പ്രിയരേ;
അഭ്രപാളിയിലെ നിത്യഹരിത ചിത്രങ്ങളിൽ ഇന്ന് അവലോകനം നടത്തുന്നത് ‘അമരം’ എന്ന സിനിമയെ കുറിച്ചാണ്. മുമ്പ് അവലോകനം നടത്തിയ സിനിമകളുടെ സംക്ഷിപ്ത വിവരണം മാത്രമേ ഉണ്ടാകാറുള്ളൂ. ഈ സിനിമയെ കുറിച്ച് കുറച്ചുകൂടി വിശദമായി എഴുതുന്നു.
പ്രശസ്ത ചിത്രകലാകാരനും സംവിധായകനുമായ ശ്രീ.ഭരതൻ സംവിധാനം ചെയ്ത അതിമനോഹരമായ സിനിമ. സംവിധാന സഹായിയായി ജോർജ് കിത്തു. (ആധാരം എന്ന സിനിമയിലൂടെ പിന്നീട് സ്വതന്ത്ര സംവിധായകനായി).
ഒട്ടേറെ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ലോഹിതദാസാണ് തിരക്കഥ രചിച്ചത്. സിംഫണി ക്രിയേഷൻസും മാക് പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച ചിത്രം. ഇതിലെ കഥയ്ക്ക് കഥാമുഹൂർത്തങ്ങൾക്ക് പ്രണയ നിമിഷങ്ങൾക്ക് അനുയോജ്യമായ അർത്ഥ സമ്പുഷ്ടവുമായ വരികൾ എഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരി. വരികളുടെ ആത്മാവ് ചോരാതെ വികാര തീവ്രത പ്രതിഫലിക്കുന്ന ഹൃദ്യമായ സംഗീതം നിർവ്വഹിച്ചത് രവീന്ദ്രൻ മാസ്റ്റർ.
വികാര നൗകയുമായ്…., ,അഴകേ…., പുലരേ പൂന്തോണിയിൽ —–,ഹൃദയരാഗ തന്ത്രി മീട്ടി എന്നീ ഗാനങ്ങൾ ഹൃദയഹാരിയായി ആലപിച്ചത് യേശുദാസ്, ചിത്ര ,ലതിക എന്നിവർ. മലയാളി സംഗീതാസ്വാദകർക്ക് എക്കാലത്തും ആസ്വദിക്കാവുന്ന നല്ല ഗാനങ്ങൾ ആ കൂട്ടുകെട്ടിലൂടെ ലഭിച്ചു, ഗാനരംഗങ്ങൾക്ക് പുറമേയുള്ള കടലിൻ്റെ ശാന്ത രൗദ്രഭാവങ്ങൾക്ക് ഇണങ്ങുന്ന ; കഥാപാത്രങ്ങളുടെ സുഖദു:ഖസമ്മിശ്ര വികാരങ്ങൾക്ക് യോജിക്കുന്ന പശ്ചാത്തല സംഗീതം നിർവ്വഹിച്ചത് ജോൺസൺ മാഷ്.
സിനിമയുടെ അവസാന ഭാഗത്തെ ഹമ്മിംഗ് എടുത്തു പറയേണ്ടതാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷക മനസ്സ് ആർദ്രമാകുന്ന കണ്ണുകൾ ഈറനാകുന്ന സംഗീതം.
കടലിൻ്റേയും മണൽത്തീരത്തിൻ്റേയും സൗന്ദര്യവും കഥാപാത്രങ്ങളുടെ സന്തോഷവും സംഘർഷവും സമ്മിശ്ര വികാരങ്ങളും തനിമ ചോരാതെ ക്യാമറയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് അധു അമ്പാട്ട്. മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ മധു അമ്പാട്ടിന് ലഭിച്ചു.
കഥയ്ക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രം ക്രമത്തിൽ സംയോജിപ്പിച്ചത്
B ലെനിൻ വി.ടി.വിജയൻ
കടലിൻ്റെ മക്കളാകാൻ മമ്മൂട്ടി മുരളി , അശോകൻ, പപ്പു, മാതു, കെ.പി എ സി ലളിത ചിത്ര, ബാലൻ കെ നായർ,സൈനുദീൻ സാൻ്റോ കൃഷ്ണൻ, അജിത്ത്
ശബ്ദതാരങ്ങൾ: ആനന്ദവല്ലി , ശ്രീജ.
പ്രധാന കഥാപാത്രമായ അച്ചുതൻകുട്ടിയായി മികച്ച അഭിനയമാണ് മമ്മൂട്ടി കാഴ്ചവച്ചത്. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ഈ ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ലഭിച്ചു. അയൽവാസിയും അച്ചുവിൻ്റെ സുഹൃത്തുമായ കൊച്ചുരാമനായി മുരളിയും മത്സരിച്ച് അഭിനയിച്ചു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ്
അമരത്തിലൂടെ മുരളിയ്ക്ക് ലഭിച്ചു.
കൊച്ചുരാമൻ്റെ ഭാര്യ ഭാർഗ്ഗവിയായി കെ.പി എ സി ലളിതയും എടുത്തു പറയേണ്ട അഭിനയം തന്നെ. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ആ അഭിനേത്രിയെ തേടിയെത്തി.
അച്ചുവിൻ്റെ മകൾ രാധയായി മാതുവും രാധയുടെ കാമുകനും കൊച്ചുരാമൻ – ഭാർഗ്ഗവി ദമ്പതികളുടെ മകനുമായ രാഘവനായി അശോകനും കൊച്ചുരാമൻ്റെ സഹാദരി ചന്ദ്രികയായി ചിത്രയും എല്ലാം മികച്ച അഭിനയം തന്നെ. ലോഹിതദാസിൻ്റെ തിരക്കഥയുടെ കെട്ടുറപ്പ് ഒട്ടും നഷ്ടപ്പെടാതെ അദ്ദേഹം തൂലികയിലൂടെ നൽകിയതിനേക്കാൾ ഒരു പടി മുകളിൽ തന്നെയാണ് ഭരതൻ്റെ സംവിധാന സാക്ഷാത്കാരം. അദ്ദേഹത്തിൻ്റെ കലാമികവും ഭരതസ്പർശവുമാണ് ഈ ചിത്രത്തെ അത്രയും ജനപ്രിയമായത്. തൃശൂർ രാഗത്തിൽ ഇരുന്നൂറു ദിവസം പ്രദർശിപ്പിച്ചു. മറ്റു പ്രദർശന ശാലകളിലും അനേകവാരങ്ങൾ ഹൗസ്ഫുൾ ആയിരുന്നു. സി. ക്ലാസ് തിയേറ്ററുകൾ കവർ ചെയ്യാൻ മൂന്നുവർഷങ്ങൾ വേണ്ടിവന്നു. മുപ്പത്തിനാലു വർഷം മുമ്പ് ഫെബ്രുവരിയിൽ പ്രദർശന ശാലകളിൽ എത്തിയ അഭ്രകാവ്യത്തെ കുറിച്ച് –
———
അമരം:
അച്യുതൻകുട്ടി കടലോര മത്സ്യത്തൊഴിലാളിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. അച്ചുവിൻ്റെ ഏകമകൾ കൗമാരക്കാരിയായ രാധ. അവളെ പ്രസവിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ അമ്മ മരണപ്പെട്ടു. നാട്ടിൽ ചികിത്സാ സഹായം സമയത്തിനു ലഭ്യമല്ലാത്തതു കൊണ്ടാണ് അച്ചുവിൻ്റെ ജീവിതപങ്കാളിയെ മരണം കവർന്നെടുത്തത്.
അമ്മയില്ലാത്ത വിഷമം അറിയിക്കാതെ മകളെ വളർത്തി. പഠിപ്പിച്ച് ഡോക്ടറാക്കണമെന്നാണ് അച്ചുവിൻ്റെ ആഗ്രഹം. പത്താംക്ലാസിൽ നല്ലമാർക്ക് വാങ്ങി ജയിച്ച രാധ പ്രീഡിഗ്രിക്ക് ചേർന്നു. പ്രീഡിഗ്രി കഴിഞ്ഞ് എം.ബി ബി എസിന് ചേർക്കാമെന്ന സ്വപ്നങ്ങളിൽ അച്ചു ജീവിക്കുന്നു. എന്നാൽ എല്ലാപ്രതീക്ഷകളും തകിടം മറിയുന്ന സംഭവങ്ങളാണ് അച്ചുവിൻ്റെ ജീവിതത്തിലുണ്ടായത്.
അച്ചുവി’ൻ്റെ അയൽക്കാരനും സുഹൃത്തുമായ കൊച്ചുരാമൻ്റെ ഏകമകൻ രാഘവൻ
രാധയുടെ കളിക്കൂട്ടുകാരനാണ്’. രഘു എന്ന രാഘവൻ .അവൻ അഞ്ചാംക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതിനാൽ അച്ഛനോടൊപ്പം കടലിൽ മത്സ്യബന്ധനത്തിന് പോകുന്നു. രാധ പത്താം തരത്തിൽ പഠിക്കുന്നു. സെമിനാരിയുടെ കീഴിലുള്ള
സ്കൂളിലെ മിടുക്കിക്കുട്ടി’ സ്കൂളിലെ പ്രാർത്ഥനാഗ്രൂപ്പിലെ ലീഡറാണ്. ഒരു ദിവസം അസംബ്ളി നടക്കുന്ന സമയത്ത് അച്ചു സ്കൂളിലെത്തി അവളുടെ പ്രാർത്ഥനാലാപനം കണ്ട് അഭിമാനത്തോടെ നിന്നു.
——–
രാധ എപ്പോഴും ചിന്തയിൽ മുഴുകിയിരിക്കുന്നതിൻ്റെ കാരണമെന്താണെന്ന് അച്ഛൻ ചോദിച്ചെങ്കിലും ഉത്തരം പറഞ്ഞില്ല. SSLC റിസൽട്ട് അറിയുന്നതിൻ്റെ തലേന്ന് രാത്രിയിൽ ഉറക്കമില്ലാതെ കടപ്പുറത്ത് പോയി ഇരിക്കുന്നത് കണ്ട് അച്ഛൻ അന്വേഷിച്ചെത്തി. പരീക്ഷയിൽ തോൽക്കുമെന്ന് പേടിച്ചിട്ടാണ് ഉറക്കം കിട്ടാത്തത് എന്ന് അവൾ പറഞ്ഞു. തോൽക്കുമെന്ന് കേട്ടപ്പോൾ അച്ചുവിൻ്റെ ഉള്ളിൽ തീയാളി .പിറ്റേന്ന് കടലിൽ പോകുമ്പോൾ കൂടെയുള്ള മത്സ്യത്തൊഴിലാളികളോട് മകൾ പറഞ്ഞ കാര്യം പങ്കുവച്ചപ്പോൾ കൂടെയുള്ളവർ കളിയാക്കി. ഏറെ നേരത്തെ അധ്വാനത്തിന് ശേഷം അവർ വഞ്ചിനിറയെ മത്സ്യവുമായി കരയിലെത്തി.. കടലിൽപോയവരുടെ വീട്ടിലേക്ക് ആവശ്യമായ മത്സ്യം എടുക്കാൻ വഞ്ചിയുടെ അടുത്ത് ചന്ദ്രി എത്തി.. ‘. ചന്ദ്രിയ്ക്ക് അച്ചുവിനോട് ഉള്ളിൽ ഒരു പ്രണയമുണ്ട്. മീൻ എടുക്കൽ മാത്രമല്ല ഉദ്ദേശം. ഏറെ നേരം ഉൾക്കടലിൽ പോയ അച്ചുവിനെ കാണാനും കൂടിയാണ് വഞ്ചിയ്ക്കരുകിൽ എത്തിയത്. അവർക്ക് ആവശ്യമായ മത്സ്യം എടുത്ത് ബാക്കി തരകൻമാർ ലേത്തിലൂടെ കച്ചവടം ചെയ്തു.
ചന്ദ്രി അച്ചുവിൻ്റെ അരികിൽ കിന്നരിക്കാൻ ശ്രമിച്ചെങ്കിലും അച്ചു അതിന് പ്രോത്സാഹനം കൊടുത്തില്ല എന്നാൽ ഉള്ളിൻ്റെ ഉള്ളിൽ ഒരു സ്നേഹമുണ്ട്. അകാലത്തിൽ വിട്ടുപോയ ഭാര്യയോടുള്ള അനീതിയാകുമോ എന്ന ചിന്തയും
മകളോടുള്ള അമിതസ്നേഹവും മൂലം ഉള്ളിൽ അടക്കി വച്ചിരിക്കയാണ്.
മാർച്ചിലെ പരീക്ഷ കഴിഞ്ഞു.റിസൽട്ട് അറിയാൻ സ്കൂളിൽ പോയ രാധ അത്യധികം സന്തോഷത്തോടെ അച്ഛാ എന്ന് വിളിച്ച് അച്ചുതൻ്റെ അരികിൽ ഓടിയെത്തി –
SSLC ഫസ്റ്റ് ക്ലാസ്സോടെ പാസായതായി അച്ഛനോടും ചന്ദ്രിയോടും പറഞ്ഞു.
അച്ഛൻ തൻ്റെ മുത്തിനെ അഭിമാനത്തോടെ കടപ്പുറം മുഴവൻ കൊണ്ട് നടന്ന്
എല്ലാവരോടും വിജയിയായ കാര്യം പറഞ്ഞു.
രാഘവനെ അടുത്ത് നിറുത്തി നിൻ്റെ കുഞ്ഞുപെങ്ങൾക്ക് ഫസ്റ്റ് ക്ലാസ്സാണെടാ എന്ന് പറഞ്ഞപ്പോൾ അവന് അത്ര സന്തോഷം ഉണ്ടായില്ല. അമ്മയുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷമാകുമായിരുന്നു എന്ന് ചന്ദ്രി രാധയോട് പറഞ്ഞു. ചന്ദ്രിയെ ഇച്ചേച്ചി എന്നാണ് രാധ വിളിയ്ക്കുന്നത്. അച്ഛനോട് ചന്ദ്രിക്ക് ഉള്ള അനുരാഗം രാധയ്ക്ക് അറിയാം. എൻ്റെ അച്ഛൻ പാവമാണ് എന്ന് അവൾ പറയാറുണ്ട്.
മകൾക്ക് നല്ല വിജയം ലഭിച്ചതിൻ്റെ സന്തോഷം പങ്കിടാൻ അച്ചുവും കൊച്ചുരാമനും കൂടി അന്തിയ്ക്ക് ഷാപ്പിൽ പോയി നന്നായി കുടിച്ചു പാട്ടുംപാടി വന്നു. അത് ഭാർഗ്ഗവിയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല.. സന്തോഷം കൊണ്ടല്ലേ എന്ന് കൊച്ചുരാമൻ.
കടലിൽ പോയാലും സന്തോഷം പോയില്ലെങ്കിലും സന്തോഷം കുടിയ്ക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടാക്കുന്നതിനെ ഭാർഗ്ഗവി പരിഹസിച്ചു.
‘ അമ്മ മരിക്കാനുണ്ടായ കാരണം മുത്തിന് അച്ഛൻ പറഞ്ഞു കൊടുത്തു. രോഗം കലശലായി ഡോക്ടർ വളരെ ദൂരെ നിന്ന് എത്തിയപ്പോഴേക്കും അമ്മ പോയി. നേരത്തിന് ചികിത്സ കിട്ടാത്തതത് ഇനി ഈ തുറയിൽ ആർക്കും ഉണ്ടാകരുത്. അതുകൊണ്ടാണ് എല്ലാവർക്കും വേണ്ടി മോൾ ഡോക്ടറാവണമെന്ന് അച്ഛൻ പറയുന്നത്. മോൾ അച്ഛൻ്റെ ആഗ്രഹം നടത്തിത്തരില്ലേ എന്ന് ചോദിച്ചപ്പോൾ നടക്കും എന്ന് അവൾ പറഞ്ഞു. രാത്രിയിൽ നിലാവിൽ പൂഴി മണലിൽ അച്ഛനും മകളും കിടന്നുറങ്ങി.
കാലത്ത് അച്ചു ഒറ്റയ്ക്ക് ചെറുവഞ്ചിയിൽ കടലിൽ പോയി.
അറപ്പത്തോടിനടുത്ത് ഇരുന്നിരുന്ന രാഘവൻ്റെ അടുത്ത് രാധ എത്തി.
പരീക്ഷ ജയിച്ചു വന്ന ദിവസം പരിസരത്തു പോലും കാണാത്തതിൽ പരിഭവം പറഞ്ഞു. പരീക്ഷ ജയിച്ചാൽ ഗുരുവായൂരിൽ ശയന പ്രദിക്ഷണം നടത്താമെന്ന് നമ്മളന്ന് നേർന്നത് നിനക്ക് ഓർമ്മയില്ലേ? അത് പാലിക്കാൻ പോയതാണെന്ന് രാഘവൻ. അപ്പോൾ അവളുടെ കണ്ണുകൾ ഈറനായി . അവൾ രഘുവിനെ ആലിംഗനം ചെയ്തു.
കടലിൽ പോയ അച്ചുതൻ കുട്ടി രാത്രിയിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ അയൽവാസിയായ പിള്ളേച്ചൻ ( ബാലൻ കെ. നായർ) പൈസ സൂക്ഷിച്ചു ചെലവാക്കാനും അച്ചുവിനോട് പുനർ വിവാഹം കഴിക്കാനും നിർദ്ദേശിച്ചു.
പിറ്റേന്ന് സ്കൂളിലെ അധ്യാപികമാരായ രണ്ടുപേർ അച്ചുവിൻ്റെ വീട്ടിലേക്ക് വന്നു.
സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിൻ്റെ സ്വർണ്ണ മെഡൽ സമ്മാനിക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കാനാണ് വന്നത്.
അച്ചുതൻകുട്ടിയും മകൾ രാധാമണിയും അടുത്തദിവസം സ്കൂളിൽപോയി.. രാധയ്ക്ക് നിറഞ്ഞ സദസ്സിൽവച്ച് സ്വർണ്ണമെഡൽ സമ്മാനിച്ചു.. കൂടാതെ മകളെ പഠിപ്പിക്കാൻ കാണിച്ച താൽപര്യത്തിന് അച്ചുതൻകുട്ടിയ്ക്ക് ഒരു നിലവിളക്ക് ഉപഹാരമായി നൽകി. രണ്ടുപേരേയും ഹെഡ്മിസ്ട്രസ് ഓഫീസിലേക്ക് വിളിപ്പിച്ചു. ‘എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഡോക്ടറാക്കാൻ എന്ന് അച്ചുതൻ കുട്ടി പറഞ്ഞു. സഭയുടെ തന്നെ കോളേജിൽ പഠിപ്പിക്കാമെന്ന് ഹെഡ്മിസ്ട്രസ് ഉറപ്പുനൽകി. തിരിച്ച് വീട്ടിലെത്തി രാധ തനിക്ക് കിട്ടിയസ്വർണ്ണമെഡൽ രാഘവനു കാണിച്ചു. അവരുടെ പ്രണയം ഓരോ ദിവസം ചെല്ലുംതോറും അകലാനാവാത്ത വിധം വർദ്ധിച്ചുവന്നു. കടപ്പുറത്തെ പഞ്ചാരമണലിലും കരയിൽ കയറ്റി വച്ച വഞ്ചിയിലും അവർ സല്ലാപങ്ങളും പരിരംഭണങ്ങളുമായി മുന്നോട്ടു പോയി. അച്ഛൻ്റെ മുത്തേ എന്ന വിളി കേട്ടപ്പോൾ അവൾ വീട്ടിലേക്ക് ഓടിപ്പോയി.
രാധയ്ക്ക് പ്രീഡിഗ്രിക്ക് ചേരാനുള്ള ഇൻ്റർവ്യൂ കാർഡ് വന്നു. രാവിലെ കോളേജിൽ പോകാനുള്ള ഡ്രസ്സ് ചിരട്ട ഇസ്തിരിയിൽ തേച്ചുകൊണ്ടിരിക്കെ കോളേജ് അഡ്മിഷന് പണം ആവശ്യമല്ലേ എന്ന് ചോദിച്ചു കൊണ്ടു കൊച്ചുരാമൻ സ്നേഹപൂർവ്വം കുറച്ച് തുക അച്ചുവിനെ ഏൽപ്പിച്ചു.
ഏറെ ദിവസത്തെ വറുതിക്ക് ശേഷം ചാകര വന്നത് കടപ്പുറത്ത് ഉത്സവ പ്രതീതിയായി.
രാധയ്ക്ക് കോളേജിൽ പ്രവേശനം കിട്ടി. ഇംഗ്ലീഷ് പാഠഭാഗങ്ങൾ ഉറക്കെ വായിച്ച് പഠിക്കുമ്പോൾ അച്ചുതൻകുട്ടി തൻ്റെ മുത്തിനെ അഭിമാനത്തോടെ നോക്കി നിന്നു.
ചാകര കിട്ടിയതിനെ തുടർന്ന് രാഘവൻ പുതിയ വാച്ചും ഡ്രസ്സുകളും വാങ്ങി.
അത് രാധയ്ക്ക് കാണിച്ചു കൊണ്ടിരിക്കെ അവരുടെ പരസ്പരം തോളിൽ കൈവച്ചുള്ള സ്നേഹഭാഷണങ്ങൾ അച്ചുതൻകുട്ടി കാണാനിടയായി. പഴയ സ്കൂൾകുട്ടിയല്ല കളിച്ചുചിരിച്ചു നടക്കാൻ എന്ന്പറഞ്ഞ് അച്ചു രാഘവനെ ശാസിച്ച് പറഞ്ഞയച്ചു..
രാഘവൻ വളരെ വിഷമത്തോടെ പോകുമ്പോൾ അച്ഛൻ വഴക്കു പറഞ്ഞതിൻ്റെ സങ്കടത്തിൽ രാധ അവനെത്തന്നെ നോക്കിനിന്നു.
മാർക്കറ്റിൽ മത്സ്യം വിൽപ്പനയ്ക്ക് ഇരിക്കുന്ന ഭാർഗ്ഗവിയുടെ അടുക്കലേക്ക് പോസ്റ്റ്മാനായ ദിവാകരൻ (സൈനുദീൻ) എത്തി. ചന്ദ്രികയെ പെണ്ണുകാണാൻ അച്ഛനേയും കൂട്ടി വരാമോ എന്ന് ചോദിക്കാനാണ് വന്നത്.
അച്ചുതൻകുട്ടി കടലിൽ പോയി വന്നപ്പോൾ ചന്ദ്രിക അവരുടെ വീട്ടിൽ കട്ടിലിൽ കിടക്കുകയായിരുന്നു.അവൾ എഴുന്നേറ്റ നേരത്ത് ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന സ്നേഹത്തിൻ്റെ ഉറവപൊട്ടി അച്ചുതൻ കുട്ടി അവളെ ആലിംഗനം ചെയ്തു.പെട്ടെന്ന് സ്വബോധം വീണ്ടെടുത്തതു പോലെ മാറി നിന്നപ്പോൾ എന്നെ ഇഷ്ടമല്ല അല്ലേ എന്ന് അവൾ സങ്കടത്തോടെ ചോദിച്ചു. കൊച്ചുരാമൻ എൻ്റെ കൂടപ്പിറപ്പാണ് ചതിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. എനിക്ക് മൂന്നുപേരെ മാത്രം വെറുക്കാൻ കഴിയില്ല. എൻ്റെ മുത്തിനെ കടലിനെ പിന്നെ നിന്നെ – അത് കേട്ട ചന്ദ്രിക വലിയ സന്തോഷത്തോടെ തിരിച്ചു പോയി.
ചന്ദ്രികയെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ അച്ചുവിന് താൽപര്യമുണ്ടെന്നുമുള്ള കാര്യം പിള്ളേച്ചൻ(ബാലൻ കെ. നായർ) കൊച്ചുരാമനെ അറിയിച്ചു.
കൊച്ചുരാമന് അടക്കാനാവാത്ത സന്തോഷം.മുത്തിൻ്റെ എല്ലാ കാര്യങ്ങളും അമ്മയെപ്പോലെ നോക്കിയത് ചന്ദ്രികയല്ലേ എന്ന് പറഞ്ഞു. പ്രായക്കൂടുതലും രണ്ടാം കെട്ടും ഒന്നും അവൾക്ക് പ്രശ്നമല്ല. മറഞ്ഞ് നിന്നിരുന്ന അച്ചുതൻകുട്ടിയെ അങ്ങോട്ട് വിളിപ്പിച്ചു . എല്ലാവരും സന്തോഷത്തിൽ പങ്ക്ചേർന്നു. ഒരു മിന്ന് കെട്ടി കൊണ്ടുപോടാ എന്ന് കൊച്ചുരാമൻ പറഞ്ഞപ്പോൾ കടലോരത്തിലെ എല്ലാവരേയും സാക്ഷിയാക്കി ഒരു സദ്യ തന്ന് മാത്രം മതി ചടങ്ങുകൾ എന്ന് പിള്ളേച്ചൻ പറഞ്ഞു.
ഉമ്മറത്ത് ദിവാസ്വപ്നം കണ്ട് കിടന്ന് മതിമറന്ന് പൊട്ടിച്ചിരിച്ചിരിക്കുന്ന അച്ഛൻ്റെ അരികിൽ വന്ന് മുത്ത് ചോദിച്ചു.എന്താണ് ഒരു ‘ചിരിയുംകിടപ്പും’.
എനിക്ക് മനസ്സിലായി അച്ഛൻ ഇച്ചേച്ചിയെ കല്യാണം പോകയാണല്ലേ എന്ന് പറഞ്ഞപ്പോൾ. ഏയ് ആരുപറഞ്ഞു എന്ന നിഷേധ ഉത്തരത്തിൽ അച്ചു അവിടെനിന്നും മാറിപ്പോയി. രണ്ടുദിവസംകഴിഞ്ഞ് മാത്രം
അച്ചുവിൻ്റെ അരികിലേക്ക് എത്തിയ ചന്ദ്രികയോട് എന്താണ് വരാത്തത് എന്ന്
അച്ചുതൻ ചോദിച്ചപ്പോൾ
വിവാഹം കഴിഞ്ഞ് പോയാൽ മതിയെന്ന് നാത്തൂൻ വിലക്കി.എന്ന് ചന്ദ്രിക. വിവാഹ ശേഷം മുത്തിനെ വിഷമിപ്പിക്കരുത് എന്ന് അച്ചു. ആസമയത്ത് നാത്തൂൻ അവളെ വീട്ടിൽനിന്നും ഉറക്കെ വിളിച്ചപ്പോൾ അവൾ ഓടിപ്പോയി.
കടലോരത്ത് വഞ്ചികൾക്കിടയിൽ പ്രണയ ജോഡികളായ രാധയും രാഘവനും നർമ്മ സല്ലാപങ്ങളിൽ . അച്ഛൻ സ്വപ്നലോകത്ത് കിടന്ന് പൊട്ടിച്ചിരിച്ചതും അവളെ കണ്ടപ്പോൾ ചമ്മിയതുമായ കാര്യങ്ങൾ പറഞ്ഞ് രണ്ടു പേരും ഉറക്കെ പൊട്ടിച്ചിരിച്ചു. എൻ്റെ കാര്യം വരുമ്പോൾ അച്ഛൻ്റെ സ്വഭാവം കാണാം എന്നെല്ലാം പറഞ്ഞ് അവർ കെട്ടിപ്പുണർന്ന നേരത്ത് അച്ചുതൻ കുട്ടി കണ്ടുവന്നു.
രോഷവും സങ്കടവും സഹിക്കാൻ കഴിയാതെ അച്ചുതൻകുട്ടി ചോദിച്ചു
ഇതിനാണോ നിന്നെ വളർത്തിയത്?
ഒപ്പം അവളെ തള്ളി നിലത്തിടുകയും ചെയ്തു.. കൂടാതെ രാഘവനെ തലങ്ങും വിലങ്ങും ‘ പൊതിരെ തല്ലി. അച്ഛാ -തല്ലല്ലേ എന്ന് പറഞ്ഞ് രാധ ഇടയിൽ കയറിയെങ്കിലും അവളേയും തളളിമാറ്റി. രാഘവനെ തല്ലുന്നത് കണ്ട മറ്റ് മത്സ്യത്തൊഴിലാളികൾ ഓടി വന്ന് രണ്ടുപേരെയും പിടിച്ചുമാറ്റി. മകളെ
പിടിച്ചുവലിച്ച് അച്ചു വീട്ടിലേക്ക് കൊണ്ടുപോയി.
പ്രസവിച്ച് അധികനാൾ കഴിയുംമുമ്പ് അമ്മ മരിച്ചതും അമ്മയില്ലാതെ വളർത്തിയതുമായ കാര്യങ്ങൾ പറഞ്ഞ് മകളെ ശാസിച്ചു. പിന്നീട് ആശ്വസിപ്പിച്ച് പഠിക്കാൻ പറഞ്ഞ് നിൽക്കേ ഭാർഗ്ഗവി ഉറക്കെ കരഞ്ഞുകൊണ്ട് അച്ചുവിനെ ശപിച്ചുകൊണ്ട് വീട്ടിലേക്ക് പാഞ്ഞ് വരുമ്പോൾ കൊച്ചുരാമൻ തടഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയ കൊച്ചുരാമൻ നിനക്ക് ഒരുവടിയെടുത്ത് തല്ലാമായിരുന്നില്ലേ എന്ന് ചോദിച്ചു. കുട്ടികൾ ഒരുതമാശ പറഞ്ഞത് ഇത്ര കാര്യമാക്കാനുണ്ടായിരുന്നോ എന്ന് ചോദിച്ച് . സൗഹാർദ്ദപരമായി സംസാരിച്ചെങ്കിലും
ഇത് തമാശയല്ല എന്ന് അച്ചുതൻ പറഞ്ഞു. ആങ്ങളയും പെങ്ങളുമാണെന്ന് പറഞ്ഞിട്ട് ഇപ്പോൾ അങ്ങനെയല്ല അവർ പരിധി ലംഘിച്ചു എന്ന് പറഞ്ഞു.
അവർക്ക് ഇഷ്ടമാണെങ്കിൽ നടത്തിക്കൊടുക്കാമെന്ന് കൊച്ചുരാമൻ പറഞ്ഞപ്പോൾ അച്ചു വല്ലാതെ ക്ഷോഭിച്ചു. പഠിപ്പും വിവരവുമില്ലാത്ത ഒരുവന് എൻ്റെ മകളെ ഞാൻ കൊടുക്കില്ല അതിലും നല്ലത് കടലിൽ തള്ളുന്നതാണെന് പറഞ്ഞു. നിൻ്റെ മകളെ എനിക്കുംവേണ്ട എന്ന് പറഞ്ഞ് കൊച്ചുരാമൻ തിരിച്ച് വീട്ടിലെക്ക് പോയി. രാഘവനെ വല്ലാതെ വഴക്ക് പറഞ്ഞു. അതിനിടയിൽകിടന്ന് ചന്ദ്രിക ആകെ വിഷമിച്ചു. ഉറപ്പിച്ച വിവാഹം മുടങ്ങുമോ എന്നഭയവും ആശങ്കയും അവളിൽ ഉണ്ടായി. നിനക്ക് നല്ല ഒരാളെ ചേട്ടൻകൊണ്ടുവരും എന്ന് കൊച്ചുരാമൻ പറഞ്ഞു. പിറ്റേന്ന് തന്നെ പോസ്റ്റുമാൻ ദിവാകരനേയും അച്ഛനേയും കൊണ്ടുവന്ന് വിവാഹനിശ്ചയം നടത്തി. അടങ്ങാത്ത വാശിമൂലം ചന്ദികയുടെ കണ്ണുനീർ ആരും കണ്ടില്ല. കടപ്പുറത്ത് ദൂരെ നിൽക്കുന്ന അച്ചുവിനെ കണ്ട് ചന്ദ്രിക വിങ്ങിപ്പൊട്ടി. അതുകണ്ട കൊച്ചുരാമൻ അവളെ സമാധാനിപ്പിച്ചു.
പഠനം കഴിഞ്ഞു വരുന്ന രാധ രാഘവനെ ഇടവഴിയിൽ വച്ച് കണ്ടു.
അവർ പരസ്പരം സങ്കടങ്ങൾ പങ്കുവച്ചു.നീ ഉപേക്ഷിച്ചാൽ ഞാൻ കടലിൻ്റെ ആഴങ്ങളിലേക്ക് പോകും എന്ന് രഘു പറഞ്ഞു.
രാത്രിയിൽ പഠിക്കുന്ന സമയത്ത് നീ അവനെ കണ്ടോ എന്ന് അച്ഛൻ ചോദിച്ചെങ്കിലും അവൾ ‘ നിഷേധിച്ചു. പിറ്റേന്ന് കടലിൽ പോകുന്ന അച്ചുവിൻ്റെ അടുക്കലേക്ക് ചന്ദ്രിക ഓടിയെത്തി. ഞാൻ ഇറങ്ങി വരട്ടേ എന്ന് ചോദിച്ചു. കൊച്ചുരാമനോട് നെറികേട് കാണിയ്ക്കില്ല എന്ന മറുപടി ‘. വെറുക്കില്ല എന്ന് പറഞ്ഞിട്ട് ഇങ്ങനെ ചെയ്യാമോ എന്ന് പറഞ്ഞപ്പോൾ നീ എൻ്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും എന്ന് പറഞ്ഞ് കൊണ്ട് അച്ചു കടലിലേക്ക് വഞ്ചിയിറക്കി ദൂരേയ്ക്ക് തുഴഞ്ഞ് പോയി.. ഇത്രയും നാൾ സ്നേഹിച്ചയാൾ തന്നിൽ നിന്നും അകന്നകന്ന് പോകുന്നത് കരയിൽ നിന്ന് നോക്കിക്കൊണ്ട് സങ്കടത്തോടെ ചന്ദ്രികയും
രാധ കോളേജിൽ പോകുന്ന വഴിയിൽ കാത്തുനിന്ന രാഘവൻ നീ എന്നെ ഉപേക്ഷിക്കുമെന്ന് കൂട്ടുകാർ പറയുന്നു എന്ന് പറഞ്ഞു.തൽക്കാലം അച്ഛൻ പറയുന്നത് അനുസരിക്കാൻ മാത്രമേ എനിയ്ക്ക് കഴിയൂ എന്ന് അവൾ. സമയമാകുമ്പോൾ രഘു പറയുന്നത് ഞാൻ അനുസരിയ്ക്കും . അതെന്നാണെന്ന് ചോദിച്ച് അവൻ ക്ഷോഭിച്ച് നിരാശയോടെ കടൽ ലക്ഷ്യമാക്കി പോയപ്പോൾ പാഠ പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് പിന്നാലെ ഓടിച്ചെന്ന് അവൾ അവനോടൊപ്പം ചേർന്നു.
രാത്രിയിൽ മടങ്ങിയെത്തിയ അച്ചുതൻ കുട്ടി മകളെ തിരഞ്ഞ് നടപ്പായി. പിള്ളേച്ചനെ കണ്ട് സങ്കടം പറഞ്ഞു. രാഘവനെ അന്വേഷിച്ച് കൊച്ചുരാമൻ്റെ വീട്ടിലെത്തി .മകളെ അവൻ കൊണ്ടുപോയിട്ടുണ്ടെങ്കിൽ അവനെ കൊല്ലുമെന്ന് പറഞ്ഞു. തമ്മിൽ അരുതാത്തത് പലതും പറഞ്ഞ് പരസ്പരം അടിപിടിയായി. ഭാർഗ്ഗവിയും ചന്ദ്രികയും അയൽക്കാരും വന്ന് പിടിച്ച് മാറ്റി. എൻ്റെ മകളെ നിൻ്റെ മകൻ്റെ കൂടെ പൊറുപ്പിക്കില്ല. അവൻ്റെ ശവം പോലും കാണിക്കില്ല എന്ന് വെല്ലുവിളിച്ച് തിരിച്ച് വന്നു.
അടിപിടിയിൽ കൊച്ചുരാമന് നല്ല പരിക്ക് ഉണ്ടെന്ന് അയൽക്കാരൻ(പപ്പു ) വന്ന് അറിയിച്ചു.
പിറ്റേന്നാൾ ആരേയും അറിയിക്കാതെ രാഘവനും രാധയും തമ്മിൽ വിവാഹിതരായി
രണ്ടു പേരും ‘മംഗല്യഹാരവുമായി കൊച്ചു രാമൻ്റെ വീടിനു മുന്നിലെത്തി. സങ്കടം
സഹിക്കാൻ കഴിയാതെ ഭാർഗ്ഗവി നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞു.
അച്ചുതൻകുട്ടി സങ്കടത്തിരമാലകളാൽ നിർന്നിമേഷനായി നിന്നു. വധൂവരൻമാരെ വീട്ടിലേക്ക് വിളിച്ചു കയറ്റാൻ കൊച്ചുരാമൻ ഭാർഗ്ഗവിയോട് പറഞ്ഞത് കേട്ടപ്പോൾ ഹൃദയഭാരത്താൽ അച്ചുതൻ കുട്ടി വീട്ടിലേക്ക് മടങ്ങി. ഒരു വലിയ വടിയെടുത്ത് മകളുടെ അലങ്കാര അക്വേറിയത്തിൻ്റെ ചില്ലും അവളുടെ മറ്റു ചിലവസ്തുക്കളും അടിച്ചു തകർത്തു. വർണ്ണ മത്സ്യങ്ങൾ നിലത്ത് കിടന്ന് പിടഞ്ഞു. മാനസികമായി തളർന്ന അച്ചുതൻകുട്ടി കടപ്പുറത്ത് അലഞ്ഞു നടന്നു.
ചന്ദ്രികയെ പോസ്റ്റുമാൻ ദിവാകരന് വിവാഹം കഴിപ്പിച്ചു കൊടുത്തു. തൻ്റെ അമ്മയാകേണ്ട ഇച്ചേച്ചി മറ്റൊരാളുടെ ഭാര്യയാകുന്നതിൽ രാധയ്ക്ക് വലിയ ദുഃഖം ഉണ്ടായെങ്കിലും വിവാഹ ഒരുക്കങ്ങൾക്ക് സഹായിച്ചു.
രണ്ടു ദിവസംകഴിഞ്ഞ് രാധ ചന്ദ്രികയെ കാണാൻ ദിവാകരൻ്റെ വീട്ടിലെത്തി. അച്ഛനോട് ചെയ്തത് ശരിയായോ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ രഘു നമുക്ക് നഷ്ടപ്പെടുമായിരുന്നു എന്ന് രാധ. അപ്പോഴേക്കും ദിവാകരനും രാഘവനും കൂടി അവിടെ വന്നു. രാധയെ തുടർന്ന് പഠിപ്പിക്കാൻ ചന്ദ്രികപറഞ്ഞു അങ്ങനെ അവളുടെ അച്ഛൻ സന്തോഷിക്കേണ്ട എന്ന് രഘു.
അടുത്ത ദിവസം സ്നേഹിതനുമായി അച്ചു കള്ളുഷാപ്പിൽ ഇരിയ്ക്കുമ്പോൾ കടപ്പുറത്തുളഉവരെ വിശ്വസിക്കാൻ കൊള്ളില്ല അവർ ചതിക്കും എന്ന കുത്ത് വാക്ക് പറഞ്ഞു. ഡോക്ടറാകാൻ പോയ കുട്ടിയാണ്. ഇനി മീൻ കുട്ട ചുമക്കാനാണ് പോകുന്നത് എന്നു കൂടി പറഞ്ഞപ്പോൾ അത് കേട്ട് കൊണ്ടിരുന്ന രാഘവനും അച്ചുതൻ കുട്ടിയും വാക്ക് തർക്കമായി. നീ നല്ല മീൻ കണ്ടിട്ടുണ്ടോ എന്ന ചോദ്യം അവന് പൊള്ളലായി. നീ പുറംകടലിൽ പോയി ഒരു നല്ല സ്രാവിനെ ഒറ്റയ്ക്ക് പോയി പിടിച്ചാൽ നിന്നെ ഞാൻ നല്ല ഒരു അരയനായി കൂട്ടാം എന്ന് പറഞ്ഞ് അച്ചു അവിടെ നിന്ന് പോയി,
വീട്ടിലെത്തിയ രാഘവൻ രാധയോട് മുടങ്ങിയ പഠനം തുടരാൻ സമ്മതമാണ് എന്നറിയിച്ചു.. നാളെ രാവിലെ മത്സ്യം പിടിക്കാൻ ഞാൻ പോകും ഭക്ഷണം റെഡിയാക്കി വക്കണം .നേരം പുലരും മുമ്പ് പോകേണ്ടതാണ് അച്ഛനെ അറിയിയ്ക്കരുതെന്നും പറഞ്ഞു. ഒറ്റയ്ക്ക് പോകരുതെന്ന് പറഞ്ഞ് അവൾ കാലുപിടിച്ചു. പിറ്റേന്ന് പുലർച്ചെ തന്നെ ചൂണ്ടവഞ്ചിയുമായി അവൻ പുറംകടലിൽ തനിയെ പോയി. പുറങ്കടലിൽ വച്ച് രാഘവനെ അച്ചുതൻ കണ്ടു. ഒരു വലിയ സ്രാവ് വഞ്ചി മറിക്കാൻ ശ്രമിച്ചു. ചൂണ്ടയിൽ ഒരു മത്സ്യം കുടുങ്ങി. അത് അത് രാഘവനേയും വലിച്ചു കൊണ്ടുപോയി .അതിനെ വിട്ടുകളയാൻ അച്ചു പറഞ്ഞെങ്കിലും രാഘവൻ അനുസരിച്ചില്ല. അവൻ്റെ മനസ്സിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.
അച്ചുതൻകുട്ടി കടലിൽ നിന്നും തിരിച്ചെത്തി. കടലോരത്ത് ഇരുന്ന് പിള്ളേച്ചനോട് രാഘവനെ കുറിച്ച് വളരെ മതിപ്പോടെ സംസാരിച്ചു. തുടർന്നും നല്ല വാക്കുകൾ സംസാരിച്ചു കൊണ്ടിരിക്കെ ചായക്കടക്കാരൻ അവരുടെ അരികിൽ വന്ന്
രാഘവൻ കടലിൽ പോയി തിരിച്ചുവന്നിട്ടില്ല എന്ന് അറിയിച്ചു. അച്ചുതനും രാഘവനും കടലിൽ വാക്ക് തർക്കമായ കാര്യം ബോട്ടുകാർ പറയുന്നത് കേട്ടെന്നും ‘ രാഘവൻ അവനെ കൊന്നിട്ടുണ്ടാകാം എന്ന് നാട്ടുകാർ അടക്കം പറയുന്നു എന്നും അയാൾ പറഞ്ഞു.
കൊച്ചുരാമൻ്റെ വീട്ടിൽ കൂട്ടനിലവിളിയായി ‘അച്ചുതൻ കൊച്ചുരാമൻ്റെ അടുത്തെത്തി ഞാൻ അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചു.
പിന്നെ ആര് ചെയ്തു എന്ന് കൊച്ചുരാമൻ ‘
എൻ്റെ മോൻ്റെ ശവം പോലും കാണിക്കില്ല എന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് ഭാർഗവി വീട്ടിനകത്തു നിന്നും വന്നു. അതു കേട്ട കൊച്ചുരാമൻ അച്ചുവുമായി പിടിവലിയായി. പങ്കായം കൊണ്ടുവരെ പരസ്പരം അടിയായി. മകൾ രാധയുടെ അടുത്ത് സത്യാവസ്ഥ പറയാൻ ചെന്നെങ്കിലും അവൾ ആട്ടിയോടിക്കുന്നത് പോലെ അത് ചെവിക്കൊള്ളാൻ തയ്യാറാകാതെ കടന്ന്പോകാൻ പറഞ്ഞു. നിങ്ങളെ ഇനി കാണേണ്ട എന്ന്കൂടി പറഞ്ഞു.
അപമാനഭാരവും ദു:ഖവുമായി തിരിച്ചു പോയ അച്ചുതൻ പ്രക്ഷുബ്ധമായ കടലിലേയ്ക്ക് തൻ്റെ വള്ളമിറക്കി. കരയിൽ നിന്ന് പിളേളച്ചനും മറ്റും വേണ്ട എന്ന് പറഞ്ഞ് തടഞ്ഞതെങ്കിലും അനുസരിക്കാതെ. കടലിൽ ഏറെ നേരം തിരഞ്ഞ് തിരഞ്ഞ് നേരം വെളുത്തു. ഒരു ശരീരം കടലിൽ പൊങ്ങിക്കിടക്കുന്നത് കണ്ടു അത് രാഘവൻ തന്നെയെന്ന് മനസ്സിലായി.പിടിച്ച് വഞ്ചിയിൽ കയറ്റി..
കരയിൽ പോലീസുകാരും നാട്ടുകാരും കടലിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നു.
ദൂരെനിന്നും ഒരു പൊട്ടുപോലെ വഞ്ചിയുടെ ഒരുഭാഗം കരയിൽ നിൽക്കുന്നവർ കണ്ടു അടുത്തടുത്ത് വരുമ്പോൾ അത് അച്ചുതൻ്റെ വഞ്ചിയാണെന്ന് മനസ്സിലായി.
കരയിലേക്ക് അടുപ്പിച്ചപ്പോൾ കൊച്ചുരാമൻ ഓടി വന്നു. തൊട്ടുപോകരുതെന്ന് അച്ചുതൻകുട്ടി രോഷത്തോടെ ആജ്ഞാപിച്ചു ആ ശരീരം കമഴ്ത്തി തോളത്തെടുത്ത് അവരുടെ വീട്ടിലേക്ക് നടന്നു. അമ്മ ഭാർഗ്ഗവിയും രാധയും നാട്ടുകാരും കൂട്ട നിലവിളിയായി. നിലത്തു കിടത്തിയ രാഘവൻ്റെ ശരീരം എല്ലാവരും കൂടി തിരുമ്മി ചൂട് പിടിപ്പിച്ചു. അച്ഛൻ കൊച്ചുരാമൻ പാദങ്ങൾ തിരുമ്മിക്കൊണ്ടിരിക്കെ തല പതുക്കെ അനങ്ങി. കണ്ണുകൾ പതിയെ തുറന്നു.രാഘവൻ്റെ പുനർജന്മം’ സങ്കടക്കടൽ അവിടെ വറ്റി. സന്തോഷ പേമാരിപെയ്തു.അമ്മ ഭാർഗ്ഗവിയും അവൻ്റെ ഭാര്യ രാധയും സന്തോഷാശ്രു പൊഴിച്ചു.തിരിച്ചു നടന്ന അച്ചുതൻകുട്ടിയെ പിന്നിൽ നിന്ന് വിളിച്ച് അടുത്ത് വന്ന് കൊച്ചുരാമൻ മാപ്പ് പറഞ്ഞു. അവർ പരസ്പരം കെട്ടിപ്പിടിച്ചു എല്ലാ വൈരാഗ്യങ്ങളും അലിഞ്ഞ് ഇല്ലാതായി.
കടലിനെ ലക്ഷ്യമാക്കി തൻ്റെ ജീവതമാർഗ്ഗമായ വഞ്ചിയുടെ അടുത്തേയ്ക്ക് നടക്കുന്ന അച്ചുവിൻ്റെ അരികിലേക്ക് അച്ഛാ എന്ന് മാറ്റൊലി മുഴങ്ങുന്ന ശബ്ദത്തിൽ വിളിച്ചുകൊണ്ട് രാധ ഓടിയെത്തി. കാലിൽ തൊട്ട് മാപ്പ് ചോദിച്ചു. അച്ഛൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നെ ശപിക്കരുത് എന്ന് അവൾ അപേക്ഷിച്ചു.
“അച്ഛനെ ആരൊക്കെ കൈവിട്ടാലും കൈവിടാത്ത ഒരാളുണ്ട് കടൽ .സങ്കടം വന്നാൽ സമാധാനിപ്പിക്കും ചിരിച്ചാൽ കൂടെ ചിരിക്കും”
“കടൽ വിളിയ്ക്കണ കണ്ട എന്നെ സമാധാനിപ്പിക്കാനാണ് ”
എന്ന് പറഞ്ഞ് വഞ്ചിയുടെ അമരത്ത് ഇരുന്ന് തുഴയെറിഞ്ഞ് അസ്തമയ സൂര്യൻ്റെ അരികിലേക്ക് —– തിരികെ കരയിലേക്ക് ഒരു തിരിച്ചു വരവ് ഇല്ല എന്ന് ഉറപ്പിച്ചു കൊണ്ട് —
അമരം ഇവിടെ പൂർണ്ണമാകുന്നു. ‘
– ——
മൺമറഞ്ഞുപോയ അതുല്യ കലാകാരൻ അമരത്തിൻ്റെ സംവിധായകൻ ഭരതനും തിരക്കഥാകൃത്ത് ലോഹിതദാസിനും സംഗീത മഴ വർഷിച്ച രവീന്ദ്രൻ മാഷിനും ജോൺസൺ മാഷിനും അഭിനേതാക്കളായ മുരളി, KPAC ലളിത, ബാലൻ കെ. നായർ, സാൻ്റോ കൃഷ്ണൻ, അജിത് കുതിരവട്ടം പപ്പു സൈനുദീൻ ചിത്ര, എന്നിവർക്കും സ്മരണാഞ്ജലികൾ.




👌