ഷാർജ : ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന നാൽപ്പത്തി നാലാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അനുകരണമല്ല, ആധികാരികതയാണ് അന്താരാഷ്ട്ര വിജയത്തെ നയിക്കുന്നതെന്ന് എമിറാത്തി എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഹസ്സൻ അഹമ്മദ് പറഞ്ഞു.
കലയിൽ ആഗോള തലത്തിൽ നമ്മുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്നത് മറ്റുള്ളവരെ വരച്ചു കാണിക്കുന്നതിനാലല്ല, മറിച്ച് നമ്മൾ ആരാണെന്ന് പ്രകടിപ്പിക്കുകയും നമ്മുടെ അനുഭവത്തെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് സൃഷ്ടിച്ച് കാണിക്കുകയും ചെയ്യുന്നതിലൂടെയാണെന്ന് ഇരുപത്തിരണ്ട് വർഷമായി തിരകഥാകൃത്തായി പ്രവർത്തിക്കുന്ന മുഹമ്മദ് ഹസ്സൻ അഹമ്മദ് പറഞ്ഞു. നവംബർ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ബുക്ക് ഫെയറിൽ ഷാർജ പബ്ലിക് ലൈബ്രറികൾ നടത്തിയ രഹസ്യത്തിനു പിന്നിൽ എന്ന വിഷയത്തിൻ്റെ ഭാഗമായ “In search of the Human” എന്ന സെഷനിലാണ് 33 അന്താരാഷ്ട്ര അവാർഡുകൾ നേടിയ അദ്ദേഹം പങ്കെടുത്തത്.

ജീവിതം എണ്ണമറ്റ ചെറിയ കഥകൾ ചേർന്ന ഒരു നീണ്ട കഥയാണ്. എന്നാൽ ഒരു കഥയെ ഒരു തിരക്കഥയാക്കി മാറ്റുന്നത് വ്യത്യസ്തമായ ഒരു ജോലിയാണ്. വീക്ഷണങ്ങളാണ് ഒരു തിരക്കഥാകൃത്തിനെ സംബന്ധിച്ചേടത്തോളം വിജയം നേടി ത്തരുന്നത്. ഓരോ വീക്ഷണങ്ങളും ജീവസ്സുറ്റതായി മാറ്റാൻ കഴിയുമ്പോൾ അത് പ്രേക്ഷകർക്ക് പ്രത്യേക അനുഭൂതി പകരുന്ന കാഴ്ച്ചകൾ സമ്മാനിക്കുന്നു. ഏതൊരു എഴുത്തുകാരനും അവൻ്റെ ചുറ്റുപാടുകൾ വളരെയധികം ശ്രദ്ധിച്ചു പോകണം. അവിടെ നിന്നാണ് കഥകൾ പിറക്കുന്നത്. സത്യസന്ധമായും വ്യക്തമായും കാര്യങ്ങൾ വിശകലനം ചെയ്ത് വായനക്കാരിലും കാഴ്ച്ചക്കാരിലും എത്തിക്കുമ്പോഴാണ് ഒരു കലാകാരനും അവൻ്റെ കലകളും പൂർത്തിയാകുന്നത്. കലയെ പൂർണ്ണമായും ഉൾക്കൊള്ളുകയും ഒരു പരിപൂർണ്ണ കലാകാരനായി ജീവിക്കുകയും ചെയ്യുകയാണ് എൻ്റെ ലക്ഷ്യമെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഹസ്സൻ അഹമ്മദ് പറഞ്ഞു.



