അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങളിൽ ഇന്ന് മലയാളി മനസ്സ് വായനക്കാർക്ക് വേണ്ടി അവലോകനം നടത്തുന്നത് 1993 ഡിസംബറിൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് എന്ന സിനിമയെ കുറിച്ചാണ്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ഫാസിൽ. അപ്പച്ചനാണ് നിർമാതാവ്.
റിലീസ് തിയേറ്ററുകളിൽ വാരങ്ങളോളം ഹൗസ്ഫുൾ ആയി പ്രദർശിപ്പിച്ച സിനിമ B C ക്ലാസുകളിൽ എത്താൻ മാസങ്ങൾ വേണ്ടി വന്നു. പക്ഷേ തിയേറ്ററിൽ കാണാൻ സാധിക്കാത്ത അനവധി പേർക്ക് ഉപകാരമായി 2024 ആഗസ്റ്റ് 17 ലെ 4K അറ്റ്മോസ് റീ റിലീസ്. പ്രവാസം മൂലം എനിയ്ക്കും തിയേറ്ററിൽ കാണാൻ സാധിച്ചിരുന്നില്ല..1993 ജൂലൈ രണ്ടിന് കുവൈത്തിലേക്ക് പോയി 1995 ആഗസ്റ്റിലാണ് അവധിയ്ക്ക് തിരിച്ച് വന്നത്. ആ സമയത്ത് തൊട്ടടുത്ത ടാക്കീസുകളിൽ പ്രദർശനം ഉണ്ടായിരുന്നില്ല. തൃശൂർ പെരിങ്ങോട്ടുകര ദേവയിൽ നിന്നും റീറിലീസ് ശബ്ദവിസ്മയങ്ങളോടെ കാണാൻ സാധിച്ചു.
1993 ഡിസംബറിൽ റിലീസ് ചെയ്ത സിനിമയുടെ വിഡിയോ കാസറ്റ് വൈകാതെ തന്നെ കുവൈത്തിൽ എത്തിയിരുന്നു. ഒറിജിനൽ പ്രിൻ്റ് ആണോ എന്ന് ഉറപ്പില്ല. 21 ഇഞ്ച് TV യിലൂടെ മോണോ സ്പീക്കറിലൂടെ എന്ത് ആസ്വാദ്യത ലഭിക്കാനാണ് ‘
എങ്കിലും പ്രമേയത്തിൻ്റെ പുതുമ കൊണ്ടും സംവിധാന മികവുകൊണ്ടും മികച്ച അഭിനയം കൊണ്ടും സിനിമ അത്രയേറെ ഇഷ്ടപ്പെട്ടു .അവിടെ തിയേറ്ററിൽ മണിച്ചിത്രത്താഴ് വന്നിരുന്നോ എന്ന് ഓർമ്മയില്ല. ആറാംതമ്പുരാനും വാനപ്രസ്ഥവും നരസിംഹവും അവിടത്തെ തിയേറ്ററിൽ നിന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്..
കൂടുതൽ സിനിമകൾ കാണാൻ ശ്രമിച്ചിട്ടില്ല.
മണിച്ചിത്രത്താഴ് ആദ്യ തവണ കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായതിനാൽ പിന്നീട്
നല്ല VHS പ്രിൻ്റ് വന്നപ്പോൾ വീണ്ടും കണ്ടു. രണ്ടാം തവണ കണ്ടപ്പോഴാണ് പല പോയിൻ്റുകളും മനസ്സിലായത്. എല്ലാം പ്രേതത്തിൻ്റെ ലീലാവിലാസങ്ങളായി ആദ്യ തവണ കരുതിയെങ്കിലും പൊരുൾ പിന്നീടാണ് മനസ്സിലായത്. മാടമ്പള്ളി മനയിൽ ഇന്നസെൻ്റ് (ഉണ്ണിത്താൻ)ആർച്ച് ബേസ്ഡ് കസേരയിൽ പിടിച്ച് ഒന്ന് ആട്ടിയ ശേഷമാണ് മുകൾ നിലയിലേക്ക് കയറുന്നത്. തിരിച്ചു വരുമ്പോൾ താൻ തന്നെ ആട്ടിവിട്ടതാണെന്ന് അറിയാതെയാണ് ഭയപ്പെടുന്നു. കൂടാതെ കുമ്മായം അടിക്കുന്ന ബ്രഷ് നിലത്ത് വീണപ്പോഴും വല്ലാതെ പേടിച്ചു.പണ്ടത്തെ തട്ട് അടിച്ച വീടുകളിൽ നടക്കുമ്പോൾ ചെറിയ ചലനം ഉണ്ടാകും അങ്ങനെയാണ് നീളൻ ബ്രഷ് നിലത്ത് വീണത്. അത് ഭൂത പ്രേത പിശാച് ആണെന്ന് തെറ്റിദ്ധരിക്കുന്നു. മറന്നു വച്ച താക്കോൽ എടുക്കാൻ മാടമ്പള്ളി മനയുടെ മുറ്റത്ത് എത്തിയ ഉണ്ണിത്താനും ദാസപ്പനും സാരിയുടുത്ത പ്രേതത്തെ കണ്ട് ഭയപ്പെടുന്നു. യഥാർത്ഥത്തിൽ ഗംഗ നടക്കുമ്പോൾ
നകുലൻ്റെ കാറിൻ്റെ ഹെഡ് ലൈറ്റിൽ ഒരു നിറത്തിലും ബ്രേക്ക് ലൈറ്റിൽ മറ്റൊരു നിറത്തിലും കാണുന്നതാണ് ഭയാശങ്കയ്ക്കിടയാക്കിയത്. പ്രേക്ഷകരേയും അങ്ങനെ ഒരു ധാരണയിൽ എത്തിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്നു. അതാണല്ലോ സിനിമയുടെ വിജയം. ഒരു തവണ മാത്രം തിയേറ്ററിൽ കാണുന്നവർ ഇക്കാര്യം ശ്രദ്ധിക്കില്ല.
ക്ലോക്ക് എറിഞ്ഞ് ഉടയ്ക്കുന്നതും ബാഗിന് തീയിടുന്നതും എല്ലാം പ്രേതം തന്നെയാണ് എന്ന് സിനിമയുടെ അവസാന ഭാഗം വരെ തോന്നാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ഗംഗയും ശ്രീദേവിയും ആദ്യമായി കണ്ടുമുട്ടുമ്പോൾ അവർ ധരിച്ച സാരി ഒരേ നിറമാണ്. സ്നേഹത്തിൻ്റെ വാത്സല്യത്തിൻ്റെ പ്രതീകമായ ലാവണ്ടർ പൂവിൻ്റെ നിറം ..’ ശ്രീദേവിയുടെ ഏറ്റവും ഇഷ്ടനിറമുള്ള വസ്ത്രം തന്നെയാണ് നകുലൻ ഗംഗയ്ക്കും നൽകിയത് എന്ന് നമ്മൾ ഊഹിച്ചെടുക്കണം. നകുലൻ്റെ അഭിരുചികൾ എല്ലാം ഗംഗ അതേ പടി സ്വീകരിക്കുന്നു. അതിൽ നിന്നും പുറത്ത് കടക്കുന്നത് നാഗവല്ലിയായി മാറുമ്പോൾ മാത്രമാണ്. അപ്പോൾ നകുലൻ ഭർത്താവല്ല. ക്രൂരനായ രാജാവാണ്. മഹാദേവനെ കാമുകനായി കാണുന്നു.
. ഗംഗയും നകുലനും രാത്രി മാടമ്പള്ളിയിൽ വന്നതാണെന്ന് തിരിച്ചറിയാതെ ഭയപ്പെട്ട ഉണ്ണിത്താന് വേണ്ടി പിറ്റേന്ന് രാവിലെ ഭാര്യ ഭാസുര സഹോദരൻ തമ്പിയിൽ നിന്നും ( നെടുമുടി വേണു) ചരട് ജപിച്ചു വാങ്ങുന്നു. സഹോദരിയ്ക്ക് നൂൽ ജപിച്ച് നൽകുന്ന അതേ സമയത്ത് തന്നെ പത്രക്കാരൻ മുറ്റത്തേക്കിട്ട വാരികയ്ക്ക് വേണ്ടി അവരുടെ രണ്ടു പേരുടേയും മക്കൾ പിടിവലി കൂടുന്നത് പ്രതീകാത്മമായി ചില സംഗതികൾ ഒളിപ്പിച്ചു വച്ചിട്ടുള്ളതാണ്. ആ സമയത്ത് അങ്ങനെ ഒരു സീനിൻ്റെ ആവശ്യമില്ല. തുടർ രംഗങ്ങളിലേക്ക് പോകുന്നതുമില്ല. നടക്കാതെ പോയ നകുലൻ്റെയും ശ്രീദേവിയുടേയും വിവാഹം പോലെ തുറന്നു പറയാത്ത മറ്റൊരു മോഹഭംഗത്തിൻ്റെ ആവിഷ്കാരമാണ്
ചന്തുവിലൂടേയും അല്ലിയിലൂടെയും കാണുന്നത്.
അളിയൻമാർ (തമ്പിയും ഉണ്ണിത്താനും) അത്ര സ്വരച്ചേർച്ചയില്ലെന്ന് ഞാൻ ജപിച്ച ചരട് അങ്ങേര് കെട്ടുമോ എന്ന് സഹോദരിയോട് ചോദിക്കുന്നതിൽ നിന്ന് മാത്രമല്ല ബ്രഹ്മദത്തൻ തിരുമേനിയ്ക്ക് ഇരിയ്ക്കാൻ കസേര പുറത്തേക്ക് എടുക്കാൻ പറഞ്ഞപ്പോഴും മനസ്സിലാക്കാം. ആരാദ്യം ആരാദ്യം എന്ന തർക്കത്തിനൊടുവിൽ രണ്ടുപേരും കൂടിയാണ് കസേര പുറത്തേക്ക് എടുത്തത്.
വെള്ളംനിറച്ച കുടം പൊട്ടിയ്ക്കുന്നതിൻ്റേയും ക്ലോക്ക് എറിഞ്ഞുടയ്ക്കുന്നതിൻ്റേയും ബാഗിന് തീയിടുന്നതിൻ്റേയും പിന്നിലെ മനശ്ശാസ്ത്ര സത്യം വെളിപ്പെടുത്തിയാണ് സിനിമ അവസാനിക്കുന്നത്; അന്ധവിശ്വാസത്തിൽ നിന്നും പ്രേക്ഷകരെ മോചിപ്പിച്ചു കൊണ്ട് ; മറ്റു പ്രേത സിനിമകളിൽ നിന്നും വിഭിന്നമായി.
ക്ലൈമാക്സിലെ ഇരുപത് മിനിറ്റ് രംഗങ്ങൾ കാണുമ്പോൾ കോരിത്തരിച്ചു പോകും.
ഒരു മുറൈ വന്തു പാർത്തായാ അറ്റ്മോസിൽ നിന്നും കേൾക്കുമ്പോൾ വല്ലാത്ത വൈബ് ആണ് ഉണ്ടായത്. പലവട്ടം പൂക്കാലം ആലപിച്ച യേശുദാസിന് ആ വർഷത്തെ ഏറ്റവും മികച്ച ഗാനാലാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ മറ്റു മേഖലയിൽ ഒട്ടേറെ പുരസ്കാരങ്ങളും ‘ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ‘ ടൈറ്റിൽ സോങ്ങ് കേൾക്കുമ്പോൾ തന്നെ വേണുഗോപാലിൻ്റെ വേറിട്ട ശബ്ദം തിരിച്ചറിയാൻ കഴിയുന്നുണ്ട്. എന്നാൽ സിനിമയുടെ തുടക്കത്തിൽ എഴുതിക്കാണിയ്ക്കാത്തത് അനീതിയായി. കഥാകൃത്ത് മധു മുട്ടത്തിനും സംവിധായകൻ ഫാസിലിനും അഭിമാനിയ്ക്കാവുന്ന ഏറ്റവും മികച്ച സിനിമ തന്നെയാണ്. ”അവരുടെ കൂടെ സഹകരിച്ച സിബിമലയിൽ പ്രിയദർശൻ സിദ്ദിഖ്-ലാൽ എന്നിവർ ചിത്രീകരിച്ച രംഗങ്ങളും മികച്ചതാണ്. ഗംഗയും നാഗവല്ലിയുമായി വന്ന ശോഭനയുടെ അഭിനയകാലഘട്ടത്തിലെ ഏറ്റവും മികച്ച വേഷം. ദേശീയ സംസ്ഥാന അവാർഡിന് അർഹയായതിൽ അതിശയമില്ല. നാഗവല്ലിയ്ക്ക് ശബ്ദം നല്കിയ ദുർഗ്ഗ എന്ന ആർട്ടിസ്റ്റിനെ പുരസ്കാരത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഗംഗയുടെ ശബ്ദമായ ഭാഗ്യലക്ഷ്മിയെ പരിഗണിയ്ക്കുകയും ചെയ്തു. ‘Dr സണ്ണിയായി എത്തിയ മോഹൻലാലും നകുലനായ സുരേഷ് ഗോപിയും നെടുമുടി വേണുവും (തമ്പി) ഇന്നസെൻ്റും (ഉണ്ണിത്താൻ)KPAC ലളിതയും (ഭാസുര) വിനയ പ്രസാദും (ശ്രീദേവി) ബ്രഹ്മദത്തൻ നമ്പൂതിരിയായ തിലകനുമെല്ലാം വളരെ നല്ല അഭിനയം തന്നെയാണ് കാഴ്ചവച്ചത്.
കുതിരവട്ടം പപ്പുവും (കാട്ടമ്പറമ്പൻ) ഗണേഷും ( ദാസപ്പൻ) സുധീഷും (ചന്തു ) എല്ലാം അവരവരുടെ കഥാപാത്രങ്ങളായി മാറി എന്നതാണ് യാഥാർത്ഥ്യം. ശ്രീധർ എന്ന കന്നട നടൻ കോളേജ് അധ്യാപകൻ മഹാദേവൻ്റെ വേഷത്തിലും ഗംഗ നാഗവല്ലിയായി മാറുമ്പോൾ അവളുടെ ഉപബോധമനസ്സിലേക്ക് എത്തുന്ന രാമനാഥനുമായി മാറി.
വളരെ മികച്ച നർത്തകനായ മലയാളി അഭിനേതാവ് വിനീതിനെ ഈ സിനിമയിൽ കാസ്റ്റ് ചെയ്യാതിരുന്നത് മനപ്പൂർവ്വമാകാം. ശ്രീധർ എന്ന നടനെ അധികം പേർക്കും അറിയാത്തതുകൊണ്ട് മഹാദേവനും രാമനാഥനുമായി മാറാൻ എളുപ്പം കഴിഞ്ഞു. വിനീത് ആയിരുന്നെങ്കിൽ നൃത്തരംഗങ്ങളിൽ മികച്ചു നിൽക്കുമെങ്കിലും രാമനാഥൻ എന്ന പേരിനേക്കാൾ വിനീത് എന്ന് എല്ലാവരും പറയുമായിരുന്നു. ഗാനങ്ങൾ എല്ലാം മനോഹരം. ബിച്ചുതിരുമല മധുമുട്ടം വാലി എന്നിവരുടെ രചനകൾക്ക് സംഗീതം നൽകിയത് എം.ജി രാധാകൃഷ്ണൻ. – ഓരോ രംഗങ്ങൾക്കും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഭയപ്പെടുത്തുന്ന ആർദ്രമാക്കുന്ന പശ്ചാത്തല സംഗീതം നിർവ്വഹിച്ചത് ജോൺസൺ മാഷാണ്. സിനിമയുടെ വിജയത്തിൽ അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിർമ്മാണം സ്വർഗ്ഗ ചിത്ര അപ്പച്ചൻ’ 30 വർഷത്തിനിടെ ഈ ചിത്രത്തിലെ അഭിനേതാക്കളിൽ അണിയറ പ്രവർത്തകരിൽ പലരും ഈ ലോകത്തോട് വിടപറഞ്ഞു.അവർക്കെല്ലാവർക്കും സ്മരണാഞ്ജലികൾ .
മൂന്നുദശാബ്ദങ്ങൾക്കു മുമ്പ് പ്രദർശനശാലകളിൽ എത്തി ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച പുതുതലമുറ അറിയാതെ പോയ അന്നത്തെ പ്രേക്ഷകരിൽ നിന്നും വിസ്മൃതിയിലായ ഈ ചിത്രത്തിൻ്റെ റീ മാസ്റ്റർ 4K പ്രിൻ്റ് തിയേറ്ററിൽ നിന്നു തന്നെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.




നല്ല അവലോകനം