മഹാബലി തമ്പുരാൻ നാടുവാണ കാലത്ത് മാലോകരെല്ലാരും ഒന്നു പോലെ എന്ന് വാഴത്തിപ്പാടി, ആ മാഹാബലിയുടെ ഓർമ്മകളും പേറി കഴിഞ്ഞുപോയ സമൃദ്ധിയുടെ കാലത്തിൻ്റെ ഏടുകളും തിരഞ്ഞ് മഹാബലിക്കായ് കാത്തിരിക്കുന്ന മാലോകരുടെ ഓണം . ഇന്ന് കേരളവും ഇന്ത്യയും കടന്ന് ലോകം കീഴടക്കുന്നു.
ഓണം എവിടെയൊക്കെ ആഘോഷിക്കുന്നുണ്ടോ അവിടെയൊക്കെ മഹാബലിയും ആവശ്യമാണ്. കേരളത്തിൽ ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞാൽ ഓണത്തിൻ്റെ ഓർമ്മയും ആഘോഷങ്ങളും തീരുന്നു. എന്നാൽ ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് മലയാളികൾ ഏറ്റവും കൂടുതലുള്ള യുഎഇ യിൽ ചിങ്ങത്തിലെ ഓണം മുതൽ ഡിസംബർ വരെ, അതായത് ക്രിസ്തുമസ്സും, ന്യൂ ഇയറും കഴിഞ്ഞേ ഓണാഘോഷങ്ങൾ അവസാനിക്കുകയുള്ളു. ഇവിടെയാണ് നമ്മുടെ മലയാളിയായ, മാവേലിയായ അനന്തനെ നമ്മൾ അറിയേണ്ടത്.
കൊല്ലങ്ങൾ കടന്നുപോയി, കാലങ്ങൾ മാറിമാറി വന്നു. ഒരു യോദ്ധാവായ മാവേലിത്തമ്പുരാൻ്റെ രൂപവും ഭാവവും മാറി. ചിലർ ചേർന്ന് കുടവയറൻ മാവേലിയെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു തുടങ്ങി. ഹാസ്യ കഥാപാത്രമായി മാവേലിയെ അവതരിപ്പിച്ചു തുടങ്ങി. എല്ലാം കണ്ടും കേട്ടും, ആസ്വദിച്ചും കൈയ്യടിച്ചും എല്ലാം അറിയുന്ന നമ്മളും അവരോടൊപ്പം ചേർന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി തികഞ്ഞ ഒരു യോദ്ധാവിൻ്റെ പ്രൗഢിയിൽ യുഎഇ യിൽ വീണ്ടും മാവേലിയെത്തി. അത് ജനങ്ങൾ അംഗീകരിച്ചു. ആ അംഗികാരത്തിൻ്റെ നിറവിലാണ് ഇന്ന് നമ്മുടെ അനന്തൻ കുനിയത്ത്. തുടർച്ചയായി ആറ് വർഷത്തോളമായി യുഎഇ യുടെ സർഗ്ഗാത്മക മണ്ണിൽ മലയാളികളുടെ ഇടയിൽ മത്സരിച്ച് ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ സംഘടനകളുടെ ഇടയിൽ മാഹാബലിത്തമ്പുരാനായി നിറഞ്ഞാടുകയാണ് അനന്തൻ കുനിയത്ത്.

ഓണം വന്നെത്തുമ്പോൾ തൻ്റെ ആഹാരത്തിലും ജീവിത രീതിയിലും എന്തിനധികം രൂപത്തിൽ പോലും തികച്ചും മാറ്റങ്ങൾ കൊണ്ടു വരികയാണ് നമ്മുടെ അനന്തൻ മാവേലി. ഇതിനായി തൻ്റെ മീശവളർത്തി ഒരു പടുകൂറ്റൻ കൊമ്പൻ മിശയാക്കി വെട്ടിയൊതുക്കി തികഞ്ഞ മാവേലി ഭക്തനായി നടക്കുകയാണ് അദ്ദേഹം. ഈ വർഷം ഇതിനോടകം നാൽപ്പത് ഓണാഘോഷങ്ങളിൽ മാവേലിയായി വേഷം ചെയ്തിട്ടുണ്ട് അദ്ദേഹം. വാരാന്ത്യങ്ങളിൽ മാത്രമാണ് യുഎഇ യെപ്പോലുള്ള പ്രവാസമണ്ണിൽ മലയാളികൾക്ക് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കുന്നത്. അതിനാൽ വാരാന്ത്യ അവധിയായ ശനിയും ഞായറും നഗരത്തിൻ്റെ പല ഭാഗങ്ങളിലും നിരവധി ഓണാഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.

ഓരോ വാരാന്ത്യ ദിനങ്ങളിലും തങ്ങൾക്ക് ഇഷ്ടപ്പെട്ട മാവേലിയെ കിട്ടാൻ സംഘടനകൾ മാസങ്ങൾക്ക് മുന്നേ അനന്തനെ ബുക്ക് ചെയ്യുന്നു. അതിനാൽ ഒരു ദിവസം തന്നെ രണ്ട് പ്രോഗ്രാമുകൾക്കൊക്കെയാണ് നമ്മുടെ അനന്തൻ മാവേലി വേഷമിടുന്നത്. ഏകദേശം ഇരുപത്തിഎട്ട് വർഷത്തോളമായി യുഎഇ യിൽ ഒരു പ്രവാസിയായി ജീവിതം നയിക്കുന്ന ഇദ്ദേഹം നാട്ടിൽ തൃശ്ശൂർക്കാരനാണ്. ഇന്ന് മലയാളി സംഘടനകൾക്കിടയിൽ തിരക്കുപിടിച്ച മഹാബലിയായ അനന്തൻ നല്ലൊരു അഭിനേതാവും, അത്യാവശ്യം മിമിക്രിയും ഒക്കെ വശമുള്ള ഒരു നല്ല കലാകാരൻ കൂടിയാണ്. ഇനിയും നിരവധി വർഷങ്ങൾ മഹാബലിത്തമ്പുരാനായി പ്രവാസികൾക്കിടയിൽ ജീവിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
റിപ്പോർട്ടർ,
രവി കൊമ്മേരി,
മലയാളി മനസ്സ് USA ന്യൂസ് – യുഎഇ .





