ഷാർജ : ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചു കൊണ്ട് വരുന്ന ഡിസംബർ 19, 20, 21, തിയ്യതികളിലായി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവല്ലിൻ്റെ അഞ്ചാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത്.
ഫിലിം ഫെസ്റ്റിവല്ലിൻ്റെ ഭാഗമായി ഗൾഫ് പനോരമ വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് സിനിമാ പ്രവർത്തകർക്കായി ഷോർട്ട് ഫിലിം മത്സരവും നടത്തുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിർമ്മിച്ച അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ സിനിമയായിരിക്കണം ഇതുനുവേണ്ടി സമർപ്പിക്കേണ്ടത്. ഈ ചിത്രങ്ങൾ ഒരു യുഎസ്ബി യിലാക്കി 2025 ഡിസംബർ 10 – ന് മുൻപായി ഐഎഎസ് അഡ്മിനിസ്ട്രേറ്റർ മിഥുനെ ഏല്പിക്കേണ്ടതാണ്.
ഇതിൻ്റെ ഭാഗമായി നവംബർ-16 നു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ IAS സ്റ്റാളിൽ വെച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡണ്ട് നിസ്സാർ തളങ്കര, ജനറൽ സെക്രട്ടറി പ്രകാശ് തുടങ്ങിയവർ ചേർന്ന് ഫിലിം ഫെസ്റ്റിവല്ലിൻ്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും അഭിനേത്രിയുമായ സജിത മഠത്തിൽ, എഴുത്തുകാരി സോണിയ റഫീഖ് , മോഹനവീണ വായനാ കലാകാരൻ പോളി വർഗ്ഗീസ് , ആർട്ടിസ്റ്റും സിനിമാ പ്രവർത്തകനുമായ നിസ്സാർ ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.



