Sunday, October 6, 2024
Homeഅമേരിക്കകൂട്ടക്കൊല തുടർന്ന്‌ ഇസ്രയേൽ; ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.

കൂട്ടക്കൊല തുടർന്ന്‌ ഇസ്രയേൽ; ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.

ഗാസ സിറ്റി; ഗാസയിലേക്കുള്ള ഒരു പാതയിൽ പകൽ വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും മുനമ്പിൽ ആക്രമണം ശക്തമായി തുടർന്ന്‌ ഇസ്രയേൽ. ചൊവ്വാഴ്ച മധ്യ ഗാസയിലെ നുസെയ്‌റത്ത്‌, അൽ ബുറൈജ്‌ അഭയാർഥി ക്യാമ്പുകളിൽ നടത്തിയ തുടർ ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഇതടക്കം 25 ഗാസ നിവാസികൾക്കാണ്‌ 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത്‌. 80 പേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അവശ്യവസ്തുക്കൾക്കായി റാഫയിൽ കാത്തിരുന്ന ഒമ്പതുപേരും ഉൾപ്പെടുന്നു.

സഹായവസ്തുക്കളുമായി എത്തുന്ന ട്രക്കുകൾ കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. നിരവധിപേർക്ക്‌ ഗുരുതരമായി പരിക്കേറ്റു.
ഗാസയിലെ 70 ശതമാനം ആരോഗ്യ പരിചരണ സംവിധാനങ്ങളുടെയും പ്രവർത്തനം നിലച്ചതായി യു എൻ അറിയിച്ചു. പോഷകാഹാരക്കുറവ്‌ ഗുരുതരമായതിനെ തുടർന്ന്‌ 3500 കുട്ടികൾ മരണത്തിന്റെ വക്കിലാണെന്ന്‌ ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസയിലേക്കുള്ള കടന്നാക്രമണം ഏകോപിപ്പിക്കാൻ രൂപീകരിച്ച യുദ്ധമന്ത്രിസഭ പിരിച്ചുവിട്ട്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വിയോജിപ്പുകൾ ശക്തമായതിനെ തുടർന്ന്‌, യുദ്ധ മന്ത്രിസഭാംഗവും രാഷ്ട്രീയ എതിരാളിയുമായ ബെന്നി ഗാന്റ്‌സ്‌ കഴിഞ്ഞ ദിവസം യുദ്ധമന്ത്രിസഭയിൽനിന്ന്‌ രാജിവച്ചിരുന്നു. തുടർന്നാണ്‌ മൂന്നംഗ യുദ്ധമന്ത്രിസഭ പിരിച്ചുവിടുന്നതായ നെതന്യാഹുവിന്റെ പ്രഖ്യാപനം.ഇനിയുള്ള തീരുമാനങ്ങൾക്ക്‌ തീവ്രയാഥാസ്ഥിതിക നിലപാടുകാർ ഭൂരിപക്ഷമായ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments